പാലയിലെ മില്ലിൽ നിന്നിറങ്ങി ഈരാറ്റുപേട്ടയിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു മോഹനൻ തമ്പി..
പേട്ടയിൽ ഉള്ള തടി മില്ലിലേക്ക് രണ്ടോ മൂന്നോ ലോഡ് തേക്ക് കൂപ്പിൽ വന്നു കൊണ്ട് വന്നിട്ടുണ്ട് എന്ന മെസ്സേജ് കിട്ടിയിട്ട് പോവുകയാണ് അയാൾ.
മോഹനൻ ചെന്ന് കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് മൊബൈലിലേക്ക് സഹോദരിയുടെ കോൾ വരുന്നത്.
ഈ നേരത്ത് സുമംഗല വെറുതെയൊന്നും വിളിയ്ക്കില്ലെന്ന് അറിയാമായിരുന്നതിനാൽ മോഹനൻ തമ്പി കോൾ എടുത്തു.
“മോനേട്ടൻ ഇപ്പോൾ എവിടെ നിൽക്കുവാ.. എനിയ്ക്ക് മോനേട്ടനെ ഒന്ന് കാണണം വീട്ടിലേക്ക് എത്രയും പെട്ടന്നൊന്ന് വരാവോ…”
മോഹനൻ ഫോൺ എടുത്തതും സുമംഗല ആവശ്യപ്പെട്ടു.
“എന്താടീ കാര്യം.. നീയെന്താ വല്ലാത്തൊരു തളർന്ന സ്വരത്തിൽ…”
സുമംഗലയുടെ ഭാവവ്യത്യാസം മനസിലാക്കാൻ അയാൾക്ക് നൊടി നേരമേ വേണ്ടി വന്നുള്ളൂ..
“കാര്യമുണ്ട് മോനേട്ടാ… വരുന്ന വഴി പ്രദീപേട്ടനെ കൂടി കൂട്ടിയ്ക്കോണേ…”
“നീ കാര്യം എന്താണെന്ന് വച്ചാൽ പറയ് സുമേ… ഞാൻ അത്യാവശ്യമായി ബിസിനസ് ആവശ്യത്തിന് ഭരണങ്ങാനത്തേക്ക് പോകാൻ പോവാ..അവിടെ നിന്ന് പേട്ടയ്ക്ക് പോയിട്ട് ഞാൻ അങ്ങോട്ട് വന്നോളാം…”
“പറ്റില്ല ഏട്ടാ.. ഇപ്പോൾ തന്നെ വന്നേ പറ്റൂ…”
“നീയിപ്പോൾ എവിടാ.. വില്ലേജ് ഓഫീസിൽ ആണോ…”
.
“ഞാനിറങ്ങി. വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിയ്ക്കയാ.. അതിനിടയിലാ ഞാൻ ഏട്ടനേ വിളിയ്ക്കുന്നത്…”
“വിജയകൃഷ്ണൻ വീട്ടിലില്ലേ സുമേ…”
“ഉണ്ട്… വിജയേട്ടൻ അവളെ നമ്മുടെ വീട്ടിലേക്ക് കൊണ്ട് വന്നിരിയ്ക്കുന്നു…അത് പറയാനാ ഞാൻ മോനേട്ടനെ വിളിച്ചത്.ഇപ്പോൾ പ്രവീണ മോൾ വിളിച്ചു പറഞ്ഞതാ എന്നോട്.. അവൾ എത്ര എതിർത്തിട്ടും വിജയേട്ടൻ അവളെ നമ്മുടെ വീട്ടിൽ കയറ്റി താമസിപ്പിച്ചിരിയ്ക്കയാ. ഇനി അവൾ അവിടെയാണ് താമസിയ്ക്കുന്നതെന്നാ പ്രവീണയോട് വിജയേട്ടൻ പറഞ്ഞത്…”
“ആരുടെ കാര്യമാ സുമേ നീ ഈ പറയുന്നത്.. വിജയകൃഷ്ണൻ ആരെയാ വീട്ടിൽ കൊണ്ട് വന്ന് താമസിപ്പിച്ചിരിയ്ക്കുന്നത്.”
മോഹനൻ തമ്പിയ്ക്ക് കാര്യം അങ്ങോട്ട് പിടി കിട്ടിയില്ല.
“പതിനെട്ടു വർഷത്തിന് ശേഷം അവളെ വിജയേട്ടൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിയ്ക്കുന്നു. നവമിയെന്നോ മറ്റോ ആണ് മോൾ അവളുടെ പേര് പറഞ്ഞതെന്ന് തോന്നുന്നു.. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരിക മാത്രമല്ല മക്കളോട് ഇത് നിങ്ങളുടെ സഹോദരിയാണെന്നും നിങ്ങൾ അങ്ങിനെ തന്നെ കാണണമെന്നും പറഞ്ഞു കൊടുത്തു…”
സുമംഗലയുടെ സ്വരം ദൂരെയേതോ ഒറ്റപ്പെട്ടു തണുത്തുറഞ്ഞു കിടക്കുന്ന ഗുഹയ്ക്കുള്ളിൽ നിന്നാണ് വരുന്നതെന്ന് മോഹനൻ തമ്പിയ്ക്ക് തോന്നി..
“ഇവനിത് എന്തിന്റെ കേടാ സുമേ..ആ പെൺകുഞ്ഞിനെ അവൻ വളർത്താനായി മാറ്റാരെയോ ഏൽപ്പിച്ചിരുന്നതല്ലേ. അവൾക്ക് വേണ്ടുന്ന എല്ലാ ചിലവുകളും അവനായിരുന്നല്ലോ നടത്തുന്നതും..പിന്നെന്തിനാണ് അവൻ പോയി വീണ്ടും അവളെ നിന്റെയടുത്തേയ്ക്ക് തന്നെ കൊണ്ട് വന്നിരിയ്ക്കുന്നത്..
ആദ്യം അവളെ കൊണ്ട് വന്നു വീട്ടിൽ കുടിയിരുത്തിയിട്ട് അവൾക്ക് പിന്നാലേ ഇനി ആരെയൊക്കെ അങ്ങോട്ട് കൊണ്ട് വരാനാ അവന്റെ പ്ലാൻ.”
“എനിയ്ക്കൊന്നും അറിയില്ല മോനേട്ടാ..ഞാൻ ആകെ തീ പിടിച്ചു നിൽക്കുവാ.. വീട്ടിലെത്തിയാൽ ഞാൻ എന്തൊക്കെ ചെയ്യുമെന്ന് എനിയ്ക്ക് പോലും അറിയില്ല.
ഇത് അങ്ങനങ്ങു വിട്ടുകൊടുക്കാൻ പറ്റുന്ന കാര്യമാണോ. അതിനെ കുറിച്ച് വിജയേട്ടനോട് ആരും ചോദിയ്ക്കാതെ ഇരുന്നാൽ എങ്ങിനാ..
എന്റേം എന്റെ കൊച്ചുങ്ങളുടെയും ജീവിതം പോയെന്ന് പറഞ്ഞാൽ മതിയല്ലോ…”
സുമംഗല ഒരു നെടു വീർപ്പിടുന്ന സ്വരം അയാൾക്ക് കേൾക്കാമായിരുന്നു.
“നീ അങ്ങനൊന്നും പറയല്ലേ സുമേ… നിന്റെ ജീവിതം അങ്ങനെ താറു മാറാക്കി കളയാൻ ഞങ്ങൾ അവനെ അനുവദിയ്ക്കുമെന്ന് നീ കരുതുന്നുണ്ടോ… അതുകൊണ്ട് അങ്ങനുള്ള ചിന്തയൊന്നും വേണ്ട. കേട്ടോ…”
“ഞാനും എന്റെ മക്കളും അവളുള്ള ആ വീട്ടിൽ എങ്ങിനെ കഴിയും മോനേട്ടാ.. പ്രവീണയാണെങ്കിൽ ഇപ്പോഴേ വീട്ടിൽ നിന്നിറങ്ങി പാലായ്ക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുവാ. അവൾ പറഞ്ഞത് അച്ഛന്റെ ജാര സന്തതിയ്ക്കൊപ്പം ഒറ്റ ദിവസം അവളാ വീട്ടിൽ നിൽക്കില്ലെന്നാ..നോക്കിയ്ക്കോ ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അവളെന്റെ വീട്ടിലുണ്ടെങ്കിൽ അടിച്ചിറക്കും ഞാൻ അവളെ അവിടെ നിന്ന്..”
“അവിടെ നിന്ന് പെട്ടന്ന് ഇറങ്ങി പോരാനൊന്നും നീ പ്രവീണയെ സമ്മതിക്കരുത്.. അവളവിടെ നിന്നിറങ്ങിയാൽ ആ സ്ഥാനം ചിലപ്പോൾ വന്നു കയറിയവൾ ഏറ്റെടുത്തേക്കും എന്ന് അവളോട് പറഞ്ഞു കൊടുക്ക്…
പിന്നെ താൽക്കാലത്തേയ്ക്ക് ഒന്നോ രണ്ടോ ദിവസത്തേയ്ക്കെങ്ങാനും വിജയ കൃഷ്ണൻ അവളെ കൊണ്ട് വന്ന് അവിടെ താമസിപ്പിച്ചതാണെങ്കിലോ… അയാളുടെ മകളല്ലേടീ അവൾ.. അയാളുടെ വീടും..
അപ്പോൾ വിജയകൃഷ്ണനോട് എതിരിടുന്നത് സൂക്ഷിച്ച് വേണം…”
“അങ്ങനെ പറഞ്ഞു മോനേട്ടൻ കയ്യൊഴിയുവാണോ എന്നെ…
ഇക്കാര്യത്തിൽ എനിയ്ക്ക് വിജയേട്ടനുമായി സന്ധി ചെയ്യാൻ വയ്യ മോനേട്ടാ..എന്റെ മക്കളുടെ സ്ഥാനമാ അപഹരിച്ചെടുക്കാനായിആ തെണ്ടിപ്പരിഷ കടന്ന് വന്നിരിയ്ക്കുന്നത്…”
“നീ അവനുമായി നേരിട്ട് സംസാരിച്ചില്ലല്ലോ സുമേ..
തൽക്കാലം നീ വീട്ടിലേക്ക് ചെല്ല്. അയാൾക്ക് പറയാനുള്ളതെന്താണെന്ന് നീ കേൾക്ക്.. എന്നിട്ട് നീ നിന്റെ അഭിപ്രായം വിജയകൃഷ്ണനെ അറിയിയ്ക്ക്..അവൻ അത് ധിക്കരിയ്ക്കുന്നുണ്ടെങ്കിൽ പോരേ ഞങ്ങൾ ഈ പ്രശ്നത്തിൽ ഇടപെടേണ്ടത്…
വെറുതെ ഞങ്ങൾ വന്ന് അവനോട് സംസാരിച്ചു പ്രശ്നം വഷളാക്കണ്ട. അവന്റെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ.. എന്തെങ്കിലും ഒന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പാക്കാൻ യാതൊരു മടിയും ഇല്ലാത്തവനാ…”
“അത് കൊണ്ട്…അതുകൊണ്ട് എന്താ മോനേട്ടാ, വിജയേട്ടൻ എന്ത് കൊള്ളരുതായ്മ കാണിച്ചാലും ഞാൻ അത് അംഗീകരിച്ചു കൊടുക്കണോ..ഞാൻ വിജയേട്ടന്റെ ഭാര്യയും ആ മക്കൾ അദ്ദേഹത്തിന്റേതും കൂടിയാണ് എന്നൊരു ചിന്തയുണ്ടായിരുന്നെങ്കിൽ വിജയേട്ടൻ ഇങ്ങനെ ചെയ്യുവോ…ഇക്കാര്യത്തിൽ വിജയേട്ടന്റെ താളത്തിനൊത്തു തുള്ളാൻ എന്നെ കിട്ടില്ല . എന്റെ മക്കളെയും.വിജയേട്ടന് അങ്ങനൊരു മകൾ ഉണ്ടെന്നറിഞ്ഞിട്ടും ദൂരെ എവിടെയെങ്കിലും അതും ജീവിച്ചു പൊയ്ക്കോട്ടെ എന്ന് സമ്മതിച്ചു കൊടുത്ത ഭാര്യയാ ഞാൻ.. എന്റെ മുമ്പിലേക്ക് ഒരു കാലത്തും അവളെ കൊണ്ട് വന്നേക്കരുത് എന്നൊരു ഒറ്റ നിബന്ധനയേ ഞാൻ വിജയേട്ടന്റെ മുൻപിൽ വച്ചിട്ടുള്ളൂ.. ആ വാക്ക് മറന്നുകളഞ്ഞിട്ടാ വിജയേട്ടൻ ഇപ്പോൾ അവളെ കൊണ്ട് വന്ന് എന്റെയും, എന്റെ മക്കളുടെയും മുൻപിൽ നിർത്തിയിരിയ്ക്കുന്നത്..
മൂന്നോ നാലോ വയസുള്ള കൊച്ച് കുഞ്ഞുങ്ങളല്ല മോനേട്ടാ എനിയ്ക്കുള്ളത്..
എന്റെ മക്കൾക്ക് തിരച്ചറിവായിക്കഴിഞ്ഞു. അച്ഛനും, അമ്മയും ചെയ്യുന്ന നന്മ തിന്മകളൊക്കെ വേർതിരിച്ചെടുക്കാൻ അവർക്കിപ്പോൾ ആരുടേയും സഹായം വേണ്ട..
വിജയേട്ടന്റെ മക്കളേ പൊതു സമൂഹത്തിൽ അപഹാസ്യരാക്കാനെല്ലാ വിജയേട്ടന്റെ ഈ പ്രവൃത്തി ഉപകരിയ്ക്കൂ മോനേട്ടാ..അതെന്താ വിജയേട്ടൻ മനസിലാക്കാത്തത്…”
അതൊരു ചോദ്യമാണ്..ഭർത്താവിന്റെ ചെയ്തി അംഗീകരിയ്ക്കപ്പെടാൻ മടിയ്ക്കുന്ന ഒരു ഭാര്യയുടെ ചോദ്യം..അതിന് പക്ഷേ തന്റെ പക്കൽ മറുപടിയില്ല.
“സുമേ..നീ ആദ്യം വീട്ടിലേക്ക് ചെല്ല്. എന്നിട്ട് വിജയകൃഷ്ണനുമായിട്ട് സംസാരിയ്ക്ക്.
അയാൾ ഇനി ജീവിതകാലം മുഴുവൻ അവളെ അവിടെ നിർത്തി സംരക്ഷിയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിൽ നീ അവനോട് വഴക്കിടാൻ നിൽക്കരുത്..
നീ ഒറ്റയ്ക്കൊന്നും അല്ല സുമേ..നിനക്ക് ഞങ്ങളൊക്കെ ഇല്ലേടീ… നിന്നേ ധിക്കരിച്ചും കൊണ്ട് അവൻ അവളെ അവിടെ നിർത്താൻ പോകയാണെങ്കിൽ ഞങ്ങൾ അത് സമ്മതിച്ചു കൊടുക്കുമോ…നീ ധൈര്യമായി വീട്ടിലേക്ക് ചെല്ല്..
ഒരു വില്ലേജിലെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നവളല്ലേടീ നീ.
ആ നിനക്കാണോ ഇത്ര ചെറിയൊരു കാര്യം സോൾവാക്കാൻ ബുദ്ധിമുട്ട്…
അവിടെ വീട്ടിൽ തന്നെ നീ ഒറ്റയ്ക്കാണോ..നിന്റെ കൂടെ നിന്റെ മൂന്ന് മക്കളില്ലേ… അവരെയും നിന്നെയുമൊന്നും ധിക്കരിയ്ക്കാൻ വിജയകൃഷ്ണന് പറ്റില്ലെടീ.”
വാക്കുകൾ കൊണ്ട് സഹോദരിയ്ക്ക് ആശ്വാസം നൽകിയിട്ടാണ് മോഹനൻ തമ്പി ഭരണങ്ങാനത്തിന് പോയത്..
***************
റൂമിന്റെ വാതിൽ മെല്ലെ തുറന്നു വരുന്നത് കണ്ടപ്പോൾ അനുറാണി കസേരയിൽ നിന്ന് എണീറ്റു.
കുളി കഴിഞ്ഞു വന്ന് ഡ്രസ്സ് മാറ്റിയിട്ട് നവമി മുടിയിലെ ഈറൻ ഒപ്പി മാറ്റുന്നത് സാകൂതം നോക്കിയിരിയ്ക്കുകയായിരുന്നു അവൾ.
ഇത്രയും നീളമുള്ള മുടി അവൾ ആദ്യമായിട്ട് നേരിൽ കാണുകയാണ്.
തഴച്ചുവളർന്നു ഒരേ നീളത്തിൽ മുട്ടോളം എത്തുന്ന കറുത്തിരുണ്ട മുടി.
നീളം കുറഞ്ഞു വളരാൻ മടിച്ചു നിൽക്കുന്ന തന്റെ മുടിയിലൂടെ അനു മെല്ലെ വിരലുകൾ ഓടിച്ചു.
“ചേച്ചി എന്ത് എണ്ണയാ മുടിയിൽ തേയ്ക്കുന്നത്..കുറച്ച് എനിയ്ക്കൂടി തരണേ. ഇതുപോലെ നീളമുള്ള മുടി എനിയ്ക്ക് ഭയങ്കര ഇഷ്ട്ടമാ…”
മുടിയിലെ വെള്ളം ഒപ്പിക്കൊണ്ടിരുന്ന ടവൽ നവമി തോളിലേയ്ക്ക് ഇട്ടു.
ഇളം റോസ് നിറമാർന്ന ഒരു ഹൗസ് കോട്ടായിരുന്നു അവളുടെ വേഷം..
വിജയകൃഷ്ണൻ വാങ്ങിക്കൊണ്ട് വന്നപ്പോൾ കൊല്ലത്തെ വീട്ടിൽ വച്ചു ധരിച്ച സ്വർണ്ണമെല്ലാം അവൾ ഊരി ഭദ്രമായി മേശയിൽ വച്ചിട്ടുണ്ടായിരുന്നു.
“ചേച്ചി ആ വള എടുത്തു കയ്യിൽ ഇട്ടേ..അത് ചേച്ചിയുടെ കയ്യിൽ കിടക്കുമ്പോ എന്ത് ഭംഗിയാ അത് കാണാൻ…’
അനു റാണി പറഞ്ഞു.
“പോടീ.. കളിയാക്കാതെ.. എന്റെ കയ്യിൽ കിടക്കുമ്പോ സ്വർണ്ണത്തിന് ഭംഗിയാണെന്നോ…”
“സത്യമാ ചേച്ചീ… ചേച്ചിയ്ക്ക് അത് അറിയാഞ്ഞിട്ടാ…” നവമിയ്ക്ക് അത് കേൾക്കേ ഒരു സന്തോഷവും അഭിമാനവും ഒക്കെ തോന്നി. അവളോട് ആദ്യമായിട്ട് ആണ് ഒരാൾ ഇങ്ങനെയൊക്കെ പറയുന്നത്
അവർ സംസാരിച്ചിരിയ്ക്കെയാണ് വിജയകൃഷ്ണൻ വാതിൽ തുറന്ന് കടന്ന് വരുന്നത്.
“ആഹാ.. നീയിവിടുണ്ടായിരുന്നോ മോളേ. നന്നായി.. ഇവൾക്കൊന്ന് മിണ്ടാനും പറയാനും ഒരാളുണ്ടല്ലോ…” അയാൾക്ക് സന്തോഷമായി.
“അച്ഛനെവിടെ പോവാ.. പുറത്തേയ്ക്ക് പോവാണോ..” അയാൾ പുറത്തേയ്ക്ക് പോകാറുള്ള വേഷം ധരിച്ചിരിയ്ക്കുന്നത് കണ്ട് അനു റാണി ചോദിച്ചു.
“ഞാനൊന്ന് ഓഫീസിൽ പോയിട്ട് വരട്ടെ മോളേ. അവിടൊരു കക്ഷി വന്നിരിയ്ക്കുന്നു എന്ന് രാധിക വിളിച്ചു പറഞ്ഞു.. അച്ഛനിപ്പോൾ തിരിച്ച് വരാം..ഞാൻ വരുമ്പോൾ നിനക്ക് വല്ലതും വാങ്ങി കൊണ്ട് വരണോ മോളേ…”
.
അയാൾ നവമിയെ നോക്കി തിരക്കി.
“ഒന്നും വേണ്ടച്ഛാ…” അവൾ പറഞ്ഞു.
“അച്ഛാ, ചേച്ചിയ്ക്ക് ആകെ ഒന്നോ രണ്ടോ ചുരീദാറേയുള്ളൂ.. രണ്ട് ഹൗസ് കോട്ടും…കുറച്ച് കൂടി വാങ്ങിയ്ക്കണേ അച്ഛാ…” അനു ഓർമിപ്പിച്ചു.
“നാളെയോ മറ്റന്നാളോ നീ ഇവളെയും കൂട്ടി പോയി വേണ്ടുന്നതൊക്കെ വാങ്ങിയ്ക്ക്.. അച്ഛൻ വാങ്ങിക്കൊണ്ട് വന്നാൽ ഒന്നോ രണ്ടോ എണ്ണം കാണും…
അനൂ. നിനക്ക് പഠിയ്ക്കാനുള്ളത് എടുത്തുകൊണ്ട് വന്ന് ഇവിടിരുന്നു പഠിച്ചോ.. ഇന്ന് നവമിയ്ക്കൊരു കൂട്ട് വേണം മോളേ..കേട്ടോ…” അയാൾ പറഞ്ഞ ശേഷം വാതിൽ ചാരി പുറത്തേയ്ക്ക് പോയി.
അയാൾ പോയി അഞ്ച് മിനിറ്റിനുള്ളിൽ സുമംഗലയുടെ കാർ ഗേറ്റ് കടന്ന് മുറ്റത്ത് വന്നു നിന്നു. തന്റെ റൂമിൽ കിടന്നുകൊണ്ട് പ്രവീണ കാണുന്നുണ്ടായിരുന്നു അമ്മ കാറിൽ നിന്ന് പുറത്തിറങ്ങുന്നത്.
അവൾക്കറിയാം അമ്മ ഇപ്പോൾ തന്റെ അടുത്തേയ്ക്ക് വരുമെന്ന്.
സുമംഗല ഹാളിലേക്ക് വരുമ്പോൾ ജഗദമ്മ ഒരു ഫ്ലാസ്കിൽ വെള്ളവും, കുടിയ്ക്കാനുള്ള ഗ്ലാസുമായി, മുകൾ നിലയിലുള്ള നവമിയുടെ റൂമിലേക്ക് പോകാൻ തുടങ്ങുകയാണ്.
“ഇത് ആർക്കാ ജഗദമ്മേ കൊണ്ട് പോകുന്നത്…” സുമംഗല ചോദിച്ചു.
“വെള്ളം.. കുടിയ്ക്കാനുള്ളത്…” ജഗദമ്മ പറഞ്ഞു.
“ഞാൻ ചോദിച്ചത് ഇത് നീ ആർക്ക് സേവ ചെയ്യാൻ കൊണ്ട് പോവുകയാണെന്നാ… വിജയേട്ടനാണോ..”
“അല്ല..”
. “പിന്നെ… അനുമോൾക്കോ…”
. “അല്ല..”
പിന്നെ ആർക്കാടീ ചൂടുവെള്ളം കുടിയ്ക്കാനുള്ള പൂതി…കൊണ്ട് വയ്ക്കെടീ അവിടെ…
ഞാനിവിടെ ജോലിചെയ്തു ക്ഷീണിച്ച് വന്നിട്ട് അവൾക്ക് എനിയ്ക്കൊരു ഗ്ലാസ് വെള്ളം തരാൻ വയ്യ… “
“അയ്യോ.. ചേച്ചീ.. ചായ ഞാൻ എടുത്തു വച്ചിട്ടുണ്ട്…” അവൾ സുമംഗലയ്ക്ക് കുടിയ്ക്കാനായി എന്നും ചായ വച്ചേക്കാറുള്ള ഡൈനിങ് ടേബിളിന് മേലേയ്ക്ക് നോക്കി.
“പോയി എടുത്തോണ്ട് വാടീ.. അതോ അതിനി കയ്യും കാലും വച്ച് നടന്ന് എന്റെ അടുത്തോട്ട് വന്നോളണോ.”
ജഗദമ്മ ഫ്ലാസ്ക് കയ്യിൽ പിടിച്ചുകൊണ്ടു തന്നെ സുമംഗലയ്ക്കുള്ള ചായ കൊണ്ട് വന്നു കൊടുത്തു. അപ്പോഴേയ്ക്കും അമ്മയെ കാണാഞ്ഞ് പ്രവീണ ഇറങ്ങി താഴേയ്ക്ക് വന്നു.
സുമംഗല ഒരു കവിൾ ചായ കുടിച്ച ശേഷം കപ്പ് ടേബിളിന് മേലേയ്ക്ക് വച്ചു.
ജഗദമ്മ ആ കപ്പും എടുത്തുകൊണ്ട് കിച്ചണിലേക്ക് പോയി.
അമ്മയുടെ മുഖം വലിഞ്ഞു മുറുകി നിൽക്കുന്നത് കണ്ടതോടെ പ്രവീണയ്ക്ക് മനസിലായി അമ്മ അനുഭവിയ്ക്കുന്ന ടെൻഷൻ എത്രത്തോളം ഉണ്ടെന്ന്.
“അച്ഛൻ റൂമിലുണ്ടോ..” അവൾ പ്രവീണയോട് ചോദിച്ചു.
“അച്ഛന്റെ കാർ പുറത്തേയ്ക്ക് പോകുന്നത് കണ്ടു.. അവളെ സൽക്കരിയ്ക്കാൻ എന്തൊക്കെയോ വാങ്ങിച്ചു കൂട്ടാൻ പോയതാവും.. പതിറ്റാണ്ടുകൾക്ക് ശേഷം തിരികെ കിട്ടിയ മകളല്ലേ അപ്പോൾ ആഘോഷം പൊടി പൊടിയ്ക്കണമല്ലോ…”
“പൊടിപ്പിയ്ക്കുന്നുണ്ട് ഞാൻ.എവിടുന്നു കൊണ്ട് വന്നോ അവിടെക്കൊണ്ട് പോയി വിട്ടോണം അവളെ.. ഈ വീട്ടിൽ അവളെ പൊറുപ്പിയ്ക്കാമെന്ന് നിന്റെ അച്ഛൻ കരുതേണ്ട…” സുമംഗല പല്ലുകൾ ഞറുമ്മി.
“അച്ഛനെ മാത്രമല്ല, അമ്മയ്ക്ക് അമ്മയുടെ ഇളയ മകളെയും എതിരിടേണ്ടി വരും. എനിയ്ക്ക് തോന്നുന്നത് അച്ഛനെക്കാൾ അവൾക്ക് സപ്പോർട്ട് അനുവാണെന്നാ… അനു ഇത് വരെ അവളുടെ റൂമിൽ നിന്ന് പുറത്ത് വന്നിട്ടില്ല. എനിയ്ക്ക് തോന്നുന്നത് സ്വന്തം റൂമിൽ നിന്ന് അനു അവളുടെ റൂമിലേക്ക് താമസം മാറ്റിയെന്നാ…”
അവർ സംസാരിച്ചു നിൽക്കേ സന്ദീപിന്റെ ബൈക്ക് പുറത്ത് വന്നു നിൽക്കുന്ന ഒച്ച കേട്ടു. അടുത്ത നിമിഷം സന്ദീപ് ധൃതിയിൽ അവരുടെ അടുത്തേയ്ക്ക് വന്നു.
“എന്താ അമ്മേ അമ്മയ്ക്ക് ആകെയൊരു മൂഡോഫ്. ഇന്ന് ഓഫീസിലെന്തോ പ്രശ്നമുണ്ടായ ലക്ഷണമുണ്ടല്ലോ..” അവൻ ബൈക്കിന്റെ ചാവി പോക്കറ്റിൽ ഇട്ട ശേഷം അമ്മയുടെ തോളത്തേയ്ക്ക് കൈ വച്ചു.
“പ്രശ്നം.. എനിയ്ക്കല്ല. നിന്റെ അച്ഛനാ..” സുമംഗല ഗൗരവത്തോടെ പറഞ്ഞു. സന്ദീപ്, പ്രവീണയെ നോക്കി എന്താണ് കാര്യം എന്ന് കണ്ണുകളാൽ ആംഗ്യത്തോടെ തിരക്കി.
“നമുക്കൊരു സഹോദരിയെ കൂടി അച്ഛൻ സംഭാവന ചെയ്തിരിയ്ക്കുന്നു.. ഏട്ടനൊക്കെ ഇനി അവളെ ചേച്ചീ എന്ന് വിളിച്ചോണം എന്നാ അച്ഛന്റെ ഉത്തരവ്… നമ്മുടെ കൂടപ്പിറപ്പാ പോലും… ഛേ…” പ്രവീണ അറപ്പോടെ മുഖം തിരിച്ചു.
സന്ദീപിന് അവൾ പറഞ്ഞതെന്താണെന്ന് മനസിലായില്ല.
“നമ്മുടെ അച്ഛന് പണ്ടെങ്ങോ അ, വിഹിത ബന്ധത്തിൽ ഒരു മകളുണ്ടായിട്ടുണ്ടെന്ന്. ഇപ്പോൾ ദാ അവളെ കെട്ടിയെഴുന്നള്ളിച്ചു മുകളിൽ കൊണ്ട് കുടിയിരുത്തിയിരിയ്ക്കുന്നു. നമ്മളെല്ലാം അവളെ സഹോദരിയായിട്ടും, മൂത്ത അംഗമായിട്ടും അംഗീകരിച്ചോണം എന്നാ അച്ഛന്റെ ഓർഡർ.”
പ്രവീണ വിശദമാക്കി കൊടുത്തു.
************
പ്രവീണ പറയുന്നത് എന്താണെന്ന അർത്ഥത്തിൽ സന്ദീപ് അമ്മയെ നോക്കി. അമ്മയുടെ മുഖം ആകെ തീപിടിച്ച മട്ടിലാണ് ഉള്ളതെന്ന് സന്ദീപിന് തോന്നി.
“അമ്മേ.. എന്താ ഇതൊക്കെ…ഇവൾ ഈ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ..ഞങ്ങളാരും അറിയാതെ അച്ഛന് മറ്റൊരു മകളോ..സത്യമാണോ അമ്മേ ഇത്…”
മകന്റെ ചോദ്യത്തിന് മുൻപിൽ സുമംഗലയ്ക്ക് തല കുനിച്ച് നിൽക്കേണ്ടി വന്നു. അതോടെ സന്ദീപ് അമ്മയ്ക്ക് മുൻപിലേക്ക് വന്നു.
“അമ്മയോടാ ഞാൻ ചോദിച്ചത്..ഞാനീ കേട്ടത് സത്യമാണോ എന്ന്.”
സുമംഗല മെല്ലെ മുഖമുയർത്തി സന്ദീപിനെ നോക്കി.
“മോനേ…അങ്ങനൊരബദ്ധം പണ്ടെപ്പോഴോ നിന്റച്ഛന് സംഭവിച്ചു പോയതായിട്ട് ഞാനോർക്കുന്നു…”
“അമ്മേ..അമ്മ പറയുന്നത് ഞങ്ങടെ അച്ഛനെ കുറിച്ചാണോ… സത്യമാണോ അമ്മേ ഇത്…അച്ഛന് അങ്ങനൊരു ബന്ധമുണ്ടായിട്ടും അമ്മ പിന്നെ അച്ഛനുമായുള്ള കല്യാണത്തിന് സമ്മതം മൂളിയോ…”
“എനിയ്ക്കറിയില്ലായിരുന്നു…അതൊന്നും എനിയ്ക്കോ എന്റെ വീട്ടുകാർക്കോ അറിയില്ലായിരുന്നു മോനേ..അങ്ങനൊരു സംശയം അച്ഛനോ, മോനേട്ടനോ ഉണ്ടായിരുന്നെങ്കിൽ ഈ കല്യാണം അവർ നടത്തുമായിരുന്നോ… ഞാനിത് അറിയുന്നത് തന്നെ നിന്റെ ജനന ശേഷമാണ്..
അന്ന് പക്ഷേ നിന്നെയും എടുത്തു ഞാൻ ആ വീട് വിട്ടിറങ്ങിപ്പോയതാണ്.
അവസാനം ഈ ജന്മത്ത് ആ കുഞ്ഞിനെ എന്റെ മുൻപിൽ കൊണ്ട് വരില്ലെന്നും, ഒരിയ്ക്കൽ പോലും ഞാനറിയാതെ ആ കുഞ്ഞിനെ കാണാൻ പോകില്ലെന്ന വാക്കാൽ കരാറിലും വിജയേട്ടനുമായുള്ള ബന്ധം ഞാൻ തുടർന്ന് പോരുകയായിരുന്നു.. അന്ന് മുതൽ ഇന്ന് വരെ വിജയേട്ടൻ എന്നോട് വിശ്വസ്തനായിരുന്നു എന്നുള്ള എന്റെ ധാരണകളാണ് ഇപ്പോൾ തിരുത്തി എഴുതപ്പെട്ടത്…”
സുമംഗല നെഞ്ച് തിരുമ്മി. അമ്മയുടെ മനസിന്റെ വിങ്ങൽ എത്രത്തോളം ഉണ്ടെന്ന് സന്ദീപിന് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.
“പിന്നെ അച്ഛൻ അവളെ ഇവിടേയ്ക്ക് തന്നെ കൂട്ടിക്കൊണ്ട് വരാൻ എന്താണ് കാരണം.. അവൾ ഇതുവരെ എവിടെ ജീവിച്ചോ, അവിടെ തന്നെ അവൾക്ക് തുടർന്നാൽ പോരായിരുന്നോ…”
“അത് സന്ദീപ് ഏട്ടന് മനസിലായില്ലേ..അച്ഛൻ അവളെ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അതിന് ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ..നമ്മളെയെല്ലാം വെല്ലുവിളിയ്ക്കുക..പത്തു പതിനെട്ടു വർഷക്കാലം അമ്മയും, നമ്മളും ഒക്കെ കാരണമല്ലേ അവൾക്ക് അച്ഛന്റെ സ്നേഹം കിട്ടാതെ പോയത്.. അതിന്റെ പ്രായശ്ചിത്തം ആയിരിയ്ക്കും എല്ലാവരെയും വെല്ലുവിളിച്ചു കൊണ്ട് അച്ഛൻ കാണിയ്ക്കുന്നത്…”
പ്രവീണ കൈകൾ മാറത്ത് പിണച്ച് കെട്ടി വച്ചുകൊണ്ട് ഭിത്തിയിലേക്ക് ചാരി നിന്നു.
“അപ്പോൾ ഇനിയുള്ള കാലം മുഴുവൻ അച്ഛൻ അവളെ ഇവിടെ താമസിപ്പിയ്ക്കാനാണോ തീരുമാനം…ഈ നാട്ടുകാർക്കും, നമ്മുടെ ബന്ധുക്കാർക്കും എല്ലാം ഇടയിൽ അച്ഛനും, അമ്മയ്ക്കും മാന്യമായ ഒരു സ്ഥാനമില്ലേ അമ്മേ.. അതൊക്കെ മറന്നും കൊണ്ടാണോ അച്ഛൻ ഈ തോന്നിവാസം കാണിയ്ക്കുന്നത്…എല്ലാം പോട്ടെന്ന് വയ്ക്കാം..എനിയ്ക്കും പ്രവീണയ്ക്കും അനുമോൾക്കും ഒന്നും ഇനി പുറത്തേക്കിറങ്ങി നടക്കണ്ടേ..ഞങ്ങൾക്കാർക്കും കോളേജിലോ ട്യൂഷനോ ഒന്നും പോകണ്ടേ..അതുപോലും ഓർത്തില്ലല്ലോ അച്ഛൻ…”
സുമംഗലയുടെ ചിന്തയിലും അതൊക്കെ തന്നെയായിരുന്നു..നാളെ മുതൽ മറ്റുള്ള മനുഷ്യരെയും ബന്ധു മിത്രാദികളെയും ഒക്കെ നേരിൽ കാണുമ്പോൾ നേരിടേണ്ട ആദ്യ ചോദ്യം..തന്റെയും കുഞ്ഞുങ്ങളുടെയും വീഴ്ച കാത്തിരിയ്ക്കുന്ന മനുഷ്യരുടെ മുഖത്ത് വിരിയുന്ന വിജയസ്മിതം…
ഇവിടെ നിന്ന് നമ്മളിങ്ങനെ അവളെക്കുറിച്ചുള്ള കഥകൾ പാടിപ്പുകഴ്ത്താതെ അങ്ങോട്ട് കയറിച്ചെന്ന് കഴുത്തിന് പിടിച്ചിറക്കി വെളിയിൽ തള്ളുകയാ വേണ്ടത്…അച്ഛന്റെ മകളാണെന്ന ലേബലും കൊണ്ട് ഈ വീട്ടിൽ കയറി താമസിക്കാൻ വന്നിട്ടുണ്ടെങ്കിൽ അവൾ രണ്ടും കല്പിച്ച് തന്നെയാവും വന്നിട്ടുള്ളതെന്ന് വേണം കരുതാൻ. “
പ്രവീണ പറയുന്നത് കേട്ട് സന്ദീപ് അവിടെ നിന്നുകൊണ്ട് മുകൾ നിലയിലെ അടഞ്ഞു കിടക്കുന്ന വാതിലിന് നേർക്ക് നോക്കി. പിന്നെ തിരിഞ്ഞു നിന്ന് അമ്മയോട് ചോദിച്ചു.
“അമ്മ കണ്ടായിരുന്നോ അവളെ…”
“ഇല്ല..”
“കാണണ്ടേ അമ്മയ്ക്ക്…”
“കണ്ടാൽ മാത്രം പോരാ..എനിയ്ക്കവളോട് ചോദിയ്ക്കാനുണ്ട്, എന്റെ കെട്ടുതാലി അറുത്തെടുത്ത് അവളുടെ അമ്മയുടെ കഴുത്തിലിട്ട് കൊടുക്കാനാണോ ഇപ്പോൾ ഇവിടേയ്ക്ക് വന്നതെന്ന്. അതിനുള്ള മറുപടി എനിയ്ക്കവൾ തരണം…”
സുമംഗല പല്ലുകൾ ഞറുമ്മി
****************
മേശപ്പുറത്തിരുന്ന് നവമിയുടെ മൊബൈൽ ഫോൺ ബെല്ലടിയ്ക്കുന്നത് കേട്ട് അനുറാണി വന്ന് ഫോണെടുത്തു നോക്കി. അതിൽ രത്നമ്മ ടീച്ചർ കാളിങ് എന്ന് കണ്ടതോടെ ഫോൺ അവൾ നവമിയ്ക്ക് നേരെ നീട്ടി..
“ആരാ… എന്നെ വിളിയ്ക്കാൻ ആരുമില്ലല്ലോ…” നവമി കിടക്കയിൽ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.
“ഒരു രത്നമ്മ ടീച്ചർ..” അനു റാണി പറഞ്ഞു.
“ടീച്ചറാണോ..” നവമി ഫോൺ വാങ്ങി കോൾ അറ്റന്റ് ചെയ്തു.
“ടീച്ചറേ…” അവൾ വിളിച്ചു.
“ഞാനിപ്പോൾ ഓർത്തതേയുള്ളൂ എന്നെ ഒന്ന് വിളിച്ചില്ലല്ലോ എന്ന്..”
“നിനക്ക് ഇങ്ങോട്ട് വിളിയ്ക്കാൻ വയ്യാരുന്നോടീ…”
“ഞാൻ കരുതി ടീച്ചർ ചെന്നൈക്ക് തിരിച്ചിട്ടുണ്ടാവുമെന്ന്.. ടീച്ചർ ചെന്നൈക്ക് പോവുകയാണെങ്കിൽ ഇപ്പോൾ ട്രെയിനിൽ ആയിരിയ്ക്കുമല്ലോ എന്ന് കരുതി..”
“ഞാൻ പോകും മുമ്പ് നിന്നേ വിളിച്ചു പറയാതിരിയ്ക്കുമോടീ.അതിരിയ്ക്കട്ടെ… നിനക്ക് സന്തോഷമാണോ അവിടെ..എല്ലാരും എങ്ങിനെ.. നിന്നോട് സ്നേഹമാണോ…”
“സ്നേഹമാണോ എന്ന് ചോദിച്ചാൽ അനുമോൾക്ക് എന്നോട് ഭയങ്കര സ്നേഹമാ.. പിന്നെ അച്ഛന്..കുറച്ച് ഗൗരവം ഒക്കെയുണ്ടെന്നേ ഉള്ളൂ. അച്ഛൻ പക്ഷേ പാവമാ ടീച്ചറേ…ബാക്കിയുള്ളവരുമായിട്ടൊന്നും അടുക്കാൻ പറ്റിയിട്ടില്ല…”
“സാരമില്ലെടീ.. നീയങ്ങോട്ട് ചെന്നതെല്ലാ ഉള്ളോ.. അനുമോൾക്ക് നിന്നോടുള്ള സ്നേഹം പോലെ എല്ലാരും ഇടപെടണമെന്നില്ല.. പതുക്കെ അവരുടെയെല്ലാം മനോഭാവം മാറിക്കോളും.. അവരൊക്കെ നിന്നോട് ഇഷ്ടപ്പെടാത്ത രീതിയിൽ പെരുമാറിയാലും നീ അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചേക്കണം… ആരെയും ശത്രു പക്ഷത്തൊന്നും കാണരുത് നീ. അവരങ്ങനെ നിന്നോട് കാണിച്ചാൽ പോലും നീ അത് ഗൗനിയ്ക്കാൻ നിൽക്കരുത്..ഇതൊന്നും നിന്നോട് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലെന്ന് എനിയ്ക്കറിയാം…എന്നാലും പറഞ്ഞു പോയതാ കേട്ടോ…”
“എനിയ്ക്ക് മനസിലാകുന്നുണ്ട് ടീച്ചറേ…”
“ശരിയെടീ…രാവിലെ ഞാൻ പോകും.. പോകും മുൻപ് ചിലപ്പോൾ എനിയ്ക്ക് നിന്നേ വിളിയ്ക്കാൻ പറ്റിയെന്നു വരില്ല…ഞാൻ ചെന്നൈയിൽ എത്തിയാലുടൻ വിളിയ്ക്കാം കേട്ടോ…”
“ഉം.. അജയേട്ടനെ ഞാൻ തിരക്കിയതായി പറയണേ ടീച്ചറേ…”
“അവനാ നാളെ രാവിലെ എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാൻ വരുന്നത്. ഞാൻ പറഞ്ഞോളാം അവനോട്.. അവനെ നീ ഇടയ്ക്ക് വിളിയ്ക്കണം കേട്ടോ..
എന്തെങ്കിലും ആവശ്യം വന്നാൽ അവനോട് പറയാൻ മടിയ്ക്കരുത്…”
നവമി അതിന് മറുപടി പറയും മുൻപേ വാതിലിൽ ആരോ തട്ടുന്ന ഒച്ച കേട്ടു..
“ആരോ പുറത്ത് വന്നു വിളിയ്ക്കുന്നുണ്ട് ടീച്ചറേ.. ആരാണെന്ന് നോക്കട്ടെ ഞാൻ…” നവമി പറഞ്ഞു.
“ശരി. ഞാൻ വിളിയ്ക്കാം. കേട്ടോ.” രത്നമ്മ ടീച്ചർ കോൾ കട്ട് ചെയ്തു.
അനുറാണി യാണ് ചെന്ന് വാതിൽ തുറന്നത്.
മുൻപിൽ സന്ദീപ് നിൽക്കുന്നത് കണ്ട് അവൾ അമ്പരന്ന് പോയി. സന്ദീപിന് തൊട്ടു പിന്നിലായി അമ്മ നിൽപ്പുണ്ട്. അതിനും പിന്നിൽ മുഖത്ത് ഒരു നിന്ദാ ഹാസവുമായി പ്രവീണയെയും അവൾ കണ്ടു.
“നിനക്ക് പഠിയ്ക്കാനൊന്നും ഇല്ലേടീ. നീയെന്തിനാ ഇവിടെ വന്നിരിയ്ക്കുന്നത്…” അവൾ വാതിൽ തുറന്നിട്ടും അവിടെ നിന്നും മാറാതെ നിൽക്കുന്നത് കണ്ട് സന്ദീപ് തിരക്കി.
“ഞാൻ പഠിച്ച് കൊണ്ടിരുന്നതാണല്ലോ. അച്ഛൻ പറഞ്ഞിട്ടാ പോയത് ഞാൻ ഇനിമുതൽ ചേച്ചിയുടെ റൂമിൽ ഇരുന്നു പഠിച്ചാൽ മതിയെന്ന്..”
“ചേച്ചിയോ..ഏത് ചേച്ചി… ഞങ്ങളറിയാത്ത വേറേ ഏത് ചേച്ചിയാടീ നിനക്ക് ഇവിടെയുള്ളത്..” സന്ദീപ് ദേഷ്യത്തോടെ ചോദിച്ചു.
“നവമി ചേച്ചി. ദാ നിൽക്കുന്നു..” അനു റാണി മുഖം കൊണ്ട് നവമിയെ ആംഗ്യത്തിലൂടെ കാട്ടിക്കൊടുത്തു.
“അവടെയൊരു നവമി ചേച്ചി.. ഇന്നലെ വരെ ഏതോ തെരുവിൽ കഴിഞ്ഞ ഒരുത്തിയെ ചേച്ചിയെന്ന് വിളിയ്ക്കാൻ നിനക്ക് നാണമില്ലേ അനുമോളെ. വിളിയ്ക്കുക മാത്രം ആണോ. അവൾക്ക് വന്നു കാവലിരിയ്ക്കുന്നതും കണ്ടില്ലേ…”
പ്രവീണ പറഞ്ഞു..
“നീ വാതിൽക്കൽ നിന്ന് മാറി നിൽക്ക് അനുമോളെ. ഞങ്ങൾക്ക് അകത്തേയ്ക്ക് കയറണം.. ഇവിടെ ഒരു പുതിയ അതിഥി വന്നിട്ടുണ്ടെന്ന് ജഗദമ്മ ചേച്ചി പറഞ്ഞല്ലോ. അവൾ ആരാണെന്ന് ഞങ്ങളും കൂടൊന്ന് കാണട്ടെ.”
സന്ദീപ് മുൻപോട്ട് വന്ന് അവളുടെ തൊട്ടരികിൽ നിന്നെങ്കിലും അനു റാണി അവിടെ നിന്ന് മാറിയില്ല.
“അച്ഛൻ വരട്ടെ..എന്നിട്ട് കയറാം എല്ലാവർക്കും ഉള്ളിലേക്ക്. അച്ഛൻ പറഞ്ഞിട്ടാ പോയത് അച്ഛൻ വന്ന ശേഷം അച്ഛൻ തന്നെ നവമി ചേച്ചിയെ എല്ലാവർക്കും മുൻപിൽ കൊണ്ട് വന്ന് പരിചയപ്പെടുത്തി തരാം എന്ന്…”
“അച്ഛൻ അങ്ങനെ പലതും പറയും..അതെല്ലാം ഞങ്ങൾ അനുസരിയ്ക്കണമെന്നില്ലല്ലോ.നീ തൽക്കാലം ഒന്ന് മാറി നിൽക്ക്. അമ്മയ്ക്കും എനിയ്ക്കുമൊക്കെ അവളെ ഒന്ന് കാണണം…”
സന്ദീപ് അത്രയൊക്കെ പറഞ്ഞിട്ടും അവൾ മാറി നിൽക്കാൻ തയ്യാറാവാതിരുന്നതോടെ അവൻ വാതിലിൽ പിടിച്ചിരുന്ന അവളുടെ കൈ ബലമായി പിടിച്ചു മാറ്റി. താൻ എല്ലാവർക്കും മുൻപിൽ തോറ്റു പോയതിന്റെ ജാള്യം കൊണ്ട് അനു റാണിയ്ക്ക് സങ്കടം വന്നു.
സന്ദീപിന് പിന്നാലേ സുമംഗലയും, പ്രവീണയും മുറിയ്ക്കുള്ളിലേക്ക് കയറി.
സുമംഗല പക എരിയുന്ന കണ്ണുകൾ കൊണ്ട് തന്നെ നോക്കുന്നത് കണ്ടതോടെ നവമി അവർക്ക് മുന്നിൽ മുഖം കുനിച്ച് നിന്നു.
നവമിയുടെ കയ്യിൽ ഫോണിരിയ്ക്കുന്നത് കണ്ട് സന്ദീപ് അവളെ പുച്ഛത്തോടെ നോക്കി.
“വന്നു കയറിയ ഉടൻ തുടങ്ങിയല്ലോടീ ഫോൺ വിളി… ആരെയാടീ നിനക്ക് ഇത്രയും വിളിച്ചിട്ടും വിളിച്ചിട്ടും കൊതി തീരാത്തത്…” അത്രയും പറഞ്ഞിട്ട് അവൻ തിരിഞ്ഞ് അമ്മയെ നോക്കി.
“ഇവളെയൊക്കെ സൂക്ഷിച്ചോണെ അമ്മേ.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊടുത്തത് വിശ്വസിച്ചിട്ട് അച്ഛൻ കൊണ്ട് വന്ന് നിർത്തിയതാണെന്നൊക്കെ വെറുതേ പറയാനേ പറ്റൂ..ഏതാ ഇനമെന്നും, തരമെന്നും ആര് കണ്ടു..ഫോണിൽ വിളിച്ച് രാത്രിയിൽ വല്ലവനെയുമൊക്കെ വാതിൽ തുറന്നു കൊടുത്തു വീട്ടിനുള്ളിൽ വിളിച്ചു കയറ്റി എല്ലാം കൂടി കടത്തിക്കൊണ്ട് പോകുന്ന സൈസല്ല ഇവളെന്ന് പറയാൻ പറ്റുകേല… കണ്ടില്ലേ മുഖം കുനിച്ചുള്ള അവളുടെ നിപ്പ്.. അത് തന്നെ കള്ളത്തരത്തിന്റെ ഒന്നാന്തരം ലക്ഷണമാ…”
“സന്ദീപേട്ടാ.. അനാവശ്യം പറയരുത്… നവമി ചേച്ചി ഈ വീട്ടിലേക്ക് വലിഞ്ഞ് കയറി വന്നതല്ല. അച്ഛൻ കൂട്ടിക്കൊണ്ട് വന്നതാണ്…”
അനുറാണി പെട്ടന്ന് നവമിയുടെ രക്ഷയ്ക്കെത്തി.
“ആണോടീ…അച്ഛൻ കൂട്ടിക്കൊണ്ട് വന്നതാണ് ഇവളെങ്കിൽ ഇന്നലെ വരെ ഇവൾ എവിടായിരുന്നു… പെട്ടന്നെവിടെ നിന്നോ മാനത്ത് നിന്ന് പൊട്ടി വീഴും പോലെ ഒരുത്തിയെ വീട്ടിലേക്ക് കൊണ്ട് വന്നിട്ട് ഇത് എന്റെ മകളാണ്, നിങ്ങളെല്ലാം അത് അംഗീകരിച്ചോണം എന്ന് അച്ഛൻ പറഞ്ഞാൽ ഞങ്ങൾക്ക് അത് അംഗീകരിച്ചു കൊടുക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്..നിനക്കതിന് കഴിയുമായിരിയ്ക്കും… പക്ഷേ ഞങ്ങളെ ആ വഴിയ്ക്ക് പ്രതീക്ഷിയ്ക്കണ്ട…”
സന്ദീപ് പറയുന്നതാണ് ശരി എന്ന മട്ടിൽ നിൽക്കുകയാണ് സുമംഗലയും, പ്രവീണയും.
“നീ എവിടായിരുന്നെടീ ഇത്ര നാൾ…” സുമംഗല നവമിയെ നോക്കി ചോദിച്ചു. നവമി മുഖമുയർത്തി മുൻപിൽ നിൽക്കുന്നവരെ നോക്കി.
ഭയം കൊണ്ടോ, സങ്കടം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
“അവടെയൊരു കണ്ണീർ നാടകം… നിന്റെ പൂങ്കണ്ണീർ കാണാനല്ലെടീ ഞങ്ങളിവിടെ ടിക്കറ്റ് എടുത്തു വന്നു നിൽക്കുന്നത്..അമ്മ ചോദിച്ചത് കേട്ടില്ലേടീ നീ..അതിന് മറുപടി പറയ്…”
സന്ദീപ് ശബ്ദമുയർത്തി.
“കൊല്ലത്ത്..അച്ഛന്റെ വീട്ടിൽ…” നവമി ശബ്ദം താഴ്ത്തി പറഞ്ഞു.
“അച്ഛന്റെ വീട്ടിലോ.. നിനക്ക് അപ്പോൾ എത്ര അച്ഛൻ മാരുണ്ടെടീ…
കൊല്ലത്തെ അച്ഛനും കോട്ടയത്തെ അച്ഛനും…കൊള്ളാമല്ലോടീ നീ…അമ്മ കേട്ടല്ലോ ഇത്.. ഇവൾ ഒന്നാന്തരം തട്ടിപ്പ് കാരിയാണെന്നുള്ളതിന് വേറേ തെളിവെന്തെങ്കിലും വേണോ…”
“സന്ദീപേട്ടാ, നവമി ചേച്ചിയെ വെറുതേ ആക്ഷേപിയ്ക്കല്ലേ. ചേച്ചി ഇത്രയും നാൾ നിന്ന വീട്ടിലെ അച്ഛനെയാണ് ചേച്ചി കൊല്ലത്തെ അച്ഛൻ എന്ന് പറഞ്ഞത്… നമ്മുടെ അച്ഛനല്ലല്ലോ ചേച്ചിയെ ഇത്രനാൾ വളർത്തിയത്.”
അനുറാണി അവരെ മാറി മാറി നോക്കികൊണ്ട് പറഞ്ഞു.
“നിന്നോട് സന്ദീപേട്ടൻ എന്തെങ്കിലും ചോദിച്ചോടീ.. നിന്നോട് ചോദിയ്ക്കുമ്പോൾ മതി നീ മറുപടി പറയുന്നത്…അവളുടെയൊരു നകുമി ചേച്ചി.. ഒലിപ്പിയ്ക്കുന്നത് കണ്ടാൽ തോന്നും അവളുടെ കൂടപ്പിറപ്പാ ഇതെന്ന്…” പ്രവീണയ്ക്ക് അനുറാണിയുടെ കവിളത്ത് ഒന്ന് കൊടുക്കാൻ കൈ തരിച്ചു.
“നീയെന്തിനാടീ ഏത് നേരവും ഈ ഫോൺ കയ്യിലെടുത്ത് വച്ച് ഉരുട്ടി കളിയ്ക്കുന്നത്… ഈ വീട്ടിൽ നിന്ന് നീയിനി ആർക്കും ഫോൺ ചെയ്യരുത്.”
പറഞ്ഞതും സന്ദീപ്, നവമിയുടെ കയ്യിലിരുന്ന ഫോൺ പിടിച്ചു വാങ്ങി.
പിന്നെ അത് തൊട്ടടുത്ത ഭിത്തിയിലേക്ക് ഒറ്റ ഏറുകൊടുത്തു. നവമിയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ നൊടിയിടയിലാണ് അത് സംഭവിച്ചത്.
ഫോൺ ഭിത്തിയിൽ ഇടിച്ചു നാല് പാടും ചിതറി തെറിച്ചു. കുറച്ച് കറുത്ത ചീളുകളും, ആകൃതിയില്ലാത്ത രൂപങ്ങളുമായി ആ ഫോൺ തറയിൽ ചിതറി കിടന്നു.
തെറിച്ചു വീണതിൽ ഫോണിന്റെ ബാറ്ററി തന്റെ കാൽക്കീഴിലേയ്ക്ക് നിരങ്ങി വന്നപ്പോൾ സന്ദീപ് അത് ദേഷ്യത്തോടെ തട്ടി തെറിപ്പിച്ചു. അത് കണ്ടതും പ്രവീണയുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടായി
****************
തറയിൽ ചിതറി കിടക്കുന്ന ഫോണിലേക്കും സുമംഗലയുടെ മുഖത്തേയ്ക്കും അനുറാണി മാറി മാറി നോക്കി.
“അമ്മയ്ക്കിപ്പോൾ സമാധാനം ആയല്ലോ അല്ലേ…” അവൾ ഒരു വശത്തേയ്ക്ക് ചുണ്ടുകൾ കോട്ടി.
“അനൂ…” ശാസനാ സ്വരത്തിൽ പ്രവീണ അനിയത്തിയെ വിളിച്ചു.
“നീയെന്താടീ.. കണ്ട തെ, ണ്ടിപ്പരിഷകളുടെയൊക്ക മുൻപിൽ വച്ച് അമ്മയോട് തട്ടിക്കയറി ആള് കളിയ്ക്കാൻ നോക്കുന്നോ. മിണ്ടാതിരുന്നോണം അവിടെ..”
പ്രവീണയ്ക്ക് ദേഷ്യം വന്നു.
“ചേച്ചി മിണ്ടരുത്.. നാണമില്ലല്ലോ ചേച്ചിയ്ക്ക് എന്നെ ശാസിയ്ക്കാൻ. സന്ദീപേട്ടൻ ഈ തോന്നിവാസം കാണിച്ചപ്പോൾ കണ്ടോണ്ടു നിന്നതല്ലാതെ ചേച്ചിയോ അമ്മയോ ഒറ്റയക്ഷരം പറഞ്ഞോ..എന്നിട്ട് എന്നോട് തട്ടിക്കയറുന്നോ…”
“അമ്മ കണ്ടല്ലോ അമ്മയുടെ ഇളയ മോളുടെ അഹങ്കാരം… നമ്മള് മൂന്ന് പേരിവിടെ നിന്നിട്ടും അവൾക്ക് കൂറ് ആ നിൽക്കുന്ന വന്നു കയറിയവളോടാ… നമ്മളൊക്കെ അവളുടെ മുമ്പിൽ ആരായി അമ്മേ..”
“ചേച്ചീ…ചേച്ചി വെറുതേ അമ്മയെ ചൂട് പിടിപ്പിയ്ക്കല്ലേ. ഞാൻ അമ്മയോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് സന്ദീപേട്ടൻ നവമി ചേച്ചിയുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി ഭിത്തിയിൽ എറിഞ്ഞു പൊട്ടിക്കുന്നത് കണ്ടിട്ടും അമ്മ മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ടാ. അമ്മയ്ക്ക് പറയാമായിരുന്നല്ലോ സന്ദീപേട്ടനോട് ആ ഫോൺ തിരികെ അവളുടെ കയ്യിൽ കൊടുത്തേരെടാ എന്ന്..
അമ്മ അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ സന്ദീപേട്ടൻ ആ ഫോൺ നശിപ്പിച്ചു കളയുമായിരുന്നോ…എത്ര രൂപാ വില വരുന്ന ഫോണാ അത്.
അത് മാത്രമാണോ..നവമി ചേച്ചിയ്ക്ക് ഇനി കൊല്ലത്തോട്ട് വിളിയ്ക്കണമെങ്കിലോ, അവിടുള്ള ആർക്കെങ്കിലും നവമി ചേച്ചിയെ വിളിയ്ക്കണമെങ്കിലോ ഇനി എന്ത് ചെയ്യും.”
അനു റാണിയ്ക്ക് ആ ചിതറി കിടക്കുന്ന ഫോണിലേക്ക് നോക്കവേ സങ്കടം വന്നു.
“ഇവൾക്ക് ആരിരിയ്ക്കുന്നെടീ കൊല്ലത്ത്..അവിടുള്ളവരെല്ലാം തള്ളി കളഞ്ഞത് കൊണ്ടല്ലേ ഇവളെ എന്റെ സമാധാനം കളയാനായി ഇങ്ങോട്ട് കെട്ടിയെടുത്തത്… ഇവൾക്ക് കൊല്ലത്തുള്ളവരെ കണ്ടു കൊതി തീർന്നില്ലെങ്കിൽ എന്തിനാ ഫോണിൽ വിളിയ്ക്കുന്നത് നേരിട്ട് പൊക്കോണം അങ്ങോട്ട്..”
സുമംഗല, പേടിച്ച് വിറച്ചു നിൽക്കുന്ന നവമിയെ ദേഷ്യത്തോടെ ആപാദ ചൂഡം നോക്കി ക്കൊണ്ട് പറഞ്ഞു.
“അമ്മേ..ഇവളെ ഈ വീട്ടിൽ നിന്ന് ഞാൻ ഇറക്കി വിടട്ടെ.. നമ്മുടെ ആരുടേയും സമ്മതമില്ലാതെ ഇവിടെ കയറി വന്ന് വാസമുറപ്പിച്ച ഇവളെ ഇനി ഒറ്റ നിമിഷം പോലും ഈ വീട്ടിൽ വച്ച് പൊറുപ്പിയ്ക്കരുത്..”
സന്ദീപ് കൈകൾ കൂട്ടി തിരുമ്മി.അവന്റെ നിൽപ്പ് കണ്ടാൽ സുമംഗലയുടെ ഒറ്റയാളുടെ സമ്മതം കിട്ടുന്ന മാത്രയിൽ തന്നെ നവമിയെ കഴുത്തിന് പിടിച്ചു പുറത്തേയ്ക്ക് തള്ളാൻ താൻ തയ്യാറാണെന്ന മട്ടാണ്.
“അതിനുള്ള ധൈര്യം സന്ദീപേട്ടനുണ്ടോ..എങ്കിൽ ഒന്ന് കാണട്ടെ.
അച്ഛൻ ഈ വീട്ടിൽ കൊണ്ട് വന്ന് താമസിപ്പിച്ച ഒരാളേ അച്ഛനിവിടില്ലാത്ത നേരം നോക്കി സന്ദീപേട്ടൻ അടിച്ചു പുറത്തിറക്കി കളയുമോ..
ധൈര്യമുണ്ടെങ്കിൽ അതൊന്ന് ചെയ്തു കാണിയ്ക്ക് സന്ദീപേട്ടാ…”
അനു റാണി അവന്റെ മുമ്പിലേക്ക് വെല്ലുവിളിയ്ക്കും മട്ടിൽ കയറി നിന്നു.
“എടീ…”
സന്ദീപ് അവളെ തല്ലാനായി കയ്യോങ്ങിയതും സുമംഗല അവനെ തടഞ്ഞു.
“വേണ്ട മോനേ…എവിടെയോ കിടന്ന ഇവൾക്ക് വേണ്ടി നീ അനുവിനെ തല്ലണ്ട.
ഇവളെ ഈ വീട്ടിൽ നിന്നിറക്കി വിടേണ്ടവൻ നീയല്ല. ആരാണോ ഇവളെ നമ്മുടെ സമ്മതമില്ലാതെ ഇവിടെ കൊണ്ട് വന്ന് പാർപ്പിച്ചത് അയാൾ തന്നെ വേണം ഇവളെ ഇവിടെ നിന്നൊഴിവാക്കാൻ.”
“അച്ഛൻ അതിന് വഴങ്ങിയില്ലെങ്കിലോ അമ്മേ..” സന്ദീപ് തിരിഞ്ഞു സുമംഗലയെ നോക്കി.
“നമ്മൾ പറയുന്നത് അനുസരിയ്ക്കാൻ വിജയേട്ടൻ തയ്യാറായില്ലെങ്കിൽ അതിന് വേണ്ടവർ വേറെയുണ്ട്. പറയേണ്ടവർ, പറയേണ്ടുന്ന രീതിയ്ക്ക് പറയുമ്പോൾ വിജയേട്ടൻ താനേ സമ്മതിച്ചോളും..
വരിൻ.. നമുക്ക് പോകാം… ഇന്നത്തെ രാത്രി പുലർന്ന് വെളുക്കുമ്പോൾ ഇവളിവിടെ ഉണ്ടാകാതിരുന്നാൽ പോരേ. അത് ഞാനേറ്റു മക്കളേ..”
സുമംഗല സന്ദീപിനെയും, പ്രവീണയെയും കൂട്ടിക്കൊണ്ട് താഴേയ്ക്ക് ഇറങ്ങി പോന്നു.
അനുറാണി മെല്ലെ നടന്ന് നവമിയുടെ മുമ്പിലേക്ക് ചെന്നു. അവൾ മുഖം കുനിച്ചു നിൽക്കുകയായിരുന്നു. അനു വലതു കൈ നീട്ടി അവളുടെ മുഖം പിടിച്ചുയർത്തി.
നവമിയുടെ കണ്ണിൽ നിന്ന് തുരു തുരാ കണ്ണീർതുള്ളികൾ അടർന്നു നിലത്തേയ്ക്ക് വീണു.
“അയ്യേ.. കരയാണോ ചേച്ചി..അതിനവർ ചേച്ചിയെ ഒന്നും ചെയ്തില്ലല്ലോ. അതിനും മുമ്പേ ഞാനവരെ പറപ്പിച്ചില്ലേ ഇവിടുന്ന്..”
അവൾ തന്നെ നവമിയുടെ കണ്ണിൽ നിന്ന് കണ്ണീർ തുടച്ചു കൊടുത്തു.
“ആ ഫോൺ സന്ദീപേട്ടൻ തട്ടിപ്പറിയ്ക്കാൻ വന്നപ്പോൾ ചേച്ചിയ്ക്ക് അത് പിന്നിലേക്ക് മാറ്റി പ്പിടിയ്ക്കാൻ വയ്യാരുന്നോ.. അതിന് പകരം ഒന്ന് പ്രതിഷേധിയ്ക്കുക പോലും ചെയ്യാതെ ഫോൺ അങ്ങ് സന്ദീപേട്ടന് വിട്ടുകൊടുത്തു അല്ലേ..”
“ഞാൻകരുതിയില്ല മോളേ അത് നശിപ്പിച്ചു കളയുമെന്ന്. അവരെല്ലാം റൂമിലേക്ക് കയറി വന്നപ്പോൾ ഞാൻ രത്നമ്മ ടീച്ചറുമായി ഫോണിൽ സംസാരിയ്ക്കുന്നത് കണ്ട് ആരാണെന്ന് അന്വേഷിച്ചില്ലേ.. ചിലപ്പോൾ ഞാൻ ആരോടാണ് സംസാരിച്ചതെന്നറിയാൻ കോൾ ലിസ്റ്റ് നോക്കാനായിരിയ്ക്കും എന്നാണ് ഞാൻ കരുതിയത്. അല്ലാതെ..”
നവമി കയ്യുയർത്തി കവിളിലൂടൊഴുകിയ മിഴിനീർ തുടച്ചു.
“സാരമില്ല. ഞാനിതെല്ലാം ഒന്ന് വാരിയെടുത്ത് വയ്ക്കട്ടെ..അച്ഛൻ വരുമ്പോ അച്ഛന്റെ കയ്യിലേക്ക് കൊടുത്തേയ്ക്കാം. അച്ഛന്റെ മകൾക്ക് ഈവീട്ടിൽ നിന്ന് കിട്ടിയ ആദ്യത്തെ സമ്മാനം അച്ഛനും ഒന്ന് കാണട്ടെ…”
അനുറാണി ചിതറിക്കിടന്ന ഫോണിന്റെ പാർട്സുകൾ എല്ലാം വാരിക്കൂട്ടി ഒരു പേപ്പറിൽ വച്ചു.അതിന് ശേഷം ഫോണിൽ ഇട്ടിരുന്ന സിം കാർഡും, മെമ്മറി കാർഡും എടുത്ത് തന്റെ കയ്യിൽ സൂക്ഷിച്ച് വച്ചു.
“അതങ്ങു കളഞ്ഞേക്കാം…വെറുതേ അച്ഛനോട് പറയാനൊന്നും നിൽക്കണ്ട.. അച്ഛനറിഞ്ഞാൽ അനുവിന്റെ ഏട്ടനെ വഴക്ക് പറഞ്ഞാലോ..അതുപിന്നെ അനുവിന്റെ ഏട്ടന് എന്നോട് കൂടുതൽ ദേഷ്യം തോന്നാൻ ഇടയാക്കില്ലേ..”
നവമി താൻ ഇത്രയും കാലം ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണിൽ തൊട്ടു തലോടി നോക്കി.
“ആരും അറിയാതെ ഇത് കൊണ്ടുപോയി കളഞ്ഞാൽ ചേച്ചിയ്ക്ക് വേറേ ഫോൺ വേണ്ടേ. ആരെയെങ്കിലും വിളിയ്ക്കാനോ, ആർക്കെങ്കിലും ചേച്ചിയെ വിളിയ്ക്കാനോ അപ്പോൾ എന്ത് ചെയ്യും.”
“എന്നെ ആര് വിളിയ്ക്കാൻ..ആകെയുള്ളത് കൊല്ലത്തെ അച്ഛനായിരുന്നു.അച്ഛൻ പോയില്ലേ… പിന്നെയുള്ളത് രത്നമ്മ ടീച്ചറാ.ടീച്ചർ ഇനി അടുത്തൊന്നും ചെന്നൈയിൽ നിന്ന് വരാൻ പോകുന്നില്ല.. പിന്നെ അജയേട്ടൻ എന്നെ ഓർക്കുമോ എന്ന് പോലും സംശയമാ..”
“ആരാ അജയേട്ടൻ..” അനു അവളെ കുസൃതിയോടെ നോക്കി.
“കൊല്ലത്തെ അച്ഛന്റെ പെങ്ങൾ ശ്രീദേവിക്കുട്ടിയപ്പച്ചിയുടെ മകനാ അജയൻ..
ആ കുടുംബത്തിൽ എന്നോട് ഇത്തിരിയെങ്കിലും കരുണ കാണിച്ചിട്ടുള്ളത് അച്ഛൻ കഴിഞ്ഞാൽ അജയേട്ടനാ..”
“അജയേട്ടന് എന്താ ചേച്ചീ ജോലി..”
“ഓട്ടോ ഓടിയ്ക്കുവാ.. മുമ്പേ ലൈസൻസ് ഒക്കെ എടുത്തിട്ടുണ്ടെങ്കിലും സ്ഥിരമായി ഓട്ടോ ഓടിയ്ക്കാൻ പോകാൻ തുടങ്ങിയത് ഇപ്പോഴാ..ഇത് വരെ ആൾ മഹാ ഉഴപ്പനായിരുന്നു.. സീരിയലിലൊക്കെ അഭിനയിയ്ക്കണമെന്നായിരുന്നു അജയേട്ടന്റെ ആഗ്രഹം. പക്ഷേ സഹായിയ്ക്കാൻ ആരുമില്ലാത്തത് കൊണ്ടാകും അജയേട്ടന് എങ്ങും എത്താൻ പറ്റിയില്ല..ഇല്ലെന്ന് അങ്ങനെ തീർത്തു പറയാനും പറ്റില്ല… ഒന്ന് രണ്ട് ടെലി ഫിലിമിലൊക്കെ കുഞ്ഞ് കുഞ്ഞ് വേഷങ്ങൾ ചെയ്തിട്ടുണ്ട്.. അവസാനം തന്റെ ഫീൽഡ് ഇതല്ലെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടാകും അജയേട്ടൻ ഓട്ടോയുമായി ഇറങ്ങിയത്…
നിന്നേ ഞാൻ എന്നും വിളിച്ചോളാം വിശേഷങ്ങൾ അറിയിച്ചോളാം എന്നൊക്കെ പറഞ്ഞിട്ടാ എന്നെ വിട്ടത്..പക്ഷേ ഇത് വരെ എന്നെ ഒരു തവണ പോലും വിളിച്ചിട്ടില്ല. പാവം തിരക്കായതുകൊണ്ടായിരിയ്ക്കും.”
“എത്ര തിരക്കുണ്ടെങ്കിലും ഒരു തവണയൊക്കെ ഒന്ന് വിളിയ്ക്കാമായിരുന്നു”
നവമി എന്തോ ഓർത്തിരിയ്ക്കുന്നത് കണ്ടപ്പോൾ അനു പറഞ്ഞു. അവളുടെ മനസിലൂടെ കൊല്ലത്തെ വീട്ടിലുള്ള ഓരോ മനുഷ്യരുടെയും രൂപങ്ങൾ ഓടി പൊയ്ക്കൊണ്ടിരുന്നു. ഇപ്പോൾ നവമിയ്ക്ക് തോന്നി അതൊക്കെ താൻ പണ്ടെങ്ങോ കണ്ട് മറന്നുപോയ മുഖങ്ങളാണെന്ന്.
എന്നോ ഒരിയ്ക്കൽ താൻ കൊല്ലത്തെ വീട്ടിൽ താമസിച്ചിരുന്നത് പോലെയാണ് മനസ്സിൽ തോന്നുന്നത്…എത്ര പെട്ടന്നാണ് എല്ലാം മറവിയിലേക്ക് ആണ്ടു പോകുന്നത്.
രാത്രി..അനു റാണി വന്ന് ആഹാരം കഴിയ്ക്കാൻ വിളിച്ചപ്പോൾ നവമി തനിയ്ക്ക് വിശപ്പില്ലെന്ന് പറഞ്ഞു ഒഴിഞ്ഞ് മാറി.
“ഞാൻ ചേച്ചിയ്ക്കുള്ളത് ഇങ്ങോട്ട് എടുത്തുകൊണ്ട് വരട്ടെ..നമുക്ക് രണ്ടു പേർക്കും ഇവിടിരുന്ന് കഴിയ്ക്കാം…” അനു പറഞ്ഞു.
“വേണ്ട മോളേ.. എനിയ്ക്ക് വിശപ്പില്ലാഞ്ഞിട്ടാ… നീ പോയി കഴിച്ചിട്ട് വാ..”
“ചേച്ചി എന്നെ അച്ഛന്റെ വായിലിരിയ്ക്കുന്നതെല്ലാം കേൾപ്പിയ്ക്കും.. അച്ഛൻ, ചേച്ചിയെ എന്നെ ഏൽപ്പിച്ചിട്ടല്ലേ പോയിരിയ്ക്കുന്നത്.. ഞാൻ ഇന്ന് ഇവിടെ വന്നിരുന്നു പഠിച്ചോണം എന്ന് വരെ അച്ഛൻ എന്നോട് പറയുന്നത് ചേച്ചിയും കേട്ടതല്ലേ..
ഞാൻ ചെന്ന് കഴിയ്ക്കാനുള്ളത് എടുത്തുകൊണ്ട് വരട്ടെ ചേച്ചീ…”
അനുവിന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ നവമിയ്ക്ക് പിന്നെ എതിർത്തു പറയാൻ തോന്നിയില്ല.
“ഞാൻ ഇപ്പ വരാവേ..” അനു ഇറങ്ങി താഴേയ്ക്ക് ചെന്നു.
സന്ദീപും, പ്രവീണയും ആഹാരം കഴിച്ചിട്ട് എഴുന്നേറ്റ് പോയെന്ന് ഡൈനിങ് ടേബിളിന് മുകൾ കണ്ടപ്പോൾ അനുവിന് തോന്നി.
അവൾ രണ്ട് പ്ളേറ്റുകൾ എടുത്തു വച്ച് അതിലേക്ക് മൂന്ന് ചപ്പാത്തികൾ വീതം എടുത്ത് വച്ചശേഷം ഒരു പാത്രത്തിൽ വെജിറ്റബിൾ കുറുമ പകർന്നു വച്ചു.
“നിനക്കാണോടീ രണ്ട് പ്ളേറ്റിൽ ആഹാരം എടുക്കുന്നത്… നിനക്ക് ഇത് ഒറ്റ പ്ളേറ്റിൽ എടുക്കാൻ വയ്യേ.”
പ്രവീണ അവളുടെ അടുത്തേയ്ക്ക് വന്നു ചോദിച്ചു.
“ചേച്ചി കഴിച്ചാരുന്നോ..” അനു തിരക്കി.
“നീ ഇത് രണ്ട് പ്ളേറ്റി ൽ ആഹാരം എടുക്കുന്നത് ആർക്കാണെന്നാ ഞാൻ നിന്നോട് ചോദിച്ചത്..ഞാൻ കഴിച്ചോ ഇല്ലയോ എന്ന് ഞാൻ പിന്നെ പറയാം.നീ ആദ്യം ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി താ അനൂ..”
പ്രവീണ അവളുടെ കൈക്ക് പിടിച്ചു.
“എനിയ്ക്കും നവമി ചേച്ചിയ്ക്കുമാ. ചേച്ചി കയ്യിൽ നിന്ന് വിട്.”
“നിന്റെ നവമി ചേച്ചിയ്ക്ക് എന്താടീ ഇവിടെ വന്നിരുന്നു ആഹാരം കഴിയ്ക്കാൻ അറിയില്ലേ. അതോ നീ അവൾക്ക് മുമ്പിൽ വേലക്കാരി ചമയാൻ തീരുമാനിച്ചോ.. അതുമല്ലെങ്കിൽ നിന്റെ നവമി ചേച്ചി ഇവിടേയ്ക്ക് ഇറങ്ങിവന്നാൽ ഞങ്ങളാരെങ്കിലും അവളെ പിടിച്ചു വിഴുങ്ങുവോ..”
“ഓ.. അപ്പോൾ അതായിരുന്നു ഉദ്ദേശ്യം. അല്ലേ. ചേച്ചി കഴിച്ചു കഴിഞ്ഞിട്ടും കയറി പോകാതെ ഇവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടപ്പോഴേ ഞാൻ ഊഹിച്ചതാ.. എന്നാൽ വ്യക്തമായത് ഇപ്പോഴാ..
കഷ്ടമുണ്ട് ചേച്ചീ ആ പാവത്തിനോട് ഇങ്ങനൊക്കെ കാണിയ്ക്കുന്നത്…”
“എന്ത് കഷ്ടം..ഇവിടെ വച്ചുണ്ടാക്കി വച്ചിരിയ്ക്കുന്നത് ആവശ്യത്തിന് വന്ന് കോരിയിട്ട് തിന്നുന്നതാണോടീ കഷ്ടം…” അത്രയും പറഞ്ഞിട്ട് പ്രവീണ അവിടെ നിന്ന് അമ്മയെ വിളിച്ചു.
സുമംഗല തന്റെ റൂമിൽ നിന്നിറങ്ങി പ്രവീണയുടെ അടുത്തേയ്ക്ക് വന്നു.
“ദാ നോക്ക്…” പ്രവീണ അമ്മയെ നോക്കി ഡൈനിങ് ടേബിളിന് മീതേയ്ക്ക് വിരൽ ചൂണ്ടി.
“. ഇത് കാണിച്ചു തരാനാ ഞാൻ അമ്മയെ വിളിച്ചത്.. മുകൾ നിലയിൽ തപസ്സിരിയ്ക്കുന്ന രാജ കന്യകയ്ക്ക് ആഹാരം മുമ്പിൽ കിട്ടണം പോലും. അത് കേട്ട പാതി കേൾക്കാത്ത പാതി അമ്മേടെ മോള് ചാടിയിറങ്ങി വന്നു മാമുണ്ണാനുള്ളത് എടുത്തുകൊണ്ട് ചെന്ന് കയ്യിൽ പിടിപ്പിച്ചു കൊടുക്കുന്ന കാഴ്ച ഒന്ന് കണ്ടോളാനാ ഞാൻ അമ്മയെ വിളിച്ചത്.”
പ്രവീണ പക തീർക്കും മട്ടിൽ പറഞ്ഞു.
“ആർക്കാ അനൂ നീ ഈ ആഹാരം എടുത്തുകൊണ്ട് പോകുന്നത്..അവൾക്കാണോ…” സുമംഗല തിരക്കി.
“അമ്മേ..ചേച്ചി ഇന്നിങ്ങോട്ട് വന്നതെല്ലാ ഉള്ളോ.നിങ്ങളുടെയെല്ലാം മുമ്പിലേക്ക് വന്നിരിയ്ക്കാൻ ചേച്ചിയ്ക്കൊരു മടി.
അതുകൊണ്ടാ ഞാൻ…”
“അങ്ങിനെ മടിയുള്ളവർ ഈ വീട്ടിൽ നിന്ന് ആഹാരം കഴിയ്ക്കാൻ നിൽക്കരുത്. അതാ വേണ്ടത്. അവളെന്തോ പിച്ചും പേയും പറഞ്ഞെന്ന് കരുതി ഓടി വന്ന് വിളമ്പി എടുത്ത് മുമ്പിൽ കൊണ്ട് വച്ചു ഉരുളയുരുട്ടി കൊടുക്കാൻ നാണമില്ലേ അനൂ നിനക്ക്..
നീ കഴിച്ചിട്ട് ചെന്ന് അവളോട് പറയ് വേണമെങ്കിൽ ഇറങ്ങി ഇവിടെ വന്ന് എടുത്ത് കഴിയ്ക്കാൻ.. ഈ വീട്ടിൽ ജീവിയ്ക്കുന്ന ആർക്കും മറ്റുള്ളവർ കാണാതെ ഒളിച്ചും പാത്തും ഇരുന്ന് ആഹാരം വിഴുങ്ങുന്ന പാരമ്പര്യം ഇല്ലെന്ന് കൂടി അവളോട് പറഞ്ഞേക്ക്.”
അത്രയും പറഞ്ഞ ശേഷം സുമംഗല തന്റെ റൂമിലേക്ക് പോന്നു.
“അമ്മ പറഞ്ഞത് കേട്ടില്ലേടീ നീ..നീ കഴിച്ചിട്ട് ചെന്ന് പറ തമ്പുരാട്ടിയോട് ആകാശത്തു നിന്നിറങ്ങി നിലത്തേയ്ക്ക് വന്നു കഴിച്ചിട്ട് പോകാൻ…”
പ്രവീണ പറയുന്നത് കേട്ട് അനുറാണി മുഖമുയർത്തി അവളെ ഒന്ന് നോക്കി.
താൻ പറഞ്ഞത് ലവലേശം അനിയത്തിയ്ക്ക് പിടിച്ചിട്ടില്ലെന്ന് പ്രവീണയ്ക്ക് മനസിലായി.
താൻ പ്ളേറ്റിൽ എടുത്ത് വച്ചിരുന്ന ചപ്പാത്തികൾ മുഴുവൻ അനു തിരികെ ഹോട്ട് പാനിലേക്ക് വച്ചു. പിന്നെ ഒന്നും സംഭവിയ്ക്കാത്ത മട്ടിൽ നടന്ന് പടവുകൾ കയറി മുകൾ നിലയിലേക്ക് പോയി.
വിജയകൃഷ്ണൻ തിരിച്ചെത്തിയപ്പോൾ പത്ത് മണിയോളമായി. അനു റാണി പഠിത്തമൊക്കെ കഴിഞ്ഞു നവമിയോട് കൊല്ലത്തെ ഓരോ കാര്യങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. അച്ഛൻ തങ്ങളെ കാണാനായി റൂമിലേക്ക് വരുമെന്ന് അനുവിന് അറിയാമായിരുന്നു.
അവളുടെ പ്രതീക്ഷ തെറ്റിയില്ല.അര മണിയ്ക്കൂറിനുള്ളിൽ വിജയകൃഷ്ണൻ മക്കളുടെ വിശേഷങ്ങൾ തിരക്കാനായി അവരുടെ അരികിലേക്ക് വന്നു.
അവർ ഇതുവരെ ആഹാരം കഴിച്ചിട്ടില്ലെന്നും അതിന്റെ കാരണവും അയാൾ അനുറാണിയോട് ചോദിച്ചറിഞ്ഞു.
“ശരി വാ.. നമുക്ക് എല്ലാവർക്കും ഒത്തിരുന്ന് ആഹാരം കഴിയ്ക്കാം. വരിൻ.”
അയാൾ മക്കളോട് പറഞ്ഞു.
“അച്ഛാ, അങ്ങോട്ട് പോകും മുൻപ് അച്ഛൻ നവമി ചേച്ചിയ്ക്ക് ഒരു സഹായം ചെയ്തു കൊടുക്കണേ.. ചേച്ചിയുടെ ഫോൺ ഒന്ന് നിലത്ത് വീണു. അച്ഛന് അറിയാമെങ്കിൽ അതൊന്ന് കൂട്ടി ചേർത്ത് കൊടുക്കണേ അച്ഛാ…”
അനു റാണി താൻ പേപ്പറിൽ പൊതിഞ്ഞു വച്ചിരുന്ന, നിരവധി കഷണങ്ങളായി ചിതറിപ്പോയ ഫോൺ അയാൾക്ക് മുമ്പിൽ കൊണ്ട് വച്ചു കൊടുത്തു.
ഫോണിന്റെ രൂപം പോലുമില്ലാത്ത ആ പാർട്സുകളിലേക്കും അനുവിന്റെ മുഖത്തേയ്ക്കും അയാൾ മാറി മാറി നോക്കി.
“നിലത്ത് വീണതല്ലച്ചാ.. സന്ദീപേട്ടൻ കാണിച്ച പണിയാ.. ഒരു പ്രകോപനവുമില്ലാതെ ചേച്ചിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി എറിഞ്ഞു പൊട്ടിച്ച് കളഞ്ഞു.”
അനു പറയുന്നത് ശരിയാണോ എന്നറിയാൻ വിജയകൃഷ്ണൻ നവമിയുടെ മുഖത്തേയ്ക്ക് നോക്കി. മറ്റെങ്ങോ മിഴിനട്ട് ഭിത്തിയിലേക്ക് ചാരി നിൽക്കുകയാണ് അവൾ.
വിജയകൃഷ്ണൻ എണീറ്റ് നവമിയുടെ മുമ്പിലേക്ക് ചെന്ന് അവളുടെ തോളത്ത് കൈ വച്ചു.
”പോട്ടെ..ക്ഷമിച്ചേക്ക് അവനോട്. അവന്റെ അറിവില്ലായ്മ കൊണ്ടാണെന്ന്.. നിന്റെ സഹോദരനാ അവൻ… ഉം… ” അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവൾ നിറഞ്ഞ മനസോടെ തലയാട്ടി. എന്റെ കൂടപ്പിറപ്പ് എന്തൊക്കെ ദ്രോഹം എന്നോട് ചെയ്താലും ഞാനത് പൊറുത്തോളാം അച്ഛാ എന്നായിരുന്നു അവൾ ശിരസ്സ് ഇളക്കിയതിന്റെ അർത്ഥം.
“രണ്ട് പേരും വിശന്നിരിയ്ക്കയല്ലേ. അച്ഛന്റെ കൂടെ വാ..നമുക്ക് മൂന്നുപേർക്കും ഒരുമിച്ചിരുന്ന് ആഹാരം കഴിയ്ക്കാം. എന്താ…”
അയാൾ മക്കളെയും വിളിച്ചു കൊണ്ടിറങ്ങി ആഹാരം കഴിയ്ക്കാനായി ഡൈനിങ് റൂമിലേക്ക് ചെന്നു.
*************
വിജയകൃഷ്ണൻ മക്കളെയും കൂട്ടി ഡൈനിങ് റൂമിലെത്തുമ്പോൾ ചുവരിലെ ക്ളോക്കിൽ പതിനൊന്നു മണിയടിയ്ക്കുന്ന ഒച്ച കേട്ടു.
“എല്ലാവരും കഴിച്ചിട്ട് പോയികിടന്ന് ഉറക്കമായെന്ന് തോന്നുന്നു…നിങ്ങൾക്കും പോയി കിടന്നോളാൻ വയ്യാരുന്നോ ജഗദമ്മേ..ആഹാരം ഞങ്ങൾ എടുത്ത് കഴിച്ചേനെയല്ലോ.”
ഡൈനിങ് റൂമിന്റെ മൂലയ്ക്ക് ഒരു കസേരയിൽ ചാരി കണ്ണുകൾ അടച്ചിരുന്ന വേലക്കാരിയോട് വിജയകൃഷ്ണൻ പറഞ്ഞു.
അദേഹത്തിന്റെ ഒച്ച കേട്ടതോടെ ഇരുന്നിടത്ത് നിന്ന് ജഗദമ്മ ചാടി എണീറ്റു.
“സാർ ഇരിയ്ക്ക്..ഞാൻ പ്ളേറ്റ് വയ്ക്കാം.”
ജഗദമ്മ അവരുടെ അടുത്തേയ്ക്ക് വന്ന് ടേബിളിന് മേൽ കഴുകി വൃത്തിയാക്കി കമിഴ്ത്തി വച്ചിരുന്ന മൂന്ന് പ്ളേറ്റുകൾ തുടച്ചെടുത്തു.
“ഇവിടുത്തെ വീട്ടമ്മ എവിടെ ജഗദമ്മേ. മക്കളുടെ കൂടെ അവളും കഴിച്ചിട്ട് പോയിക്കിടന്നുറങ്ങിയോ…”
വിജയകൃഷ്ണന്റെ ചോദ്യം കേട്ട് ജഗദമ്മ, സുമംഗലയുടെ റൂമിന് നേർക്ക് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.
“ചെന്ന് വിളിച്ചോണ്ട് വാ.. സുമംഗലയോട് ചെന്ന് പറയ് ഭർത്താവ് ജോലി കഴിഞ്ഞു വന്നിട്ടുണ്ടെന്ന്..ഉം. ചെല്ല്..”
അവസാനവാചകമെത്തിയപ്പോൾ അയാളുടെ സ്വരം മുറുകി.
ജഗദമ്മ സുമംഗലയുടെ റൂമിന് നേർക്ക് നടന്നുപോയപ്പോൾ അയാൾ നവമിയോടും, അനു റാണിയോടും ഇരിയ്ക്കാൻ കൈകൊണ്ട് ആംഗ്യം കാട്ടി.
“അമ്മയെ വിളിയ്ക്കണ്ടായിരുന്നു അച്ഛാ..അമ്മ ജോലികഴിഞ്ഞു ക്ഷീണിച്ച് വന്നതല്ലേ. കുറച്ച് സമയം വിശ്രമിയ്ക്കണ്ടേ ഇനി അമ്മയ്ക്ക്…അച്ഛന് ഞാൻ വിളമ്പി തരുമായിരുന്നല്ലോ.”
അനു റാണി ഒരു കസേര നീക്കിയിട്ട് ഇരിയ്ക്കുന്നതിനിടയിൽ പറഞ്ഞു.
“ആണോ…നിന്റെ അമ്മ ജോലികഴിഞ്ഞു ഈ വീട്ടിൽ തിരിച്ചെത്തിയത് എപ്പോഴാ മോളേ..വൈകുന്നേരം അഞ്ചര മണിയ്ക്ക്. അല്ലേ.നിന്റെ അച്ഛനായ ഞാൻ ഓഫീസിൽ നിന്ന് തിരിച്ചെത്തിയത് പത്തു മണിയ്ക്കാ… ആ എനിയ്ക്കും വേണം മോളേ ഒരു വിശ്രമമൊക്കെ. അത് നിന്റെ അമ്മയ്ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല.”
“സോറി അച്ഛാ..ഞാൻ അങ്ങനൊരു ഉദ്ദേശത്തിൽ പറഞ്ഞതല്ല.. അമ്മയെ വെറുതേ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നേ കരുതിയുള്ളൂ.”
“മക്കളും ഭർത്താവുമൊക്കെ തിരിച്ചെത്തുന്നത് കാത്തിരുന്ന് അവർക്ക് ആഹാരം വിളമ്പി കൊടുക്കുന്നത് ലോകത്ത് ഒരമ്മയ്ക്കും, ഭാര്യയ്ക്കും ബുദ്ധിമുട്ടുള്ള കാര്യമല്ല മോളേ.. മറിച്ച്,അവർക്ക് അതിൽ സന്തോഷമേ കാണൂ..ചിലപ്പോൾ ഈ വീട്ടിൽ ഒഴിച്ച്.ങാ പിന്നെ ഞാൻ നിന്റെ അമ്മയെ വിളിച്ചോണ്ട് വരാൻ പറഞ്ഞത്..
അത് അവൾ ഇവിടെ നിന്ന് ആഹാരം വിളമ്പി തന്നാലേ നമുക്ക് നിറയൂ എന്ന് കരുതിയിട്ടല്ല. ഈ വീട്ടിൽ എന്തൊക്കെയാണ് അവളുടെ മക്കൾ കാണിച്ചു കൂട്ടുന്നതെന്ന് അവൾ കാണുന്നുണ്ടോ എന്ന് എനിയ്ക്കൊന്ന് അറിയണം.അവൾ കാണുന്നുണ്ടെങ്കിൽ അതിനെതിരെ അവൾ എന്ത് നടപടിയെടുത്തു എന്ന് കൂടി എന്നോട് പറയട്ടെ. അതിന് വേണ്ടിയാ സുമംഗലയെ വിളിച്ചോണ്ട് വരാൻ ജഗദമ്മയോട് പറഞ്ഞത്.”
അയാൾപറഞ്ഞു നിർത്തും മുൻപേ ജഗദമ്മ തിരിച്ചെത്തി.അവർക്കൊപ്പം സുമംഗലയെ കാണാഞ്ഞ് വിജയകൃഷ്ണൻ അവരെ ചോദ്യഭാവത്തിൽ നോക്കി.
“ചേച്ചിയ്ക്ക് സുഖമില്ലെന്ന്..സാറിനും അനുമോൾക്കും ആഹാരം എടുത്തു തരാൻ എന്നോട് പറഞ്ഞു…”
ജഗദമ്മ പറഞ്ഞു.
“സാറിനും അനുമോൾക്കുമോ..ഇവിടെ സാറിന്റെയും അനുമോളുടെയും ഒപ്പം മറ്റൊരാൾ കൂടിയുണ്ടെന്ന് പറഞ്ഞില്ലേ ജഗദമ്മ…”
“ചേച്ചിയ്ക്ക് സുഖമില്ലെന്ന് പറയുമ്പോൾ ഞാൻ പിന്നെ എന്താ സാറേ പറയേണ്ടത്…” അവർ തന്റെ നിസ്സഹായാവസ്ഥ തുറന്നു കാട്ടി.
“സാരമില്ല.ആവശ്യക്കാരൻ ഞാനായിപ്പോയില്ലേ. ഞാൻ തന്നെ പോയി വിളിച്ചോണ്ട് വരാം. എന്റെ ഭാര്യക്ക് പെട്ടന്നുണ്ടായ അസുഖം എന്താണെന്ന് എനിയ്ക്കൊന്നു അറിയുകയും ചെയ്യാമല്ലോ “
അയാൾ എണീറ്റ് കസേര പിന്നിലേക്ക് മാറ്റിയപ്പോഴേയ്ക്കും സുമംഗല അവിടേയ്ക്ക് വന്നു.
“ആഹാ..നിനക്കാണോ സുമേ സുഖമില്ലെന്ന് ജഗദമ്മ പറഞ്ഞത്… നിന്നേ കണ്ടിട്ട് മൂക്കിപ്പനി പോയിട്ട് ഒരു നിസ്സാര തലവേദന പോലും ഉള്ള ലക്ഷണമില്ലല്ലോ..”
അയാൾ വീണ്ടും തന്റെ ഇരിപ്പിടത്തിലേക്ക് ഇരുന്നു.
വിജയ കൃഷ്ണൻ പറയുന്നത് കേട്ടതോടെ സുമംഗല നെറ്റിയിൽ മെല്ലെ തഴുകി.
“എനിയ്ക്കൊരസുഖം വന്നാൽ എന്താ വിജയേട്ടാ ഞാൻ ചെയ്യേണ്ടത്.. വീട്ടിൽ വരുന്നവരോടും പോകുന്നവരോടുമെല്ലാം എനിയ്ക്ക് സുഖമില്ലേ എന്ന് ഉച്ചത്തിൽ വിളിച്ചു പറയണോ..അതാണോ വിജയേട്ടൻ ഉദേശിച്ചത്..”
നീ കരുതും പോലെ ഞാനൊന്നും ഉദ്ദേശിച്ചില്ല സുമേ.. ഞാൻ വൈകിട്ട് ഈ വീട്ടിൽ നിന്ന് പോകുമ്പോൾ നിനക്ക് യാതൊരസുഖവും ഉണ്ടായിരുന്നില്ലല്ലോ…കണ്ണടച്ചു തുറക്കും മുൻപ് നിനക്ക് എന്താ അസുഖം വന്നതെന്ന് അറിയാനുള്ള അവകാശം എനിയ്ക്കില്ലേ….അതുകൊണ്ട് തിരക്കിയതാണ്.”
“ഞാൻ ആരോടും പറഞ്ഞില്ലെന്നേയുള്ളൂ വിജയേട്ടാ. വൈകുന്നേരം ഫീൽഡ് വർക്ക് കഴിഞ്ഞു ഓഫീസിൽ തിരിച്ചെത്തിയപ്പോൾ തുടങ്ങിയ തലവേദനയാ എനിയ്ക്ക്. അതും സഹിച്ചാ ഞാൻ വന്ന് വിജയേട്ടന്റെ മുൻപിൽ നിൽക്കുന്നത്..”
“ങാ.. അതങ്ങു മാറിക്കോളും…
അവരെവിടെ… സന്ദീപും, പ്രവീണയും, അവരെ കൂടി വിളിയ്ക്ക്. വന്നിരുന്നു ആഹാരം കഴിച്ചിട്ട് പോകാൻ പറയ്…”
“അവരൊക്കെ എപ്പോഴേ കഴിച്ചു കഴിഞ്ഞു വിജയേട്ടാ…കൃത്യമായി പറഞ്ഞാൽ രണ്ട് മണിക്കൂർ ആയി..”
“ഓഹോ.. നീയപ്പോൾ അവർക്ക് മാത്രേ ആഹാരം കൊടുക്കൂ അല്ലേ.. ഈ ഇരിയ്ക്കുന്നത് നിന്റെ മകളല്ലേ സുമേ…” അയാൾ അനുറാണിയേ ചൂണ്ടി ചോദിച്ചു.
“ഞാൻ പറഞ്ഞോ അവൾ എന്റെ മകളല്ലെന്ന്.. സന്ദീപും പ്രവീണയും അവർക്ക് വിശന്നപ്പോൾ ഇവിടെ വന്ന് സ്വയം ആഹാരം എടുത്ത് കഴിച്ചിട്ടാ പോയിരിയ്ക്കുന്നത്. അനുവിനെന്താ അത് പോലെ പറ്റില്ലേ…”
“അവൾ ഇവിടെ വന്നതല്ലേ സുമേ ആഹാരം എടുക്കാനായി. നീ സമ്മതിയ്ക്കാഞ്ഞിട്ടല്ലേ അവൾ തിരിച്ച് പോയത്…”
“ഞാൻ സമ്മതിയ്ക്കാഞ്ഞിട്ടോ.. അങ്ങനാണോ അവൾ വിജയേട്ടന്റെ കാതിലേക്ക് പകർന്നു തന്നിരിയ്ക്കുന്നത്.”
സുമംഗല, വിജയകൃഷ്ണന്റെ അടുത്തിരിയ്ക്കുന്ന അനു റാണിയെ നോക്കി.അമ്മയുടെ മുഖത്ത് നിന്നും അനു പെട്ടന്ന് നോട്ടം മാറ്റിക്കളഞ്ഞു.
നവമിയെ കൂടി അവിടെ കണ്ടതോടെ സുമംഗലയ്ക്ക് ദേഷ്യം വന്നു. എന്നാൽ നവമിമറ്റേതോ ലോകത്ത് എത്തിപ്പെട്ടത് പോലെ പകച്ചിരിയ്ക്കുകയാണ് അവർക്ക് മുമ്പിൽ.
“നീ സമ്മദിയ്ക്കാഞ്ഞിട്ടല്ലേ സുമേ അവർ ആഹാരം കഴിയ്ക്കാതിരുന്നത്.
അനുമോൾ വന്ന് പ്ളേറ്റിൽ ആഹാരം എടുത്തപ്പോൾ നീ അവളെ തടഞ്ഞില്ലേ…”
“തടഞ്ഞെങ്കിൽ അത് ഡൈനിങ് ടേബിളിന് മീതെ ഇരിയ്ക്കുന്ന ആഹാരം എടുത്ത് അവളുടെ റൂമിലേക്ക് കൊണ്ട് പോകുന്നതിനെയാ.. ഇവിടെ പിന്നെ ഡൈനിങ് ടേബിൾ കാശ് മുടക്കി വാങ്ങിച്ച് ഇട്ടിരിയ്ക്കുന്നത് എന്തിനാണ്..അനുവല്ല, ഇനി സന്ദീപ് ആയിരുന്നാലും, പ്രവീണ ആയിരുന്നാലും ഇവിടെ വന്നിരുന്നു കഴിച്ചോണം…”
“അതാണോ സുമേ ശരി…ഇത് അവരുടെ വീടല്ലേടീ.. അപ്പോൾ ഈ വീട്ടിൽ എവിടിരുന്നു ആഹാരം കഴിയ്ക്കാനും അവർക്ക് സ്വാതന്ത്ര്യമില്ലേ…ഇന്ന് ഇവിടെ ഇരുന്നു ആഹാരം കഴിയ്ക്കുന്ന അവർ നാളെ ചിലപ്പോൾ അവരുടെ ആഹാരം എടുത്ത്കൊണ്ട് പാരപ്പറ്റിൽ പോയിരുന്നു കഴിച്ചെന്നു വരും..മറ്റന്നാൾ ചിലപ്പോൾ അവർക്ക് തോന്നും സ്റ്റെയർ കേയ്സിൽ പോയിരുന്നു ആഹാരം കഴിയ്ക്കണമെന്ന്…കഴിയ്ക്കണമെന്ന് തോന്നുകയല്ല കഴിച്ചെന്നിരിയ്ക്കും.. അതെന്തു കൊണ്ടാണെന്ന് നിനക്ക് അറിയാവോ… ഈ വീട് അവരുടെ സ്വന്തം വീട് ആയതു കൊണ്ട്… അതിനുള്ള സ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്ന വിശ്വാസം ഉള്ളത് കൊണ്ട്…
എന്റെ മക്കൾ വിശക്കുമ്പോൾ ഈ വീട്ടിൽ എവിടിരുന്നു ആഹാരം കഴിച്ചാലും അത് തടയാൻ ആർക്കും അവകാശമില്ല കേട്ടല്ലോ…ഇത് അനുവിന്റെ കാര്യം മാത്രമല്ല ഞാൻ പറയുന്നത്, ഈ ഇരിയ്ക്കുന്ന നവമിയുടെ കാര്യം കൂടിയാ. മനസിലായല്ലോ സുമയ്ക്ക്.””
അയാൾ ഭാര്യയുടെ മുഖത്തേയ്ക്ക് രൂക്ഷമായി ഒന്ന് നോക്കി. “എന്റെ മക്കളുടെ കാര്യം എന്തെങ്കിലുമുണ്ടെങ്കിൽ വിജയേട്ടന് എന്നോട് പറയാം. മാറ്റാരുടെയും കാര്യം എനിയ്ക്കറിയേണ്ട ആവശ്യമില്ല.. അതെന്നോട് പറയുകയും വേണ്ട.”
“നവമിയെ ആണോ സുമേ നീ മറ്റൊരാൾ എന്ന് ഉദേശിച്ചത്… നിന്റെ മക്കളുടെ പുറത്തേയ്ക്ക് നീ ഇവളെ മാറ്റി നിർത്തരുതെന്ന് ഞാൻ മുമ്പേ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ സുമേ… ഞാൻ എന്റെ മകൾ എന്ന് പറഞ്ഞു ഈ വീട്ടിൽ കൊണ്ട് വന്ന് താമസിപ്പിയ്ക്കുന്ന ഈ പെൺകുട്ടിയെ ഒരന്യയായി കാണാൻ നിനക്ക് എങ്ങിനെ തോന്നുന്നു സുമേ…”
“അവൾ എന്റെ മകൾ അല്ലാത്തത് കൊണ്ട്..അവളെ പ്രസവിച്ച സ്ത്രീ ഞാനല്ലാത്തത് കൊണ്ട്…ആരോ പ്രസവിച്ചു, എവിടോ വളർന്ന ഒരു പെണ്ണിനെ പെട്ടന്നൊരുനാൾ സ്വന്തം മകളായി കണ്ടോണം എന്ന് എന്നോട് പറഞ്ഞാൽ എനിയ്ക്കതിന് അൽപ്പം ബുദ്ധിമുട്ടുണ്ട് വിജയേട്ടാ..
വിജയേട്ടൻ അവൾക്ക് അച്ഛനായത് കൊണ്ട് അങ്ങനൊക്കെ തോന്നും പക്ഷേ അവൾക്ക്ഞാനുമായി പുലബന്ധം പോലുമില്ലെന്ന് വിജയേട്ടൻ മറന്നു പോകരുത്.. അതുകൊണ്ട് തന്നെ എന്റെ മക്കളെ തൂക്കുന്ന ത്രാസിലിട്ട് അവളെ തൂക്കാൻ എനിയ്ക്ക് പറ്റില്ല.. വിജയേട്ടൻ ഇനി എന്നെക്കുറിച്ചു എന്തൊക്കെ കരുതിയാലും മനസുകൊണ്ട് പോലും ഇവളെ എന്റെ മക്കൾക്കൊപ്പം കാണാൻ എനിയ്ക്കാകില്ല…”
തന്റെ മുഖമടച്ചൊരു അടികിട്ടിയത് പോലെയാണ് വിജയ കൃഷ്ണന് തോന്നിയത്.
അയാൾ തനിയ്ക്ക് എതിർ സൈഡിൽ ഇരിയ്ക്കുന്ന നവമിയെ നോക്കി.
തന്റെ മുൻപിലിരിയ്ക്കുന്ന പാത്രത്തിലേക്ക് അനു എടുത്ത് വച്ച ചപ്പാത്തിയ്ക്ക് മീതെ വിരലുകൾ വച്ച് അത് ചുരുട്ടുകയും നിവർത്തുകയും ഒക്കെ ചെയ്തുകൊണ്ട് മുഖം കുനിച്ചിരിയ്ക്കുകയാണ് അവൾ.
ഈ പറയുന്നതൊക്കെ തന്നെ കുറിച്ചാണെന്ന് അവൾക്കറിയാം… ഇനി അവൾ ആഹാരത്തിന് മുന്നിൽ ഇരിയ്ക്കുകയല്ലാതെ അതിൽ നിന്ന് ഒരു നുള്ള് പോലും എടുത്തു കഴിയ്ക്കുകയില്ലെന്ന് അയാൾക്ക് തോന്നി.
സുമംഗലയുടെ നോട്ടവും നവമിയുടെ മുഖത്തേയ്ക്ക് തന്നെയായിരുന്നു.
തനിയ്ക്ക് മുൻപിൽ നഖ ശിഖാന്തം താൻ നേരിടേണ്ട ഒരു ശത്രുവാണ് ഇരിയ്ക്കുന്നത് എന്ന രീതിയിലാണ് സുമംഗലയുടെ നോട്ടം.
“ഇതാണ് നിനക്ക് നവമിയോടുള്ള സമീപനമെങ്കിൽ അത് തിരുത്താൻ ഞാൻ ആളല്ല സുമേ…പക്ഷേ ഒരുകാര്യം നീ ഓർത്തോണം..നിന്റെ ആഗ്രഹങ്ങൾക്ക് വശം വദനായി ഇവളെ ഇവിടെ നിന്ന് ഇറക്കി വിട്ടു കളയുമെന്നോ മാറ്റി പാർപ്പിച്ചു കളയുമെന്നോ നീ കിനാവ് കണ്ടേക്കരുത്. നടക്കില്ല അത്…”
“വേണ്ട..ആര് പറഞ്ഞു ഇവളെ ഇറക്കി വിടണമെന്നും, മാറ്റി പാർപ്പിയ്ക്കണമെന്നും ഒക്കെ…ഇവിടെത്തന്നെ കുടിയിരുത്തിയ്ക്കോ വിജയേട്ടാ വിജയേട്ടൻ ഇവളെ…ആർക്ക് ചേതം…എന്റെയും എന്റെ മക്കളുടെയും സമാധാനം കളയണമെന്നെല്ലാ ഉള്ളോ വിജയേട്ടനും ഇവൾക്കും..അത് തന്നെ നടക്കട്ടെ. ഒരു ഉപകാരം ചെയ്തേക്കണം വിജയേട്ടൻ. വിജയേട്ടനും മോൾക്കും ഇവിടെ വാഴാൻ ഞാനും എന്റെ മക്കളും ഒരസൗകര്യം ആണെന്ന് എപ്പോൾ തോന്നുന്നോ അപ്പോൾ അതൊന്ന് അറിയിച്ചേക്കണം..അടുത്ത നിമിഷം ഞങ്ങൾ ഒഴിഞ്ഞ് തന്നേക്കാം. പിന്നെ വിജയേട്ടന് മകളെ ഈ വീട്ടിൽ സർവ്വ സ്വാതന്ത്ര്യത്തോടെ വാഴിയ്ക്കാമല്ലോ.”
“അമ്മേ…” പെട്ടന്ന് അനു റാണി വിളിച്ചു.
“എന്തൊക്കെയാ അമ്മേ അമ്മ അച്ഛനോട് ഈ പറയുന്നത്… ഇതൊക്കെ കേട്ടിട്ട് അച്ഛന് എന്തോരം വിഷമമുണ്ടെന്ന് അമ്മയ്ക്ക് അറിയോ..”
“നീ മിണ്ടരുത്..ഇവൾക്ക് വേണ്ട സർവ്വ പിന്തുണയും കൊടുത്തു ഇവളെ ഇവിടെ പിടിച്ചു നിർത്തിയിരിയ്ക്കുന്നത് നീ ഒറ്റയൊരുത്തിയാ..എന്നിട്ട് അവള് കണ്ട് പിടിച്ചിരിയ്ക്കുന്ന കണ്ടില്ലേ, അച്ഛന് വിഷമമുണ്ടെന്ന് പോലും. വിഷമവും സന്തോഷവും ഒക്കെയുണ്ടാകാൻ നിന്റെ അച്ഛൻ മാത്രമാണല്ലോ മനുഷ്യൻ..ബാക്കിയുള്ളവരൊക്കെ വെറും കല്ലും മണ്ണും, തടിയും കൊണ്ടുണ്ടാക്കിയ അചേതന വസ്തുക്കൾ. അല്ലേ…കൊള്ളാം മോളേ..എന്നും കാണണം ഇത്, അച്ഛനോടും അച്ഛൻ കൊണ്ട് വന്ന് മകളാണെന്നും പറഞ്ഞു വാഴിയ്ക്കുന്ന ഈ നശൂലത്തിനോടും ഉള്ള നിന്റെ കൂറ്.”
അനു റാണിയെ നോക്കി അത്രയും പറഞ്ഞിട്ട് സുമംഗല തിരികെ നടന്ന് തന്റെ റൂമിലേക്ക് പോന്നു.
അനു റാണി തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് ഇടതു കൈത്തണ്ട കൊണ്ട് കണ്ണുകൾ മറച്ചു വച്ച് നവമി എങ്ങലടിച്ചു കരയുന്ന കാഴ്ചയാണ്.
“ചേച്ചീ…” അനു റാണി അവളുടെ തോളിൽ തട്ടി.
“ആഹാരത്തിന്റെ മുൻപിൽ ഇരുന്നു കരയല്ലേ ചേച്ചീ…” അനു പറഞ്ഞു. നവമി പെട്ടന്ന് എഴുന്നേറ്റ് വാഷ് ബേസിനരികിൽ ചെന്ന് നിന്ന് മുഖം കഴുകി. അനു വും അവൾക്ക് പിന്നാലേ ചെന്നു.
വിജയ കൃഷ്ണന്റെ സർവ്വ വിശപ്പും കെട്ടു പോയിരുന്നു. അയാൾ കഴിച്ചു കൊണ്ടിരുന്ന പ്ളേറ്റിലേക്ക് തന്നെ കൈവിരലുകൾ കുടഞ്ഞിട്ട് അവിടെ തന്നെ ഇരുന്നു.
ഏതൊരു ഭൂകമ്പത്തിനും തകർക്കാൻ പറ്റാത്ത ഉറപ്പുള്ള തന്റെ കുടുംബത്തിന്റെ അടിത്തറയ്ക്ക് മീതെ ഒരു വിള്ളൽ വീണുകഴിഞ്ഞിട്ടുണ്ടെന്നുള്ള അറിവ് അയാളുടെ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.
******************
അനുറാണി കൈകഴുകിയിട്ട് തിരിച്ചെത്തുമ്പോഴും വിജയകൃഷ്ണൻ ആഹാരം കഴിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല
അയാൾ ആഹാരത്തിനു മേൽ വിരലുകൾ വച്ച് അതിൽ എന്തോ കോറി കൊണ്ടിരിക്കുകയാണ്. അയാളുടെ മനസ്സിൽ നിറയെ നവമിയെ കുറിച്ചുള്ള ചിന്തകളായിരുന്നു. ആ കൊച്ച് പെൺകുട്ടി വിശപ്പടങ്ങാതെ ആഹാരത്തിനു മുന്നിൽ നിന്ന് നിറ കണ്ണോടെ എണീറ്റ് പോകേണ്ടി വന്നത് തന്റെ ഭാര്യ മുഖേനയാണ്.
ആരും ആരോടും ചെയ്യാൻ പാടില്ലാത്തൊരു തെറ്റാണ് സുമംഗല ഇപ്പോൾ ചെയ്തിരിയ്ക്കുന്നത്.
“അച്ഛാ.. കഴിയ്ക്കുന്നില്ലേ.. ആഹാരം തണുത്ത് പോകുന്നതിനു മുൻപ് കഴിയ്ക്കച്ചാ..”
അനു റാണി വന്ന് അയാളുടെ തൊട്ടരികിൽ നിന്നു.
“മക്കള് പോയി കിടന്നോ.അച്ഛൻ കഴിച്ചോളാം.. അവളെയും കൂട്ടിക്കൊണ്ട് പോ..” അയാൾ ദൂരെ മാറി നിൽക്കുന്ന നവമിയെ ചൂണ്ടി പറഞ്ഞു.
“അച്ഛൻ കഴിച്ചിട്ട് എണീൽക്ക്. എന്നിട്ടേ ഞങ്ങൾ പോകുന്നുള്ളൂ.”
അവൾ അച്ഛന് മുമ്പിലേക്ക് ഒരു ഗ്ലാസിൽ ആവി പറക്കുന്ന കരിങ്ങാലി വെള്ളം പകർന്നു വച്ചു.
താൻ എണീൽക്കാതെ അനു ഇവിടെ നിന്നും പോകില്ലെന്ന് ഉറപ്പായതോടെ വിജയകൃഷ്ണൻ പ്ളേറ്റിലേക്ക് കൈവിരലുകൾ കുടഞ്ഞിട്ട് എണീൽക്കാൻ തുടങ്ങി.
“അച്ഛന് വിശപ്പില്ലേ.. ഒന്നും കഴിച്ചില്ലല്ലോ…” അനു അയാളുടെ മുഖത്തേയ്ക്ക് നോക്കി.
“അച്ഛന്റെ വിശപ്പെല്ലാം കെട്ടു പോയി മോളേ.. കുറച്ച് മുൻപേ…അച്ഛൻ എണീറ്റു. ഇനി മോൾ പോയി കിടന്നോ…”
അയാൾ മുമ്പോട്ട് നടക്കാൻ തുടങ്ങുമ്പോ അനു റാണി അയാൾക്ക് മുൻപിലേക്ക് കയറി നിന്നു.
“അച്ഛൻ ഇന്നിനി ഈ രാത്രി അമ്മയുടെ അടുത്തേയ്ക്ക് പോവല്ലേ അച്ഛാ..
പോയാലും ഇപ്പോൾ ഇവിടെ നടന്നതിനെ കുറിച്ച് ഒറ്റയക്ഷരം സംസാരിയ്ക്കല്ലേ…”
അവൾ അപേക്ഷിയ്ക്കും മട്ടിൽ അയാളോട് പറഞ്ഞു.
അവൾക്ക് വിജയകൃഷ്ണന്റെ മുഖത്തെ ദൃഢത കാൺകെ ഒരു സംശയമുണ്ടായിതുടങ്ങിയിരുന്നു. അമ്മയെ ചെന്ന് അച്ഛൻ ചോദ്യം ചെയ്താൽ അമ്മയും വിട്ടുകൊടുക്കില്ലെന്ന് അവൾക്കറിയാമായിരുന്നു അച്ഛനും അമ്മയും ഒരു നിസ്സാരകാര്യത്തിനാണെങ്കിൽ കൂടി തന്റെ മുൻപിൽ നിന്ന് ഒച്ചയുയർത്തി സംസാരിയ്ക്കുന്നതിനെ കുറിച്ച് ഓർക്കാൻ തന്നെ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല.
മകളുടെ മുഖത്തേയ്ക്ക് നോക്കവേ സുമംഗലയ്ക്കെതിരെ,വിജയ കൃഷ്ണന് മനസ്സിൽ ഉരുണ്ട് കൂടിയിരുന്ന പ്രതിഷേധത്തിന്റെ മഞ്ഞുരുകി തുടങ്ങിയിരുന്നു.
അയാൾ ഇടതു കൈകൊണ്ട് മകളെ ചേർത്തു പിടിച്ച് അവളുടെ തൂവെള്ള നെറ്റിയിൽ ഒരുമ്മ നൽകി.
“അവിടെ നിൽക്ക്. അച്ഛൻ കൈ കഴുകിയിട്ട് വരട്ടെ..അവൾ ഒന്നും കഴിച്ചിട്ടില്ലല്ലോ മോളേ.. ഫ്രിഡ്ജിൽ നിന്ന് ഫ്രൂട്സ് എന്തെങ്കിലും എടുത്ത് അവൾക്ക് കൊടുക്ക്..അല്ലെങ്കിൽ അതെടുത്ത് റൂമിലേക്ക് കൊണ്ട് പോ. അവിടിരുന്ന് അവൾ കഴിച്ചോളും.”
അയാൾ അനുവിനെ വിട്ടിട്ട് പോയി കൈ കഴുകി ടവലിൽ തുടച്ചിട്ട് തിരിച്ചെത്തുമ്പോൾ ജഗദമ്മ ടൈനിംഗ് ടേബിളിന് മേൽ ക്ളീൻ ചെയ്തു തുടങ്ങിയിരുന്നു.
ഇതെല്ലാം ഒന്ന് വൃത്തിയാക്കിയിട്ട് വേണം അവർക്കും പോയി എവിടെങ്കിലും ഒന്ന് നടു നിവർക്കാൻ.
വിജയകൃഷ്ണനും അവർക്കൊപ്പം മുകൾ നിലയിലേക്ക് ചെന്നു.
“അച്ഛനും ഇന്ന് എനിയ്ക്കൊപ്പം ആണോ അച്ഛാ..” അവൾ സന്തോഷത്തോടെ അയാളുടെ കൈ പിടിച്ച് കൊണ്ട് ചോദിച്ചു.
ചെറുപ്പം മുതലേ അനുവിന് അമ്മയേക്കാൾ ഏറ്റവും ഇഷ്ട്ടം അച്ഛനെയായിരുന്നു.
അച്ഛൻ പറയുന്നത് മാത്രമേ അവൾ അനുസരിയ്ക്കുകയുള്ളൂ.. അച്ഛൻ വാരി കൊടുത്താൽ മാത്രമേ ആഹാരം കഴിയ്ക്കുകയുള്ളൂ..അച്ഛന്റെ നെഞ്ചോരം പറ്റിച്ചേർന്നേ അവൾ ഉറങ്ങുകയുള്ളു…അവളെ സ്കൂളിൽ എത്തിയ്ക്കേണ്ടതും, അവൾക്കുള്ള പോക്കറ്റ് മണി നൽകേണ്ടതും പോലും അച്ഛന്റെ ജോലിയായിരുന്നു.
അതൊക്കെ കാണുമ്പോൾ സുമംഗലയ്ക്ക് ലേശം പ്രതിഷേധവും തോന്നാതിരുന്നില്ല..എന്നാൽ കാലക്രമേണ അച്ഛന്റെ തിരക്ക് മൂലവും അമ്മയുടെ പിടിവാശി കാരണവും ആ സന്തോഷങ്ങൾ ഒന്നൊന്നായി അകന്നകന്നു പൊയ്ക്കൊണ്ടിരുന്നു.
അതിൽ ചിലതെങ്കിലും ഒറ്റയടിയ്ക്ക് തിരിച്ച് കിട്ടിയ സന്തോഷമാണ് അവളിൽ കാണാൻ കഴിയുന്നത്.
വിജയകൃഷ്ണൻ നവമിയ്ക്കായി ഒരുക്കിയിരുന്ന റൂം എങ്ങിനെയുണ്ടെന്ന് അറിയാനാണ് അവർക്കൊപ്പം കയറി വന്നത്.
തന്റെ മക്കൾ അനുഭവിയ്ക്കുന്ന എല്ലാ സൗകര്യവും ഇവിടെയും ഉണ്ടോ എന്ന് അയാൾക്ക് കണ്ടറിയണം..വൃത്തിയും വെടിപ്പുമുള്ള റൂമാണോ അതോ അത് മുഴുവൻ മാറാല പിടിച്ചും തൂക്കാതെയും വാരാതെയും ഇട്ടിരിയ്ക്കുന്നതാണോ എന്നും അയാൾക്ക് നേരിട്ട് കാണണം..
താൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന ആ പെൺകുട്ടി തന്റെ സംരക്ഷണകീഴിൽ സുരക്ഷിതയാണെന്നറിഞ്ഞാൽ മാത്രമേ അയാളുടെ മനസ് ശാന്തമാവുകയുള്ളു.
വിജയകൃഷ്ണന്, നവമിയ്ക്ക് വേണ്ടി അനു ഒരുക്കി കൊടുത്തിരിയ്ക്കുന്ന റൂം കണ്ട് മനസ്സ് നിറഞ്ഞു.
“നീയും ഇന്ന് ഇവിടാണോ മോളേ കിടക്കുന്നത്…” അയാൾ ചോദിച്ചു.
“ഉം..ചേച്ചി ഒറ്റയ്ക്ക് കിടന്നാൽ നമ്മളെല്ലാം ചേർന്ന് ചേച്ചിയെ തനിച്ചാക്കിയ പോലെ തോന്നില്ലേ അച്ഛാ..”
അനു വന്ന് നവമിയുടെ മുഖത്തേയ്ക്ക് പാറി വീണു കിടന്ന മുടിയിഴകൾ ഒതുക്കി വച്ചു.
വിജയകൃഷ്ണൻ നിറഞ്ഞ മനസ്സോടെ താഴേയ്ക്ക് ഇറങ്ങി പോന്നു..
******************
സുമംഗല തന്റെ ടിഫിൻ ബോക്സ് എടുത്തുകൊണ്ട് വന്ന് ജഗദമ്മയെ ഏൽപ്പിച്ചിട്ട് അതിൽ ആഹാരം എടുത്ത് വയ്ക്കാൻ നിർദേശിച്ചു.
അവർ ജോലിയ്ക്ക് പോകാനായി തയ്യാറായ നിലയിലാണ് ഡ്രസ്സ് ചെയ്തു വന്നു നിന്നത്.
പ്രവീണയും, സന്ദീപും ഉച്ചയ്ക്ക് കോളേജ് കാന്റീനിൽ നിന്ന് എന്തെങ്കിലും ആഹാരം കഴിയ്ക്കുകയാണ് പതിവ്. അനുറാണി ആകട്ടെ ചില ദിവസങ്ങളിൽ മാത്രം ചോറ് കൊണ്ട് പോകും. അവൾക്ക് സ്കൂളിൽ മറ്റുള്ള കൂട്ടുകാരികളുടെ കയ്യിൽ നിന്ന് ഓരോ ഉരുള ചോറ് വാങ്ങിച്ച് തിന്നുന്നതാണ് സന്തോഷം. വീട്ടിൽ നിന്ന് ചോറ് കൊണ്ട് പോകുന്ന ദിവസങ്ങളിൽ പോലും അതവൾ മാറ്റാർക്കെങ്കിലും കൊടുത്തിട്ട് കൂട്ടുകാരുടെ പാത്രത്തിൽ കയ്യിട്ട് വാരാറാണ് പതിവ്.
“എല്ലാരും വന്ന് ആഹാരം കഴിച്ചിട്ട് പോയോ ജഗദമ്മേ..” സുമംഗല തിരക്കി.
“ആ കൊച്ച് മാത്രം വന്നില്ല ചേച്ചീ..”
“കൊച്ചോ.. ഏത് കൊച്ച്. ഈവീട്ടിൽ ആർക്കാടീ കൊച്ചുള്ളത്..” സുമംഗലയ്ക്ക് ദേഷ്യം വന്നു.
“വിജയകൃഷ്ണൻ സാർ കൊണ്ട് വന്ന ആ പെൺകുട്ടിയുടെ കാര്യമാ ഞാൻ പറഞ്ഞത്..”
“അവൾക്ക് വിശപ്പ് കാണില്ല.. നീ അവളെ എഴുന്നള്ളിച്ചു ആനയിയ്ക്കാനൊന്നും പോകണ്ട. പറഞ്ഞത് കേട്ടല്ലോ. വേണമെന്നുള്ളവർ ഇവിടെ വന്ന് കഴിച്ചോളും.
അല്ലെങ്കിൽ ഞാൻ പോയാലുടൻ ഒരു പാത്രത്തിൽ കോരിയിട്ട് പള്ളിയറയിൽ എത്തിച്ചോണം..അങ്ങനെന്തെങ്കിലും അവൾക്ക് തിന്നാനോ, കുടിയ്ക്കാനോ നീ അവിടെ കൊണ്ട് കൊടുത്തിട്ടുണ്ടെന്ന് ഞാൻ അറിയാനിടയായാൽ..
ജഗദമ്മേ നിനക്കറിയാമല്ലോ സുമംഗലയെ..പറഞ്ഞില്ലെന്നു വേണ്ട.”
“നമ്മുടെ വീട്ടിൽ താമസിയ്ക്കുന്ന ഒരു പെങ്കൊച്ച്, നമ്മളെല്ലാം നിറ വയറോടെ ഇരിയ്ക്കുമ്പോ അവള് മാത്രം പട്ടിണി ഇരിയ്ക്കുന്നത് ദോഷമല്ലേ ചേച്ചീ…”
“എന്ത് ദോഷം..അവൾക്ക് ഈ വീട്ടിൽ നിന്ന് ആഹാരം കൊടുക്കേണ്ടെന്ന് ഞാൻ പറഞ്ഞോ..ഇല്ലല്ലോ..വിശപ്പുള്ളവർ റൂമിനുള്ളിൽ അടയിരിയ്ക്കാതെ ഇറങ്ങി താഴെ വന്ന് വല്ലതും വാങ്ങിച്ച് തിന്നോണം എന്നല്ലേ ഞാൻ പറഞ്ഞത്…
അതും വേണമെങ്കിൽ മാത്രം.”
അവർ ജഗദമ്മ തുടച്ച് വൃത്തിയാക്കി കൊടുത്ത ടിഫിൻ ബോക്സ് കയ്യിൽ വാങ്ങിയ ശേഷം മുൻപോട്ട് നടക്കാൻ തുടങ്ങിയിട്ട് തിരിഞ്ഞു നിന്നു.
“നിനക്കിവിടെ ജോലിക്കൂടുതൽ ആണെന്നല്ലേ ജഗദമ്മേ പറഞ്ഞത്..”
സുമംഗല തിരക്കി.
“ഞാൻ അങ്ങിനെ ചേച്ചിയോട് പറഞ്ഞോ..
ഹേയ് ഇല്ല…”
ജഗദമ്മ പറഞ്ഞു.
“പറഞ്ഞെടീ. നീ ഒന്നുകൂടി ഓർത്തു നോക്ക്. മുറ്റമടിച്ചു കഴിയുമ്പോ തന്നെ നിനക്ക് നടു വേദന തുടങ്ങുമെന്ന് പറഞ്ഞില്ലായിരുന്നോ നീ…”
“അതോ..അത് കുറച്ച് നേരം കുനിഞ്ഞ് നിൽക്കുന്നതിന്റെയാ. അതെനിയ്ക്ക് ചെറുപ്പം മുതലേ ഉള്ള ശീലമാ ചേച്ചീ.. ഇപ്പോൾ അതൊക്കെ മാറി.”
“എന്നാലും സൂക്ഷിയ്ക്കണം ജഗദമ്മേ..നിനക്ക് ജോലി ഒരു പാട് ആണെന്ന് തോന്നുന്നുണ്ടെങ്കിൽ അവളെ കൂടി വിളിച്ചിറക്കി കൊണ്ട് വന്ന് എന്തെങ്കിലുമൊക്കെ ചെയ്യിപ്പിയ്ക്ക്. അവളിവിടെ ഒരു മൂലയ്ക്കു വെറുതെയിരിപ്പല്ലേ..”
“ആരുടെ കാര്യമാ ചേച്ചി പറഞ്ഞത്.. നവമി കൊച്ചിന്റെയാന്നോ…
അതൊരു പാവമല്ലേ ചേച്ചീ..”
“പിന്നേ.. പാവം..ഇങ്ങനെ പാവമായി നടിച്ചു ഒരുമൂലയ്ക്കിരുന്നു വലിച്ചു വാരി തിന്നാൻ അവള് പോയി സാമ്പാദിച്ചു കൊണ്ട് വരുന്നതൊന്നുമില്ലല്ലോ. അവളല്ലാതെ ആരും ഈ വീട്ടിൽ വെറുതെയിരിയ്ക്കുന്നില്ല. എല്ലാരും അവനവനാൽ കഴിയുന്ന ജോലി ചെയ്യുന്നുണ്ട്. അവൾക്കും ചുമ്മാതിരുന്ന് മടി പിടിയ്ക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യാമല്ലോ…”
“എന്നാലും എന്ത് ജോലിയാ ചേച്ചീ ഞാൻ അതിനേ കൊണ്ട് ചെയ്യിപ്പിയ്ക്കുന്നത്.. ഇവിടാണെങ്കിൽ എനിയ്ക്ക് ചെയ്യാനുള്ള ജോലിയെയുള്ളൂ.”
“എന്ത് ജോലിയാ ചെയ്യിപ്പിയ്ക്കാൻ ഉള്ളതെന്നോ..ഇതൊരു വീടല്ലേ ജഗദമ്മേ. ഇവിടെന്തൊക്കെ ജോലിയാ ഇല്ലാത്തത്..
മുറി മുഴുവൻ തൂത്ത് തുടപ്പിച്ചു വൃത്തിയാക്കിക്കാമല്ലോ…അതല്ലെങ്കിൽ മുറ്റമടിപ്പിയ്ക്കാം.. പിന്നാമ്പുറത്തെ പുല്ലുകൾ പിഴുതു കളയിപ്പിയ്ക്കാം..അതുമല്ലെങ്കിൽ തുണികൾ അലക്കാനില്ലെടീ.. അത് ചെയ്യിപ്പിയ്ക്കരുതോ…”
“അതിന് വാഷിംഗ് മെഷീൻ ഇല്ലേ ചേച്ചീ. ഞാൻ അതിലിട്ടല്ലേ തുണികൾ അലക്കി ഉണക്കിയെടുക്കുന്നത്..”
“അതിനും ഒരിത്തിരി റസ്റ്റ് കൊടുക്കെടീ നീ..ഒന്നുമല്ലെങ്കിൽ കറന്റ് ചാർജങ്കിലും ഇത്തിരി കുറച്ചെടുക്കാമല്ലോ.. മൂക്ക് മുട്ടെ തിന്നുന്നതിന് അങ്ങനെങ്കിലും അവളെ കൊണ്ട് ഒരുപകാരം ഉണ്ടാക്കി താടീ നീ എനിയ്ക്ക്..”
“എന്നാലും ചേച്ചീ…അത് സാറിന്റെ മകളാണെന്നല്ലേ പറഞ്ഞത്… അപ്പോൾ…”
“എന്ത് അപ്പോൾ…ഒരു അപ്പോളുമില്ല. നിന്നോട് വിജയേട്ടൻ പറഞ്ഞോടീ അത് അദ്ദേഹത്തിന്റെ മകളാണെന്ന്…” സുമംഗല ദേഷ്യത്തോടെ അവരെ നോക്കി.
“ഇല്ല..”
“പിന്നെ ഞാൻ പറഞ്ഞോ അവൾ വിജയേട്ടന്റെ മകളാണെന്ന്..”
.
“ഇല്ല..”
“ഇല്ലല്ലോ.. അപ്പോൾ നീ ഭാരിച്ച കാര്യമൊന്നും ചിന്തിയ്ക്കാൻ നിൽക്കണ്ട. നിനക്ക് നീ പറഞ്ഞ ശമ്പളം തന്ന് ഇവിടെ നിന്നെ ജോലിയ്ക്ക് നിർത്തിയിരിയ്ക്കുന്നത് ഞാനാ. അപ്പോൾ ഞാൻ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചോണം നീ… അല്ലാതെ നീ ഇങ്ങോട്ട് എന്നെ ചട്ടം പഠിപ്പിയ്ക്കാൻ വരണ്ട. കേട്ടല്ലോ..പറഞ്ഞത് അനുസരിയ്ക്കുക. വയറ് നിറച്ച് നാല് നേരം തിന്നാൻ കിട്ടണമെങ്കിൽ ഈ വീട്ടിലുള്ള എന്തെങ്കിലുമൊക്കെ പണി ചെയ്യേണ്ടി വരും. അതിനി ആര് ദത്തെടുത്ത് കൊണ്ട് വന്നവളായാലും ശരി.”
“ഞാൻ പറയാം ചേച്ചീ അതിനോട്..”
“പറഞ്ഞാൽ മാത്രം പോരാ. വിളിച്ചോണ്ട് വന്ന് കൂടെ നിർത്തി ഒന്നൊന്നയി ജോലികൾ ചെയ്യ്യ്ക്കുകയും വേണം.”
സുമംഗല അവർക്കുള്ള നിർദേശങ്ങൾ കൊടുത്തിട്ട് തിരിഞ്ഞു നടക്കാൻ നേരം പ്രവീണ ഫോണുമായി അമ്മയുടെ അടുത്തേയ്ക്ക് വന്നു.
“അമ്മാ അമ്മയ്ക്ക് ഫോൺ…”
“ആരാടീ…” സുമംഗല ഫോണിന് നേർക്ക് കൈനീട്ടി.
“പാലായീന്നാ. അമ്മാമ്മ…അമ്മയോട് സംസാരിയ്ക്കണമെന്ന്..”
“നീ രാവിലെ അമ്മയെ വിളിച്ചു ഇവിടുത്തെ വിശേഷമെല്ലാം കേൾപ്പിച്ചു കൊടുത്തോ പ്രവീണേ…” അവർ കുറ്റപെടുത്തും മട്ടിൽ മകളെ നോക്കി.
“പറയുക മാത്രമല്ല, ഏത് നിമിഷവും ഞാൻ അങ്ങോട്ടേക്ക് വന്നേക്കുമെന്നും പറഞ്ഞിട്ടുണ്ട് അമ്മാമ്മയോട്..”
“നിനക്കെന്താ ഇവിടുത്തെ വാസം മടുത്തോ…”
“മടുത്തു.. അവളെ ഈ വീട്ടിൽ നിർത്താനാ അച്ഛന്റെ തീരുമാനമെങ്കിൽ ഞാനിവിടെ നിൽക്കില്ല അമ്മേ.അമ്മേടെ തറവാട്ടിലേക്ക് പോകും ഞാൻ.”
സുമംഗല അതിന് മറുപടി പറയാതെ അവളെ ഒന്ന് നോക്കുക മാത്രം ചെയ്ത ശേഷം മകളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കാതോട് ചേർത്ത് അമ്മേ എന്ന് വിളിച്ചു.
“സുമേ.. ഞാനെന്താടീ ഈ കേട്ടത്.. വീണമോള് പറഞ്ഞതെല്ലാം സത്യമാണോ മോളേ…” ശ്രീകുമാരിയമ്മയുടെ സ്വരത്തിലെ പരിഭ്രാന്തി അവർക്ക് മനസിലാകുന്നുണ്ടായിരുന്നു.
“സുമേ നിന്നോടാ ചോദിച്ചത് മോൾ പറഞ്ഞതെല്ലാം നേരാണോ എന്ന്..”
“ഉം..” സുമംഗല മൂളി.
“അവൻ അവളെ അവിടെ താമസിപ്പിയ്ക്കാൻ കൊണ്ട് വന്നപ്പോൾ നിനക്ക് എതിർക്കാൻ വയ്യാരുന്നോടീ. നിന്റെ കൂടെ നിൽക്കാൻ നിന്റെ മക്കളില്ലായിരുന്നോ.. എന്തിനാടീ നീ വിട്ടു കൊടുത്തത്.. വിജയകൃഷ്ണൻ ഇത്രയ്ക്കും നെറി കെട്ടവൻ ആയിപോയല്ലോടീ. അവൻ എല്ലാവർക്കും വാക്ക് തന്നിരുന്നതല്ലേ ഒരിയ്ക്കലും അവളെ നമ്മൾ ആരുടേയും മുൻപിലേക്ക് കൊണ്ട് വരില്ലെന്ന്. എന്നിട്ടവൻ എന്ത് പണിയാടീ ഈ കാണിച്ചത്. അവനോളം വളർന്ന രണ്ട് മൂന്ന് മക്കൾ അവനുണ്ടെന്ന് പോലും ഓർത്തില്ലല്ലോടീ അവൻ..”
“അമ്മ ഇതൊക്കെ എന്നോടാണോ പറയേണ്ടത്. വിജയേട്ടനോടല്ലേ… ഇങ്ങനായിരുന്നില്ലല്ലോ അമ്മ.. എന്നെക്കാൾ ഇഷ്ട്ടം അമ്മയ്ക്ക് വിജയേട്ടനോടായിരുന്നല്ലോ.”
“ഇതുവരെ അങ്ങനായിരുന്നെടീ. എന്ന് കരുതി എന്റെ മോളെയും അവളുടെ മക്കളേയുമൊക്കെ അവൻ വെല്ലുവിളിയ്ക്കുന്നത് എനിയ്ക്കെങ്ങിനെ കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റും മോളേ..”
അമ്മയുടെ സ്വരത്തിലെ സങ്കടം സുമംഗലയ്ക്ക് മനസിലാക്കാൻ കഴിയുമായിരുന്നു.
*****************
“പത്തിരുപത് വയസ്സുള്ള ഒരു പെണ്ണല്ലേടീ അവൾ..അവൾക്കൊരു ബാധമില്ലായിരുന്നോ ഒരുത്തൻ വന്നു നിന്ന് അച്ഛനാണെന്നും പറഞ്ഞു വിളിയ്ക്കുമ്പോൾ അവനൊപ്പം ഇറങ്ങിപ്പോരാൻ.
അതും വന്നു നിന്ന് വിളിയ്ക്കുന്നത് ഭാര്യയും മക്കളുമൊക്കെ ഉള്ള ഒരുത്തനാണെന്നും, അവന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവിടുള്ള മനുഷ്യരുടെയെല്ലാം നിരവധി ചോദ്യങ്ങൾക്ക് താൻ മറുപടി പറയേണ്ടി വരും എന്ന് പോലും ഓർക്കാനുള്ള കഴിവ് അവൾക്കില്ലായിരുന്നോ. ഇവളെ ഏത് നാട്ടിലായിരുന്നെടീ ഇത്രയും നാൾ അവൻ കൊണ്ടുപോയി ഒളിപ്പിച്ച് നിർത്തിയിരുന്നത്…”
ശ്രീകുമാരിയമ്മയുടെ സ്വരത്തിൽ ദേഷ്യം മുറുകി വന്നുകൊണ്ടിരുന്നു.
“ആർക്കറിയണം അമ്മേ അവള് ഇത്രയും നാൾ പൊറുത്ത നാട് ഏതായിരുന്നെന്ന്. ഇടയ്ക്ക് അവൾ ആരോടോ പറയുന്ന കേട്ടു കൊല്ലത്തോ മറ്റോ ആയിരുന്നെന്ന്..”
“കൊല്ലത്ത് ഇരുന്നുകൊണ്ട് അവൾ അവൾക്ക് ഉണ്ടെന്ന് പറയുന്ന കോട്ടയത്തുള്ള ത, ന്തയെ തിരക്കിപ്പിടിച്ചെടുത്തോ..ആള് കേമിയാണല്ലോ സുമേ അവൾ.”
“അവളുടെ കയ്യിൽ കേമത്തരം ഇല്ലാഞ്ഞിട്ടാണോ അമ്മേ അവൾ ഇവിടെ തന്നെ വന്നു നുഴഞ്ഞു കയറിയത്.വിജയേട്ടനാണ് അവളുടെ അച്ഛൻ എന്നുള്ളതിന്റെ എന്ത് തെളിവാ അവളുടെ കയ്യിൽ ഉള്ളത്..ഇനിയുള്ള കാലം മുഴുവൻ സുഭിക്ഷമായി കഴിയാമെന്നും, അഡ്വക്കെറ്റ് വിജയകൃഷ്ണന്റെ ഭൂസ്വത്തും, പൊന്നും പണവുമൊക്കെ നാലായി വീതം വച്ച് അതിലൊരു വീതം സ്വന്തമാക്കാമെന്നും ആരോ ഇവൾക്ക് നന്നായി ഉപദേശം തളിച്ചിട്ടുണ്ട്. അല്ലാതെ ഇത്ര ധൈര്യത്തോടെ അവൾ ഈ വീട്ടിൽ പൊറുക്കാൻ വരില്ല…”
“അങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ നീ സൂക്ഷിയ്ക്കണമല്ലോ സുമേ.. വിജയന്റെ മനസിളക്കാനുള്ള തന്ത്രമൊക്കെ വശമാക്കിയിട്ടാ അവൾ അവിടെ കാൽ കുത്തിയിരിയ്ക്കുന്നതെങ്കിൽ നിന്റെ മക്കൾക്ക് അവകാശപ്പെട്ടതെല്ലാം അവൾ കൈക്കലാക്കി എന്നിരിയ്ക്കും.
അവൾക്ക് വിജയന്റെ പിന്തുണയുണ്ടെന്ന് കൂടി നമ്മൾ ഓർക്കണം മോളേ.”
“ആരുടെ പിന്തുണയുണ്ടെങ്കിൽ എന്താ അമ്മേ..എന്റെ മക്കൾക്ക് അവകാശപ്പെട്ടതിൽ നിന്ന് ചില്ലി ക്കാശ് വല്ലവളും പി, ഴച്ചു പെറ്റ ആ സന്തതി കൊണ്ടുപോകാൻ പോകുന്നില്ല. അതിനി വിജയേട്ടന്റെ മകളാണെന്ന് നിയമപരമായി തെളിയിച്ചാൽ പോലും ഞാൻ അത് സമ്മതിച്ച് കൊടുക്കില്ല…”
“ഏതായാലും നീയൊന്ന് കരുതിയിരുന്നോ. അവളുടെ ഈ വരവ് വെറുതെയല്ലെന്ന് എന്റെ മനസ്സ് പറയുന്നു…നിന്റെ കുടുംബമാ മോളേ അവളുടെ ലക്ഷ്യം..അതെപ്പോഴും നിന്റെ മനസ്സിൽ ഉണ്ടായിരിയ്ക്കണം.
വിജയനെ വീഴ്ത്താൻ അവളെടുത്ത അടവ് നിന്റെ മുൻപിൽ വിലപ്പോവരുത്.
അതേ എനിയ്ക്ക് പറയാനുള്ളൂ.”
“അമ്മ ഇങ്ങനെ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞിട്ട് ഒഴിവാവുകയാണോ..അമ്മ ഇങ്ങോട്ട് വരുന്നില്ലേ…അമ്മയ്ക്ക് കാണണ്ടേ കുടുംബം കലക്കാൻ വന്ന ആ മൂധേവിയെ.”
“ഇന്ന് പറ്റില്ല മോളേ..അവനിവിടില്ല. കുട്ടിക്കാനത്ത് അവന്റൊരു കൂട്ടുകാരന്റെ സഹോദരന്റെ കല്യാണത്തിന് പോയേക്കുവാ…ഭാര്യയും മക്കളുമൊക്കെയായി ആഘോഷമായിട്ടാ പോയേക്കുന്നത്. അവനിങ്ങു വന്നോട്ടെ. ആ നിമിഷം ഞാനങ്ങെത്തിയ്ക്കോളാം.. നിനക്കിന്ന് ഡ്യൂട്ടി ഇല്ലേ സുമേ.”
“പോകാനിറങ്ങുവാരുന്നു അമ്മേ. അപ്പോഴാ പ്രവീണ ഫോൺ കൊണ്ട് വന്നു തരുന്നത്.”
“ങാ.. ഒരുകാര്യം ചോദിയ്ക്കാൻ വിട്ടുപോയല്ലോ മോളേ..അവള് പ്രവീണയോടും, അനുമോളോടും ഒക്കെ എങ്ങിനെയാ… ഇണങ്ങിയാണോ പോകുന്നത്..”
“പ്രവീണയ്ക്ക് അവളെ കണ്ണിന് നേർക്ക് കണ്ടുകൂടാ.. ഒരാഴ്ചയിൽ കൂടുതൽ വിജയേട്ടൻ അവളെ ഇവിടെ നിർത്തിയാൽ ഈ വീട്ടിൽ നിന്ന് അവളിറങ്ങി പോകുമെന്നാ പറഞ്ഞിട്ടുള്ളത്..സന്ദീപിന് ആണെങ്കിൽ അവളുടെ പേര് പോലും കേൾക്കുന്നത് ഇഷ്ടമേയല്ല..പിന്നെ അനുമോൾ..അവളുടെ കാര്യം അമ്മയ്ക്കറിയാവുന്നതല്ലേ. വിജയേട്ടൻ പച്ചവെള്ളം കോരി പാലാണെന്നും പറഞ്ഞു കൊടുത്താൽ അവളത് പാലാണെന്നും പറഞ്ഞു തന്നെ കുടിച്ചോളും. അത്രയ്ക്കുണ്ട് അവൾക്ക് വിജയേട്ടന്റെ വാക്കുകൾ.”
“അതും ഒരു സൂചനയാ മോasളേ.. വന്നു കയറിയ ഉടൻ നിന്റെ മക്കളിൽ ഒരാളെയെങ്കിലും അവൾ വശത്താക്കിയിട്ടുണ്ടെങ്കിൽ ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ എന്ന സൂചന..”
“ഹോ ദൈവമേ…ഏത് നേരത്താണോ വിജയേട്ടന് അവളെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്. ഒന്നാമതേ മനസമാധാനം പകുതിയും പോയിരിയ്ക്കുവാ. അതിന്റെ കൂടാ ഈ നെറി കെട്ടവളുടെ വരവും. അമ്മ ഫോൺ വച്ചോ. ഞാൻ സമയം കിട്ടുമ്പോ വിളിച്ചോളാം..അല്ലെങ്കിൽ ഞാൻ വന്നിട്ട് വൈകിട്ട് വിളിയ്ക്കാം.”
സുമംഗല കോൾ കട്ട് ചെയ്ത ശേഷം ഫോൺ കൊണ്ടുപോയി പ്രവീണയെ ഏൽപ്പിച്ചു.
അമ്മയോട് ഒറ്റയക്ഷരം പോലും സംസാരിയ്ക്കാതെ പ്രവീണ ഫോൺ വാങ്ങി.
“നീ ചെന്ന് അനുവിനെ വിളിച്ചോണ്ട് വാ മോളേ. ഇറങ്ങാനുള്ള സമയമായെന്ന് അവൾക്കറിയില്ലേ…”
“എനിയ്ക്കെങ്ങും വയ്യ.അമ്മ ചെന്ന് വിളിയ്ക്ക്. അവളിപ്പോൾ മറ്റവളുടെ റൂമിലായിരിയ്ക്കും.. ഇനി ഇന്നവൾ സ്കൂളിലേക്ക് പോകുന്നോ എന്ന് ആര് കണ്ടു..അവടെ നവമി ചേച്ചിയുടെ സമ്മതമില്ലാതെ അവൾ സ്കൂളിൽ പോകില്ലെന്ന് പോകില്ലെന്ന് പറഞ്ഞാലോ..”
പ്രവീണ മുഖം വെട്ടിച്ചു. സുമംഗല അവിടെ നിന്ന് കൊണ്ട് ഫോണെടുത്ത് അനുവിനെ വിളിച്ചു.
“വരുന്നമ്മാ…” അനുറാണി സ്കൂൾ ബാഗ് എടുത്ത് കൊണ്ട് പറഞ്ഞു.
“എന്താടീ നിനക്കവിടെ പണി. അവളെ പുന്നാരിച്ചു ഇതുവരെ തീർന്നില്ലേ…”
സുമംഗല ദേഷ്യപ്പെട്ടു.
“അമ്മയ്ക്ക് പോകാൻ ധൃതിയാണെങ്കിൽ അമ്മ ഇറങ്ങിയ്ക്കോ. ഞാൻ അച്ഛന്റെ കൂടെ പൊയ്ക്കോളാം.” അനു പറഞ്ഞു.
“ഇന്ന് നീ അച്ഛന്റെ കൂടെ പോയാൽ എന്നും ഇനി അങ്ങിനെ തന്നെ പോകേണ്ടി വരും.. ഒറ്റ ദിവസം ഇനി ഞാൻ നിന്നെ കൊണ്ട് പോകില്ല.
പറഞ്ഞില്ലെന്നു വേണ്ട.”
“ഈ അമ്മാടെ ഒരു കാര്യം. ഞാൻ ദാ എത്തി.” അനു തന്നത്താൻ പറഞ്ഞു കൊണ്ട് കോൾ കട്ട് ചെയ്യുന്നത് സുമംഗലയ്ക്ക് കേൾക്കാമായിരുന്നു.
രണ്ട് മിനിറ്റ് തികച്ചാകും മുൻപേ അനു പ്രിയ ഇറങ്ങി വന്നു. അപ്പോൾ തന്നെ സുമംഗല മക്കളെയും കൂട്ടി കാറിൽ പുറപ്പെട്ടു. പ്രവീണയെ കോളേജിലും, അനുവിനെ അവളുടെ സ്കൂൾ ഗേറ്റിലും ഇറക്കിയ ശേഷം സുമംഗല താൻ ജോലിചെയ്യുന്ന പള്ളിക്കത്തോട് വില്ലേജ് ഓഫീസിലേക്ക് കാറോടിച്ചു പോയി.
***************
പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി വച്ച ശേഷം മുഷിഞ്ഞ തുണികളെടുക്കാനായി ഓരോരുത്തരുടെയും റൂമിലേക്ക് പോകാനായി വരുമ്പോഴാണ് ജഗദമ്മ, സ്റ്റെയർകെയ്സ് ഇറങ്ങി നവമി വരുന്നത് കാണുന്നത്.
“നിനക്ക് വിശപ്പില്ലേ കൊച്ചേ. നേരമിപ്പോൾ എത്രയായീന്നറിയോ.. എന്തെങ്കിലും വേണമെങ്കിൽ വന്നെടുത്ത് കഴിയ്ക്ക്. നിന്നെ വിളിച്ചിറക്കി കൊണ്ട് വരാനോ, നിന്റെ റൂമിൽ ആഹാരം കൊണ്ട് തരാനോ പാടില്ലെന്നാ സുമംഗല ചേച്ചി പറഞ്ഞിരിയ്ക്കുന്നത്. എനിയ്ക്ക് ശമ്പളം തരുന്നവർ പറയുന്നത് അനുസരിയ്ക്കാനേ പറ്റൂ. അതുകൊണ്ടാ ഞാൻ അങ്ങോട്ട് വന്ന് വിളിയ്ക്കാഞ്ഞത്.”
ജഗദമ്മ പറഞ്ഞു. നവമി ഇറങ്ങി വന്ന് ഡൈനിങ് ടേബിളിന് മുകളിൽ ഇരുന്ന ഒരു പാത്രം എടുത്ത് രണ്ട് ഇഡലിയും അതിന് മീതെ ആവി പറക്കുന്ന സാമ്പാറും ഒഴിച്ചെടുത്തു.
“ചായ ഞാനിപ്പോൾ ഇട്ട് തരാവേ. അത് കഴിയ്ക്ക് കൊച്ചേ.”
ജഗദമ്മ പോയി നല്ല കടുപ്പത്തിൽ ഒരു ചായയിട്ടു കൊണ്ട് വന്ന് നവമിയ്ക്ക് മുൻപിൽ വച്ചു. അവൾ ഇഡ്ഡലി രണ്ടും കഴിച്ചു തീർന്നപ്പോൾ ജഗദമ്മ ഹോട് പാൻ തുറന്ന് ഒരിഡലി കൂടി അവളുടെ പ്ളേറ്റിലേക്ക് എടുത്ത് വച്ചു.
നവമി തടയാൻ നോക്കിയെങ്കിലും ജഗദമ്മ സമ്മതിച്ചില്ല.
“പൂ പോലുള്ള രണ്ടെണ്ണം തിന്നാൽ വയറ് നിറയുമോ കൊച്ചേ.. ഇത് കൂടി കഴിച്ചിട്ട് ദേ അവിടെ പഴം ഇരിപ്പുണ്ട്. അതിൽ നിന്നും ഒന്നോ, രണ്ടോ എണ്ണം എടുത്ത് കഴിച്ചോണം..
ഇവിടെ ആളുണ്ടെങ്കിൽ സമയാ സമയത്ത് എനിയ്ക്ക് വന്നു വിളിയ്ക്കാനൊന്നും പറ്റില്ല. എപ്പോഴാണെന്ന് വച്ചാൽ വന്നു കഴിച്ചിട്ട് പൊയ്ക്കോണം. കേട്ടോ…”
ജഗദമ്മ പറയുന്നത് ശ്രദ്ധിച്ചിരിയ്ക്കുകയായിരുന്ന നവമി തലയാട്ടി.
ജഗദമ്മ തന്നെ രണ്ട് ചെറിയ നാടൻ ഏത്തപ്പഴം എടുത്ത് അവൾക്ക് മുൻപിൽ വച്ചു കൊടുത്തു. ജഗദമ്മയ്ക്ക് അറിയാമായിരുന്നു നവമി തനിയേ അതെടുത്ത് കഴിയ്ക്കാൻ പോകുന്നില്ലെന്ന്.
“ഇതും കൂടി കഴിച്ചിട്ട് എണീറ്റാൽ മതി.” അവർ നിർദേശിച്ചു. ജഗദമ്മയുടെ നിർബന്ധം മൂലം അവൾക്ക് ഒരു പഴം കഴിയ്ക്കേണ്ടി വന്നു.
നവമി എണീറ്റ ശേഷം പ്ളേറ്റ് എടുക്കുന്നത് കണ്ടപ്പോൾ ജഗദമ്മ അത് പിടിച്ച് വാങ്ങി.
“ഇതൊക്കെ ചെയ്യാൻ ഇവിടെ ഞാനുണ്ട്. അതിനാ ഇവരെനിയ്ക്ക് ശമ്പളം തരുന്നത്.. പോയി കൈകഴുകിയിട്ട് മുകളിൽ പോയി ഒറ്റയ്ക്ക് ഇരിയ്ക്കാതെ ഇവിടെ എന്റൊപ്പം നിൽക്ക്.. വൈകുന്നേരം നാല് മണി കഴിയാതെ ആരും ഇനി ഇങ്ങോട്ട് വരാൻ പോകുന്നില്ല…”
നവമി പോയി കൈ കഴുകിയിട്ട് വന്ന് ജഗദമ്മയോട് വിശേഷങ്ങൾ തിരക്കി.
“പത്ത് മുപ്പതു കിലോമീറ്റർ അപ്പുറത്താ വീട്. വൈക്കം എന്ന് പറയും. ഞാനിവിടെ വേലയ്ക്ക് നിന്നിട്ട് എട്ടു വർഷത്തോളം ആകുന്നു. എനിയ്ക്ക് വീട്ടിൽ രണ്ട് പെണ്മക്കളാ ഉള്ളത്. എന്റെ കെട്ടിയോന് ഓട്ടോ ഓടിയ്ക്കലായിരുന്നു ജോലി. മൂത്ത മോടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച ഒരപകടത്തിൽ കെട്ടിയോൻ മരിച്ചു പോയി. ഇളയവൾ നഴ്സിങ്ങിന് പഠിച്ചോണ്ടിരിയ്ക്കുവാരുന്നു. അവളുടെ പഠനം പൂർത്തിയാക്കാൻ വേണ്ടി ഇറങ്ങിയതാ ഞാൻ വീട്ടു ജോലിയ്ക്ക്. പഠിത്തം കഴിഞ്ഞതും, ഒരു ജോലി സമ്പാദിച്ചു അമ്മയെ സംരക്ഷിയ്ക്കേണ്ടുന്നതിനു പകരം അവളൊരു ഭർത്താവിനെയും കണ്ടുപിടിച്ച് അങ്ങ് ജാർഖണ്ഡിലോട്ട് പോയി.
അവളെ പഠിപ്പിയ്ക്കാനായി നാല് സെന്റ് വസ്തുവും, വീടും ലോൺ വച്ചതിന്റെ കടം വീട്ടാനായി ഞാനിന്നും വിഴുപ്പലക്കൽ തുടരുന്നു..”
“മൂത്ത മകള് സഹായിയ്ക്കില്ലേ ചേച്ചിയെ.”
“ഓ.. അതിന്റെ കാര്യമൊന്നും പറയാതിരിയ്ക്കുവാ ഭേദം.. അവടെ കെട്ടിയോനും വണ്ടിപ്പണി ആരുന്നേ.. ഒരു ദിവസം ജീപ്പോടിച്ചിട്ടു തിരിച്ച് വരുമ്പോ പൂരാ തലവേദന..രണ്ട് ദിവസമായിട്ടും തല വേദന മാറാഞ്ഞിട്ട് അടുത്തൊരു ആശുപത്രിയിൽ കൊണ്ട് പോയി.
അവിടെ ചെന്ന് സ്കാൻ ചെയ്തപ്പോൾ തലയ്ക്കുള്ളിലെങ്ങാണ്ടും രണ്ട് മുഴ.
അവര് നേരെ തിരുവനന്തപുരത്തിനു വിട്ടോളാൻ പറഞ്ഞു. ആർ സി സി യിൽ ചെന്നപ്പോഴാണ് അറിയുന്നത് തലയ്ക്കുള്ളിൽ ക്യാൻസർ ആണെന്ന്.
ഒന്നര വർഷം കൊണ്ട് ചികിത്സയിലാ മോളേ..അതിനിടയിൽ അവൾക്ക് എന്നെ സഹായിയ്ക്കാൻ എന്തിരിയ്ക്കുന്നു.
ഇവിടെ വിരുന്ന് കാര് വരുമ്പോഴോ മറ്റോ തരുന്നതുപോലും ചേർത്ത് വച്ചു ഞാനെന്റെ കുഞ്ഞിന് കൊടുക്കും…എന്നാൽ തെകയുവോ.. അതുമില്ല..അതൊന്നും ഓർക്കാതിരിയ്ക്കുന്നതാ കൊച്ചേ നല്ലത്…കഴിഞ്ഞയാഴ്ചയിൽ മോള് വിളിച്ചപ്പം പറഞ്ഞാരുന്നു വീട്ടിൽ ബാങ്ക് കാര് നോട്ടീസ് കൊണ്ട് വന്ന് ഒട്ടിച്ചു വച്ചിട്ടുണ്ടെന്ന്..
കൊണ്ട് പോട്ടെ.. അതോടെ ആ ബാധ്യത തീരുവല്ലോ..” ജഗദമ്മ എല്ലാം കണ്മുമ്പിൽ കണ്ടത് പോലെ ഒരു ദീർഘ ശ്വാസം വിട്ടു.
വൈകുന്നേരം വരെ ജഗദമ്മയെ സഹായിച്ചു കൊച്ച് കൊച്ച് ജോലികൾ ചെയ്തുകൊണ്ട് നവമി അവർക്കൊപ്പം നിന്നു
****************
രാത്രി.
അനുറാണി വന്ന് നവമിയെ ആഹാരം കഴിയ്ക്കാനായി വിളിച്ചെങ്കിലും അവൾ ഒഴിഞ്ഞ് മാറിക്കളഞ്ഞു.
“എല്ലാവരും കഴിയ്ക്കാൻ വന്നിരിപ്പുണ്ട്. അച്ഛനും ഇപ്പോൾ വരും. അച്ഛനാണ് പറഞ്ഞത് ചേച്ചിയെ കൂട്ടിക്കൊണ്ട് ഡൈനിങ് റൂമിലേക്ക് വരാൻ.”
അനു വന്ന് അവളുടെ കൈക്ക് പിടിച്ചു. നവമിയുടെ ഹൃദയം പട പടാ മിടിയ്ക്കാൻ തുടങ്ങിയിരുന്നു. എല്ലാവർക്കുമൊപ്പം ഇരുന്നു ആഹാരം കഴിയ്ക്കാനായി താൻ അങ്ങോട്ട് ചെല്ലുമ്പോൾ അവരിൽ നിന്നുണ്ടാകാൻ പോകുന്ന പ്രതികരണം ഓർത്തിട്ട് അവൾക്ക് വിറയൽ വന്നു.
“ചേച്ചി ആരെയാ പേടിയ്ക്കുന്നത്. ഇനിയുള്ള കാലം മുഴുവൻ ചേച്ചി ഈ വീട്ടിൽ താമസിയ്ക്കാനുള്ളതല്ലേ. അപ്പോൾ ഇങ്ങനെ ഭയന്നാൽ എങ്ങിനാ ചേച്ചീ..”
അനു റാണി അവളെയും കൂട്ടി വരുന്നത് കണ്ടപ്പോൾ ആഹാരം കഴിച്ചു തുടങ്ങിയ പ്രവീണയും, സന്ദീപും പരസ്പരം നോക്കി. സുമംഗലയാകട്ടെ അങ്ങോട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളു.
അനു റാണി അവളെ കൊണ്ട് വന്ന് ഇരിയ്ക്കാനായി ഒരു ചെയർ നീക്കിയിട്ടു.
നവമി ആ കസേരയിലേക്ക് ഇരുന്നതും പ്രവീണ അവിടെ നിന്ന് എണീറ്റു.
അവൾ കാൽ കൊണ്ട്, താൻ ഇരുന്ന കസേര പിന്നിലേക്ക് തള്ളി നീക്കിയ ശേഷം ദേഷ്യത്തോടെ നവമിയെ നോക്കി.
“എന്താടീ നീയീ കാണിയ്ക്കുന്നത്. നിനക്ക് ആഹാരം വേണ്ടേ…” സുമംഗല ചോദിച്ചു.
പല്ലുകൾ കടിച്ചു കൊണ്ട് പ്രവീണ നവമിയെ നോക്കി.
“കണ്ട പിച്ചക്കാരികൾക്കൊപ്പം ഇരുന്ന് ആഹാരം കഴിയ്ക്കാൻ എന്നെ കിട്ടില്ല..”
പ്രവീണ ചവുട്ടി തുള്ളി തന്റെ റൂമിലേക്ക് പോയി.
അപ്പോഴാണ് സുമംഗല അവിടെ നവമി ഇരിയ്ക്കുന്നത് കാണുന്നത്.
“ഇവളെ ആരാ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത്… നിനക്ക് വിശക്കുന്നെങ്കിൽ നേരത്തെ വന്നു കഴിച്ചിട്ട് പോകാൻ വയ്യാരുന്നോടീ.. ഒരുത്തിയെ പട്ടിണിയ്ക്ക് ഇട്ടപ്പോൾ നിനക്ക് സന്തോഷമായല്ലോ അല്ലേ…”
സുമംഗലയുടെ കോപം കണ്ട് നവമി ഇരുന്നിടത്ത് നിന്നെണീറ്റു.
“അവിടിരിയ്ക്ക് ചേച്ചീ.” അവൾ നവമിയുടെ കൈക്ക് പിടിച്ചു.
“നവമി ചേച്ചിയെ ഇങ്ങോട്ട് വിളിച്ചത് അച്ഛനാ. അമ്മയ്ക്ക് എന്തെങ്കിലും ചോദിയ്ക്കാനുണ്ടെങ്കിൽ അച്ഛനോട് ചോദിയ്ക്ക്. അച്ഛൻ തരും മറുപടി.ദാ വരുന്നു അച്ഛൻ.”
അനു റാണി പറഞ്ഞു നിർത്തിയതും വിജയകൃഷ്ണൻ കയ്യിൽ ഒരു പൊതിയുമായി ആഹാരം കഴിയ്ക്കാൻ അവിടേയ്ക്ക് വന്നു. എല്ലാവരും ഡൈനിങ് ടേബിളിന് ചുറ്റും ഒന്നിച്ചിരിയ്ക്കുന്നത് കണ്ടതോടെ അയാൾക്കും സന്തോഷമായി.
*****************
വിജയകൃഷ്ണൻ നടന്നു വന്ന് തന്റെ കയ്യിലിരുന്ന പൊതി ഡൈനിങ് ടേബിളിൽ താൻ ഇരുന്ന് ആഹാരം കഴിയ്ക്കുന്ന ചെയറിന് മുൻപിൽ വച്ച ശേഷം അവിടെ എല്ലാവരും എത്തിക്കഴിഞ്ഞോ എന്ന് നോക്കി.
അനു റാണിയുടെ മുഖത്തൊഴികെ മറ്റാരിലും അയാൾക്ക് സന്തോഷഭാവം കാണാൻ കഴിഞ്ഞില്ല.
നവമി ആകട്ടെ, അനുറാണി അവൾക്ക് മുൻപിൽ പ്ളേറ്റ് വച്ച ശേഷം ചപ്പാത്തി എടുത്തു വച്ചു കൊടുത്തതിന് മീതെ വിരലുകൾ വച്ചു കോറിക്കൊണ്ട് അതിലേക്ക് നോക്കി ഇരിയ്ക്കയാണ്.
അവളുടെ ഭാവം കണ്ടാൽ താൻ ഈ സദസ്സിൽ ഒരു അധികപ്പറ്റ് ആയതു പോലെ തോന്നിപ്പിയ്ക്കുമായിരുന്നു.
“ആഹാ.. പ്രവീണ എവിടെ.. അവൾ നേരത്തെ കഴിച്ചിട്ട് സ്ഥലം കാലിയാക്കിയോ. അവളുടെ പ്ളേറ്റല്ലേ ഇത്. ഇതിൽ പകുതിയിൽ കൂടുതൽ ഭക്ഷണം ഇരിപ്പുണ്ടല്ലോ..”
വിജയ കൃഷ്ണൻ ആരോടെന്നില്ലാതെ പറഞ്ഞു.
സുമംഗലയാകട്ടെ അത് തന്നോടല്ലെന്ന മട്ടിൽ ഒരു ചപ്പാത്തി എടുത്ത് വച്ച് അതിന് മീതെ അൽപ്പം വെജിറ്റബിൾ കുറുമ ഒഴിച്ചു. സന്ദീപിന് അച്ഛനെന്നൊരാൾ അവിടെ നിൽക്കുന്നെന്ന ഭാവമേയില്ലാതെ മൊബൈലിൽ നോക്കിയിരുന്നു ആഹാരം കഴിപ്പ് തുടരുകയാണ്.
“നിങ്ങൾക്കൊന്നും വായിൽ നാക്കില്ലേ..
ഈ ഇരിയ്ക്കുന്ന ആഹാരം ആരാ വേസ്റ്റ് ആക്കിയിരിയ്ക്കുന്നതെന്നാ ഞാൻ ചോദിച്ചത്..”
അയാളുടെ നോട്ടം എല്ലാ മുഖങ്ങളിലൂടെയും ഊർന്ന് ഭാര്യയുടെ മുഖത്തെത്തി നിന്നു.
“അത് പ്രവീണ കഴിച്ച പ്ളേറ്റാണ്. അവൾക്ക് മതിയായെന്ന് പറഞ്ഞെണീറ്റ് പോയി..”
താൻ തന്നെ വിജയകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ലെങ്കിൽ ഇനിയും ചോദ്യം അദ്ദേഹം ചോദ്യം ആവർത്തിയ്ക്കുമെന്ന് അവർക്കറിയാമായിരുന്നു.
“മതിയായെന്ന് പറഞ്ഞെണീറ്റ് പോയോ. അവൾ എങ്ങോട്ട് പോയി..അവൾക്ക് വേണ്ടായിരുന്നെങ്കിൽ പിന്നെന്തിനാ ഇത്രയും ആഹാരമെടുത്ത് വേസ്റ്റ് ആക്കി കളയുന്നത്…”
“വിജയേട്ടന് ഇപ്പോൾ എന്താ വേണ്ടുന്നത്..”
ആഹാരം കഴിയ്ക്കുന്നത് നിർത്തിയിട്ട് സുമംഗല ഭർത്താവിനെ നോക്കി.
“വിജയേട്ടനുള്ള ആഹാരത്തിൽ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ എന്ന് വിജയേട്ടൻ നോക്ക്. അങ്ങനെയുണ്ടെങ്കിൽ കുറ്റപ്പെടുത്തിയാൽ പോരേ പ്രവീണയെ. അവൾ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾക്ക് ഇഷ്ടമില്ലാത്ത പ്രവൃത്തികൾ എന്തെങ്കിലും കണ്ട് കാണും.അതുകൊണ്ടായിരിയ്ക്കും അവളെണീറ്റ് പോയത്..”
“ഇഷ്ടമില്ലാത്ത പ്രവൃത്തിയോ..അവൾക്ക് ഇഷ്ടമില്ലാത്ത പ്രവൃത്തികൾ കാണിയ്ക്കാൻ നിങ്ങളല്ലാതെ മറ്റാരിരിയ്ക്കുന്നു സുമേ ഇവിടെ…”
“ഇത്രയും പേര് മതിയല്ലോ. അതിന് വേണ്ടി ഇനി പുറത്തുന്ന് ആരെങ്കിലും ഇങ്ങോട്ട് വന്ന് ഇടിച്ചു കേറേണ്ട ആവശ്യമുണ്ടോ…”
“ഊം…” അയാൾ തനിയ്ക്ക് മനസിലായെന്ന അർത്ഥത്തിൽ അർത്ഥവത്തായി മൂളി.
“മോളേ..” വിജയകൃഷ്ണൻ അനുറാണിയെ നോക്കി വിളിച്ചു. അനുറാണി മുഖമുയർത്തി അച്ഛനെ നോക്കി.
“പോയി പ്രവീണയോട് വരാൻ പറയ്.. അച്ഛൻ വിളിയ്ക്കുന്നെന്ന് പറയ്.. ഞാൻ ഉറങ്ങാൻ കിടന്നെന്നോ, എനിയ്ക്ക് പഠിയ്ക്കാനുണ്ടെന്നോ ഒക്കെ പറഞ്ഞൊഴിയാൻ നോക്കിയാൽ അച്ഛൻ അവിടേയ്ക്ക് വരുമെന്ന് പറഞ്ഞേക്ക്.”
“വിജയേട്ടൻ ഇതെന്താ കാണിയ്ക്കാൻ പോണത്..അവൾക്ക് പഠിയ്ക്കാൻ കാണും വിജയേട്ടാ..അവൾ ആഹാരം കഴിയ്ക്കാതെ പോയതിന് അവളെ തിരികെ വിളിച്ചു വരുത്തി ഇത്രയും പേരുടെ മുൻപിൽ വച്ച് വിജയേട്ടൻ അവളെ ചോദ്യം ചെയ്യാൻ പോവാണോ..കഷ്ടം…അവളൊരു നഴ്സറി കുട്ടിയൊന്നും അല്ലെന്ന് വിജയേട്ടൻ മറന്നു പോകരുത്..”
“എന്റെ മോളല്ലേടീ സുമേ അവൾ..അതുകൊണ്ട് നീ അതൊന്നും എന്നെ ഓർമിപ്പിയ്ക്കണ്ട..”
അത്രയും പറഞ്ഞിട്ട് അയാൾ അനുവിനെ നോക്കി.
താൻ പോണോ വേണ്ടയോ എന്നുള്ള സന്ദേഹത്തിൽ നിൽക്കുകയായിരുന്നു അവൾ.
“പോയിട്ട് വാ.. പെട്ടന്ന് വരാൻ പറയ് അവളോട്.”
അനു റാണി പടവുകൾ കയറി മുകൾ നിലയിലെ പ്രവീണയുടെ റൂമിലേക്ക് ചെന്നു.
അവൾ ബെഡിൽ കിടന്ന് ഇയർ ഫോൺ കാതുകളിൽ ഉറപ്പിച്ച് ആരോടോ സംസാരിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു.
അനു റാണി വാതിൽ പകുതി തുറന്ന് തല മാത്രം അകത്തേയ്ക്കിട്ട് ‘ചേച്ചിയെ അച്ഛൻ അന്വേഷിയ്ക്കുന്നു പെട്ടന്ന് ഇറങ്ങി താഴേയ്ക്ക് വരാൻ പറഞ്ഞു ‘എന്നറിയിച്ചു.
“പോ. ടീ ഇറങ്ങി…” അനുവിന്റെ തല വെട്ടം കണ്ടതും പ്രവീണ ചാടി എണീറ്റ് ചീറി.
“മേലിൽ നീയെന്റെ റൂമിന്റെ മുൻപിൽ പോലുംവന്നു പോകരുത്. നീ ചെന്ന് അവളുടെ മുറിയിൽ അടയിരിയ്ക്കടീ നന്ദിയില്ലാത്തവളേ..നിനക്കിപ്പോ എവിടുന്നോ തെണ്ടിക്കയറി വന്ന ആ പി. ച്ചക്കാരി മതി അല്ലേടീ…കണ്ട തെ. ണ്ടിച്ചികൾക്ക് സേവ ചെയ്തിട്ട് നീ എന്റെ മുമ്പിൽ വന്ന് നിന്ന് കു. രയ്ക്കുന്നോ. പൊയ്ക്കോണം എന്റെ കണ്മുമ്പിൽ നിന്ന്.”
പ്രവീണ നടന്ന് തനിയ്ക്ക് മുൻപിലേക്ക് വരുന്നത് കണ്ടപ്പോൾ അനു റാണി അൽപ്പം പിന്നിലേക്ക് മാറി നിന്നു.
“ചേച്ചീ, ഞാൻ ചേച്ചിയോട് വഴക്കിന് വന്നതല്ല. ചേച്ചി ഇറങ്ങി താഴേയ്ക്ക് വന്നില്ലെങ്കിൽ അച്ഛൻ ഇങ്ങോട്ട് കയറി വരുമെന്ന് പറയാൻ പറഞ്ഞിട്ടുണ്ട്..
ഞാൻ പോവാ..”
അനു റാണി തിരികെ നടന്നതും അൽപ്പനേരം ചിന്തിച്ചു നിന്നശേഷം മുറിയുടെ വാതിലടച്ചിട്ട് പ്രവീണ ഇറങ്ങി താഴേയ്ക്ക് ചെന്നു.
“നീ പഠിയ്ക്കുവാരുന്നോ മോളേ. നിനക്കെന്താ നാളെ എക്സാം വല്ലതും ഉണ്ടോ..” പ്രവീണ അവസാന പടവും ഇറങ്ങി അവിടെ തന്നെ നിന്നതോടെ വിജയകൃഷ്ണൻ ചോദിച്ചു.
“ഇല്ല.” അവൾ കൈകൾ പിണച്ച് മാറിൽ കെട്ടി അച്ഛന്റെ മുഖത്തേയ്ക്ക് നോക്കാതെ പറഞ്ഞു.
“ഇങ്ങടുത്തോട്ട് വാ മോളേ. നീയെന്താ മാറി ദൂരെ നിൽക്കുന്നത്..” അയാൾ അവൾക്ക് നേരെ കൈ നീട്ടിയപ്പോൾ അവൾ വന്ന് സുമംഗലയ്ക്കും, സന്ദീപിനും പിന്നിലായി നിന്നു.
വിജയകൃഷ്ണൻ താൻ കൊണ്ട് വന്ന പൊതി എടുത്ത് തുറന്ന ശേഷം അതിൽ നിന്ന് ചെറിയൊരു കിറ്റെടുത്ത് മേശപ്പുറത്തേയ്ക്ക് കുടഞ്ഞ് അതിലുള്ള സാധനം പുറത്തിട്ടു.
തലേ ദിവസം നവമിയുടെ കയ്യിൽ നിന്ന് സന്ദീപ് പിടിച്ചു വാങ്ങി ഭിത്തിയിൽ എറിഞ്ഞു പൊട്ടിച്ച് കളഞ്ഞ മൊബൈലിന്റെ പാർട്സുകൾ ആയിരുന്നു അത്.
“ഇതെന്താണെന്ന് ഞാൻ പ്രത്യേകിച്ച് ആർക്കും പറഞ്ഞു തരേണ്ടല്ലോ… ഇന്നലെ എന്റെ മകൻ സന്ദീപ് കാണിച്ച ഒരു വീരകൃത്യത്തിന്റെ ബാക്കി പത്രമാണ് ഇത്..
ഇതും കൊണ്ട് ഞാൻ ഇന്ന് ടൗണിൽ കയറിയിറങ്ങാത്ത ഒറ്റ മൊബൈൽ സർവീസ് സെന്ററില്ല..ഇതൊന്ന് ശരിയാക്കിയെടുക്കാൻ നോക്കിയ ടെക്നീഷ്യൻ മാരെല്ലാം ഇതിന്റെ മുൻപിൽ അടിയറവ് പറഞ്ഞു പോവുകയായിരുന്നു.
എല്ലാവരും ചോദിച്ചത് ഇതെന്താ സാറേ ട്രെയിന്റെ അടിയിൽ പെട്ട മൊബൈലാണോ എന്നാണ്… ഇനി ഇത് റിപ്പയർ ചെയ്തു ഉപയോഗിയ്ക്കാൻ പറ്റില്ലെന്ന് അതോടെ എനിയ്ക്ക് മനസിലായി.
എന്റെ മകൻ ചെയ്ത തെറ്റാണ് ഒരു മൊബൈൽ ഫോണിനെ ഈ വിധത്തിൽ നുറുക്കി കളഞ്ഞത്. അതും ഒരു പെൺകുട്ടിയോട് ചെയ്ത തെറ്റ്. അവന്റെ അച്ഛനെന്ന നിലയ്ക്ക് ഞാൻ അതിന് പ്രായശ്ചിത്തം ചെയ്തെല്ലാ പറ്റൂ…” അയാൾ ഒന്ന് നിർത്തിയിട്ട് സന്ദീപിനെ നോക്കി.
അച്ഛന്റെ കണ്ണുകളെ നേരിടാനാകാതെ അവൻ നോട്ടം മാറ്റിക്കളഞ്ഞു.
“ഈ പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഫോൺ ഞാനോ നിന്റെ അമ്മയോ കാശ് മുടക്കി വാങ്ങിച്ച് കൊടുത്തതല്ല സന്ദീപേ..അവൾക്ക് ഇത് സമ്മാനിച്ചത് അവളുടെ കൊല്ലത്തെ അച്ഛനായിരുന്നു.
ആ നിലയ്ക്ക് എന്റെ മോന് അവളുടെ കയ്യിലിരിയ്ക്കുന്ന ഫോൺ ഒന്ന് തൊട്ടു നോക്കാൻ പോലും അവകാശം ഇല്ലാത്തതായിരുന്നു..
എന്നിട്ട് നീ ചെയ്തതെന്താ സന്ദീപേ..ബലമായി അവളുടെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുത്ത് നശിപ്പിച്ചു കളഞ്ഞു. അല്ലേ..
അവൾക്ക് ആ നഷ്ടപ്പെട്ട് പോയ ഫോണിന് പകരം മറ്റൊരു ഫോൺ കൂടിയേ തീരൂ. പത്തോ പതിനയ്യായിരമോ രൂപ മുടക്കി നിന്നെക്കൊണ്ട് അത് പോലെ മറ്റൊന്ന് വാങ്ങിച്ച് കൊടുക്കാനുള്ള കഴിവുണ്ടോ സന്ദീപേ…”
അച്ഛന്റെ ചോദ്യം കേട്ട് അവൻ തൊട്ടടുത്തിരിയ്ക്കുന്ന അമ്മയെ നോക്കി.
“നിന്റെ അമ്മയല്ല മറുപടി തരേണ്ടത്. നീയാ..അതും എന്റെ മുഖത്തേയ്ക്ക് നോക്കി മറുപടി പറഞ്ഞിരിയ്ക്കണം. കേട്ടല്ലോ…”
സന്ദീപ് ഒന്നും പറയാതിരിയ്ക്കുന്നത് കണ്ടതോടെ അയാൾ തുടർന്നു.
“എന്റെ മകൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യേണ്ട ചുമതല, അവന്റെ അച്ഛനെന്ന നിലയ്ക്ക് എനിയ്ക്കുള്ളതാണല്ലോ.”
വിജയ കൃഷ്ണൻ ആ പൊതിയിൽ ബാക്കിയുണ്ടായിരുന്ന പുതിയൊരു മൊബൈൽ ഫോൺ കയ്യിലെടുത്ത് പിടിച്ചിട്ട് ഏവരെയും നോക്കി.
“മുപ്പതിനായിരം രൂപ വിലയുള്ള ഫോണാ ഇത്. ഇതിൽ ആരെങ്കിലും തൊട്ടുകളിച്ചിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞാൽ…ബാക്കി ഞാൻ പറയേണ്ടല്ലോ…
ആർക്കെങ്കിലും, ഈ ഫോൺ നവമിയുടെ കയ്യിലിരിയ്ക്കുന്നത് കാണുമ്പോൾ എറിഞ്ഞു പൊട്ടിച്ചുകളയാൻ തോന്നുന്നെങ്കിൽ ഇവിടെ കിച്ചണിൽ എല്ലാവരും ഉപയോഗിയ്ക്കുന്ന ഒരു പാട് സാധനങ്ങൾ ഇരിപ്പുണ്ട്.അതെടുത്ത് നശിപ്പിച്ചേക്കുക… കേട്ടല്ലോ..”
അത്രയും കേട്ടതോടെ സന്ദീപ് ധൃതിയിൽ എണീറ്റ് കൈ പോലും കഴുകാതെ തന്റെ റൂമിലേക്ക് പോന്നു. ആ പോക്കിൽ കനലെരിയുന്ന കണ്ണുകൾ കൊണ്ട് നവമിയെ ഒന്ന് നോക്കാനും അവൻ മറന്നില്ല.
സന്ദീപ് നടന്ന് തന്റെ റൂമിലേക്ക് കയറിപോകുന്നത് വരെ വിജയകൃഷ്ണൻ അവനെ നോക്കി നിന്നു.
വിജയകൃഷ്ണൻ പ്രവീണയുടെ മുമ്പിലേക്ക് ചെന്നു.
“നിന്നെ വിളിപ്പിച്ചത് എന്തിനാണെന്ന് നിനക്ക് മനസിലായോ മോളേ…നിന്റെ അച്ഛൻ അവൾക്കൊരു ഫോൺ വാങ്ങിച്ച് കൊടുക്കുന്നത് കണ്ട് നീ കൊതിച്ചോട്ടെ എന്ന് കരുതിയിട്ടല്ല…
നിന്നെപ്പോലൊരു പെൺകുട്ടിയല്ലേടീ അവളും..നിന്റെ കൂടപ്പിറപ്പ് അവളോട് അങ്ങനൊരു ദുഷ്ട്ട പ്രവൃത്തി ചെയ്യുമ്പോ കയ്യും കെട്ടി നീയത് നോക്കി നിന്നു അല്ലേ…അത് ചെയ്യരുതെന്ന് പറഞ്ഞു കൊണ്ട് ഒരു ചെറു വിരലെങ്കിലും അനക്കി പ്രതിഷേധിച്ചോ പ്രവീണേ നീ… നിന്റെ അനിയത്തിയ്ക്കുള്ളത്ര മനസാക്ഷി പോലും നിനക്കെന്താ മോളേ ഇല്ലാതായിപ്പോയത്..നീയല്ലേ അവൾക്ക് കൂടി നന്മയുടെ വഴികൾ കാട്ടികൊടുക്കേണ്ടവൾ.. പക്ഷേ…”
അയാൾ അർദ്ധോക്തിയിൽ നിർത്തി.
പ്രവീണ, താൻ യാതൊരു സന്ധിയ്ക്കും തയ്യാറല്ലാത്ത വിധം വിജയ കൃഷ്ണനെ നോക്കി.
“അച്ഛനെന്താ പറഞ്ഞത്…സന്ദീപേട്ടൻ ആ ഫോൺ ഇവളുടെ കയ്യിൽ നിന്ന് വാങ്ങി നശിപ്പിച്ചു കളഞ്ഞപ്പോൾ ഞാനെന്താ പ്രതികരിയ്ക്കാതിരുന്നതെന്നോ.
മനസ്സില്ലായിരുന്നു അച്ഛാ എനിയ്ക്ക്.. ഇവളോട് സന്ദീപേട്ടൻ അതല്ല അതിനപ്പുറം ചെയ്താലും ഞാൻ നോക്കി നിൽക്കുകയേയുള്ളൂ… ഒരൊറ്റയ്ക്ഷരം പ്രതികരിക്കില്ല ഞാൻ. അല്ലെങ്കിൽ അച്ഛൻ കണ്ടോളൂ..”
മുഖത്തടിയ്ക്കും മട്ടിൽ അവൾ പറഞ്ഞു.
“മോളേ..” വിജയ കൃഷ്ണൻ അവിശ്വസനീയതയോടെ വിളിച്ചു.
“എനിയ്ക്കിഷ്ടമില്ല അച്ഛാ..അച്ഛനിവിടെ അച്ഛന്റെ മകളാണെന്നും പറഞ്ഞ് ഇത്രയും നാൾ എവിടെയോ കിടന്ന ഒരു പെണ്ണിനെ കൊണ്ട് വന്ന് ഈ വീട്ടിൽ ഞങ്ങൾക്കൊപ്പം താമസിപ്പിച്ചിരിയ്ക്കുന്നത് എനിയ്ക്കിഷ്ടമല്ല..എനിയ്ക്ക് മാത്രമല്ല, അമ്മയ്ക്ക് ഇഷ്ടമില്ല..സന്ദീപേട്ടന് ഇഷ്ടമില്ല…അമ്മയുടെ ബന്ധുക്കൾക്ക് ആർക്കും ഇഷ്ടമില്ല..എന്നിട്ടും അച്ഛനെന്തിനാ വാശി പിടിയ്ക്കുന്നത് ഇവളെ ഇവിടെ തന്നെയേ താമസിപ്പിയ്ക്കുകയുള്ളൂ എന്ന്..
ആരോരുമില്ലാത്തവർക്ക് താമസിയ്ക്കാനായി ഈ ലോകത്ത് എത്രയെത്ര അനാഥലയങ്ങളുണ്ട്..അച്ഛനെന്താ ഇവളെ കൊണ്ടുപോയി അവിടെ താമസിപ്പിയ്ക്കാൻ മടി.. അച്ഛന്റെ മകളെന്ന് അച്ഛൻ വിശേഷിപ്പിയ്ക്കുന്ന ഇവൾ ഇത്രയും നാൾ ജീവിച്ചത് ഇവളുടെ ബന്ധു മിത്രാദികൾക്കൊപ്പമായിരുന്നോ..
അല്ലല്ലോ..അന്യരായ കുറച്ചുമനുഷ്യർക്കൊപ്പം ഇത്രയും നാൾ ജീവിയ്ക്കാമെങ്കിൽ ഇനിയും ഇവൾക്ക് അത് തുടർന്നാലെന്താ…ഞാനും സന്ദീപേട്ടനും അമ്മയുമൊക്കെ ജീവിയ്ക്കുന്നത് വന്യ മൃ. ഗങ്ങൾക്കൊപ്പം വനാന്തരങ്ങളിൽ ഒന്നുമല്ല..ഒരു പൊതു സമൂഹത്തിന് ഇടയിലാണ്..
ഞങ്ങൾക്ക് ചുറ്റിനും മനുഷ്യരുണ്ട് അച്ഛാ..അവരിൽ നിന്ന് ഇവളെ ചൂണ്ടി നീണ്ടുവരുന്ന ഒരു ചോദ്യത്തിനും ശിരസ്സ് ഉയർത്തിപ്പിടിച്ചു ഞങ്ങൾക്ക് മറുപടി കൊടുക്കാൻ കഴിയില്ല..അതെന്താ അച്ഛൻ ഓർക്കാത്തത്..
അച്ഛനെപ്പോഴും ഞങ്ങളെല്ലാം ഇവൾക്ക് നേരെ മനുഷ്യത്വം കാണിയ്ക്കണം എന്നൊരു ഒറ്റ പല്ലവിയെല്ലാ പാടാനുള്ളൂ. ഞാൻ തിരിച്ച് അച്ഛനോട് പറയുവാ…പൊതു സമൂഹത്തിനിടയിൽ അച്ഛന്റെ ജാര സന്തതിയെ കുറിച്ചുയരുന്ന ചോദ്യങ്ങളിൽ നിന്നും അച്ഛൻ ആദ്യം ഞങ്ങൾക്കൊരു രക്ഷ താ… അച്ഛന്റെ മക്കളല്ലേ ഞങ്ങൾ..അച്ഛന്റെ ഒരൊറ്റ പ്രവൃത്തി മൂലം അഭിമാനം പണയം വച്ച് ഞങ്ങൾ മറ്റുള്ളവർക്ക് മുൻപിൽ തല കുനിച്ചു നിൽക്കണോ..വേണോ അച്ഛാ… “
പ്രവീണയുടെ ചോദ്യത്തിന് മുൻപിൽ വിജയകൃഷ്ണൻ പതറി നിൽക്കുന്നത് കണ്ടതോടെ സുമംഗലയ്ക്ക് സന്തോഷമായി. വിജയ കൃഷ്ണൻ മറുപടി പറയാതെ കയ്യിലിരുന്ന മൊബൈൽ ഫോണിന്റെ പായ്ക്കറ്റ് അനുവിന് നേർക്ക് നീട്ടി.
“പഴയ സിം കാർഡും, മെമ്മറി കാർഡും നിന്റെ കയ്യിൽ ഇരിപ്പില്ലേ മോളേ. അതൊക്കെ ഇതിൽ ഇട്ട് ഇവളെ ഏൽപ്പിച്ചേക്ക്…” അയാൾ പറഞ്ഞു.
അനു ഫോൺ വാങ്ങിച്ചതോടെ നവമിയെയും കൂട്ടി റൂമിലേക്ക് പൊയ്ക്കൊള്ളാൻ അയാൾ പറഞ്ഞു. അവർ പോയതോടെ അവിടെ പ്രവീണയും, അച്ഛനും, അമ്മയും മാത്രമായി.
“മുപ്പതിനായിരം രൂപ വിലയുള്ള ഫോൺ വാങ്ങി അവൾക്ക് സമ്മാനിച്ചിരിയ്ക്കുന്നു..ആരെ തോൽപ്പിയ്ക്കാൻ വേണ്ടിയായിരുന്നു വിജയേട്ടാ, വിജയേട്ടൻ അത് ചെയ്തത്…സ്വന്തം മക്കളേ…അല്ലേ..എന്നിട്ടിപ്പോൾ തോറ്റമ്പി നിൽക്കുന്നത് ആരാ വിജയേട്ടാ…അതും സ്വന്തം മകളുടെ ഒറ്റ ചോദ്യത്തിന് മുൻപിൽ…ഇനിയെങ്കിലും വിജയേട്ടന് ഈ വീട്ടിൽ നിന്ന് അവളെ വിളിച്ചിറക്കി കൊണ്ട് പോകരുതോ… അല്ലെങ്കിൽ സ്വന്തം മക്കളുടെ മുൻപിൽ വിജയേട്ടൻ എന്നും തോറ്റു കൊണ്ടേ ഇരിയ്ക്കും..”
സുമംഗല വന്ന് പ്രവീണയുടെ കൈക്ക് പിടിച്ച് അവളെ അവിടെനിന്നും കൂട്ടിക്കൊണ്ട് പോയി.
ആ വലിയ വീട്ടിൽ അതിലും വലിയൊരു മൗന പേടകത്തിനുള്ളിൽ താൻ തനിച്ചായി പോയതുപോലെ വിജയ കൃഷ്ണന് തോന്നി.
***************
വിജയകൃഷ്ണൻ അവിടെ നിന്നുകൊണ്ട് ചുറ്റിനും നോക്കി.
ആളും ആരവവും ഒഴിഞ്ഞ ഒരു ഉത്സവപ്പറമ്പിൽ താൻ തനിച്ചായിപ്പോയത് പോലെ അയാൾക്ക് തോന്നി.
താൻ തന്റെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചു പോന്ന സന്തോഷവും, സമാധാനവും എല്ലാം വർണ്ണ ക്കൊടി തോരണങ്ങളും, നിറമുള്ള തൊങ്ങലുകളും പൊട്ടി ചിതറി കിടക്കും പോലെ തനിയ്ക്ക് ചുറ്റിനും കിടപ്പുണ്ട്.
ഇത്ര നേരം വരെ ശബ്ദ മുഖരിതമായിരുന്ന അന്തരീക്ഷത്തിനും ഒരു മാറ്റം വന്നു കഴിഞ്ഞു. പൂരം കൊടിയിറങ്ങിയതിന്റെ അവശേഷിപ്പ് ഒരു വെടിക്കെട്ടിന്റെ രൂപത്തിൽ ആകാശത്ത് വർണ്ണ വിസ്മയം തീർക്കുന്നു.
അത് വെടിക്കെട്ടിന്റെ ഒച്ചയല്ല, തന്റെ നെഞ്ചിന്റെ മിടിപ്പാണെന്ന് അയാൾക്ക് തിരിച്ചറിയാൻ ഏറെ സമയം വേണ്ടി വന്നില്ല.
ശരീരം മൊത്തം പടരുന്ന ഒരു വേദന തന്റെ ഇടത്തെ നെഞ്ചിന്റെ ഹൃദയ ഭാഗത്ത് നിന്നും പൊട്ടി പുറപ്പെടും പോലെ അയാൾക്ക് തോന്നി.
വിജയകൃഷ്ണൻ താൻ നിന്നിരുന്നതിനു തൊട്ടടുത്തുണ്ടായിരുന്ന ഒരു കസേരയിലേക്ക് പിടിച്ച ശേഷം അയാൾ അതിൽ തന്നെ ഇരുന്നു.
ഡൈനിങ് ടേബിളിന് മേൽ ഇരുന്ന വെള്ളം നിറച്ച ജാറിന് നേർക്ക് കൈ നീട്ടുമ്പോൾ അയാൾക്ക് തോന്നി തന്റെ കൈകൾ അസാധാരണമാo വിധം വിറയ്ക്കുന്നുണ്ടെന്ന്.
അയാൾ കൈ നീട്ടി ഒരു ഗ്ലാസ് എടുത്തെങ്കിലും അത് വിരലുകൾക്ക് വഴങ്ങാതെ കയ്യിൽ നിന്ന് വഴുതി പ്പോയി. നിലത്തേയ്ക്ക് വീണ് ചിതറിപ്പോകാതെ അയാൾ അത് വിദഗ്ദമായി തടഞ്ഞു നിർത്തി. ശേഷം രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിച്ചതോടെ അയാൾക്ക് ഇത്തിരി ആശ്വാസം തോന്നി.
തന്റെ ശരീരം വിറച്ചതും, നെഞ്ചിൽ ഒരു വേദന പടർന്നുമെല്ലാം തന്റെ തോന്നലായിരുന്നു എന്ന് അയാൾ മനസിലാക്കി.
ഇനി എവിടേയ്ക്ക് പോകണം എന്ന് ദിശയറിയാതിരിയ്ക്കുന്ന വഴിയാത്രക്കാരനെ പോലെ അയാൾ ചുറ്റിനും പകച്ചു നോക്കി.
പിന്നെ ഡൈനിങ് ടേബിളിന് മീതെ കൈകൾ പിണച്ച് വച്ച്,.കൈത്തണ്ടകൾക്ക് മേലേ മുഖം ചേർത്തു വച്ച് അയാൾ അവിടെ തന്നെ ഇരുന്നു….
*************
പുതിയ മൊബൈൽ ഫോണിന്റെ പിൻകവർ തുറന്ന ശേഷം ബാറ്ററി മാറ്റിയിട്ട് തന്റെ കയ്യിലുണ്ടായിരുന്ന സിമ്മും, മെമ്മറി കാർഡും അനു റാണി അതിലേക്ക് ഇട്ടു കൊടുത്തു.
“അച്ഛൻ എനിയ്ക്ക് ഫോൺ വാങ്ങിച്ച് തരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ ആയിരം രൂപയിൽ കൂടുതലുള്ള ഫോൺ വാങ്ങിയ്ക്കല്ലേ എന്ന്..അനുവിന്റെ ഏട്ടൻ എറിഞ്ഞു പൊട്ടിച്ച് കളഞ്ഞ ഫോൺ അച്ഛൻ എടുത്തുകൊണ്ട് പോയപ്പോൾ ഞാൻ കരുതിയത് അത് റിപ്പയർ ചെയ്തു കിട്ടുമെന്നാ..”
അനുറാണി ചെയ്യുന്നതോരോന്നും സാകൂതം നോക്കിയിരുന്നുകൊണ്ട് നവമി പറഞ്ഞു.
“അത് റിപ്പയർ ചെയ്തെടുക്കാനോ… ആരെക്കൊണ്ട് കഴിയും അത്.. പത്തോ പതിനഞ്ചോ പീസായി പോയില്ലേ അത്…”
“എന്നാലും ഇത്ര വിലകൂടിയ മൊബൈലൊന്നും എനിയ്ക്ക് വേണ്ടായിരുന്നു. എനിയ്ക്കെന്തിനാ ഇതൊക്കെ…ആരെങ്കിലും ഒന്നോ രണ്ടോ പേർ ഞാൻ ജീവനോടെ ഇരിപ്പുണ്ടോ എന്നറിയാൻ ഒന്ന് വിളിയ്ക്കുമ്പോ കോളെടുക്കാനാണോ ഇത്രയും വില കൂടിയ ഫോൺ…”
“ആയിരം രൂപയുടെ ഫോണൊന്നും ഇക്കാലത്ത് ആരും ഉപയോഗിക്കില്ല ചേച്ചീ.. ചേച്ചിയ്ക്ക് അതറിയാഞ്ഞിട്ടാ. ആയിരം രൂപയുടെ ഫോൺ വാങ്ങിയ്ക്കാൻ കിട്ടാഞ്ഞിട്ടാണോ ചേച്ചിയ്ക്ക് കൊല്ലത്തെ അച്ഛൻ പതിനയ്യായിരം രൂപയുടെ ഫോൺ വാങ്ങിച്ച് തന്നത്.. കൊല്ലത്തെ അച്ഛനറിയാം ആയിരം രൂപയുടെ ഫോൺ കൊണ്ട് ഇക്കാലത്ത് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്ന്.
ഞാൻ ചേച്ചിയ്ക്ക് വേറൊരു കാഴ്ച കാണിച്ചു തരാം. മൂന്ന് മാസം കൂടുമ്പോ നമ്മുടെ വീടിന്റെ പിന്നാമ്പുറത്തു നിൽക്കുന്ന തെങ്ങിൽ കയറി തേങ്ങയിടാൻ ഇവിടെ സ്ഥിരം ഒരാള് വരും.. അയാളുടെ കയ്യിലിരിയ്ക്കുന്ന ഫോണിന്റെ പകുതി വിലയില്ല പ്രവീണ ചേച്ചിയുടെ കയ്യിൽ ഇരിയ്ക്കുന്ന ഫോണിന്.
അയാളെന്താ ചേച്ചി പറഞ്ഞത് പോലെ ആയിരം രൂപയുടെ ഫോൺ വാങ്ങിച്ചുപയോഗിയ്ക്കാതിരുന്നത്..”
“അനുവിന്റെ സന്ദീപേട്ടൻ നശിപ്പിച്ചു കളഞ്ഞ ഫോൺ പോലും എങ്ങിനെയാ ഉപയോഗിയ്ക്കേണ്ടതെന്ന് എനിയ്ക്ക് ശരിയ്ക്കറിയില്ലായിരുന്നു. അപ്പോൾ പിന്നെ ഇതിന്റെ കാര്യം പറയുകയും വേണ്ട.”
“അതൊന്നും പഠിച്ചെടുക്കാൻ ഒരു പ്രയാസവും ഇല്ല ചേച്ചീ. ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തന്നെ എന്നോട് ചോദിച്ചാൽ മതി.
ഞാനൊരു കാര്യം ഇന്നലെ മുതലേ ചേച്ചിയോട് ചോദിയ്ക്കണമെന്ന് കരുതുന്നു.
ചേച്ചിയെന്താ എപ്പോഴും സന്ദീപ് ഏട്ടനെ അനുവിന്റെ ഏട്ടൻ, അനുവിന്റെ ഏട്ടൻ എന്ന് പറയുന്നത്. ചേച്ചിയല്ലേ സന്ദീപേട്ടനെ കാൾ മുതിർന്നത്. അപ്പോൾ ചേച്ചിയ്ക്ക് സന്ദീപ് ഏട്ടനെ പേര് വിളിയ്ക്കാമല്ലോ…ചേച്ചി ഏട്ടനെ സന്ദീപ് എന്ന് വിളിച്ചാൽ മതി…”
“അത് മതി ഇനി അനുവിന്റെ ഏട്ടന് മറ്റൊരു വഴക്കിന്..”
“ചേച്ചി എന്തിനാ ഇങ്ങനെ എല്ലാരേയും പേടിയ്ക്കുന്നത്…പേടിയ്ക്കെണ്ടുന്നവരെ പേടിയ്ക്ക്. അതിനൊരു അർത്ഥമുണ്ട്. ഇതാര്, എന്ത് പറഞ്ഞാലും ഭയം…ഇങ്ങനെയാണെങ്കിൽ ചേച്ചി എത്രനാൾ ഇവിടെ കഴിയും…
പ്രവീണ ചേച്ചിയെയൊക്കെ നമ്മൾ പേടിയ്ക്കുന്നുണ്ടെന്ന് പ്രവീണ ചേച്ചിയ്ക്ക് തോന്നിയാൽ നമ്മുടെ തലയിൽ കയറിയിരുന്നു നിരങ്ങും കക്ഷി..അതാ ഇനം..”
മൊബൈൽ ഫോണിൽ പുതിയ സിം ഇട്ടതിന്റെ ആക്ടിവേഷൻ അലെർട്ട് വന്നതോടെ അനു റാണി കൊണ്ടാക്ട് ലിസ്റ്റ് തുറന്ന് നോക്കി.
നാലോ അഞ്ചോ നമ്പറുകൾ മാത്രമേ അതിൽ സേവ് ചെയ്തു വച്ചിട്ടുണ്ടായിരുന്നുള്ളൂ.
അനു റാണി തന്റെ നമ്പറും അതിൽ സേവ് ചെയ്തിട്ടു.
“നമുക്ക് അച്ഛനെ ഒന്ന് വിളിച്ചാലോ..പുതിയ മൊബൈലിൽ നിന്നുള്ള ആദ്യത്തെ കോൾ അച്ഛന് തന്നെ പൊയ്ക്കോട്ടെ, എന്താ.”
നവമി തലയാട്ടി.
അനു റാണി അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും ബെല്ലടിച്ചു നിന്നതല്ലാതെ അദ്ദേഹം കോൾ എടുത്തില്ല.
അവൾ വീണ്ടും വീണ്ടും അച്ഛന്റെ ഫോണിലേക്ക് വിളിച്ചു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
“ഫോൺ എവിടെയോ കൊണ്ട് വച്ചിട്ട് അച്ഛൻ ഇതെവിടെ പോയി കിടക്കയാ..
ഞാനൊന്ന് നോക്കിയിട്ട് വരട്ടെ.”
അനു റാണി ഫോൺ നവമിയുടെ കയ്യിലേക്ക് കൊടുത്തിട്ട് ബെഡിൽ നിന്ന് എണീറ്റു. നവമിയും അവൾക്ക് പിന്നാലേ ഇറങ്ങി വന്നു.
താഴേയ്ക്കുള്ള പടവുകൾ ഇറങ്ങുമ്പോൾ നവമിയോട് അവൾ അച്ഛന്റെ ഫോണിലേക്ക് വിളിയ്ക്കാൻ പറഞ്ഞു..നവമി കോൾ ചെയ്തപ്പോൾ വിജയകൃഷ്ണന്റെ മൊബൈൽ ഡൈനിങ് ടേബിളിന് മീതെ ഇരുന്നു ചിലച്ചു.
തൊട്ടടുത്ത് ഫോൺ ഇരുന്നു ബെല്ലടിച്ചിട്ടും അച്ഛൻ അത് എടുക്കുന്നില്ലെന്ന് കണ്ടതോടെ അനുറാണിയ്ക്ക് ഒരാശങ്ക തോന്നി.
അവൾ ധൃതിയിൽ അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നുകൊണ്ട് അദ്ദേഹത്തിന്റെ തോളിൽ കൈ വച്ചു.
“അച്ഛാ..അച്ഛനെന്താ ഇവിടിരിയ്ക്കുന്നത്…”
അനു റാണിയുടെ ചോദ്യം കേട്ട് വിജയകൃഷ്ണൻ മെല്ലെ മുഖമുയർത്തി അവളെ നോക്കി.
മുമ്പിൽ തന്റെ മകൾ നിൽക്കുന്നത് കണ്ട് അയാൾ പതറി പ്പതറി അങ്ങിങ്ങു നോക്കി. താൻ എവിടെയാണ് ഇരിയ്ക്കുന്നതെന്ന് അയാൾക്ക് അപ്പോഴാണ് മനസിലായത്.
“എന്ത് പറ്റി അച്ഛാ..അച്ഛനെന്താ ഇങ്ങനെ നോക്കുന്നത്…”
അച്ഛന്റെ മുഖത്തെ ഭാവം കണ്ടിട്ട് അവൾക്ക് അമ്പരപ്പായി.
“നീ യാരുന്നോ മോളേ വിളിച്ചത്…” അയാൾ ഫോണെടുത്ത് നോക്കികൊണ്ട് ചോദിച്ചു.
“അച്ഛനെന്താ കോൾ എടുക്കാതിരുന്നത്. നവമി ചേച്ചിയുടെ ഫോണിൽ നിന്നാ ഞാൻ അച്ഛനെ വിളിച്ചത്..”
“ഞാൻ കരുതി ഓഫീസിൽ നിന്ന് ശിവനോ, ജയ കുമാറോ ആയിരിയ്ക്കുമെന്ന്.. അവര് കേസിന്റെ കാര്യമെന്തെങ്കിലും ചോദിയ്ക്കാൻ വിളിയ്ക്കുന്നതാവും എന്നാ ഞാൻ കരുതിയത്..” അയാൾ ഫോൺ ടേബിളിന് മീതേയ്ക്ക് തിരികെ വച്ചു.
“അച്ഛൻ ഇവിടിരുന്ന് ഉറങ്ങുവാരുന്നോ…”
“ഉറങ്ങിയതൊന്നും അല്ലെടീ. ഞാൻ വെറുതേ ഇവിടെ അല്പംനേരമിരുന്നു. അത്രേയുള്ളൂ..”
“അച്ഛൻ എണീറ്റ് വാ.. റൂമിൽ പോയി കിടക്ക് അച്ഛാ..” അവൾ അയാളുടെ കൈക്ക് പിടിച്ച് എണീൽപ്പിച്ചു.
‘നിങ്ങള് പൊക്കോ മക്കളേ.. അച്ഛൻ പോയി കിടന്നോളാം.” അയാൾ ടേബിളിന് മീതെ വച്ചിരുന്ന ഫോൺ എടുത്ത ശേഷം അനുവിനെ മെല്ലെ മുമ്പോട്ട് തള്ളി വിട്ടു. പക്ഷേ അവർ മടങ്ങി പോയില്ല. അച്ഛൻ റൂമിലേക്ക് കയറി പോകുന്നത് കണ്ടതിന് ശേഷമേ അനു റാണി നവമിയെയും കൂട്ടി അവിടെ നിന്നും തിരികെ പോന്നുള്ളൂ…..
*********************
പ്രവീണയാണ് വന്ന് വാതിലിൽ തട്ടുന്നതെന്ന് അറിഞ്ഞതോടെ സുമംഗല എണീറ്റ് ചെന്ന് വാതിൽ തുറന്നു.
“എന്താ മോളേ..” വാതിൽ തുറന്നു പിടിച്ചു കൊണ്ട് നിന്ന് സുമംഗല തിരക്കി.
പ്രവീണ അമ്മയുടെ കൈകൾക്ക് കീഴിലൂടെ തല കുനിച്ചു പിടിച്ച് കൊണ്ട് സുമംഗലയുടെ റൂമിനുള്ളിലേക്ക് കയറി.
സുമംഗല വാതിൽ ചാരിയ ശേഷം മകളുടെ അടുത്തേയ്ക്ക് ചെന്നു.
“നിനക്കെന്താ മോളേ പറ്റിയത്… നിന്റെ മുഖം വല്ലാതിരിയ്ക്കുന്നല്ലോ.” സുമംഗല അവളുടെ മുൻപിലേക്ക് വന്നുകൊണ്ട് ചോദിച്ചു.
പ്രവീണ തന്റെ കയ്യിലിരുന്ന മൊബൈൽ അമ്മയുടെ നേർക്ക് നീട്ടി.
“ഞങ്ങളൊന്നും വിജയകൃഷ്ണൻ വക്കീൽ എന്ന അമ്മയുടെ ഭർത്താവിന്റെ മക്കളല്ലേ അമ്മേ…” പ്രവീണ രോഷത്തോടെ തിരക്കി.
“എന്തനാവശ്യമാടീ നീ വന്ന് നിന്ന് മുഖത്ത് നോക്കി ചോദിയ്ക്കുന്നത്..”
“എങ്കിൽ പിന്നെ അച്ഛനെന്തിനാ ഞങ്ങളോടിങ്ങനെ പക്ഷഭേതം കാണിയ്ക്കുന്നത്..അമ്മ കണ്ടല്ലോ ഈ ഫോൺ..ഇതിന് ഇരുപതിനായിരം രൂപയ്ക്ക് താഴെയാ വില..അഞ്ചോ ആറോ വർഷം പഴക്കവുമുണ്ട്. എന്നിട്ടും ഞാൻ അമ്മയോടോ അച്ഛനോടോ എനിയ്ക്ക് പുതിയ ഫോൺ വേണമെന്ന് പരാതി പറഞ്ഞിട്ടില്ലല്ലോ..ഇന്നലെ ഇവിടെ മകളാണെന്നും പറഞ്ഞു അച്ഛൻ കൊണ്ട് വന്ന് കുടിയിരുത്തിയ അവളുടെ ഫോൺ സന്ദീപേട്ടന്റെ കയ്യിൽ നിന്ന് വഴുതി താഴെ വീണ് പൊട്ടിയതിന് അച്ഛൻ ഉടൻ തന്നെ അവൾക്ക് പുതിയ ഫോൺ ഉണ്ടാക്കി കൊടുത്തിരിയ്ക്കുന്നു.
അതും അച്ഛന്റെ മക്കൾ ഇപയോഗിയ്ക്കുന്നതിന്റെ ഇരട്ടി വിലയുള്ളത്.. അച്ഛന് എങ്ങിനെ തോന്നുന്നമ്മേ ഞങ്ങളെയൊക്കെ തോൽപ്പിച്ചു കൊണ്ട് ഇന്നലെ കണ്ടവളെ ജയിപ്പിച്ചു നിർത്താൻ..”
“നിന്റെ ആവശ്യമെന്താ മോളേ..അത് പറയ് നീ…അവള് ജയിക്കുവോ തോൽക്കുവോ എന്നുള്ളതല്ല നമ്മുടെ പ്രശ്നം… അവൾ കാരണം എന്റെ മക്കളാരും ബുദ്ധിമുട്ടാൻ പാടില്ല. അതാണ് വേണ്ടത്..”
“അവൾക്കെന്തിനാ അമ്മേ അത്ര വിലയുള്ള ഫോൺ. അത് എങ്ങിനെയാ കയ്യിൽ പിടിയ്ക്കേണ്ടുന്നതെന്ന് പോലും അവൾക്കറിയില്ല. ഞാൻ എത്രയോ നാളായി കൊതിയ്ക്കുന്നതാ അമ്മേ അതുപോലൊരു ഫോൺ കിട്ടാൻ…”
“അവളുടെ കയ്യിലുള്ള, നിന്റെ അച്ഛൻ വാങ്ങിച്ച് കൊടുത്ത ഫോൺ നിനക്ക് വേണോ..അതാണോ നിന്റെ ആവശ്യം.”
“ഒരുപയോഗവുമില്ലാതെ ഇരുപത്തിനാല് മണിയ്ക്കൂറും അതും കെട്ടിപ്പിടിച്ചിരിയ്ക്കുവല്ലേ അവൾ. അതിലേക്ക് അവളെ ആരെങ്കിലും വിളിയ്ക്കാനുണ്ടെങ്കിൽ വേണ്ടില്ലായിരുന്നു.”
“ആ ഫോൺ അവൾ നിനക്ക് തന്നാൽ നിന്റെ പ്രശ്നം തീരുവല്ലോ. അല്ലേ…”
“അമ്മ അവളോട് ചോദിച്ചു വാങ്ങിയ്ക്കുവോ അത്. അച്ഛനറിഞ്ഞാൽ പ്രശ്നമുണ്ടാക്കും”
“അവൾക്ക് ഈ വീട്ടിൽ ജീവിയ്ക്കണമെന്നുണ്ടെങ്കിൽ അക്കാര്യം അവൾ വിജയേട്ടനെ അറിയിയ്ക്കില്ല.ഇനി അറിയിച്ചാലോ, വിജയേട്ടൻ അതിനേ തുടർന്നൊരു പ്രശ്നമുണ്ടാക്കിയാലോ, വച്ചേക്കില്ല ഞാൻ അവളെ ഈ വീട്ടിൽ.എന്നെ എതിർത്തും കൊണ്ട് അവൾക്കീ വീട്ടിൽ ജീവിയ്ക്കാൻ പറ്റുമോ.. എങ്കിൽ അതുതന്നെ ഒന്ന് കാണണമല്ലോ.”
“ഈ വീട്ടിൽ അവളുടെ ഏറ്റവും വലിയ ബലം അച്ഛനാ അമ്മേ. എന്തിനും ഏതിനും അവളോടൊപ്പം അച്ഛനുണ്ടല്ലോ എന്ന ബലത്തിൽ അവൾ ഫോൺ തന്നില്ലെങ്കിൽ അമ്മ എന്ത് ചെയ്യും.”
“നീ അക്കാര്യം എനിയ്ക്ക് വിട്ടു തന്നേക്കാൻ അമ്മ പറഞ്ഞില്ലേ..
അവൾ താനേ തരുമല്ലോ എന്റെ കയ്യിൽ ആ ഫോൺ.നീ സമാധാനമായിട്ട് പോയിക്കിടന്ന് ഉറങ്ങ് മോളേ…”
അമ്മയുടെ ഉറപ്പ് കിട്ടിയതോടെ പ്രവീണയ്ക്ക് സമാധാനമായി. അവൾ തന്റെ റൂമിലേക്ക് അപ്പോൾ തന്നെ മടങ്ങി പോന്നു.
പിറ്റേന്ന് ഉച്ചയ്ക്ക് ആഹാരം കഴിച്ച ശേഷം വില്ലേജ് ഓഫീസിലെ പ്യൂൺ രാജനോട് തനിയ്ക്ക് ആയിരം രൂപയിൽ താഴെ വില വരുന്ന ഒരു സെക്കന്റ് ഹാന്റ് ഫോൺ സംഘടിപ്പിച്ചു തരാൻ പറ്റുമോ എന്ന് സുമംഗല ചോദിച്ചു.
“അതൊന്നും ഇപ്പോൾ ആരുടേയും കയ്യിൽ കാണില്ല സാറേ..അല്ലെങ്കിൽ പിന്നെ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടയിൽ പോയി തിരക്കണം. എന്നാൽ കിട്ടിയേക്കും.”
പറയുക മാത്രമല്ല, രാജൻ അവർക്ക് വൈകുന്നേരത്തോടെ ആയിരം രൂപ വിലയുള്ള ഒരു ഫോൺ സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു.
********************
ദേവദത്തൻ വീട്ടിലേക്ക് വന്ന് കുറച്ച് സമയത്തിന് ശേഷം,ആഹാരത്തിനു മുൻപിൽ ഇരുന്ന് രമാദേവി വിളമ്പി കൊടുത്ത ചോറിലേക്ക് കൈവച്ചതേയുള്ളൂ.
അപ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.
ഭർത്താവിന് കുടിയ്ക്കാൻ ഗ്ലാസിലേക്ക് കരിങ്ങാലി വെള്ളം പകർന്നെടുത്തുകൊണ്ടിരുന്ന രമാദേവിയെ നോക്കി ദേവൻ പറഞ്ഞു.
“വിജയകൃഷ്ണൻ വക്കീലാണെന്ന് തോന്നുന്നു. ഞാൻ ചോറിൽ കൈവച്ചു പോയല്ലോ നീ ചെന്ന് വാതിൽ തുറന്നു കൊടുക്ക്.”
രമാദേവി ഗ്ലാസിൽ വെള്ളം പകർന്ന് അയാൾക്ക് മുൻപിൽ വച്ചു കൊടുത്ത ശേഷം ചെന്ന് വാതിൽ തുറന്നു.
സിറ്റൗട്ടിൽ വെളിയിലേക്ക് നോക്കി പുറം തിരിഞ്ഞു വിജയകൃഷ്ണൻ നിൽപ്പുണ്ടായിരുന്നു.
“വരൂ, ഇവിടെ തന്നെ നിൽക്കാതെ. ദേവേട്ടൻ വന്ന് അര മണിയ്ക്കൂർ നോക്കിയിരുന്ന ശേഷം ഇപ്പോൾ കഴിയ്ക്കാൻ ഇരുന്നതേയുള്ളൂ…”
രമാദേവി അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു.
“അവൻ കഴിച്ചിട്ട് വരട്ടെ. ഞാനിവിടെ ഇരുന്നോളാം..” വിജയ കൃഷ്ണൻ സിറ്റൗട്ടിൽ ഉണ്ടായിരുന്ന ഒരു കസേരയിലേക്ക് ഇരുന്നു.
“ഇവിടിരിയ്ക്കാനോ.വക്കീല് വെറുതേ ഉച്ച നേരത്ത് എന്നെ കൂട്ടുകാരന്റെ വായിലിരിയ്ക്കുന്നത് കേൾപ്പിയ്ക്കല്ലേ..രണ്ട് പേർക്കും കൂടി ഒന്നിച്ചിരുന്ന് കഴിയ്ക്കാമെന്ന് വച്ചാ ദേവേട്ടൻ ഇത്ര നേരം കാത്തിരുന്നത്. വക്കീലിനെ കാണാതായപ്പോൾ ജോലിതിരക്കിലായിരിയ്ക്കും എന്ന് കരുതി കഴിയ്ക്കാൻ ഇരുന്നതാ ആൾ..വക്കീൽ ഇവിടെ ഇരിയ്ക്കയാണെന്നറിഞ്ഞാൽ ആഹാരം കഴിപ്പ് നിർത്തി ഇപ്പോൾ എണീറ്റ് വരും ആൾ.”
രമാദേവി പറയുന്നത് കേട്ട് ഒറ്റയക്ഷരം മറുപടി പറയാതെ വിജയകൃഷ്ണൻ എണീറ്റ് വീടിനുള്ളിലേക്ക് ചെന്നു.
ദേവ ദത്തൻ യുണിഫോമിൽ തന്നെയായിരുന്നു. വിജയകൃഷ്ണൻ വരുന്നത് കണ്ട് തന്റെ തൊട്ടരികിലുണ്ടായിരുന്ന കസേര അയാൾക്കിരിയ്ക്കാനായി ദേവ ദത്തൻ പിന്നിലേക്ക് നീക്കിയിട്ടു.
“രമേ.. ആഹാരം വിളമ്പ്..” ദേവ ദത്തൻ പറഞ്ഞു.
വിജയകൃഷ്ണൻ വേണ്ടെന്ന് പറയാൻ നിന്നില്ല. പറഞ്ഞിട്ടും കാര്യമില്ലെന്ന് അയാൾക്കറിയാമായിരുന്നു.
വിജയകൃഷ്ണന് മുൻപിൽ പ്ളേറ്റ് വച്ച് അതിലേക്ക് രമാദേവി ചോറും കറികളും വിളമ്പി വച്ചു.
വിജയകൃഷ്ണൻ എണീറ്റ് പോയി കൈ കഴുകിയ ശേഷം വന്നിരുന്ന് ആഹാരം കഴിച്ചു തുടങ്ങി.
വിജയകൃഷ്ണന് ഇഷ്ടപ്പെട്ട കുത്തരി ചോറായിരുന്നു അത്.
ദേവനും, ഭാര്യയും രമയുടെ തറവാട്ടിലേക്ക് പോയിട്ട് വരുമ്പോൾ കൊണ്ട് വരുന്നതാണ് കുത്തരി. ധാരാളം ഭൂസ്വത്തുക്കളൊക്കെയുള്ള ഒരു കർഷക കുടുംബമാണ് രമാദേവിയുടേത്. ഒരാഴ്ചത്തേയ്ക്കുള്ള പച്ചക്കറികളും, കിഴങ്ങു വർഗ്ഗങ്ങളുമൊക്കെ ആയമ്മ മകൾക്കായി അവിടെ നിന്നും കൊടുത്തു വിടും.
പാലായിൽ സർക്കിൾ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ദേവൻ സ്വന്തമായി വീട് നിർമിച്ചിരിയ്ക്കുന്നത് ഏറ്റുമാനൂരിനടുത്ത് തവളക്കുഴി എന്ന സ്ഥലത്താണ്.
അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയും, പിന്നെ ഡിഗ്രി വരേയ്ക്കും ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു ദേവനും വിജയ കൃഷ്ണനും..വിജയകൃഷ്ണൻപട്ടാള ഉദ്യോഗസ്ഥനായ അച്ഛന്റെ കൂടെ ഡെറാഡൂണിലേക്ക് പോയാണ് ബാക്കി വിദ്യാഭ്യാസം തുടർന്നത്.
അതിന് ശേഷം മൂന്ന് വർഷം മുൻപാണ് വിജയകൃഷ്ണൻ ആത്മാർത്ഥ സ്നേഹിതനെ അന്വേഷിച്ചു കണ്ടെത്തുന്നത്.അന്ന് അയാൾ പീരുമേട് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറാണ്.
രണ്ട് വർഷത്തിന് ശേഷം ദേവ ദത്തൻ സർക്കിൾ ഇൻസ്പെക്ടറായി ഉദ്യോഗക്കയറ്റം കിട്ടി കോട്ടയം ജില്ലയിലേക്ക് വന്നതോടെ സമയം കിട്ടുമ്പോഴൊക്കെ അവർ തമ്മിൽ കാണുക പതിവായി.
വിജയകൃഷ്ണനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ദേവനും, ദേവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങൾ വിജയകൃഷ്ണനും അറിയാവുന്നതാണ്. തന്റെ മനസ്സറിയുന്ന കൂട്ടുകാരൻ എന്നാണ് വിജയകൃഷ്ണൻ അയാളെ വിശേഷിപ്പിയ്ക്കാറ്.
വിജയ കൃഷ്ണൻ കൂടി ആഹാരം കഴിച്ചു തീർന്നതിനു ശേഷം മാത്രമേ ദേവൻ കൈകഴുകാനായി അവിടെ നിന്നും എണീറ്റുള്ളൂ.
“നീയെന്താ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്.. എന്തെങ്കിലും പ്രശ്നമുണ്ടോടാ.. കേസിന്റെ കാര്യം വല്ലതും ആണോ..”
കൈകൾ വൃത്തിയാക്കുന്നതിനിടയിൽ ദേവൻ, കൂട്ടുകാരനോട് ചോദിച്ചു.
“കേസിന്റെ കാര്യമൊന്നുമല്ല…എനിയ്ക്ക് നിന്നോട് കുറച്ച് സംസാരിയ്ക്കാനുണ്ട്…”
വിജയ കൃഷ്ണന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ തന്നെ സംഗതി അൽപ്പം സീരിയസ്സ് ആണെന്ന് ആ പോലീസുകാരന് മനസിലായി.
അവർ വന്ന് സ്വീകരണമുറിയിൽ ഇരുന്ന ശേഷം ദേവ ദത്തൻ ടി വി ഓൺ ചെയ്തിട്ട് വോളിയം കുറച്ചു വച്ചു ടി വി സ്ക്രീനിലെ ഹാസ്യ രംഗത്തിലാണ് വിജയ കൃഷ്ണന്റെ കണ്ണുകളെങ്കിലും അയാളുടെ മനസ്സ് ഇവിടെയെങ്ങും അല്ലെന്ന് ദേവ ദത്തന് തോന്നി.
കൊല്ലത്ത്,രാമൻ കുളങ്ങര എന്ന സ്ഥലത്ത് നിന്നും രണ്ട് പേർ തന്നെ കാണാനെത്തിയ അന്ന് തുടങ്ങിയതാണ് തന്റെ തല വേദനയെന്ന് വിജയ കൃഷ്ണൻ അയാളോട് പറഞ്ഞു.
“രാമൻ കുളങ്ങര…” ദേവദത്തൻ ആ പേര് ഒരു തവണ കൂടി ഉരുവിട്ട ശേഷം വിജയ കൃഷ്ണന്റെ മുഖത്തേയ്ക്ക് നോക്കി.അയാളുടെ നെറ്റിയിൽ രണ്ടോ മൂന്നോ വരകൾ വീണുകഴിഞ്ഞിരുന്നു.
“അവിടെ ഏതോ ഒരു മാഷ്ടെ വീട്ടിലല്ലേ അവളുള്ളത്.. നവമി..” ദേവദത്തൻ എന്തോ ഓർത്തെടുക്കും പോലെ പറഞ്ഞു.
“അവൾ വന്നു കഴിഞ്ഞു..” വിജയ കൃഷ്ണൻ പിറു പിറുത്തു.
“വന്നോ.. എവിടെ…” അവിശ്വസനീയമായഎന്തോ കേട്ടത് പോലെ ദേവ ദത്തന്റെ കണ്ണുകൾ വലുതായി.
“അവൾ എന്റെ വീട്ടിലുണ്ട്…”
“നിന്റെ വീട്ടിലോ.. ഭ്രാന്ത് പറയല്ലേ വിജയാ… അവളെങ്ങിനെ നിന്റെ വീട്ടിലെത്തി…”
“ഞാൻ പറഞ്ഞില്ലേ രാമൻ കുളങ്ങരയിൽ നിന്നും എന്നെ കാണാൻ വന്ന രണ്ട് പേരേ പറ്റി… അവളെ നമ്മൾ വളർത്താൻ ഏൽപ്പിച്ചയാൾ മരണപ്പെട്ടു പോയി. അദ്ദേഹത്തിന്റെ ഭാര്യക്കോ മക്കൾക്കോ ഒന്നും നവമിയുടെ തുടർന്നുള്ള സംരക്ഷണം ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന കാര്യം എന്നെ അറിയിയ്ക്കാനാണ് അവർ വന്നത്…”
“ആരെന്നോ, എന്തെന്നോ അറിയാത്ത അവളെ വീട്ടിൽ കൊണ്ട് വന്ന് താമസിപ്പിയ്ക്കാൻ നിന്റെ ഭാര്യയും മക്കളും ഒരെതിർപ്പും കൂടാതെ സമ്മതിച്ചോ..”
“അവളെന്റെ മകളാണെന്ന് എനിയ്ക്കവരെ അറിയിയ്ക്കേണ്ടി വന്നു… അനു മോൾ ഒഴികെ, ആവീട്ടിൽ മറ്റാരും അവളെ അംഗീകരിയ്ക്കാൻ തയ്യാറായിട്ടില്ല…”
“അതിരിയ്ക്കട്ടെ, ഇക്കാര്യത്തിൽ ഞാനെന്ത് ഹെൽപ്പാ നിനക്ക് ചെയ്തു തരേണ്ടത്… എന്ത് സഹായം എന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ, അത് ധൈര്യമായി നിനക്കെന്നോട് ചോദിയ്ക്കാം.”
“അവളെ ചിലപ്പോൾ എനിയ്ക്ക് ആ വീട്ടിൽ നിന്ന്. മാറ്റി താമസിപ്പിയ്ക്കേണ്ടി വന്നേക്കാം. അങ്ങനെ വന്നാൽ എനിയ്ക്ക് നീ ഒരു ഹെൽപ്പ് ചെയ്തു തരണം..പാലായിലോ പരിസരത്തോ അവൾക്ക് എന്തെങ്കിലും ഒരു ജോലി ശരിയാക്കി തരേണ്ടി വരും നീ…
ധൃതി വേണ്ട, പതിയെ മതി. വീട്ടിലുള്ളവർ അവൾക്ക് നേരെ നടത്തുന്ന പ്രതിഷേധത്തിന്റെ മഞ്ഞുരുകി മാറിയാൽ നമ്മൾക്ക് അവളെ അവിടെ നിന്നും മാറ്റേണ്ടി വരില്ല..”
“സുമംഗല എന്ത് പറയുന്നു. നവമിയെ അവിടെ നിർത്താൻ പറ്റില്ല എന്ന് തന്നെയാണോ.”
“ഉം.. അവൾ കടിച്ചു പിടിച്ച് നിൽക്കുന്നെന്നേയുള്ളൂ.ഏത് നിമിഷമാ പുകഞ്ഞു കത്തുന്ന ഒരു അഗ്നി പർവതം പോലെ അവൾ പൊട്ടിത്തെറിയ്ക്കുന്നതെന്ന് പറയാൻ വയ്യ. അതിന് മുമ്പേ നവമിയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ നമ്മൾ ചെയ്തു കൊടുക്കണ്ടേ…”
ദേവ ദത്തൻ മെല്ലെ തലയിളക്കി. അത് തന്നെയാണ് വേണ്ടതെന്ന് അയാൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ടിയിരുന്നില്ല.
ഒരു മണിയ്ക്കൂർ കൂടി അവിടെ സ്നേഹിതനുമായി സംസാരിച്ചിരുന്ന ശേഷമാണ് വിജയകൃഷ്ണൻ മടങ്ങി പോന്നത്…….
****************
പ്രവീണ വന്ന് നവമിയുടെ റൂമിന്റെ വാതിൽ തുറന്നു നോക്കിയ ശേഷം അവിടെ അനു റാണി ഇല്ലെന്ന് കണ്ടപ്പോൾ നവമിയോട് അനു എവിടെ എന്ന് അന്വേഷിച്ചു.
“കുളിയ്ക്കാൻ പോയതാ.. ഇപ്പോൾ വരാമെന്നു പറഞ്ഞിട്ടുണ്ട്…”
“ഉം..” അത്ര ഇഷ്ടപെടാത്ത മട്ടിൽ നവമിയെ അടിമുടിയൊന്ന് നോക്കിയ ശേഷം പ്രവീണ പുറത്ത് നിന്നവാതിൽ ചാരി.
വീണ്ടും എന്തോ ഓർത്തിട്ടെന്ന മട്ടിൽ പ്രവീണ വാതിൽ തുറന്ന ശേഷം നവമിയോട് പറഞ്ഞു.
“നിന്നെ അമ്മ അന്വേഷിയ്ക്കുന്നുണ്ട്. താഴേയ്ക്ക് ചെല്ല്. ആ മൊബൈൽ കൂടി കയ്യിൽ എടുത്തോണേ…”
അവൾ വാതിലടച്ച ശേഷം ധൃതിയിൽ താഴേയ്ക്ക് വന്ന് സുമംഗലയോട് വിവരം പറഞ്ഞു.
“മൊബൈൽ എടുത്തോളാൻ പറഞ്ഞപ്പോൾ അവൾക്ക് സംശയമൊന്നും തോന്നിയില്ലേ മോളേ…”
സുമംഗല തിരക്കി.
“ആര് നോക്കുന്നു അവളുടെ മുഖത്തേയ്ക്ക്. പുല്ലിനെ മുൻപിൽ കാണുമ്പോ എനിയ്ക്ക് അവടെ ചെകിട് അടിച്ചു പൊട്ടിയ്ക്കാൻ കൈ തരിയ്ക്കും.അത്രയ്ക്കിഷ്ട്ടമാ എനിയ്ക്കാ പന്നീടെ മോളേ.” അവർ സംസാരിച്ചു നിൽക്കേ വാതിലിന് വെളിയിൽ കാൽപെരുമാറ്റം കേട്ടു.
“അമ്മേ അവളാണെന്ന് തോന്നുന്നു. അനു കുളിച്ചിറങ്ങും മുൻപേ അവളെ തിരിച്ച് വിട്ടേക്കണം..”
പ്രവീണ ചെന്ന് വാതിൽ തുറന്ന ശേഷം വെളിയിൽ നിൽക്കുന്ന നവമിയുടെ കയ്യിലേക്ക് നോക്കി. അവളുടെ കയ്യിൽ പുതു പുത്തൻ മൊബൈൽ ഇരിയ്ക്കുന്നത് കണ്ടപ്പോൾ പ്രവീണയുടെ കണ്ണിൽ ഒരു തിളക്കമുണ്ടായി.
“കേറി വാടീ… അമ്മ ഇവിടുണ്ട്..” ഒട്ടും മയമില്ലാത്ത സ്വരത്തിലാണ് പ്രവീണയുടെ സംസാരം.
റൂമിന്റെ ഒരു മൂലയിലേക്ക് പേടിച്ചരണ്ട മാൻ പേടയെ പോലെ ഒതുങ്ങി നിൽക്കുന്ന ആ പെൺകുട്ടിയെ സുമംഗല പുച്ഛത്തോടെ നോക്കി.
“നിന്റെ ഫോൺ വിളിയൊക്കെ തീർന്നോടീ. ഏത് നേരവും ഇതെടുത്ത് നിന്റെ ചെവിയിൽ കെട്ടി വച്ചും കൊണ്ടല്ലേ നിന്റെ നടപ്പ്… അതുകൊണ്ട് ചോദിച്ചതാ..”
“ഞാൻ ഇത് വരെ ആരോടും ഈ ഫോണിൽ നിന്ന് സംസാരിച്ചിട്ടില്ല അമ്മേ..
ഒരൊറ്റ തവണ ഈ ഫോണിൽ നിന്നും അനുമോൾ വിളിച്ചത് അച്ഛനെ മാത്രമാ…”
നവമി വിനയത്തോടെ പറഞ്ഞു.
“പിന്നെ എന്തിനാടീ നീ ഇതെടുത്ത് കയ്യിൽ പിടിച്ചോണ്ടും നടക്കുന്നത്.. അതിനേ എവിടെങ്കിലും കൊണ്ട് ഒന്ന് വയ്ക്കെടീ. അതിനും ഒരിത്തിരി ആശ്വാസം കിട്ടട്ടെടീ… നിനക്ക് ഈ ഫോണിൽ നിന്ന് ആരെയും വിളിയ്ക്കാനില്ലെങ്കിൽ നീയെന്തിനാ ഇത് കയ്യിൽ വച്ചേക്കുന്നത്. ആവശ്യമുള്ള ആർക്കെങ്കിലും കൊടുക്കാൻ മേലേ നിനക്ക്..”
“അച്ഛൻ വാങ്ങിച്ച് തന്നതല്ലേ അമ്മേ എനിയ്ക്കിത്…”
“അതിന്..അച്ഛനല്ല ആര് വാങ്ങിച്ച് തന്നതായാലും ആവശ്യക്കാർക്കല്ലെടീ ഇത് ഉപകരിയ്ക്കേണ്ടത്… നീ വീട്ടിൽ ഇതും കെട്ടിപ്പിടിച്ചു വെറുതേ ഇരിപ്പല്ലേ.
നിനക്കെന്തിനാ ഇത്ര വിലകൂടിയ ഫോൺ.”
“അച്ഛനാ അമ്മേ സമ്മതിയ്ക്കാതിരുന്നത്. ഞാൻ പറഞ്ഞത് എനിയ്ക്കൊരു ചെറിയ ഫോൺ മതിയെന്നാ. അച്ഛൻ പക്ഷേ വാങ്ങി തന്നത് ഇതും.”
“ഇങ്ങ് തന്നേടീ. ഞാനൊന്ന് നോക്കട്ടെ. ഇവിടെ പഠിയ്ക്കുന്ന പിള്ളേരുള്ള വീടല്ലേ. അവർക്കാർക്കെങ്കിലും ഉപയോഗിയ്ക്കാൻ പറ്റുമെങ്കിൽ അവരെടുത്തോട്ടെ.. എന്താ..”!
സുമംഗല നീട്ടിയ കയ്യിലേക്ക് നവമി ഫോൺ വച്ചു കൊടുത്തു. ഫോൺ ഒന്ന് തിരിച്ചും മറിച്ചും നോക്കിയ ശേഷം സുമംഗല അത് പ്രവീണയ്ക്ക് കൈമാറി.
“നിനക്ക് പഠിയ്ക്കാൻ ഇത് മതിയാവോന്നു നോക്ക് മോളേ.. അവൾ പറഞ്ഞത് കേട്ടില്ലേ അവൾക്കീ ഫോൺ വേണ്ടെന്ന്. അവളോട് ചോദിയ്ക്കാതെ വിജയേട്ടൻ പോയി ഇത്രയും വില കൂടിയ ഫോൺ കൊണ്ട് വന്നതുകൊണ്ടല്ലേ അവൾക്കീ ഫോൺ വേണ്ടെന്ന് പറഞ്ഞത്.”
“പിന്നേ..ഇതാണോ വില കൂടിയ ഫോൺ.. അപ്പോൾ രണ്ടും രണ്ടരയും ലക്ഷത്തിന്റെയൊക്കെ ഫോൺ കണ്ടാൽ അമ്മ എന്ത് പറയും..”
പ്രവീണ പറഞ്ഞു.
സുമംഗല തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന ചെറിയ ഫോൺ എടുത്ത് പ്രവീണയുടെ കയ്യിൽ കൊടുത്തു.
“അതിനുള്ളിലുള്ള സിം കാർഡും, മെമ്മറീ കാർഡും എല്ലാം അഴിച്ചെടുത്ത് ഇതിലേക്ക് ഇട്ടു കൊടുത്തേരെ മോളേ… അല്ലെങ്കിൽ പിന്നേ നമ്മൾക്കാ പേര് ദോഷംവന്നെന്നിരിയ്ക്കും, ഇവളുടെ സിം കാർഡ് തട്ടിയെടുത്തെന്ന പേര് ദോഷം.”
പ്രവീണ സിം കാർഡ് മാറ്റിയ ശേഷം ചെറിയ മൊബൈൽ നവമിയ്ക്ക് കൈമാറി.
“ദാ നീ ആവശ്യപ്പെട്ടത് പോലുള്ള ഫോൺ… പിന്നൊരു കാര്യം. നിനക്ക് ആരെ വിളിയ്ക്കണമെങ്കിലും കയ്യിൽ ഫോണുണ്ടല്ലോ.. അതെടുത്തു വിളിച്ചോണം.
അല്ലെങ്കിൽ അച്ഛൻ വരുമ്പോൾ ഓടി ചെന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചും കൊണ്ട് പറഞ്ഞോണം നിന്റെ ഫോൺ അമ്മ വാങ്ങിച്ച് എനിയ്ക്ക് തന്നെന്ന്.. കേട്ടോടി..അച്ഛനോടെങ്ങാനും അങ്ങനെ നീ പറഞ്ഞിട്ടുണ്ടെങ്കിൽ, നല്ല രീതിയിൽ നീയിവിടെ തുടർന്ന് ജീവിയ്ക്കില്ലേ മോളേ… പ്രവീണയാ പറയുന്നത്. കേട്ടല്ലോ.”
“ഞാനൊന്നും അച്ഛനോട് പറയാൻ നിൽക്കില്ല. എനിയ്ക്ക് ഇതിന്റെ ആവശ്യമേയുള്ളൂ “
നവമി തന്റെ കയ്യിൽ ഇരുന്ന ഫോണിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“മതി, മതി നിന്ന് സഹതാപം കാണിച്ചത്. പൊക്കോ നിന്റെ റൂമിലേക്ക്…”
പ്രവീണ പുറത്തേയ്ക്ക് വിരൽ ചൂണ്ടിയതോടെ നവമി അവിടെ നിന്നും ഇറങ്ങി പോന്നു.
***************
അനു റാണി കുളി കഴിഞ്ഞു വന്നു ഹോം വർക്കുകൾ ചെയ്തു തീർത്ത ശേഷം പഠിയ്ക്കാനുള്ള ഒന്ന് രണ്ട് ബുക്കുകളും എടുത്തു കൊണ്ട് നവമിയുടെ റൂമിലേക്ക് പോന്നു.
ഇനി പഠിത്തം കഴിഞ്ഞാൽ അവൾ അവിടെയാണ് കിടന്നുറങ്ങുക.
നവമി വന്നതോടെ അവൾക്ക് വളരെ സന്തോഷമായി കഴിഞ്ഞിരുന്നു.
ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണിൽ ഉറക്കം വരുന്നത് വരെ ആരെങ്കിലുമായി സംസാരിച്ചു കിടക്കുന്നതൊക്കെ അവൾക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്.
തനിച്ച് ഒരു റൂമിൽ കിടക്കുന്നതിനേക്കാൾ അവൾക്കിഷ്ട്ടം അമ്മയുടെയോ, പ്രവീണ ചേച്ചിയുടെയോ റൂമിൽ കിടക്കുന്നതായിരുന്നു.
ഒരു തവണ അനു പുതപ്പും, തലയിണയുമൊക്കെ എടുത്ത് അമ്മയുടെ റൂമിലേക്ക് ചെല്ലവേ അമ്മ അവളെ തിരികെ അവളുടെ റൂമിൽ എത്തിച്ചിട്ട് വാതിലടയ്ക്കുകയാണ് ചെയ്തത്.
“നോക്ക് ഈ വീട്ടിൽ ആരുംമറ്റുള്ളവർക്ക് റൂം ഷെയർ ചെയ്യുന്നില്ല. പിന്നെ നിനക്ക് മാത്രം എന്താ അനൂ അത് പറ്റാത്തത്. മറ്റുള്ളവർക്ക് അവരവരുടേതായ പ്രൈവസി വേണം. അതിനാ ഓരോരുത്തർക്കും ഓരോ റൂം വീതം വച്ചു തന്നിട്ടുള്ളത്.”
സുമംഗല അവളെ ഉപദേശിച്ചിട്ട് തിരികെ പോന്നു.
പ്രവീണയുടെ റൂമിൽ അവൾ ചെന്നാൽ കുറച്ച് സമയം അവിടെ ഇരിയ്ക്കുമ്പോഴേയ്ക്കും പ്രവീണ ചോദ്യം തുടങ്ങും..
“നീ ഇന്ന് ഇവിടെ കിടക്കാനാണോ അനൂ പ്ലാൻ.. അത് പറ്റില്ലെന്ന് ഞാൻ നിന്നോട് മുമ്പേ പറഞ്ഞിട്ടുണ്ടേ.. ഉറക്കം വരുന്നെങ്കിൽ പോയി നിന്റെ റൂമിൽ കിടന്നുറങ്ങ്. ഇവിടെ എന്റെ കൂടെ ആരെങ്കിലും കിടന്നാൽ എനിക്കുറക്കം വരില്ല..”
‘ഞാൻ ചേച്ചിയുടെ ബെഡിന് താഴെ ബെഡ് ഷീറ്റ് വിരിച്ചു നിലത്തു കിടന്നോളാം ‘എന്നൊക്കെ അവൾ പറഞ്ഞു നോക്കുമെങ്കിലും പ്രവീണ വഴങ്ങില്ല.
“പറ്റില്ല പറ്റില്ല.. നിന്റെ കൂർക്കം വലി കേട്ടാൽ ഒന്നരകിലോമീറ്റർ അപ്പുറം കിടന്നുറങ്ങുന്ന മനുഷ്യൻ പോലും ചാടി എണീൽക്കും..എനിയ്ക്ക് ഇവിടെ കിടന്ന് സ്വസ്ഥമായി ഉറങ്ങണം…”
അനുവിനെ അവൾ റൂമിൽ നിന്ന് ഇറക്കി വിടുക തന്നെ ചെയ്യും.
എന്നാലിപ്പോൾ അച്ഛൻ, നീയും പോയി നവമിയുടെ റൂമിൽ കിടന്നോണം എന്ന് പറഞ്ഞതോടെ അവൾക്ക് അത് ഒത്തിരി സന്തോഷം നൽകി.
മാത്രമല്ല, രാത്രിയിൽ എത്ര നേരം വേണമെങ്കിലും അവളുടെ കൂടെ സംസാരിച്ചിരിയ്ക്കുന്നത് നവമിയ്ക്കും ഇഷ്ടമുള്ള കാര്യമാണ്. നവമി താൻ ജീവിച്ച കൊല്ലത്തെ വീട്ടിലെ ഓരോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ വരെ ഓരോ ദിവസമായി അവൾക്ക് പറഞ്ഞു കൊടുക്കും.
അനു റാണി, നവമിയുടെ റൂമിലേക്ക് വരുമ്പോൾ അവൾ കട്ടിലിൽ എന്തോ ചിന്തിച്ചിരിയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.
“ഞാൻ ചേച്ചിയോട് രാവിലെ പറഞ്ഞിട്ടല്ലേ പോയത് ഫോണിൽ ഒരു ഫേസ് ബുക്ക് അക്കൗണ്ട് എടുക്കണേ എന്ന്.. ഫേസ് ബുക്കോ വാട്സാപ്പോ ഒക്കെ ഉണ്ടായിരുന്നെങ്കിൽ ചേച്ചിയ്ക്ക് ഇങ്ങനെ ഇരുന്നു ബോറടിയ്ക്കുമായിരുന്നോ..”
“ഓ..അതൊന്നും വേണ്ട..എന്റെ പഴയ ഫോണിൽ ഉണ്ടായിരുന്നു. ഞാൻ അതൊക്കെ തുറന്ന് നോക്കുക പോലും ചെയ്യില്ലായിരുന്നു..”
“ചേച്ചി അക്കൗണ്ട് എടുത്ത് മറ്റുള്ളവരുമായി ചാറ്റ് ചെയ്യണമെന്നല്ല ഞാൻ പറഞ്ഞത്..ന്യൂസ് കാണാം..പാട്ടുകൾ കാണാം..റീൽസുകൾ കാണാം… പിന്നെ ചേച്ചിയ്ക്ക് ഇഷ്ട്ടപ്പെട്ട എന്തെന്തു വീഡിയോകൾ കാണാം…
ആ ഫോൺ ഇങ്ങ് താ..ഞാൻ അക്കൗണ്ട് തുറന്നു തരാം…”
അനു റാണി നവമിയുടെ ഫോൺ എവിടെയെന്നു നോക്കി.സാധാരണ നവമി കിടക്കുന്ന ബെഡിന്റെ ഒരു സൈഡിലാണ് അവൾ ഫോൺ വച്ചേക്കുക.
അവിടെ ഫോൺ കാണാതായപ്പോൾ അനു മേശപ്പുറത്ത് നോക്കി.
“ചേച്ചിയുടെ ഫോൺ എവിടെ..” അനു തിരക്കി.
“അതിവിടെ എവിടെങ്കിലും കാണും. എനിയ്ക്കിപ്പോൾ ഫേസ് ബുക്കും, വാട്സാപ്പും ഒന്നും വേണ്ട അനു മോളേ.
നീ സമയം കളയാതെ ഇരുന്നു പഠിയ്ക്കാൻ നോക്ക്. അച്ഛൻ വരാൻ സമയമായി.”
“അച്ഛൻ വരട്ടെ..ഞാൻ ഹോം വർക്ക് ഒക്കെ തീർത്തിട്ടാ വന്നത്..എവിടെ ചേച്ചീ ഫോൺ..”
“അതിവിടെ ഉണ്ടാവും അനുമോളെ. ഞാൻ അപ്പുറത്തോ ഇപ്പുറത്തോ മാറ്റി വച്ചിട്ടുണ്ടാവും. നിനക്കെന്തിനാ പഠിയ്ക്കുന്ന നേരത്ത് ഫോൺ…”
നവമി തന്ത്രപൂർവം അവളുടെ ശ്രദ്ധ മാറ്റാൻ നോക്കിയെങ്കിലും അനു പിടികൊടുത്തില്ല.
“ചേച്ചി മറന്നതാണെങ്കിൽ ഞാനിപ്പോ തപ്പിയെടുത്തു തരാം.”
അനു റാണി തന്റെ കയ്യിലിരുന്ന മൊബൈലിൽ നിന്ന് നവമിയുടെ ഫോണിലേക്ക് വിളിച്ചു നോക്കി.
മേശപ്പുറത്തെ ടേബിൾ ലാമ്പിനു പിന്നിൽ അടുക്കി വച്ചിരിയ്ക്കുന്ന കുറച്ച് പുസ്തകങ്ങൾക്കിടയിൽ നിന്നാണ് ബെൽ ശബ്ദം കേട്ടത്.
“ചേച്ചി ഇതിന്റെ റിംഗ് ടോൺ മാറ്റിയോ.ഇതല്ലായിരുന്നല്ലോ ഇന്നലെ ഞാൻ ഇട്ട് വച്ചിരുന്നത്..”
അനു ഫോൺ കൈനീട്ടി എടുത്തു. അവൾ ആ ചെറിയ ഫോൺ കണ്ട് അമ്പരന്നു പോയി.
“എന്താ ഇത്…”?അവൾ തല തിരിച്ച് നവമിയെ നോക്കി.
നവമി നിലത്തേയ്ക്ക് മുഖം കുനിച്ച മട്ടിൽ ഇരിയ്ക്കുകയായിരിന്നു
അനു റാണി സംശയം തോന്നിയിട്ട് ഒരു തവണ കൂടി ആ നമ്പറിലേക്ക് വിളിച്ചു.
വീണ്ടും തന്റെ കയ്യിലിരുന്നു മൊബൈൽ ബെല്ലടിച്ചു തുടങ്ങിയതോടെ അനു കോൾ കട്ട് ചെയ്ത ശേഷം ആ മൊബൈൽ നവമിയുടെ മുമ്പിലേക്ക് നീട്ടിപ്പിടിച്ചു.
“ഇത് ചേച്ചിയ്ക്ക് ആര് വാങ്ങിച്ചു തന്നതാ..ചേച്ചിയ്ക്ക് അച്ഛൻ വാങ്ങിച്ച് തന്ന ഫോണെവിടെ..ഇതെങ്ങിനെ ചേച്ചിയുടെ കയ്യിൽ വന്നു.”
നവമി മുഖമുയർത്താതെ ഇരിയ്ക്കുന്നത് കണ്ടപ്പോൾ അനു അടുത്തേയ്ക്ക് ചെന്ന് അവളുടെ താടിയ്ക്ക് പിടിച്ച് മുഖമുയർത്തി.
“ചേച്ചിയോട് ഞാൻ ചോദിച്ചത് കേട്ടില്ലേ.. അച്ഛൻ ചേച്ചിയ്ക്ക് വാങ്ങി തന്ന ഫോൺ എവിടെയെന്നാ ഞാൻ ചോദിച്ചത്..”
അവൾ ചോദ്യം ആവർത്തിച്ചു.
“എനിയ്ക്കെന്തിനാ മോളേ അത്രയും വലിയ ഫോണ്.. അത് ആവശ്യം ഉള്ളവർ ഉപയോഗിയ്ക്കുന്നതല്ലേ നല്ലത്…”
നവമി അവളെ നോക്കി ഒന്ന് ചിരിയ്ക്കാൻ ശ്രമിച്ചെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല.
“ചേച്ചി ആ ഫോൺ അച്ഛനെ തിരികെ ഏൽപ്പിച്ചോ…” അനു തിരക്കി.
“ഇല്ല..”
അച്ഛൻ വാങ്ങിച്ചു തന്ന ഫോൺ ചേച്ചിയ്ക്ക് ആവശ്യമില്ലായിരുന്നെങ്കിൽ ചേച്ചി അത് തിരികെ അച്ഛനെ ഏൽപ്പിയ്ക്കുകയല്ലായിരുന്നോ വേണ്ടത്..അതല്ലേ മര്യാദ..പിന്നെ, ഈ ഫോൺ എങ്ങിനെ ചേച്ചിയുടെ കയ്യിൽ വന്നു… ആരാ ചേച്ചിയ്ക്ക് ഉപയോഗിയ്ക്കാൻ ഈ ഫോൺ തന്നത്…”
“അമ്മ തന്നതാ…” നവമി പേടിച്ച് പേടിച്ച് പറഞ്ഞു.
“അമ്മയോ..ഓ.. സന്ദീപേട്ടൻ ചേച്ചിയുടെ ഫോൺ നശിപ്പിച്ചു കളഞ്ഞതിനു പകരമായി വില കൂടിയ ഒരു ഐ ഫോൺ വാങ്ങിച്ച് തന്നതായിരിയ്ക്കും അമ്മ.. അല്ലേ…അമ്മ ഈ ഫോൺ ചേച്ചിയ്ക്ക് തന്നപ്പോൾ ചേച്ചിയ്ക്കപറയാൻ വയ്യാരുന്നോ അച്ഛൻ ചേച്ചിയ്ക്ക് ഫോൺ വാങ്ങിച്ചു തന്നിട്ടുണ്ട്. ഇത് വേണ്ടെന്ന്.”
“ഞാൻ.. ഞാനെങ്ങിനെയാ മോളേ അമ്മയോട്…” നവമി ദയനീയമായി അവളെ നോക്കി.
“എങ്ങിനെയാണെന്നോ..മുഖത്ത് നോക്കി പറയണമായിരുന്നു.?അമ്മ വന്നു നിന്ന് ഓരോ കാര്യങ്ങളും അച്ഛന്റെയും, എന്റെയുമൊക്കെ മുഖത്ത് നോക്കി സംസാരിയ്ക്കുന്നത് ചേച്ചി കണ്ടിട്ടില്ലേ. അതേ പോലെ പറയണം… സന്ദീപേട്ടൻ നശിപ്പിച്ചു കളഞ്ഞ ഫോണിന്റെ പകുതിയെങ്കിലും മൂല്യമുള്ളതായിരുന്നെങ്കിൽ വേണ്ടില്ലായിരുന്നു..ഇക്കാലത്ത് പിച്ചക്കാരു പോലും ഉപയോഗിക്കില്ല ഇമ്മാതിരി ഫോൺ..അമ്മയ്ക്ക് ഇതെവിടുന്നു കിട്ടിയോ… പത്തോ നാനൂറോ രൂപ കൊടുത്താൽ ഇതേപോലുള്ള ഡസൻ കണക്കിന് ഫോണുകൾ കിട്ടും..
സാരമില്ല ചേച്ചീ. ചേച്ചി അച്ഛൻ വാങ്ങി തന്ന ഫോണിങ്ങു താ. അത് വെറുതേ വച്ചേക്കണ്ട. എന്റെ ഈഫോണിൽ ഉപയോഗിയ്ക്കാത്ത ഒരു സിം കിടപ്പുണ്ട്. അതെടുത്ത് ആ ഫോണിൽ ഇട്ടു തരാം…ചേച്ചിയ്ക്ക് അതിൽ നിന്നും ആരെയെങ്കിലും വിളിയ്ക്കാമല്ലോ..”
“വേണ്ട മോളേ.. അതവിടെ ഇരുന്നോട്ടെ.. എനിയ്ക്കിതിന്റെ ആവശ്യം തന്നെ ധാരാളമാ.”
“എങ്കിൽ ആ ഫോൺ തിരികെ അച്ഛനെ ഏൽപ്പിയ്ക്ക്.. അച്ഛൻ അത് വാങ്ങിച്ചിടത്ത് കൊടുത്തു കാശ് മേടിച്ചോളും.. എവിടെ അത്..”
അനു അവിടൊക്കെ തിരഞ്ഞ ശേഷം വീണ്ടും നവമിയുടെ മുമ്പിൽ വന്നു.
“അച്ഛൻ ചേച്ചിയ്ക്ക് വാങ്ങിച്ച് തന്ന ഫോൺ തിരികെ വാങ്ങിച്ചിട്ടാണോ അമ്മ ഈ തുരുമ്പ് കഷണം ചേച്ചിയുടെ കയ്യിൽ തന്നത്..”
“മോളേ അത്..” നവമി മറ്റെന്തോ പറയാൻ തുടങ്ങുമ്പോൾ അനു റാണി അവളെ തടഞ്ഞു.
“എനിയ്ക്കൊന്നും കേൾക്കണ്ട ചേച്ചീ. ഞാൻ ചോദിച്ചതിന്റെ മറുപടി മാത്രം തന്നാൽ മതി ചേച്ചി..
ആണോ അല്ലയോ..”
“അനുമോളെ, അത് അനുമോളുടെ പ്രവീണ ചേച്ചിയ്ക്ക്…”
“നിർത്ത് ചേച്ചീ…”?അനു ദേഷ്യത്തോടെ പറഞ്ഞു.
“അനുമോളുടെ പ്രവീണ ചേച്ചിയോ.. ഇന്നലെയും ചേച്ചിപറയുന്നത് ഞാൻ കേട്ടു, അനുമോളുടെ സന്ദീപേട്ടൻ എന്ന്.
ചേച്ചിയ്ക്ക് നാണമില്ലേ അവരെ അങ്ങനെ വിളിയ്ക്കാൻ..സന്ദീപേട്ടനേക്കാൾ ഒന്നോ രണ്ടോ വയസിന് മൂത്തതല്ലേ ചേച്ചി…ചേച്ചിയ്ക്കെന്താ അവരെ പേര് വിളിച്ചാൽ..അവർ പറഞ്ഞിട്ടുണ്ടോ ചേച്ചിയോട് അവരെ പേര് വിളിച്ചേക്കരുതെന്ന്…ഉണ്ടോ…”
“ഇല്ല… “
“എങ്കിൽ അവരെ പേര് വിളിച്ചാൽ മതി ചേച്ചി.. എന്റെ മാത്രമല്ല, അവരുടെ കൂടി സഹോദരിയാ ചേച്ചി..മൂത്ത സഹോദരി..അവർക്കാ ബോധം ഇല്ലെങ്കിൽ ചേച്ചിയ്ക്കെങ്കിലും കാണണ്ടേ….
ഇനി പറഞ്ഞോ..അമ്മ ആ ഫോൺ വാങ്ങിച്ചു പ്രവീണ ചേച്ചിയ്ക്ക് കൊടുത്തോ… “
“ഉം..പ്രവീണയ്ക്ക് ഒരു പാട് പഠിയ്ക്കാനുള്ളതൊക്കെ അല്ലേ മോളേ.. അപ്പോൾ അതുപോലൊരു ഫോണുണ്ടെങ്കിൽ…”
“അതുപോലൊരു ഫോൺ പ്രവീണ ചേച്ചിയ്ക്ക് വേണമെന്നുണ്ടായിരുന്നെങ്കിൽ അമ്മ വാങ്ങിച്ച് കൊടുക്കണമായിരുന്നു.. അതല്ലേ മര്യാദ…പ്രവീണ ചേച്ചിയുടെ ഏതാവശ്യവും സാധിച്ചു കൊടുക്കുന്നത് അമ്മയായിരുന്നല്ലോ…”
“അച്ഛനോട് പറയല്ലേ മോളേ..അച്ഛനറിഞ്ഞാൽ ചിലപ്പോൾ സംസാരമാകും…”
“അതറിയാം ചേച്ചിയ്ക്ക് അല്ലേ..അച്ഛനറിഞ്ഞാൽ സംസാരമാകുമെന്ന്.. അതറിഞ്ഞിരുന്നു കൊണ്ടല്ലേ ചേച്ചി ആ ഫോൺ അമ്മയ്ക്ക് കൈമാറിയത്…”
നവമി കുറച്ച് മുൻപ് നടന്ന സംഭവം അതേപോലെ അനു റാണിയെ അറിയിച്ചു.
“അമ്മയ്ക്ക് എങ്ങിനെ ഇത്ര തരം താഴാൻ തോന്നുന്നു…കഷ്ടം..”
അനു റാണി തന്നത്താൻ പറഞ്ഞു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ നവമി അവളെ തടഞ്ഞു നിർത്തി.
“മോളേ, നീ പോയി അമ്മയോട് ചോദിയ്ക്കാൻ നിൽക്കരുത്… അമ്മ ആ ദേഷ്യമെല്ലാം തീർക്കുന്നത് ചിലപ്പോൾ എന്നോടായിരിയ്ക്കും. പ്ലീസ്…”
“ഒന്ന് ചുമ്മാതിരി ചേച്ചീ..അമ്മ ചേച്ചിയോട് ദേഷ്യം തീർക്കുവോ..എന്നാൽ അതൊന്ന് കാണണമല്ലോ.
അച്ഛൻ ഈ വീട്ടിലെ വേലക്കാരിയ്ക്കല്ല ഇത്ര മുന്തിയ വിലയുള്ള ഫോൺ വാങ്ങിച്ച് കൊടുത്തത്..അങ്ങനായിരുന്നെങ്കിൽ അമ്മയ്ക്ക് അത്തട്ടിപ്പറിച്ചെടുക്കാമായിരുന്നു. ചേച്ചി അച്ഛന്റെ മകളല്ലേ..ആ മകൾക്കല്ലേ അച്ഛൻ ഫോൺ വാങ്ങിച്ച് തന്നത്..അത് കൈക്കലാക്കാൻ മറ്റുള്ളവർക്ക് എന്തധികാരം..
ചേച്ചിയ്ക്ക് സ്വന്തം അച്ഛൻ വാങ്ങിച്ച് തന്ന ഒരു സാധനം ചേച്ചിയുടെ അനുവാദമില്ലാതെ ചേച്ചിയുടെ കയ്യിൽ നിന്ന് ബലമായി പിടിച്ച് പറിച്ചെടുക്കാൻ എന്റെ അമ്മയ്ക്ക് യാതൊരു അവകാശവുമില്ല..
അമ്മ മറന്നു പോയെങ്കിൽ അത് ഞാൻ അമ്മയെ ഒന്നോർമിപ്പിച്ചിട്ട് വരാം.”
അനു റാണി തന്റെ കൈത്തണ്ടയിൽ പിടിച്ചിരുന്ന നവമിയുടെ കൈ പിടിച്ച് മാറ്റിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങി.
താഴേയ്ക്ക് പോകണോ അതോ പ്രവീണ ചേച്ചിയുടെ റൂമിലേക്ക് കയറണോ എന്ന് ഒരു നിമിഷം അവൾ അവിടെ ചിന്തിച്ചു നിന്നു.
അവസാനം അവൾ പ്രവീണയുടെ റൂമിലേക്ക് ചെന്ന് ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തേയ്ക്ക് കയറി.
പ്രവീണ സിമ്മും, മെമ്മറി കാർഡുമൊക്കെ പുതിയ ഫോണിലേക്ക് മാറ്റിയ ശേഷം ജിഷിനുമായി ചാറ്റിങ്ങിലായിരുന്നു.
വാതിൽ അനങ്ങുന്നത് കണ്ടപ്പോഴേ പ്രവീണ മോഡ് മാറ്റിക്കഴിഞ്ഞിരുന്നു.
“ആഹാ.. കൊള്ളാല്ലോ.. ചേച്ചിയ്ക്ക് അമ്മ പുതിയ ഫോൺ വാങ്ങിച്ചു തന്നോ…നമ്മളെങ്ങാനും അമ്മയോട് ഒരു മൊട്ടു സൂചി വാങ്ങിച്ച് തരാൻ പറഞ്ഞാൽ പോലും അമ്മ ഒന്നുമില്ലെന്ന് കൈമലർത്തി കാണിയ്ക്കും.. ചേച്ചി അങ്ങോട്ട് ആവശ്യപ്പെടേണ്ട താമസമേയുള്ളൂ… ആഴ്ച ആഴ്ച വേണേലും അമ്മ ചേച്ചിയ്ക്ക് ഫോൺ വാങ്ങിച്ച് തന്നോളും..നോക്കട്ടെ ഏത് ബ്രാന്റാ ചേച്ചീ…”
അനു ഫോണിന് നേർക്ക് കൈനീട്ടിയെങ്കിലും അതിനും മുന്പേ പ്രവീണ ഫോൺ മാറത്തേയ്ക്ക് ചേർത്തു പിടിച്ചിരുന്നു.
“ഇത് പറയാനാണോ നീയിങ്ങോട്ട് വന്നത്.. എനിയ്ക്ക് പഠിയ്ക്കാനുണ്ട്.. നീ നിന്റെ റൂമിലേക്ക് പോ അനൂ…”
“ഇതുപോലൊരു ഫോണല്ലേ ചേച്ചീ അച്ഛൻ നവമി ചേച്ചിയ്ക്ക് വാങ്ങിച്ച് കൊടുത്തിരിയ്ക്കുന്നത്.. ഇത് ഞാനൊന്ന് നോക്കട്ടെ. ഒന്ന് തന്നേ…”
“നീ അങ്ങനിപ്പോ നോക്കണ്ട..അവൾക്ക് മാത്രമല്ല ഈ ലോകത്ത് ഒരുപാട് പേരുടെ കയ്യിൽ കാണും ഇതുപോലുള്ള ഫോൺ.എന്താടീ, അവൾക്ക് മാത്രമേ ഇതുപോലുള്ള ഫോൺ ഉപയോഗിയ്ക്കാൻ പറ്റൂന്ന് ആരുടെയെങ്കിലും ഉത്തരവുണ്ടോ.”
പ്രവീണ ബെഡിൽ കിടന്നുകൊണ്ട് പറഞ്ഞു.
“ഒരുത്തരവുമില്ല..പക്ഷേ ഇതിത്തിരി തരം താണ പരിപാടി ആയിപ്പോയി ചേച്ചീ…ഏതായാലും അമ്മയും ചേച്ചിയും കൂടി കളിച്ച നാടകം കൊള്ളാം… പിച്ച ചട്ടിയിൽ കയ്യിട്ട് വാരുക എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ അത് നിങ്ങളിപ്പോൾ കാണിച്ചു തന്നു..എന്നിട്ടും ഒരുളുപ്പും ഇല്ലാത്തതാ കഷ്ടം…”
“ഇല്ലെടീ..ഒരുളുപ്പും ഇല്ല.എന്തിനാ ഉളുപ്പ് തോന്നണ്ടേ… എന്റെ അച്ഛന്റെ പൈസ കൊണ്ട് വാങ്ങിയ ഒരു സാധനവും ഇരിയ്ക്കേണ്ടത് മറ്റുള്ളവരുടെ കയ്യിലല്ല. എന്റെ കയ്യിലാ…അവൾക്ക് ആവശ്യമുള്ളത് അമ്മ കൊടുത്തിട്ടുണ്ട്. അത് ഉപയോഗിച്ച് കാമുകന്മാരെ വിളിച്ചാൽ മതി അവൾ…”
“നല്ല സംസ്ക്കാരം.. ഇതും ചേച്ചിയ്ക്ക് അമ്മ പറഞ്ഞു തന്നതാവും അല്ലേ…ചേച്ചിയുടെ ചിന്ത കൊള്ളാം..ഞാനൊഴിച്ചു ഈലോകത്ത് ബാക്കിയുള്ളവരെല്ലാം ഫോണുപയോഗിയ്ക്കുന്നത് കാമുകന്മാരെ വിളിയ്ക്കാൻ.. അല്ലേ…
നമ്മുടെ അമ്മയും ഞാനുമൊക്കെ ആ കൂട്ടത്തിലാണോ ചേച്ചീ പെടുത്തിയേക്കുന്നത്…”
അനു റാണി പരിഹാസത്തോടെ ചുണ്ടുകൾ കോട്ടി.
“ഛീ.. നിർത്തെ. ടീ…”പ്രവീണ ബെഡിൽ നിന്ന് ചാടി എണീറ്റു.
“എന്റെ റൂമിൽ കയറി വന്നു നിന്ന് എനിയ്ക്കെതിരെ കു. രയ്ക്കുന്നോ…കുറെ ദിവസമായി നീ അവളുമായി ചേർന്ന് എനിയ്ക്കെതിരെ പോരാടാൻ തുടങ്ങിയിട്ട്… വേണ്ടാ വേണ്ടാന്ന് വച്ചപ്പോൾ തലയിൽ കയറി നിരങ്ങുന്നോ…ഒറ്റയക്ഷരം മിണ്ടിപ്പോകരുത് ഇനി ഇവിടെ നിന്ന്. പൊയ്ക്കോണം ഇറങ്ങി…”
പ്രവീണ വാതിലിന് നേർക്ക് വിരൽ ചൂണ്ടി. പുച്ഛത്തോടെ അവളെ ഒന്ന് നോക്കിയ ശേഷം അനു ഡോറിന്റെ ഹാൻഡിലിൽ കൈവച്ചു.
ആ നിമിഷം ഗേറ്റിന് പുറത്ത് വിജയകൃഷ്ണന്റെ വാഹനം വന്നു നിൽക്കുന്ന ഒച്ച അവൾ കേട്ടു.
തുടരും…..

