അയാൾ കാത്തിരുന്നു…
അവർ വന്നപ്പോഴേക്കും വൈകുന്നേരം ആയിരുന്നു.
അച്ഛനും അമ്മയും മകന്റെ അരികിലേക്ക് ചെന്നു.
മോനെ…ഇപ്പോൾ എങ്ങനെയുണ്ട്? ചന്ദ്രശേഖരൻ അവന്റെ തലയിൽ തലോടി
ഇപ്പോൾ കുഴപ്പമൊന്നുമില്ലച്ഛാ
ഭാനുമതി അവന്റെ അരികിലിരുന്നു. അവന്റെ കവിളിലൂടെ വിരലോടിച്ചു
എത്ര ദിവസമായി എന്റെ കുഞ്ഞിനെ ഒന്ന് കണ്ടിട്ട്…അമ്മ അവന്റെ നെറുകയിൽ ചുംബിച്ചു.
രൂപേഷ് അവരുടെ അടുത്തേക്ക് വന്നു
യാത്ര എങ്ങനെയുണ്ടായിരുന്നു. അയാൾ ചോദിച്ചു.
ഒരുപാട് വളവും തിരിവും ഒക്കെയുള്ള വഴിയിലൂടെയുള്ള യാത്ര ആയതുകൊണ്ടാണെന്ന് തോന്നുന്നു, എന്റെ ചെവി രണ്ടുമടഞ്ഞിയിരിക്കുകയാണ്. ഭാനുമതി പറഞ്ഞു
ഇവിടെ എന്തൊരു തണുപ്പാണ്… ചന്ദ്രശേഖരൻ പറഞ്ഞു
അതെയതെ ഇവിടെ എപ്പോഴും തണുപ്പാണ്.
അങ്കിളും ആന്റിയും ഹൈറേഞ്ചിലേക്ക് ആദ്യമായിട്ടാണോ വരുന്നത് ?രൂപേഷ് ചോദിച്ചു
അല്ല.ഒന്നുരണ്ട് വട്ടം വന്നിട്ടുണ്ട്.
ശരി.നിങ്ങൾ സംസാരിച്ചിരിക്ക്.ഞാൻ അപ്പുറത്തേക്ക് ചെന്നു കഴിക്കാൻ എന്തെങ്കിലും എടുക്കാൻ പറയാം.
എനിക്കൊരു ചൂട് കോഫി പറയാമോ രൂപേഷ് ? ഭാനുമതി ചോദിച്ചു.
പറയാം ആന്റി.
അമ്മേ… കഴിഞ്ഞ ദിവസം ഞങ്ങൾ മുറ്റത്ത് ഇരുന്നപ്പോൾ എന്തൊക്കെയോ നിഴലുപോലെ എനിക്ക് കാണാൻ പറ്റിയിരുന്നു. ശ്രീജിത്ത് പറഞ്ഞു കേട്ടോ
ദൈവമേ….അവർ നെഞ്ചിൽ ആശ്വാസത്തോടെ കൈ ചേർത്തു.
അല്ലെങ്കിലും കാഴ്ച കിട്ടുമെന്ന് തന്നെയായിരുന്നു ഡോക്ടർ ഗിരിധർ പറഞ്ഞത്. ചന്ദ്രശേഖരൻ പറഞ്ഞു.
അച്ഛ… നമ്മുടെ കമ്പനിയിലെ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു ശ്രീജിത്ത് ചന്ദ്രശേഖരനോട് ചോദിച്ചു
അതൊന്നും ഓർത്തു നീ വിഷമിക്കേണ്ട.ഒക്കെ നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്.
മോനെ നിരുപമ നിന്നെ കാണാനായി വീട്ടിൽ വന്നിരുന്നു കേട്ടോ. ഭനുമതി പറഞ്ഞു
നിരുപമക്ക് വലിയ വിഷമമായിരുന്നു നിന്നെ കാണാൻ പറ്റാഞ്ഞിട്ട്. നീ തിരികെ വരുമ്പോൾ അവർ വരാമെന്ന് പറഞ്ഞിട്ടുണ്ട്
ഉം…
ഇത്രയും യാത്ര ചെയ്തു വന്നതല്ലേ അച്ഛനും അമ്മയും പോയി ഒന്ന് ഫ്രഷ് ആകൂ….അവൻ പറഞ്ഞു..
******************
നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ എല്ലാവരും കൂടി മുറ്റത്ത് കസേരകൾ ഇട്ട് അവിടെ ഇരിക്കുകയായിരുന്നു.
തണുപ്പും….ഇളം കാറ്റും… ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ എന്തൊരു രസമാണ്…
മുറ്റത്തിനപ്പുറം വലിയ മരങ്ങളിൽ നിറയെ മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ തെളിയുകയും കെടുകയും ചെയ്യുന്നു..
വീശിയെത്തുന്ന കാറ്റിന് പലതരം വാസനയാണ്…ചിലപ്പോൾ പൂക്കളുടെ….ചിലപ്പോൾ ഏലക്കയുടെ…അതുമല്ലെങ്കിൽ
കച്ചോലത്തിന്റെയോ… കുരുമുളകിന്റെയോ…. ഗ്രാമ്പുവിന്റെയോ ഒക്കെ,ഒരു ഇളം മണം…
ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ എന്തൊരു ശാന്തതയാണ്… എന്തൊരു മനസ്സമാധാനമാണ്….വെറുതെയല്ല രൂപേഷനരികിലേക്ക് ഇടയ്ക്കിടെ ശ്രീജിത്ത് പോരുന്നത്.
ഭാനുമതി ഓർത്തു.
പിറ്റേന്ന് ആവാൻ ശ്രീജിത്ത് കാത്തിരിക്കുകയായിരുന്നു.
രാവിലെ മീനാക്ഷി വരും, ആ സുഖമുള്ള കാത്തിരിപ്പ് അയാൾക്ക് ഏറെ ഇഷ്ടമായിരുന്നു…
അന്ന് പക്ഷേ പതിവുപോലെ കാച്ചണ്ണയുടെ വാസന അടുത്തു വന്നില്ല. പതിവുള്ള ചായയുമായി അവൾ എത്തിയില്ല.
അയാൾക്ക് വല്ലായ്മ തോന്നി
അന്ന് മറ്റാരോ ആണ് ഭക്ഷണം എടുത്ത് തന്നതെന്ന് അവന് മനസ്സിലായി.
അതുവരെ കേട്ടിട്ടില്ലാത്ത ശബ്ദത്തിന്റെ ഉടമ ആരാണെന്ന് അവന് മനസ്സിലായില്ല
ഇതാരാണ്? ശ്രീജിത്ത് ചോദിച്ചു
ഇത് മീനാക്ഷിയുടെ അമ്മ ദേവകി ചേച്ചിയാണ്. ഒരു രൂപേഷ് പറഞ്ഞു
മീനാക്ഷി എവിടെ? ശ്രീജിത്ത് ചോദിച്ചു
അവൾ കോളേജിൽ പോയി തുടങ്ങി. എന്റെ അസുഖം കുറഞ്ഞു. ഇനിയിപ്പോ ഞാൻ എല്ലാ ദിവസവും വന്നോളാം. ദേവകി പറഞ്ഞു.
ശ്രീജിത്തിന് ആകെ നിരാശ തോന്നി.
ആ ശബ്ദം ഒന്ന് കേൾക്കാതെ എങ്ങനെയാണ് ദിവസം കഴിച്ചുകൂട്ടുക..
വയ്യ… തനിക്ക് പറ്റുന്നില്ല,അവളെ കാണാതിരിക്കാൻ..അവൻ ഭക്ഷണം മതിയാക്കി.
എന്തു പറ്റിയെടാ ? നീ എന്താ ഭക്ഷണം മതിയാക്കിയത്?അതുകൂടി കഴിക്ക്. മരുന്നൊക്കെ കഴിക്കാനുള്ളതല്ലേ, രൂപേഷ് അവനെ നിർബന്ധിച്ചു.
വേണ്ടടാ വയർ നിറഞ്ഞു.അതാ.
ഭക്ഷണം കഴിച്ചതിനുശേഷം ചന്ദ്രശേഖരനും ഭാനുമതിയും തിരികെ പോകാനായി ഇറങ്ങി.
ഞങ്ങൾ പോട്ടെടാ അവർ ശ്രീജിത്തിന്റെ കൈകളിൽ പിടിച്ചു
ശരി.
അടുത്തയാഴ്ച ചെക്കപ്പിന് പോകാനുള്ളതാ അപ്പോഴേക്കും രൂപേഷ് അവനെ അങ്ങോട്ട് കൊണ്ടു വരില്ലേ? ചന്ദ്രശേഖരൻ ചോദിച്ചു.
ഉവ്വ്..അതൊക്കെ ഞാൻ നോക്കിക്കോളാം.
അവർ യാത്ര പറഞ്ഞു പോയി
***************
നിരുപമ സ്വന്തം വീട്ടുമുറ്റത്തേക്ക് കയറി.
താൻ ജനിച്ചു വളർന്ന തന്റെ വീട്…
ഓടിട്ട ആ ചെറിയ വീടിന് നേരെ അവൾ കൊതിതീരാതെ നോക്കി..
മുറ്റത്ത് പാഴിലകൾ കിടപ്പുണ്ട്.
അവൾ ഇളംതിണ്ണയിലേക്ക് കാലെടുത്തുവെച്ചു.
അമ്മേ…അവൾ ഉറക്കെ വിളിച്ചുകൊണ്ട് അകത്തേക്ക് ചെന്നു.
ഹാളിലെ കട്ടിലിൽഅമ്മ കിടപ്പുണ്ട്.
അമ്മേ… അവൾ അമ്മയുടെ അരികിലിരുന്നു
മോളെ… എന്റെ മോള് വന്നോ ? അമ്മ എഴുന്നേൽക്കാൻ ശ്രമിച്ചു. അവൾ അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.
എന്റെ കുട്ടി…നീ അങ്ങ് വല്ലാണ്ട് കോലം കേട്ടല്ലോ. അമ്മ അവളെ തഴുകി.
അവനും മോളും വന്നില്ലേ ?അവർ അന്വേഷിച്ചു
ഇല്ലമ്മ.ഞാൻ അമ്മയുടെ കൂടെ നിൽക്കാൻ വന്നതാ.
നേരാണോ എന്റെ കുഞ്ഞ് കുറച്ചുദിവസം അമ്മയുടെ കൂടെ നിൽക്കുമോ ?
പിന്നെ നിൽക്കാതെ… അമ്മയുടെ അസുഖം മാറിയിട്ടേ ഇനി ഞാൻ പോകുന്നുള്ളൂ…
അമ്മ മനസ്സ് തുറന്നു ചിരിച്ചു.
അമ്മയുടെ കാൽമുട്ടിനു രണ്ടിനും വേദനയാ നിലത്ത് കാൽ കുത്താൻ. പോലും പറ്റില്ല അസ്ഥികൾക്ക് തേയ്മാനം ആണെന്നാണ് ഡോക്ടർ പറഞ്ഞത്.
രാധ ചേച്ചി ? എവിടെയാണ് അവൾ ചോദിച്ചു
രാവിലെ വന്ന് ഭക്ഷണം ഉണ്ടാക്കി തന്നിട്ട് പോയി.
നിരുപമ,അമ്മയ്ക്ക് സഹായത്തിനായി അടുത്തുള്ള ചേച്ചിയെ നിർത്തിയിരുന്നു.
ചേച്ചിക്ക് മാസം ഒരു തുക കൊടുത്ത് നിർത്തിയിരിക്കുന്നതാണ്.
രാവിലെ ഭക്ഷണം ഉണ്ടാക്കികൊടുക്കാനും, വൈകിട്ട് കൂട്ട് കിടക്കാനും അവർ വരും.
ഭർത്താവ് ഉപേക്ഷിച്ച രണ്ടു മക്കളുള്ള ഒരു സാധുവായ സ്ത്രീയാണ് രാധ. പകൽ അവർ മറ്റു വീടുകളിൽ കൂലിപ്പണിക്ക് പോകും. പോകും മുൻപ് അമ്മക്കുള്ള ഭക്ഷണം ഉണ്ടാക്കി വയ്ക്കും. വൈകിട്ട് അവരുടെ വീട്ടിലെ പണിയൊക്കെ ഒതുക്കിയിട്ട്,രാത്രിയിൽ അമ്മക്കു കൂട്ട് കിടക്കാൻ കുട്ടികളെയും കൊണ്ട് വരും.
നിരുപമയ്ക്ക് അമ്മയെ ഒറ്റയ്ക്കാക്കാൻ വല്ലാത്ത ഭയമായിരുന്നു.
അതുകൊണ്ടാണ് ശങ്കറിനോട് പോലും പറയാതെ, രാധയെ അമ്മക്ക് സഹായത്തിന് നിർത്തിയത്.
ഇപ്പോൾ മുട്ടിനു വേദന കുറവുണ്ടോ അമ്മേ?
എന്റെ മോളെ കണ്ടപ്പോൾ അമ്മയുടെ സകല വേദനയും പോയി മോളെ.
അവൾ അമ്മയെ ചേർത്തു പിടിച്ചു. അവൾക്കറിയാം ഒറ്റപ്പെടലിന്റെ വേദന എത്രത്തോളം ഉണ്ടെന്ന്..
അവൾ വേഗം പോയി കുളിച്ച് ഡ്രസ്സ് മാറ്റി.
അവൾക്ക് വല്ലാത്തൊരു ഉണർന്നു തോന്നി
മോളെ… രാധ കഴിക്കാൻ ഇണ്ടാക്കി വച്ചിട്ടുണ്ട്. മോളെടുത്ത് കഴിക്ക്. അതോ അമ്മ വിളമ്പി തരണോ..
ഞാൻ വിളമ്പിക്കോളാം. എന്നിട്ട് നമ്മൾ രണ്ടാളും കൂടെ,പഴയതു പോലെ നമ്മുടെ തിണ്ണയിൽ പോയിരുന്നു കഴിക്കും…
അമ്മ ചിരിച്ചു…
ഭക്ഷണവും വിളമ്പി… രണ്ടാളും കൂടെ ഉമ്മറത്തേക്കു നടന്നു..
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുടെ ഭാന്ധക്കെട്ടുകൾ തുറന്ന്,ആ അമ്മയും മകളും അവരുടേത് മാത്രമായ കൊച്ചു ലോകത്തിൽ മറ്റെല്ലാം മറന്നിരുന്നു…
**************
ശ്രീജിത്ത് ആകെ വിഷമത്തിലായിരുന്നു.
ഓരോ ദിവസവും അയാൾ നോക്കിയിരിക്കും,മീനാക്ഷി വരുമോ എന്ന്…ഇനിയും അവളുടെ സാമീപ്യം ഇല്ലാതെ ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് അയാൾക്ക് തോന്നി.
അത്രയേറെ തന്റെ ഉള്ളത്തിൽ അവൾ നിറഞ്ഞതാണ്.
അയാളെ വീണ്ടും നിരാശ കീഴടക്കി..
ഈ ഇരുട്ടിന്റെ ലോകത്തിൽ താൻ മടുത്തു. വയ്യാ… വയ്യ….
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.അയാൾ മിഴികൾ ചേർത്തടച്ചു…
ഉള്ളം വിങ്ങുകയാണ്….
എത്ര ആക്റ്റീവ് ആയ, ബോൾഡ് ആയ ഒരു മനുഷ്യൻ ആയിരുന്നു താൻ.
വിജയങ്ങൾ മാത്രം കരസ്തമാക്കിയ ആൾ.
ഇന്നിതാ… ഇവിടെ തീർത്തും നിസ്സഹായനായ ഒരു മനുഷ്യനായി…
എത്ര പെട്ടന്നാണ് ജീവിത ത്തിൽ മാറ്റങ്ങൾ ഉണ്ടായത്…നേർത്ത ഒരു പാളിച്ച പോലും മനുഷ്യരെ എത്രയേറെ നിസ്സഹായർ ആയി മാറ്റുന്നു.
അനേകം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആഗ്രഹങ്ങളെയെല്ലാം നേടിയെടുത്ത ശ്രീജിത്ത് ഇതാ…ഇപ്പോൾ ഒരു മുറിയിൽ ഒറ്റക്കിരുന്നു കരയുന്നു…
കുറേ നേരം അയാൾ ആ ഇരിപ്പ് ഇരുന്നു.
പതിയെ അയാൾ മിഴികൾ തുറന്നു…
അയാൾ അത്ഭുതപ്പെട്ടു പോയി…തെളിച്ചമില്ലാത്ത മങ്ങിയ ചിത്രങ്ങൾ തനിക്ക് കാണാൻ കഴിയുന്നുണ്ട്.
അയാൾക്ക് കണ്ണടക്കാൻ ഭയം തോന്നി. കണ്ണടച്ചാൽ ആ കാഴ്ചകൾ വീണ്ടും മറഞ്ഞു പോകുമോ എന്നയാൾ ഭയന്നു..
അയാൾ ചുറ്റിലും നോക്കി.വ്യക്തത തീരെ കുറവാണ്..എങ്കിലും മുറിയുടെ വാതിലും ഭിത്തിയും ഒക്കെ അയാൾക്ക് മനസ്സിലായി…
അയാൾക്ക് സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല..
എടാ…. രൂപേഷേ… അയാൾ കരച്ചിലോടെ അലറി വിളിച്ചു..
എന്താടാ…. രൂപേഷ് ഒറ്റ ഓട്ടത്തിനവന്റെ അരികിൽ പാഞ്ഞെത്തി..
എന്താടാ… നീ വീണോ.. എന്താ പറ്റിയെ?
എടാ… ഇത്തിരി എനിക്ക് കാണാൻ പറ്റുന്നുണ്ട്…
സന്തോഷം കൊണ്ട് രൂപേഷ് അവനെ ഇറുക്കെ പുണർന്നു.
എടാ… നോക്കിക്കേ… എന്നെ കാണാൻ നിനക്ക് പറ്റുന്നുണ്ടോ?
എന്റെ മുന്നിൽ നീ നിൽക്കുന്നത് കാണാം, പക്ഷെ… ആരാണെന്നു വ്യക്തമായി മനസ്സിലാവില്ല. നീയിപ്പോൾ സംസാരിച്ചില്ലെങ്കിൽ ആരാണെന്നു ഞാൻ മനസ്സിലാക്കില്ല..
എന്നാലും സാരമില്ലടാ… ഇത്രയും കാണാൻ പറ്റിയല്ലോ..നോക്കിക്കോ കാഴ്ച പതിയെ പതിയെ തെളിഞ്ഞു വരും…
അതേടാ… എനിക്കിപ്പോൾ വിശ്വാസമുണ്ട്..
ശ്രീജിത്ത് കണ്ണുകൾ ചിമ്മി ചിമ്മി നോക്കി..ഇല്ല… തന്റെ മുന്നിൽ കാഴ്ച്ച ഇല്ലാതാകുന്നില്ല…ഇപ്പോൾ ചെറുതായിട്ടാണെങ്കിലും കുറച്ചൂടെ വ്യക്തമായി കാണാൻ പറ്റുന്നുണ്ട്..
അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു…
രണ്ടാളും കൈ കോർത്തു പിടിച്ച് ഒന്ന് വട്ടം കറങ്ങി…
എടാ… നമുക്കിന്ന് ആഘോഷിക്കണം…ഇവിടെ എന്റെ പാവം ജോലിക്കാർ ഉണ്ട്.. അവരുടെ കുടുംബം അടക്കം ഇന്ന് എല്ലാവരേയും ക്ഷണിക്കണം… നമ്മൾ ഇന്നത്തെ രാത്രി.. പൊടിപൂരമാക്കും…
രൂപേഷ് പുറത്തേക്കോടീ….
പുറത്ത് രാഘവേട്ടൻ ഏലത്തിനുള്ള മരുന്ന് കൂട്ടുകയാണ്
രാഘവേട്ട… എല്ലാവരെയും വിളിക്ക്… ഇന്നത്തെ പണി നിർത്തി വയ്ക്കുന്നു.ഇന്ന് നമ്മൾ ആഘോഷിക്കുകയാണ്..നമ്മുടെ ശ്രീക്കു ചെറുതായിട്ട് കാഴ്ച്ച തിരികെ കിട്ടി. പോ.. പോയി എല്ലാവരെയും വിളിച്ചോണ്ട് വാ…
സുനിലിനോട് ചന്തയിൽ പോയി.. ആവശ്യമുള്ളതൊക്കെ വാങ്ങി വരാൻ പറ..
ഇന്ന് നമ്മൾ പൊളിക്കും…രാഘവേട്ടാ…
രാഘവേട്ടൻ പറമ്പിലേക്ക് ഓടി..
വൈകുന്നേരത്തോടെ അവിടം ആഘോഷത്തിനായി ഒരുങ്ങി.
തോട്ടത്തിൽ പണിയുന്നവരും അവരുടെ വീട്ടിലുള്ളവരും ഒക്കെയായി പത്തെൺപതാളുകൾ ഉണ്ടായിരുന്നു.
ദേവകി ചേച്ചി വന്നിട്ടുണ്ട്.
ഇനി മീനാക്ഷിക്കൊച്ചും, ഉണ്ണികുട്ടനും കൂടെയേ വരാനുള്ളൂ.. രാഘവേട്ടൻ പറഞ്ഞു..
ആഹ്… ദേ… അതിലെ വരുന്നുണ്ട്..അയാൾ വരുന്നുണ്ട്.
ശ്രീജിത്തിന്റെ ഹൃദയം പതിന്മടങ്ങായി മിടിച്ചു..
അവളെ ഒന്ന് കാണാൻ അയാൾ അത്യധികം കൊതിച്ചു.
വെള്ളിക്കൊലുസുകളുടെകിലുക്കം അടുത്തടുത്ത് വരുന്നുണ്ട്…
ആകാംക്ഷകൊണ്ട് തന്റെ ഹൃദയം ഇപ്പോൾ കുതിച്ച് പുറത്തേക്ക് ചാടുമെന്ന് അയാൾക്ക് തോന്നി..
തുടരും…..

