ലയനം – ഭാഗം 04, എഴുത്ത്: അഞ്ജു തങ്കച്ചൻ

ആ വീട്ടിലേക്ക് കയറി ചെല്ലാൻ  നിരുപമക്ക് ലേശം മടി തോന്നി.

അങ്ങനൊരു അപകടഘട്ടത്തിൽ കൂടെ നിൽക്കേണ്ടിയിരുന്നവർ ആയിരുന്നില്ലേ തങ്ങൾ?

ശങ്കറിനോടും മകളോടും എത്ര തവണ പറഞ്ഞു. ഒന്നവനെ പോയി കാണാമെന്ന്.

ഇനിയും അവരോട് പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല എന്ന് മനസ്സിലായതുകൊണ്ടാണ് ഒറ്റയ്ക്ക് പോരാമെന്ന് വിചാരിച്ചത്

എന്തൊക്കെയായാലും തന്റെ മകളുമായി വിവാഹ ഉറപ്പിച്ചതിനു ശേഷം
തന്നെ അമ്മേ എന്ന് വിളിച്ചവനാണ്… അമ്മയെപ്പോലെ കരുതി സ്നേഹിച്ചവനാണ്.ഒന്ന് കാണാതിരിക്കാൻ തനിക്കാവില്ല.

വീട്ടുമുറ്റത്ത് കാർ നിർത്തി നിരുപമ ഇറങ്ങി കോളിംഗ് ബെല്ലടിച്ച്‌ അവൾ കാത്തു നിന്നു.

ഭാനുമതിയാണ് ഇറങ്ങിവന്നത്

ആരിത് നിരുപമയോ , കയറിവരൂ… ഭാനുമതി അവളുടെ കരം കവർന്നു.

നിരുപമ ഭാനുമതിയോടൊപ്പം അകത്തേക്ക് കയറി.

ഇരിക്ക്..എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഭാനുമതി ചോദിച്ചു

പറയത്തക്ക വിശേഷമൊന്നുമില്ല.ഞാൻ മോനെ ഒന്ന് കാണാമെന്ന് കരുതി വന്നതാണ്.

അയ്യോ…അവൻ ഇവിടെ ഇല്ല ഹൈറേഞ്ചിൽ അവന്റെ ഒരു സുഹൃത്ത് ഉണ്ട്.അവൻ അവിടെയാണ്. ഇവിടെ നിൽക്കുമ്പോൾ അവൻ ഓരോന്നൊക്കെ ഓർത്ത് സങ്കടപ്പെട്ട് അങ്ങനെയിരിക്കും. അതുകൊണ്ട് കുറച്ചുദിവസം അവന്റെ സുഹൃത്തിന്റെ അടുത്ത് പോയി നിൽക്കാമെന്ന് കരുതി അങ്ങോട്ട് പോയതാണ്.

ഉവ്വോ… ഞാനത് അറിഞ്ഞില്ല.

നിരുപമക്ക് കുടിക്കാൻ എന്താ വേണ്ടത്? ചായ എടുക്കട്ടെ?

ഒന്നും വേണ്ട. ഞാൻ ചായ കുടിച്ചിട്ടാണ് വന്നത്

അങ്ങനെ പറഞ്ഞാൽ ഒക്കില്ല. ഒരു ഗ്ലാസ് ചായ കൂടി കുടിച്ചെന്നു വെച്ച് ഒന്നും പറ്റില്ല.

ഞാൻ ചായ എടുക്കാം.ഭാനുമതി അടുക്കളയിലേക്ക് പോയി.
നിരുപമയും അവർക്കൊപ്പമടുക്കളയിലേക്ക് ചെന്നു.

ശ്രീജിത്തിന് ഇപ്പോൾ എങ്ങനാ, കുറവുണ്ടോ ?

ഇപ്പോൾ വേറെ കുഴപ്പമൊന്നുമില്ല. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് അറിഞ്ഞിരിക്കുമല്ലോ. ചികിത്സ നടക്കുന്നുണ്ട് കാഴ്ചശക്തി തിരികെ കിട്ടും എന്നാണ് ഡോക്ടർ പറഞ്ഞത്.

ചായ കുടിച്ചു കഴിഞ്ഞ് നിരുപമ യാത്ര പറഞ്ഞിറങ്ങി

ശ്രീജിത്ത് വരുമ്പോൾ ഞാൻ വരാം.ഇപ്പോൾ പോട്ടെ..

ശരി.ഭാനുമതി തലയാട്ടി

അവർ ഒരിക്കൽപോലും ശ്രേയയെക്കുറിച്ച് ചോദിച്ചില്ല എന്നത് നിരുപമ ശ്രദ്ധിച്ചു.

അവർക്ക് മനസ്സിലായി കാണുമായിരിക്കും, കാഴ്ച ശക്തി നഷ്ടപ്പെട്ടതോടുകൂടി തങ്ങളീ വിവാഹബന്ധത്തിൽ നിന്നും പിന്മാറുമെന്ന്. അതുകൊണ്ടായിരിക്കാം  തിരക്കാത്തത്.

ഒരു കണക്കിന് നോക്കിയാൽ ശ്രീജിത്തിനെ പോലെ ഒരാൾക്ക്, തന്റെ മകളെ കിട്ടാതിരിക്കുന്നതാണ് നല്ലത്. അഹങ്കാരത്തിന് കയ്യും കാലും വെച്ച തന്റെ മകളെപ്പോലെ ഒരുവളല്ല ശ്രീജിത്തിന് വേണ്ടത്.

തന്റെ ഭർത്താവിനും മകൾക്കും സ്നേഹിക്കാനോ പരിഗണിക്കാനോ അറിയില്ല ഈ ജന്മത്തിൽ അവർക്ക് അതിന് കഴിയുകയുമില്ല…

നിരുപമ നെടുവീർപ്പോടെ വീട്ടിലേക്ക് തിരിച്ചു.

****************

മോൾ എന്താ ഇത്ര വൈകിയത് ? ദേവകി മീനാക്ഷിയോട് ചോദിച്ചു.

ഒന്നൂല്ലമ്മേ… ഞാൻ  പതുക്കെയാ പോന്നത്.

ഉണ്ണിക്കുട്ടൻ എവിടെ അമ്മേ…

പിന്നാമ്പുറത്ത് ഇരിപ്പുണ്ട്.താഴേലെ ലളിത വന്നപ്പോൾ ഒരു കുപ്പിയിൽ കുറച്ച് ഗപ്പിയെ ഇട്ടുകൊടുത്തു. അതിനെയും നോക്കിക്കൊണ്ട്‌ കുറേ നേരമായി അവിടിരിക്കുവാ..

അതുകൊണ്ട് കുരുത്തക്കേട് ഒന്നും ഉണ്ടാക്കിയില്ല അല്ലേ?

ഹേയ്.. ഇല്ലന്നേ..എന്റെ മോള് വല്ലാതെ മടുത്തു അല്ലേ? ദേവകി അവളുടെ വിയർപ്പിൽ കുതിർന്ന മുഖം തുടച്ചു കൊടുത്തു.

ഇല്ലമ്മേ…

എന്നാലും ഈ ചെറിയ പ്രായത്തിൽ വല്ലവരുടേം അടുക്കളപ്പണിക്ക് പോകേണ്ടി വന്നില്ലേ എന്റെ മോൾക്ക്‌.. അവർ വിതുമ്പി.

അതിനിപ്പോൾ എന്താ അമ്മേ..

സാരമില്ല.. അമ്മയുടെ ശ്വാസം മുട്ട് കുറഞ്ഞു മോളേ. നാളെ മുതൽ അമ്മ പൊയ്ക്കോളാം.

അയ്യടാ… നേരെ ചൊവ്വേ സംസാരിക്കാൻ പോലും ബുദ്ധിമുട്ടുവാ.. എന്നിട്ടാണ് പണിക്കു പോകുന്നത്. എന്തായാലും രണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ട് പോയാൽ മതി.അപ്പോഴേക്കും അസുഖമൊക്കെ മാറും.ഇപ്പോൾ മര്യാദക്ക് ഇച്ചിരി ചൂട് കഞ്ഞിയും കുടിച് ആ മരുന്നും കഴിച്ച് അടങ്ങി ഒതുങ്ങി കിടക്ക്…

ദേവകി ചിരിച്ചു.

എടാ… ഉണ്ണിക്കുട്ടാ… നീയവിടെ എന്ത് ചെയ്യുവാ.. ഉറക്കെ ചോദിച്ചു കൊണ്ട് മീനാക്ഷി പുറകുവശത്തേക്ക് ചെന്നു.

ഉണ്ണിക്കുട്ടൻ  കുപ്പിയിലെ മീനിനെ കൗതുകത്തോടെ നോക്കി ഇരിക്കുകയാണ്.

അവളെ കണ്ട് അവൻ ഒന്ന് ചിരിച്ചു.

അവൻ അധികം സംസാരിക്കില്ല. എങ്കിലും എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ പറയാൻ മീനാക്ഷി അവനെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഒരുപാട് നാളുകൾ ക്ഷമയോടെ പരിശീലിപ്പിച്ച് ഇപ്പോൾ സ്വയം കുളിക്കാനും ഡ്രസ്സ്‌ ധരിക്കാനും ഒക്കെ അവൻ പഠിച്ചു. വിശക്കുമ്പോൾ ആഹാരം എടുത്ത് കഴിക്കാൻ  അവനറിയില്ല. കഴിഞ്ഞ കുറച്ച്ആഴ്ചകളായി സ്വയം ഭക്ഷണം വാരിക്കഴിക്കാൻ മീനാക്ഷി അവനെ പഠിപ്പിക്കുന്നുണ്ട്.

അവനെ കണ്ടാൽ ഓട്ടീസം ബാധിച്ച കുട്ടിയാണെന്ന് പറയില്ല. സാദാരണ കുട്ടികളെ പോലെ തന്നെയാണ് വളർച്ചയും മറ്റും. ചിലപ്പോൾ അവന് വല്ലാത്ത ദേഷ്യവും പേടിയും ഒക്കെ വരും.

മറ്റാർക്കും അവനെ നിയന്ത്രിക്കാൻ പറ്റില്ല. ആകെ പറ്റുന്നത് മീനാക്ഷിക്ക് മാത്രമാണ്.

അവൾ അവന്റെ അരികിൽ ഇരുന്നു. വാത്സല്യത്തോടെ അവന്റെ നിറുകയിൽ തലോടി.

**************

ശ്രീജിത്ത് മൂക്ക് വിടർത്തി….ആഹ് അതേ… കാച്ചെണ്ണയുടെ ഗന്ധം അതടുത്തടുത്ത് വരുന്നു.

രൂപേഷ് പറഞ്ഞ, മീനാക്ഷി ആയിരിക്കും. കഴിഞ്ഞ ദിവസം ആ കുട്ടി വന്നപ്പോഴാണ്  ഇതേ ഗന്ധം കിട്ടിയത്.

അവൾ അടുത്ത് വന്ന് നിന്നത് അവൻ അറിഞ്ഞു.

രൂപേഷേട്ടൻ തോട്ടത്തിലേക്കുള്ള വളം എടുക്കാൻ പോയതാ. എന്നോട് പറഞ്ഞു ഭക്ഷണം എടുത്ത് തരണമെന്ന്..

മൃദുവായ ശബ്ദം..  ഒറ്റക്കിരുന്നേതോ മൈന വിരഹഗാനം പാടുന്നത് പോലെയാണ് അയാൾക്ക് അവളുടെ ശബ്ദം കേട്ടപ്പോൾ തോന്നിയത്.

ദാ… ഈ… ചായ കുടിക്കൂ ട്ടോ… അവൾ അയാളുടെ കൈയിൽ ഗ്ലാസ്സ് പിടിപ്പിച്ചു.

അധികം ചൂടില്ലാട്ടോ… കുടിച്ചോ..

അയാൾ ഇരകൈകൾക്കൊണ്ടും ഗ്ലാസ്സ് മുറുകെ പിടിച്ചു.

അയാൾ വളരെ ശ്രദ്ധയോടെ  ചായ തൂവി പോകാതെ കുടിച്ച്‌ തീർത്തു.

കഴിക്കാൻ ദോശയാണ് കേട്ടോ. സാമ്പാറും ചട്നിയുമുണ്ട് സാറിന് ഏതാ വേണ്ടത്.

രണ്ടും എടുത്തോളൂ…

പാത്രം ടേബിളിൽ വച്ചിട്ട്  അയാളുടെ ഇടം കൈകൊണ്ട് പാത്രത്തിൽ പിടിപ്പിച്ചു.
ഇടം കൈകൊണ്ട് പാത്രത്തിൽ പിടിച്ചു കൊണ്ട് വലം കൈകൊണ്ടയാൾ ഭക്ഷണം കഴിക്കാൻ തുടങ്ങി..

ഓരോ തവണയും പാത്രത്തിൽ നിന്നും മുറിച്ചെടുത്ത്  കഴിച്ചിട്ട് വീണ്ടും പാത്രത്തിലേക്കു കൈകൊണ്ടുവരുമ്പോൾ ചിലപ്പോൾ കൈ ടേബിളിൽ ആയി പോകും.

ശീലമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ അയാൾക്ക് ഇനിയും വശമായിട്ടില്ല.

മീനാക്ഷി അയാൾ കഴിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു.

അവൾ അയാളുടെ കൈകളിൽ പിടിച്ചു.

ഞാൻ വാരി തരാം.അവൾ ദോശ മുറിച്ച് ചട്നിയിൽ മുക്കി. വായ തുറന്നേ…അവൾ പറഞ്ഞു..

അയാൾക്ക് അല്പം മടി തോന്നി. എങ്കിലും അയാൾ വായ തുറന്നു.

ഒരു കൊച്ചു കുഞ്ഞിന് ഭക്ഷണം  കൊടുക്കുന്നത് പോലെ അവൾ അയാൾക്ക് ഭക്ഷണം നൽകി.

പെട്ടെന്ന് അയാൾക്ക് അമ്മയെ കാണണമെന്ന് തോന്നി…

അല്ലെങ്കിലും ഏതൊരു സ്ത്രീകളിലും ഒരമ്മ മനസ്സുണ്ടെന്ന് പറയുന്നത് വളരെ സത്യമാണെന്ന് അയാൾക്ക് തോന്നി. ചെറിയൊരു പെൺകുട്ടിയിൽ പോലുമുണ്ട് അമ്മയുടേതായ ഒരു കരുതലും വാൽസല്യവും ഒക്കെ. പ്രായത്തിനേക്കാൾ അധികം പക്വത കാണിക്കുന്നവരാണ് പെൺകുട്ടികൾ എന്ന് അയാൾക്ക് തോന്നി.

അയാൾക്ക് ഭക്ഷണം കൊടുത്തതിനു ശേഷം മീനാക്ഷി മുറിയിൽ നിന്നും പോയി.

അയാൾക്ക് അമ്മയുടെ ശബ്ദം കേൾക്കാൻ വല്ലാത്ത കൊതി തോന്നി

ഇന്നലെ വൈകിട്ട് അമ്മ വിളിച്ചതാണ് പക്ഷേ എന്നാലും ഇപ്പോൾഅമ്മയുടെ ശബ്ദം കേൾക്കണം  എന്ന് തോന്നുന്നു.

മീനാക്ഷി…അയാൾ തെല്ലുച്ചത്തിൽ വിളിച്ചു..

എന്താ സാർ ? അവൾ ഓടിയെത്തി.

എന്റെ ഫോൺ ഒന്ന് എടുത്തു തരുമോ? അയാൾ ചോദിച്ചു.

അവൾ ഫോൺ എടുത്തു.

അതിൽ അമ്മ ഇനി സേവ് ചെയ്തിരിക്കുന്ന നമ്പർ ഒന്ന് എടുത്ത് കാൾ ആക്കി തരൂ..

അവൾ കോൾ ആക്കി അയാളുടെ കൈകളിലേക്ക് ഫോൺ കൊടുത്തു.

മോനേ…അമ്മയുടെ ശബ്ദം

അയാൾക്ക് പെട്ടെന്ന് കരച്ചിൽ വന്നു.

എന്താടാ….

ഒന്നൂല്ലമ്മ…വെറുതെ അമ്മയുടെ ശബ്ദം ഒന്നു കേൾക്കാൻ തോന്നി.

ഞാനും അച്ഛനും കൂടി അങ്ങോട്ട് വരട്ടെ?  അമ്മ അവനോട് ചോദിച്ചു

വേണ്ടമ്മേ ഇവിടെ ഭയങ്കര തണുപ്പാണ്. ഇവിടുത്തെ കാലാവസ്ഥ അമ്മയ്ക്കും അച്ഛനും പിടിക്കില്ല.

അതൊന്നും കുഴപ്പമില്ല.ഇപ്പോൾ രണ്ടുമൂന്നു ദിവസമായില്ലേ നിന്നെ കണ്ടിട്ട്. കാണാഞ്ഞിട്ട് എന്തോ പോലെ..

കുറച്ചു ദിവസങ്ങൾ കൂടി കഴിയട്ടെ അമ്മേ ഞാൻ അങ്ങോട്ട് വന്നോളാം.

നീ എന്തെങ്കിലും കഴിച്ചോ,അമ്മയുടെ ശബ്ദം

ഉവ്വ്. കഴിച്ചു…

മരുന്നൊക്കെ കൃത്യമായി കഴിക്കുന്നില്ലേ? അമ്മ ചോദിച്ചു

അതൊക്കെ കൃത്യമായി രൂപേഷ് എടുത്തു തരും

അവന്റെ കൂടെ ആണെന്നുള്ളതാണ് അമ്മയുടെ ഏക ആശ്വാസം.

അച്ഛൻ എവിടെ?

അച്ഛൻ രാവിലെ ഹോസ്പിറ്റലിലേക്ക് പോയി. ഉച്ച കഴിയുമ്പോഴേക്കും നമ്മുടെ കമ്പനിയിലേക്ക് പോകും.അവിടുത്തെ കാര്യങ്ങളൊക്കെ ഇപ്പോൾ അച്ഛൻ നോക്കി നടത്തുന്നുണ്ട്.

ശരി അമ്മേ.. എന്നാൽ പിന്നെ വിളിക്കാം അയാൾ പറഞ്ഞു.

മീനാക്ഷി അവരുടെ സംസാരം ശ്രദ്ധിക്കുകയായിരുന്നു.

കുട്ടി പോയോ? അയാൾ ചോദിച്ചു.

ഇല്ല ഞാൻ ഇവിടെ നിൽപ്പുണ്ട്.

അയാൾ ചിരിച്ചു.

എന്നാൽ ഈ ഫോൺ അങ്ങോട്ട് വെച്ചേക്ക്.

അവൾ ഫോൺ വെച്ചിട്ട് അടുക്കളയിലേക്ക് നടന്നു.

പണിക്കാർക്കുള്ള ഭക്ഷണം തയ്യാറാക്കാൻ  അവൾ മറ്റുള്ളവർക്ക് ഒപ്പം കൂടി..

എന്റെ മീനുവേ… നീ ഈ പണിക്കൊന്നും കൂടണ്ട. ഈ കരിയും പുകയും ഒക്കെ കൊണ്ട് നീ ആകെ വാടിപ്പോകും കൊച്ചേ.അടുക്കളയിലെ പ്രധാന പാചകക്കാരിയായ സുഭദ്ര പറഞ്ഞു.

അതൊന്നും സാരമില്ല സുഭദ്രാമേ…

എന്റെ മീനൂ….. നീ പറഞ്ഞാൽ അനുസരിക്ക്.അല്ലെങ്കിൽ തന്നെ നിന്നെ കൊണ്ട് അധികം കട്ടി പണികൾ ഒന്നും ചെയ്യിപ്പിക്കരുതെന്നാണ് രൂപേഷ് പറഞ്ഞിരിക്കുന്നത്.

അതൊന്നും സാരമില്ല.എനിക്ക് പണികളൊക്കെ ചെയ്യുന്നതിൽ ഒരു മടിയുമില്ല അവൾ പറഞ്ഞു.

മീനുവേ… അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്?

ശ്വാസംമുട്ടൽ ചെറുതായിട്ടൊന്നു കുറഞ്ഞിട്ടുണ്ട്.എന്നാലും കുറച്ച് ദിവസം കൂടി അമ്മ റസ്റ്റ് എടുക്കട്ടെ എന്നിട്ടേ ഇങ്ങോട്ട് വരൂ..

മീനൂ… നീയാ കിഴക്ക് വശത്തുള്ള മുറിയൊന്നടിച്ചു വാര്. എനിക്ക് പൊടി അലർജിയാ.. അതാ. ഇവിടുത്തെ പണികളൊക്കെ ഞങ്ങൾ ചെയ്തോളാം .സുഭദ്ര പറഞ്ഞു.

ശരി.

അവൾ ചൂലുമായി മുന്നോട്ടു നടന്നു..

അതേ… മോളേ..

എന്താ സുഭദ്രാമ്മേ…അവൾ തിരിഞ്ഞുനോക്കി.

കിഴക്ക് ഭാഗത്തുള്ള മുറിയുടെ മൂലയിൽ ചിലന്തി കൂട് കൂട്ടിയിട്ടുണ്ട്. അതൊന്ന് വൃത്തിയാക്കണം കേട്ടോ.

ശരി സുദ്രാമേ…അവൾ തിരിഞ്ഞതും അങ്ങോട്ട്  തപ്പി തടഞ്ഞുപതിയെ നടന്നു വരികയായിരുന്ന  ശ്രീജിത്തിനെ ഇടിച്ചു.

പ്രതീക്ഷിക്കാതെയുള്ള ആ ഇടിപ്പിൽ ശ്രീജിത്ത് ബാലൻസ് തെറ്റി താഴേക്ക് വീണതും മീനാക്ഷിയും അയാൾക്ക് മേലേക്ക് വീണുപോയി.

അയാൾക്ക്‌ മേലേക്ക് അലച്ചു വീണ മീനാക്ഷി പിടഞ്ഞെഴുന്നേറ്റു…

അയ്യോ… ഞാൻ കണ്ടില്ലായിരുന്നു അവൾ അയാളെ പതിയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു

വല്ലതും പറ്റിയോ? ഞാൻ കണ്ടില്ലായിരുന്നു കേട്ടോ…തലക്ക് എന്തെങ്കിലും പറ്റിയോ?? അവളുടെ ആധിനിറഞ്ഞ ശബ്ദം

ഹേയ്….കുഴപ്പമൊന്നുമില്ല. അയാൾ പറഞ്ഞു..

അവൾക്ക് വല്ലാത്ത സങ്കടം തോന്നി. ആക്സിഡന്റ് കഴിഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങിയതേ ഉള്ളൂ..പാവം മനുഷ്യൻ.

മുറിവുകളും ചതവുകളും ഒന്നും ഇനിയും പൂർണമായും ഭേദമായിട്ട് കൂടിയില്ല. തന്റെ അശ്രദ്ധകൊണ്ട്  അയാൾക്ക് വീണ്ടും എന്തെങ്കിലും പറ്റുമോ എന്ന് മീനാക്ഷി
ഭയന്നു

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി

അവളുടെ ചിലമ്പിച്ച സ്വരം കേട്ടതും അയാൾക്ക് മനസ്സിലായി അവൾക്ക് വല്ലാത്ത വിഷമമായി എന്ന്.

തന്റെ കൈകളിലേക്കിറ്റ് വീണത് അവളുടെ കണ്ണുനീർത്തുള്ളികൾ ആണെന്ന് അയാൾക്ക് മനസ്സിലായി.

കുട്ടി…എനിക്ക് കുഴപ്പമൊന്നുമില്ല. എന്നെ ഒന്ന് പിടിച്ച് എഴുന്നേൽപ്പിച്ചാൽ മാത്രം മതി.അയാൾ പറഞ്ഞു

അവൾ അയാളെ കൈകളിൽ പിടിച്ചെഴുന്നേൽപ്പിച്ചു മുറിയിൽ കൊണ്ടുപോയി ഇരുത്തി

കുട്ടി പേടിക്കുവൊന്നും വേണ്ട. ഞാൻ മുറിയിൽ തന്നെ ഇരുന്നോളാം.രൂപേഷ് വന്നിട്ടേ പുറത്തേക്ക് ഇറങ്ങുന്നുള്ളൂ…

ഉം….

അവൾ കണ്ണീരോടെ തിരിച്ചുപോയി.

അയാൾ കട്ടിലിലേക്ക് പതിയെ ചരിഞ്ഞ് കിടന്നു.

എന്തോ… മനസ്സ് ഒരു തൂവൽ പോലെ ഒഴുകി നീങ്ങുകയാണ്…

എന്താണിത്… ഇങ്ങനെ മനസ്സ് തരളിതമാകുന്നത്… എന്താണ്???

തന്റെ ഉടലാകെ.. കാച്ചെണ്ണയുടെ ഗന്ധമുണ്ടെന്ന് തോന്നി അയാൾക്ക്‌.

തന്റെ മേലേക്ക് ഒരു കെട്ട് പൂക്കൾ വന്ന് വീഴുന്നത് പോലെ,  മീനാക്ഷിയുടെ മൃദുലമായ ഇളം മേനിവന്ന് വീണത് അയാളുടെ ഓർമ്മകളിൽ നിറഞ്ഞു..

തന്റെ സിരകളിലാകെ ഇളം മധുരം നിറയുന്നത് പോലെ.. ഈശ്വരാ…. ഇതെന്താണ്? മനസ്സ്ഒരപ്പൂപ്പൻ താടി പോലെ പറക്കുന്നുവല്ലോ…

അവളുടെ ആ മൃദു സ്വരം വീണ്ടും കേൾക്കാൻ അയാൾക്ക്‌ തോന്നി.

ഉയിരിൽ സ്നേഹം നിറയുന്നു….

അയാൾക്ക്‌  പെട്ടന്ന് ജീവിതത്തിനോട്… ലോകത്തിനോട്…സ്നേഹം തോന്നി..

തുടരും…..