ലയനം – ഭാഗം 09, എഴുത്ത്: അഞ്ജു തങ്കച്ചൻ

ദേവകി ചോദ്യഭാവത്തിൽ അവളെ നോക്കി.

എനിക്ക് താല്പര്യമില്ലെന്നുതന്നെ അമ്മ പറഞ്ഞേക്കൂ…

മോളേ,ഒന്നുകൂടെ ആലോചിച്ചിട്ട് പോരേ…

വേണ്ടമ്മേ… ആദ്യം ഞാൻ പഠിത്തം കഴിഞ്ഞ് ഒരു ജോലി നോക്കട്ടെ. വിവാഹപ്രായം കഴിഞ്ഞു നിൽക്കുവൊന്നുമല്ലല്ലോ ഞാൻ.

ദേവകി പിന്നൊന്നും പറയാൻ പോയില്ല.

***************

പിറ്റേന്ന് ദേവകി വരാൻ നോക്കിയിരിക്കുകയായിരുന്നു ശ്രീജിത്ത്‌.

മീനാക്ഷി എന്തായിരിക്കും മറുപടി പറഞ്ഞിരിക്കുന്നത് എന്നറിയാനുള്ള ആകാംഷ അടക്കി പിടിച്ചിരിക്കുകയായിരുന്നു അയാൾ.

രൂപേഷ് കുളിക്കാൻ കയറിയിരിക്കുകയാണ്.

അവൻ കുളി കഴിഞ്ഞിറങ്ങിയതും, ശ്രീജിത്തവനരികിലേക്ക് ചെന്നു.

എടാ… ദേവകി ചേച്ചി വന്നിട്ടുണ്ട്. നീ ഒന്ന് ചോദിച്ചേ മീനാക്ഷി എന്താണ് പറഞ്ഞതെന്ന്..

ഓഹ്.. ഇവന്റെ ഒരു തിടുക്കം. ഞാനാദ്യം തുണിയുടുക്കട്ടെ ചെറുക്കാ…

അതൊക്കെ പിന്നെ ഉടുക്കാം..

ങ്‌ഹേ… രൂപേഷ് കണ്ണ് മിഴിച്ചു.

അല്ല… തുണിയൊക്കെ ഇട് എന്നിട്ട് ചോദിച്ചാൽ മതി.

ഇവന്റെ ഒരു കാര്യം…

ദേവകി ഓരോ ജോലികളിലും മുഴുകി. അവരോട് എന്ത് പറയണമെന്ന് അവർക്ക് ഒരൂഹവും കിട്ടിയില്ല.അതുകൊണ്ട് തന്നെ രൂപേഷിന്റ മുന്നിൽ പെടാതെ അയാൾ നടന്നു.

രൂപേഷ് അടുക്കളയിലേക്ക് എത്തി.

ഇന്നെന്താ കഴിക്കാൻ? അയാൾ ഓരോ പാത്രത്തിന്റെയും അടപ്പ് തുറന്നു നോക്കി.

സുഭദ്രേടത്തീ… നമ്മുടെ പറമ്പിന്റെ കിഴക്കേ വശത്ത് നിൽക്കുന്ന ആ വാഴക്കുല നന്നായി മൂത്തു കേട്ടോ, അതിങ്ങു വെട്ടിയെടുത്തേക്ക്. രൂപേഷ് സുഭദ്രയോട് പറഞ്ഞു ഞാൻ ഞാൻn

ശരി… ഞാൻ വെട്ടിക്കൊണ്ട് വരാം.അവർ വാക്കത്തിയുമായി പുറത്തേക്കിറങ്ങി…

രൂപേഷ് ദേവകിയുടെ മുഖത്തേക്ക് നോക്കി

ദേവകി ചേച്ചീ… മീനാക്ഷി എന്ത് പറഞ്ഞു?

അത്.. പിന്നെ… അവൾ പഠിച്ചു കൊണ്ടിരിക്കുകയല്ലേ, പഠിത്തമൊക്കെ കഴിഞ്ഞിട്ടേ വിവാഹത്തിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നാ അവൾ പറഞ്ഞത്.

അത് മതി. ശ്രീജിത്തിനോട് അങ്ങനെ പറഞ്ഞേക്കട്ടെ ഞാൻ.പഠിത്തം കഴിഞ്ഞിട്ട് വിവാഹം നടത്താം എന്ന്.

അതിപ്പോ…. അങ്ങനൊന്നും പറയണ്ട..അവൾക്ക് അത്ര വലിയ ആളെ ഒന്നും വേണ്ടെന്നാ പറയുന്നത്. മോന് ഒന്നും തോന്നരുത്. അവൾ ചെറിയ കുട്ടിയല്ലേ. എന്റെ കുഞ്ഞിനെ ഒന്നിലും നിർബന്ധിക്കാൻ എനിക്കാവില്ല.

ശ്രീജിത്ത്‌ എന്ത് നല്ലവൻ ആണെന്ന് അറിയാമോ? എല്ലാം കൊണ്ടും യോഗ്യൻ. കാണാൻ ഇത്രേം സൗന്ദര്യമുള്ള, സ്വഭാവഗുണമുള്ള അവനെ ആരാ മോഹിക്കാത്തത്? ചേച്ചി ഒന്നുകൂടെ പറഞ്ഞുനോക്ക് മീനാക്ഷിയോട്..ഭാഗ്യം എപ്പോഴും പടികയറി വരണമെന്നില്ല.

അയാൾ അടുക്കളയിൽ നിന്നും ഇപ്പുറത്തേക്കു വന്നപ്പോൾ കണ്ടു, ശ്രീജിത്ത്‌ എല്ലാം കേട്ട് കൊണ്ടവിടെ നിൽപ്പുണ്ട്.

രൂപേഷ് വിഷമത്തോടെ അവനെ നോക്കി.

സാരമില്ലെടാ… അത് വിട്ടേക്ക്… ശ്രീജിത്ത്‌ അവന്റെ തോളിൽ കൈയ്യിട്ടു.

അനുവാദമില്ലാതെ സ്നേഹിച്ചു പോയത് എന്റെ തെറ്റ്… അത് പോട്ടെ.

രൂപേഷ് അവനെ നോക്കി.

മുഖത്ത്  നേർത്ത ചിരിയുണ്ട്. എങ്കിലും ആ കണ്ണുകളിലെ നീർത്തിളക്കം രൂപേഷ് തിരിച്ചറിഞ്ഞു.

എടാ… ഒരു പെണ്ണിന്റെ മനസ്സ് അല്ലേ,അതിലേക്ക് അങ്ങനെ പെട്ടന്ന് ഒന്നും   നമുക്ക് കയറാൻ പറ്റില്ല.നീ മീനാക്ഷിയെ കണ്ട് ഒന്ന് സംസാരിക്ക്. നേരിട്ട്  അവളോട്‌ പറ ജീവിതത്തിലേക്ക് കൂട്ടിയാൽ പോരുമോ എന്ന്.

അത് വേണ്ടടാ…

വേണം…. നീ ഇന്ന് വൈകുന്നേരം അവളെ കാണുന്നു. നിന്റെ മനസ്സ് തുറക്കുന്നു. എന്നിട്ടും നോ എന്നാണ് ഉത്തരമെങ്കിൽ നമ്മളിത് വിട്ടു കളയുന്നു… അത് മതി.രൂപേഷ് പറഞ്ഞു.

അത് വേണോടാ?

വേണം

ഉം… എന്നാൽ ഒരു വട്ടം കൂടെ നാണം കെടാം അല്ലേ,  ശ്രീജിത്ത് പറഞ്ഞു

അതിന് നിനക്ക് നാണം എന്നൊന്നുണ്ടോ??

ഇല്ല. അത് ഉണ്ടാകില്ല. നീയല്ലേ കൂട്ട് എങ്ങനെ ഉണ്ടാകും..

അതും ശരിയാ… രൂപേഷ് പൊട്ടിചിരിച്ചു.

******************

അന്നും ശങ്കർ വല്ലാതെ മ. ദ്യപിച്ച് കാലുകൾ നിലത്തുറക്കാത്ത വിധത്തിലാണ് വന്നത്.

എന്തൊക്കെയോ  കേസുകളുടെയും മറ്റും കാര്യങ്ങളൊക്കെ  ഉറക്കത്തിനിടയിൽ  പിറുപിറുക്കുന്നത് കേൾക്കാം.

രാവിലെ എന്തെങ്കിലും ചോദിക്കാമെന്ന് വെച്ചാൽ പപ്പ ഒന്നും പറയില്ല. മിണ്ടാതെ മുഖം കുനിച്ച് ഇരിക്കും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃത്യമായി ഭക്ഷണം കഴിക്കുകയോ കുളിക്കുകയോ ഒന്നും ചെയ്യുന്നില്ല. രാവിലെ ഉറക്കം ഉണർന്നാൽ നേരെ ബാറിലേക്ക് പോകും, അവിടെ ഇരുന്നു കുടിക്കും. രാത്രിയാവുമ്പോൾ നാലുകാലിൽ തിരിച്ചുവരും ഇതാണ് പതിവ്.

ഇപ്പോൾ രണ്ടു ദിവസമായി പപ്പയുടെ കാർ കാണാനില്ല. നടന്നാണ് പോക്കും വരവും.

എന്ത് ചോദിച്ചാലും മറുപടി പറയില്ല.

ഒടുവിൽ രണ്ടും കൽപ്പിച്ച് ശ്രേയ അച്ഛന്റെ ബിസിനസ് സ്ഥാപനത്തിലേക്ക്
ചെന്നു.

അവളെ കണ്ടിട്ടും ആരും കണ്ട ഭാവം പോലും നടിക്കുന്നില്ല.

അവൾ ഓഫീസ് ക്യാബിനിലേക്ക് ചെന്നു.

പരിചയമില്ലാത്ത ചിലആളുകൾ അകത്തിരിക്കുന്നു

ആരാണ് എന്താണ് ? അകത്തിരിക്കുന്നവർ അവളോട് ചോദിച്ചു

ഞാൻ ഈ ബിസിനസ് സ്ഥാപനത്തിന്റെ ഓണർ ശങ്കറിന്റെ മകളാണ്.

ഇതിന്റെ ഓണർ ഇപ്പോൾ ഞാനാണ്. വെളുത്ത പൊക്കം കുറഞ്ഞ ഒരു മനുഷ്യൻ പറഞ്ഞു

നിങ്ങൾ എന്താണ് ഈ പറയുന്നത് ?ശ്രേയ ദേഷ്യത്തോടെ ചോദിച്ചു

അതൊക്കെ വീട്ടിൽ ചെന്ന് അച്ഛനോട് ചോദിക്ക്.

ഇനി ഇവിടെ നിൽക്കണമെന്നില്ല. ഞങ്ങൾക്ക് ബിസിനസ് കാര്യങ്ങൾ പലതും ചർച്ച ചെയ്യാനുണ്ട്. ആ മനുഷ്യൻ തെല്ലുച്ചത്തിൽ അവളോട് പറഞ്ഞു

ശ്രേയ  രോഷത്തോടെ അവർക്ക് നേരെ ഒന്ന് നോക്കിയിട്ട്, പുറത്തേക്കിറങ്ങി

ഒന്നുമാത്രം അവൾക്ക് മനസ്സിലായി.

എല്ലാം കൈവിട്ടു പോയിരിക്കുന്നു. അതാണ് പപ്പയാകെ തകർന്നിരിക്കുന്നത്.

വൈകുന്നേരം ശങ്കർ മ. ദ്യപിക്കാതെയാണ് വീട്ടിലെത്തിയത്.

പപ്പാ…  അവൾ അയാളുടെ അടുത്തേക്ക് ചെന്നു.

മോൾ ഇപ്പോൾ എന്നോട് ഒന്നും ചോദിക്കരുത്. ഞാൻ ആകെ തകർന്നു നിൽക്കുകയാണ്.

ഇനി  നമ്മൾ എന്ത് ചെയ്യും പപ്പാ ? അവൾ ചോദിച്ചു

ഒന്നും ചെയ്യാനില്ല എല്ലാം കൈവിട്ടു പോയി.ഇനി ഇവിടുന്ന് ഇറങ്ങേണ്ടിവരും

ഇവിടെ നിന്നും ഇറങ്ങാനോ?  എങ്ങോട്ട്? ഇത് നമ്മുടെ വീടല്ലേ പപ്പാ

ആയിരുന്നു.പക്ഷേ ഇപ്പോഴല്ല.അയാൾ തലകുനിച്ചു

എടുക്കാനുള്ളത് എടുത്തോ നമുക്കിപ്പോൾ ഇവിടെ നിന്നിറങ്ങണം. ഇറക്കിവിടുന്നതിന് മുൻപ് സ്വയം ഇറങ്ങിപ്പോകാം

അവൾ തളർച്ചയോടെ  കസേരയിലേക്ക് ഇരുന്നു

ഇനി എന്ത് ചെയ്യും? മുന്നിൽ ഒരു വഴിയും തെളിയുന്നില്ല.

ഇത്രനാൾ സ്വന്തം എന്ന് കരുതിയതെല്ലാം കുറച്ചു ദിവസങ്ങൾ ഓരോന്നോരോന്നായി തങ്ങളിൽ നിന്നും നഷ്ടമായിരിക്കുകയാണ്

അവൾ പപ്പയുടെ നേരെ നോക്കി.

ഇറങ്ങ്.നമുക്ക് പോകാം അയാൾ പറഞ്ഞു.

എങ്ങോട്ടാണ് പപ്പാ?

എങ്ങോട്ടെങ്കിലും….

അവൾ ദയനീയമായി അയാളുടെ മുഖത്തേക്ക് നോക്കി.

നമുക്ക് പോകാൻ ഒരു ഇടവുമില്ല  അല്ലേ പപ്പാ

ഉണ്ട്…

എന്റെ പഴയ ഒരു സുഹൃത്ത് ഉണ്ട്. അവന്റെ ഒരു വീട് വാടകയ്ക്ക് കൊടുക്കാൻ ഇട്ടിരിക്കുകയാണ്. തൽക്കാലം അവിടേക്ക് മാറുകയെ രക്ഷയുള്ളൂ…

ഇല്ല.ഞാൻ എങ്ങോട്ടും വരുന്നില്ല ശ്രേയ പറഞ്ഞു

മറ്റൊരുതിരുവഴിയും നമ്മുടെ മുമ്പിൽ ഇല്ല മോളേ. എന്റെ മകളെയും കൊണ്ട് ഞാൻ പിന്നെ എന്ത് ചെയ്യും. അയാളുടെ കണ്ണുകൾ നിറഞ്ഞു.

എങ്ങനെയാണ് പപ്പാ ഇങ്ങനെയൊക്കെ സംഭവിച്ചത് എന്താണ് കാരണം എന്നോടൊന്നു പറ.

എന്റെ സകല ഐശ്വര്യത്തിന്റെയും കാരണം എന്റെ ഭാര്യ തന്നെയായിരുന്നു മോളെ. അവളിവിടെ ഇറങ്ങിയപ്പോൾ കൂടെ എല്ലാ സൗഭാഗ്യങ്ങളും ആണ് ഇറങ്ങിയത്. അവളായിരുന്നു ശരി. അവൾ ആയിരുന്നു ഈ കുടുംബത്തിന്റെ നെടും തൂൺ അവളായിരുന്നു എല്ലാത്തിനെയും താങ്ങി നിർത്തുന്നത്…

മോളിപ്പോൾ എന്റെ  കൂടെ വരൂ ചെറുതാണെങ്കിലും ഒരു വീട്ടിലേക്ക് നമുക്ക് മാറാം. നിന്നെ സെയ്ഫ് ആക്കുക എന്നുള്ളതാണ്  മാത്രേ ഈ പപ്പ ഇപ്പോൾ ആലോചിക്കുന്നുള്ളൂ…

ശ്രേയ എഴുന്നേറ്റു.

മുൻപിൽ മറ്റൊരു വഴിയുമില്ലെന്ന് അവൾക്കറിയാം.

****************

മീനാക്ഷി കോളേജിൽ പോയിട്ട്  ബസിറങ്ങി വരുന്ന വഴി രൂപേഷിനെ കണ്ടു

അയാളെ കണ്ടപ്പോൾ അവളുടെ ഉള്ളം നിറയെ പരിഭവം നിറഞ്ഞു.

താൻ പ്രാണനായി മനസ്സിൽ കൊണ്ടു നടക്കുന്നവനാണ്,തനിക്ക് വേണ്ടി മറ്റൊരാലോചനയും കൊണ്ടുവന്നത്.

അവൾ അയാളെ നോക്കാതെ മുന്നോട്ടു നടന്നു

ഹേയ്… മീനു എന്താ മിണ്ടാതെ പോകുന്നത്??

അവൾ തിരിഞ്ഞുനിന്നു.

ഒന്നുമില്ല.

എന്നാലും എല്ലാവരോടും എപ്പോഴും കലപില  വർത്താനം പറഞ്ഞുകൊണ്ട് നടക്കുന്നയാൾ,ഇന്നെന്താ മൗനമായി പോകുന്നത്…

പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു

അയ്യോ… എന്താ പറ്റിയത് ?എന്താ മോളെ നിന്റെ കണ്ണുനിറഞ്ഞത്? അയാൾ ചോദിച്ചു

അവൾ നിറഞ്ഞ മിഴികൾ ഉയർത്തി അയാളുടെ മുഖത്തേക്ക് നോക്കി

എന്നെ മറ്റൊരാൾക്ക് വേണ്ടി വിവാഹമാലോചിച്ചില്ലേ , എനിക്കിപ്പോഴൊന്നും വിവാഹം വേണ്ട അവൾ പറഞ്ഞു

അയ്യേ…അതിനാണോ കുട്ടി കരയുന്നത്. ഇപ്പോൾ വിവാഹം വേണ്ടെങ്കിൽ വേണ്ട. അതിന് ആരും നിർബന്ധിച്ചൊന്നുമില്ലല്ലോ.

പഠിത്തമൊക്കെ കഴിഞ്ഞ് സ്വന്തം കാലിൽ നിൽക്കാറായിട്ട് വിവാഹം കഴിച്ചാൽ മതി. അവൻ കാത്തിരിക്കാൻ തയ്യാറാണ്.അവന് അത്രയ്ക്ക് ഇഷ്ടമാണ് കുട്ടിയെ

അത് കേട്ടതും അവൾ വിതുമ്പി പോയി…

മനസ്സിൽ നിറയെ ഒരാൾ നിറഞ്ഞുനിൽക്കുമ്പോൾ എങ്ങനെയാണ് രൂപേഷേട്ടാ മറ്റൊരാളെ സ്നേഹിക്കാൻ ആവുക….

അയ്യോ… കുട്ടിക്ക് അങ്ങനെ ഒരു ഇഷ്ടം ആരോടെങ്കിലും ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. സോറി മോളെ ഞാൻ അതൊന്നും ആലോചിച്ചില്ല.

ഇപ്പോഴത്തെ കുട്ടികളല്ലേ അങ്ങനെയൊക്കെ ഉണ്ടാവുമല്ലോ,എന്ന് ഞാൻ ചിന്തിക്കണമായിരുന്നു. സാരമില്ല ഞാൻ അവനോട് പറഞ്ഞോളാം കുട്ടിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന്.അവന് മനസ്സിലാകും. അവന് ആരെയും വേദനിപ്പിക്കാൻ അറിയില്ല. സ്വയം വേദനിച്ചാലും ചുറ്റുമുള്ളവർ സന്തോഷിക്കണം എന്നാണ് അവന്റെ ആഗ്രഹം.

കുട്ടി ഒന്നും ആലോചിച്ചു വിഷമിക്കേണ്ട കേട്ടോ. അവനെ ഞാൻ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം

രൂപേഷേട്ടാ…ഇനിയും എന്നെ മനസ്സിലാകുന്നില്ലേ? അത് കണ്ടില്ലെന്ന് നടിക്കുന്നതാണോ

എന്താ മീനു?

എന്റെ മനസ്സിൽ രൂപേഷേട്ടൻ മാത്രമേയുള്ളൂ. എനിക്കറിയാം ഞാൻ ഒരു കൂലിവേലക്കാരിയുടെ മകളാണ് രൂപേഷ് ഏട്ടനെ ആഗ്രഹിക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ലെന്ന്. പക്ഷേ എത്രയൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും എന്റെ ഹൃദയം അത് അംഗീകരിക്കുന്നില്ല..

എനിക്ക് ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ല. ഈ ജന്മത്തിൽ കഴിയില്ല.

രൂപേഷേട്ടൻ എന്നെ സ്നേഹിക്കണം, എന്ന് വിവാഹം കഴിക്കണം എന്നൊന്നും  ഞാൻ ഒരിക്കലും  ആവശ്യപ്പെടില്ല.

പക്ഷേ സ്നേഹിക്കരുതെന്ന് മാത്രം എന്നോട് പറയരുത്. ദൂരെ മാറിനിന്ന് ഞാൻ സ്നേഹിച്ചോളാം മുന്നിൽ വരാതിരുന്നോളാം…

അവൾ കരഞ്ഞുകൊണ്ട് മുന്നിലേക്ക് ഓടിപ്പോയി

ഒരു രൂപേഷ് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു.

ഒരിക്കൽപോലും ഒരു നോട്ടം കൊണ്ട് പോലും,  ആ കുട്ടിക്ക്  താൻ മോഹം കൊടുത്തിട്ടില്ല.

തന്റെ മനസ്സിൽ അങ്ങനൊരു ചിന്ത പോലും കടന്നു വന്നിട്ടില്ല.

ഇനി എന്ത് ചെയ്യും ശ്രീജിത്തിനോട് താൻ എന്താണ് പറയുക ?അയാൾ ആകെ ആശങ്കയിലായി.

*************

തുടരും…..