ലയനം – ഭാഗം 08, എഴുത്ത്: അഞ്ജു തങ്കച്ചൻ

എടാ…അതൊരു കൊച്ചു പെൺകുട്ടിയല്ലേ? അത്  ഡിഗ്രി സെക്കൻഡ് ഇയർയോ മറ്റോ ആയിട്ടേയുള്ളൂ എന്ന് തോന്നുന്നു. രൂപേഷ് പറഞ്ഞു

എടാ,എനിക്ക് ഇന്ന് തന്നെ വിവാഹം കഴിക്കണം എന്നല്ല പറഞ്ഞത്. പഠിത്തമൊക്കെ കഴിഞ്ഞിട്ട് മതി. ഞാൻ കാത്തിരുന്നോളാം.എന്റെ മനസ്സിൽ ഇനി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലുമാകില്ല..

മീനാക്ഷി വളരെ നല്ല കുട്ടിയാണ് കാണാനും സുന്ദരിയാണ്.നിനക്ക് ചേരും. രൂപേഷ് പറഞ്ഞു

അതിന് ആ കുട്ടിയുടെ സൗന്ദര്യം അല്ലടാ ഞാൻ ആഗ്രഹിക്കുന്നത്, എന്റെ കണ്ണുകൾ കൊണ്ട് ഞാൻ ആ കുട്ടിയെ കാണുന്നതിനു മുൻപേതന്നെ ഈ മനസ്സിൽ അത് കയറി പറ്റിയെടാ..

എനിക്ക് ആ കുട്ടിയുടെ സ്വഭാവം… അതിന്റെ ശബ്ദം… എന്താണെന്നറിയില്ല…ഒരുപാട് ഇഷ്ടമാണ്.

എന്റെ ജീവിതത്തോട് ചേർത്തു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നത്
മീനാക്ഷിയെയാണ്.

അപ്പോൾ ശ്രേയ? നിങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞതല്ലേ? രൂപേഷ് ചോദിച്ചു

എനിക്കൊരു അപകടം സംഭവിച്ചിട്ട് പോലും എന്നെയൊന്നു കാണാൻ വരാത്ത, എന്തിനേറെ ഒന്ന് കാൾ ചെയ്തു പോലും  ഇതുവരെയും അന്വേഷിക്കാത്ത ശ്രെയയെ ഞാൻ ഇനിയും സ്നേഹിക്കേണ്ടതുണ്ടോ?? വേണ്ട  രൂപേഷ്.. ഇനിയവളെ ഓർമ്മിപ്പിക്കരുത്.

ശരിയാണ്. ഞാനും പലവട്ടം ചോദിക്കണം എന്ന് വിചാരിച്ചതാ. ശ്രേയ നിന്നെ വിളിക്കാറില്ലേ എന്ന്?.സത്യം പറഞ്ഞാൽ ശ്രേയയെ പോലൊരു പെൺകുട്ടിയെയല്ല നിനക്ക് വേണ്ടത്.

നീ ദേവകി ചേച്ചിയോട് സംസാരിക്കുമോ?  ശ്രീജിത്ത് വീണ്ടും ചോദിച്ചു

ഞാൻ ചോദിച്ചു നോക്കാം.

ശ്രീജിത്ത് അവനെ കെട്ടിപ്പിടിച്ചു. അല്ലെങ്കിലും എന്റെ ചങ്കാണ്നീ…

ഒന്ന് പോടാ…

രണ്ട് ദിവസം കഴിയുമ്പോൾ വീട്ടിലേക്ക് മടങ്ങി പോകണമെന്നാണ് ഞാൻ വിചാരിക്കുന്നത്.ഇനി വേറെ കുഴപ്പമൊന്നുമില്ലല്ലോ, ബിസിനസ് കാര്യങ്ങളൊക്കെ നോക്കണം.

അതേടാ.. നീ മടങ്ങി പോകണം. ആ പഴയ ശ്രീജിത്തിനെ എനിക്ക് കാണണം.
എനിക്ക് അവനെയാണ് ഇഷ്ടം.

പിന്നെ, എന്തൊക്കെ തിരക്കുകൾ ഉണ്ടെന്നു പറഞ്ഞാലും ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരണം കേട്ടോ.നമ്മുടെ തോട്ടത്തിലെ തൊഴിലാളികൾ ഒക്കെ നിന്നെ വല്ലാതെ സ്നേഹിച്ചു പോയി..ഇവിടെ ഉള്ളവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ… അതുകൊണ്ട് ഇടയ്ക്കൊക്കെ നമുക്ക് കൂടണം.

അത് നീ പ്രത്യേകിച്ച് പറയണ്ട. ഞാൻ വരും. നിനക്കറിയാമല്ലോ നിന്നോളമെനിക്ക് വലുതല്ല മറ്റൊന്നും. നിന്നെപ്പോലെ ഒരു കൂട്ടുകാരനെ വേറെ ആർക്കെങ്കിലും കിട്ടുമോടാ. ബിസിനസിന്റെ തിരക്കുകൾക്കിടയിൽ തലയാകെ ചൂടാകുമ്പോൾ ഞാൻ ഓടി ഇങ്ങോട്ട് വരുന്നത് നീ ഇവിടെയുണ്ടെന്നുള്ള ആശ്വാസത്തിൽ അല്ലേ?  നീ എനിക്ക് ജീവ വായുവോ, അതുമല്ലെങ്കിൽ ജീവജലമോ ഒക്കെ പോലെയാണ്. ശ്രീജിത്ത് പറഞ്ഞു

നീ സാഹിത്യവും പറയാൻ തുടങ്ങിയോ? രൂപേഷ് അവന്റെ തോളിൽ ഒറ്റ അടി വെച്ചുകൊടുത്തു.

എടാ…ഞാൻ പോകുന്നതിനു മുമ്പ് നമുക്കൊരു ദിവസം അന്നത്തെപ്പോലെ, എല്ലാവരെയും വിളിച്ചുകൂട്ടി ഒന്ന് ആഘോഷിച്ചാലോ. ശ്രീജിത്ത് ചോദിച്ചു

അതൊക്കെ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.. പക്ഷേ,ആദ്യം ഞാൻ ദേവകി ചേച്ചിയോട് ചോദിക്കാം, മീനാക്ഷിയെ നിനക്ക് വിവാഹം ചെയ്തു തരുമോ എന്ന്. അവർ പറഞ്ഞാൽ യെസ് പറഞ്ഞാൽ നമുക്ക് ആഘോഷിക്കാം അതുപോരേ ?

മതി അതുമതി. ശ്രീജിത്ത് പറഞ്ഞു

***************

ശ്രേയ ഹാളിലെ സെറ്റിയിൽ മൊബൈലും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

നേരം നന്നേ രാത്രിയായിട്ടും പപ്പ ഇതുവരെ എത്തിയിട്ടില്ല

വിളിച്ചുനോക്കിയിട്ടാണെങ്കിൽ ഫോൺ എടുക്കുന്നുമില്ല

അവൾ ആക്ഷമയോടെ കാത്തിരുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ശങ്കർ കയറി വന്നു

അയാളുടെ കാലുകൾ നിലത്തുറയ്ക്കുന്നില്ല..ആടിയാടി അയാൾ അവളുടെ അടുത്ത് വന്നിരുന്നു

മ. ദ്യത്തിന്റെ രൂ. ക്ഷഗന്ധം..

ഇതെന്താ പതിവില്ലാതെ ഇങ്ങനെ മ. ദ്യപിച്ച്? അയ്യേ എന്തൊരു നാറ്റമാണ് അവൾ മൂക്കു പൊത്തി.

എന്റെ എല്ലാം പോയി ഇനി ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്  അയാൾ എന്തൊക്കെയോ  വ്യക്തതയില്ലാതെ പറഞ്ഞു.

എന്താണ് പപ്പാ എന്താ സംഭവിച്ചത്?

ഇനി എന്ത് സംഭവിക്കാൻ…

എല്ലാം  വിശ്വസിച്ചേൽപ്പിച്ചവൻ എന്നെ വഞ്ചിച്ചു. എന്റെ തൊഴിലാളികളെ വഞ്ചിക്കാൻ എനിക്കാവില്ല…. അയാൾ കരഞ്ഞു.

എന്താ ഉണ്ടായത് പപ്പാ ? തുറന്നു പറ

അയാൾ അതിനു മറുപടി ഒന്നും പറയാതെ സെറ്റിയിൽ തന്നെ കിടന്നുറക്കമായി…

മ. ദ്യത്തിന്റെ രൂക്ഷ ഗന്ധമടിച്ച് അവൾക്ക് ശർദ്ദിക്കാൻ വന്നു.

അവൾ മുറിയിലേക്ക് പോയി

ഒന്നുമാത്രം അവൾക്ക് മനസ്സിലായി പപ്പാ വളരെയധികം തളർന്നിരിക്കുന്നു ഇതിനുമുമ്പ് ഇങ്ങനെ മ. ദ്യപിച്ച്  ലക്ക് കെട്ട് കണ്ടിട്ടില്ല.

എന്തായാലും രാവിലെ പപ്പയോട് കാര്യങ്ങൾ ചോദിച്ചറിയാം.

*****************

മീനാക്ഷി കോളേജ് പോയി വന്നുകഴിഞ്ഞ്, ഉണ്ണിക്കുട്ടനെ നഖം വെട്ടാൻ പരിശീലിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി അവൾ അവനെ അതിനു പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.

അത്രയേറെ ക്ഷമയോടെ ഓരോന്നും ചെയ്തു കാണിച്ചവന്റെ മനസ്സിൽ അതുറപ്പിക്കുക എന്നുള്ളത് നിസ്സാര കാര്യമല്ല

എങ്കിലും അവൾ ഓരോ കാര്യങ്ങളും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഒക്കെ എടുത്ത് അവനെ പരിശീലിപ്പിക്കുന്നുണ്ട്.

സ്വന്തം കാര്യങ്ങൾ കുറച്ചെങ്കിലും അവനെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് അവൾ ഓരോ ദിവസവും.

പതിനഞ്ചു വയസ്സായ ആൺകുട്ടിയല്ലേ, തനിക്ക് എല്ലാം ചെയ്തു കൊടുക്കുന്നതിന് ഒരു പരിമിതിയുണ്ട്. മാത്രവുമല്ല അമ്മ പറഞ്ഞാൽ അവൻ അനുസരിക്കുകയും ഇല്ല.

അമ്മ എത്ര പറഞ്ഞാലും ചിലപ്പോഴൊക്കെ അവൻ മുറ്റത്തേക്കോ വഴിയിലേക്കോ ഒക്കെ ഓടിപ്പോയെന്നുവരാം.

അയൽപക്കത്തുള്ള കൊച്ചുകുട്ടികൾ ഒക്കെ ആയിട്ടാണ് അവന്റെ ഇപ്പോഴത്തെ കൂട്ട്.

അവരോടൊപ്പം ഓടിച്ചാടി കളിക്കും, ശരീരം കൊണ്ട് മാത്രമേ അവൻ വലിയൊരു കുട്ടിയായി എന്ന് തോന്നൂ…

ഓട്ടിസം ബാധിച്ച കുട്ടി ആയതുകൊണ്ട് തന്നെ അവന് പലതിനെയും ഭയമാണ്,
പിന്നെയുള്ള ഏറ്റവും വലിയ പ്രശ്നം അവന് എന്തും ഏതും അറപ്പാണ്.

നോർമൽ ബുദ്ധിയുള്ള ഒരു കുട്ടി ആയിരുന്നെങ്കിൽ ഇപ്പോൾ അമ്മയ്ക്കും തനിക്കുംഎന്താശ്വാസമാകുമായിരുന്നു.എല്ലാത്തിനും അവന്റെ ഒരു കൈ സഹായം ഉണ്ടാകുമായിരുന്നില്ലേ?

പാവം കുട്ടി… അവനിങ്ങനെ ജനിച്ചു പോയില്ലേ, അവൾ അവനെ തന്റെ ശരീരത്തിനോട് ചേർത്തു പിടിച്ചു.എന്റെ കുട്ടിയെ ഞാൻ ഉള്ള കാലത്തോളം ഞാൻ  പൊന്നുപോലെ നോക്കും.

ഇനി ഞാൻ ഇല്ലാത്ത ഒരു കാലം വന്നാൽ, അവന് അവന്റെ കാര്യം നോക്കാനുള്ള  പ്രാപ്തിയെങ്കിലും ഉണ്ടാക്കി കൊടുക്കാനാണ് താൻ ശ്രമിക്കുന്നത്.

അപ്പോഴാണ് വീടിനപ്പുറം രൂപേഷിന്റെ വണ്ടി കണ്ടത് വന്നു നിൽക്കുന്നത് അവൾ കണ്ടത്.

വാഹനം  കണ്ടതും ദേവകി വഴിയിലേക്ക് ഇറങ്ങിച്ചെന്നു

അവർ വഴിയിൽ നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് മീനാക്ഷി ശ്രദ്ധിച്ചു

എന്തോ ഗൗരവമുള്ള വിഷയം ആണെന്ന് അവൾക്ക് തോന്നി.

എന്താകും രണ്ടാളും പറയുന്നത്?

അവൾ വഴിയിലേക്ക് നോക്കിയിരുന്നു. ഇടയ്ക്ക് അവർ തന്നെ നോക്കുന്നുമുണ്ട്

അൽപനേരം കഴിഞ്ഞപ്പോൾ  രൂപേഷ് വണ്ടിമെടുത്ത് തിരിച്ചു പോകുന്നത് കണ്ടു

ദേവകി വീട്ടുമുറ്റത്തേക്ക് കയറി വന്നു.

എന്താ അമ്മേ രൂപേഷ് ഏട്ടൻ ഇങ്ങോട്ട് വന്നത്?  എന്താ സംസാരിച്ചത് ?അവൾ ചോദിച്ചു

അമ്മ സന്തോഷത്തോടെ അവളുടെ തോളിൽ കയ്യിട്ടു.

രൂപേഷ് ഒരൂട്ടം പറയാൻ വന്നതാ..

എന്ത്?

അവിടെ രൂപേഷിന്റെ ഒരു സുഹൃത്ത് വന്നിട്ടില്ലേ ശ്രീജിത്ത്, അയാൾക്ക് നിന്നെ ഇഷ്ടമാണെന്ന്, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന്. നിനക്ക് സമ്മതമാണോ എന്ന് ചോദിക്കാൻ പറഞ്ഞു

അവൾ ഞെട്ടിപ്പോയി

അമ്മ എന്തു പറഞ്ഞു ? അവൾ ചോദിച്ചു

ഞാനെന്തു പറയാനാ ഒരു ഡോക്ടറിന്റെയും കോളേജ് അധ്യാപികയുടെയും  മകനാണ് ശ്രീജിത്ത്. കൂടാതെ പേരുകേട്ട ബിസിനസുകാരനും.

അത്രയും വലിയൊരു കുടുംബത്തിലേക്ക് എന്റെ മകൾക്ക് ഒരു ആലോചന വരുന്നത് എന്തുകൊണ്ടും നല്ലതല്ലേ?

പണമാണോ അമ്മേ ഒരാളുടെ യോഗ്യത അളക്കുന്ന ഘടകം? അവൾ ചോദിച്ചു

അതൊന്നും എനിക്കറിയില്ല മോളെ. പക്ഷേ ശ്രീജിത്ത് നല്ലവനാ.കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി നമുക്ക് അയാളെ പരിചയമുള്ളതല്ലേ..

നല്ലവനാണ്… യോഗ്യനാണ്… കാണാനും അതീവ സുന്ദരനാണ്..ഇത് നടന്നാൽ എന്റെ മകളുടെ ഭാഗ്യമാണ്.

പക്ഷേ മോളെ ഞാൻ നിർബന്ധിക്കുകയൊന്നുമില്ല. അങ്ങനെ നിർബന്ധിച്ചു നടത്തേണ്ട ഒന്നല്ല നിന്റെ വിവാഹം എന്നെനിക്കറിയാം.

താല്പര്യമുണ്ടെങ്കിൽ പറയു…ഈ വിവാഹം നടന്നാൽ രക്ഷപ്പെടാൻ പോകുന്നത് മോൾ മാത്രമല്ല.അമ്മയും നിന്റെ അനുജനും കൂടിയാണ് അതുകൂടി മോൾ ഓർമിക്കണം

മീനാക്ഷി മൗനമായിരുന്നു.

ദേവകി അകത്തേക്ക് കയറിപ്പോയി

അവൾ ഉമ്മറത്തേക്കിരുന്നു.

അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു.

സുഹൃത്തിന് വേണ്ടി തന്നെ ആലോചിക്കാൻ കയറി വന്നത് രൂപേഷേട്ടനാണ്

തന്റെയുള്ളിൽ രൂപേഷ് ഏട്ടൻ ആണെന്ന് അദ്ദേഹം ഇനിയും മനസ്സിലാക്കിയിട്ടില്ലല്ലോ.

ഒരു നേട്ടങ്ങളും എനിക്ക് വേണ്ട….കിട്ടുമെങ്കിൽ രൂപേഷേട്ടനെ മതി..അതിനുള്ള യോഗ്യത ഈയുള്ളവൾക്കുണ്ടോ എന്നറിയില്ല..

തന്റെ കണ്ണുകളിലെ പ്രണയം അദ്ദേഹം ഒരിക്കലും തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കില്ലേ…?

ദേവകി വീണ്ടും അവളുടെ അടുത്തേക്ക് വന്നു

മറ്റന്നാൾ ശ്രീജിത്ത് അയാളുടെ നാട്ടിലേക്ക് മടങ്ങിപ്പോകും എന്നാണ് പറഞ്ഞത്.

അതുകൊണ്ട് മോളുടെ അഭിപ്രായം എന്തായാലും അത് നാളെ അറിയിക്കാൻ പറ്റുമോ എന്ന് രൂപേഷ് ചോദിച്ചിരുന്നു.ഞാനെന്തു പറയണം?

ദേവകി ചോദ്യ ഭാവത്തിൽ അവളെ നോക്കി.

തുടരും….