തീർത്ഥയാത്ര – ഭാഗം 02, എഴുത്ത്: അഞ്ചു തങ്കച്ചൻ

ആൻസി അതിരാവിലെ എഴുന്നേറ്റു.

മഹേഷാണ് സാധാരണ രാവിലെ അടുക്കളയിൽ ആദ്യമെത്തി ജോലി തുടങ്ങുന്നത്.

അന്ന് പതിവില്ലാതെ ആൻസി ആദ്യമടുക്കളയിൽ എത്തിയപ്പോൾ മഹേഷും കൂടെ ചെന്നു.

ഓഹ്… എന്റെ അടുക്കളയും കൈക്കലാക്കിയോ ?  മഹേഷ്‌ ചോദിച്ചു.

ആൻസിയുടെ മുഖം ഗൗരവത്തിൽ തന്നെയിരുന്നു.

എന്താടോ എന്താ പറ്റിയത്?

ഒന്നുമില്ല മഹേഷേ..

അതല്ല.ആ മുഖം കാണുമ്പോൾ അറിയാം എന്തോ വിഷമം ഉണ്ടെന്ന്.എന്താന്ന് പറ.

എനിക്ക് നാട്ടിൽ ഒന്ന് പോകണം.ആൻസി പറഞ്ഞു.

എന്താ ഇപ്പോൾ അങ്ങനെ ഒരു തോന്നാൻ?

ഒരു ജോലിക്ക് ശ്രമിക്കണം. കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ അതിനെ വളർത്തണ്ടേ..

എന്തായാലും ചേട്ടായിയോട് ഒന്ന് പറഞ്ഞിട്ട്  മതി നാട്ടിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

ഉം.. അവൾ തലകുലുക്കി.

അവൾക്കറിയാം ഈ വീടിന്റെ  സർവ്വവും സൂര്യൻ ആണെന്ന്. അയാളോട് ചോദിക്കാതെ മഹേഷോ  ശ്രീക്കുട്ടിയോ ഒന്നും ചെയ്യില്ലെന്ന്.

സൂര്യൻ എഴുന്നേറ്റ് പല്ല് തേച്ചു കൊണ്ടു നിന്നപ്പോഴാണ്,  ആൻസി അയാൾക്കരികിലേക്ക് ചെന്നത്

സൂര്യാ…

അവൾ ആദ്യമായാണ്  അയാളെ അങ്ങനെ വിളിക്കുന്നത്. അയാളോട് സംസാരിക്കാറുണ്ടെങ്കിലും പേരെടുത്ത് വിളിച്ചിരുന്നില്ല

എന്താ ആൻസി?

എനിക്ക് നാട്ടിലേക്ക് ഒന്ന് പോകണമായിരുന്നു

അതെന്താ ഇപ്പോൾ അങ്ങനെയൊരു തോന്നൽ.

എന്റെ സർട്ടിഫിക്കറ്റ് ഒക്കെ എടുക്കണം.താമസിച്ച് കൊണ്ടിരുന്ന ഹോസ്റ്റലിലാണ് എന്റെ  കുറെയേറെ സാധനങ്ങൾ ഒക്കെ. അതൊക്കെ ഒന്ന് എടുക്കണം. പിന്നെ….

പിന്നെ…? അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി.

ഇപ്പോൾ മൂന്ന് മാസം ആയില്ലേ, ഹോസ്പിറ്റലിൽ പോയിഒന്ന് ചെക്കപ്പ് ചെയ്യണം. ആൻസി തലകുനിച്ചുകൊണ്ട് പറഞ്ഞു.

അതിനെന്താ പൊയ്ക്കോ.മഹേഷിനെ കൂട്ടിനു വിടാം.

ശരി. അവൾ തലകുലുക്കി

ആൻസി ശ്രീക്കുട്ടിക്കുള്ള ഭക്ഷണം നേരത്തെ  കൊടുത്തു.ശേഷം
മഹേഷും അവളും കൂടെ പോകാൻ റെഡിയായി.

എടാ ജീപ്പാണ്. ഒരുപാട് കുലുങ്ങാതെ പതിയെ പോണം കേട്ടോ സൂര്യൻ ഓർമിപ്പിച്ചു

ശരിയേട്ടാ…അവൻ സമ്മതിച്ചു.

രണ്ടുമണിക്കൂറോളം  യാത്ര കഴിഞ്ഞപ്പോഴാണ് അവർ നാട്ടിലെത്തിയത്.

എന്നാലും ഇത്രയും ദൂരം മ. രി ക്കാനായി വന്ന നിന്നെ സമ്മതിക്കണം കേട്ടോ.മഹേഷ് പറഞ്ഞു.

ആൻസി ഒന്നും പറഞ്ഞില്ല അവളുടെ മനസ്സ് ആകെ ആകുലമായിരുന്നു
നാട്ടിലേക്കുള്ള പോക്കാണ്.

അപ്പച്ചനെയും അമ്മച്ചിയെയും കാണാതിരുന്നാൽ മതിയായിരുന്നു.
അറിയാതെ അവരുടെ മുന്നിലെങ്ങാനും ചെന്നു പെട്ടാലുള്ള അവസ്ഥ ആലോചിക്കുമ്പോൾ അവൾക്ക് സങ്കടം വന്നു.

സ്വന്തം മകൾ ഒരുത്തനിൽ നിന്നും ഗർഭിണിയായി മറ്റൊരു  നാട്ടിൽ, ആർക്കൊപ്പമോ ജീവിക്കുന്നു എന്ന് തിരിച്ചറിഞ്ഞാൽ,അവർക്കത് സഹിക്കാനാവില്ല.

അവരുടെ മുന്നിലൊന്നും ചെന്ന് പെടരുതേ ഈശ്വരാ… അവൾ പ്രാർത്ഥിച്ചു.

ആൻസിയുടെ മൗനം കണ്ടപ്പോൾ മഹേഷിന് മനസ്സിലായി അവൾ ആകെ ടെൻഷനിലാണെന്ന്

ഒക്കെ ശരിയാകും ധൈര്യമായിരിക്ക് അവൻ പറഞ്ഞു.

ആദ്യം ചെന്നത് താമസിച്ചിരുന്ന ഹോസ്റ്റലിലേക്കാണ്.

മഹേഷ് വണ്ടിയിൽ ഇരുന്നാൽ മതി. ഞാൻ പോയി സാധനങ്ങളൊക്കെ എടുത്തുകൊണ്ട് വരാം അവൾ പറഞ്ഞു

ആം… അവൻ തലയാട്ടി.

അവൾ സാധനങ്ങളൊക്കെ എടുത്തുകൊണ്ടുവന്ന് അവന്റെ വണ്ടിയിൽ വച്ചു. തൊട്ടടുത്താണ് മഹേഷ് ഞാൻ പഠിപ്പിച്ചു കൊണ്ടിരുന്ന സ്കൂൾ അവിടെയും കൂടി ഒന്ന് പോയിട്ട് വരാം അവൾ പറഞ്ഞു

ഞാനിവിടെത്തന്നെ നിന്നാൽ മതിയോ അവൻ ചോദിച്ചു.

മതി.

കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾ തിരികെ വന്നു

നമുക്ക് പോയാലോ ? അവൾ ചോദിച്ചു.

പോകാം.അവൻ വണ്ടി സ്റ്റാർട്ട് ആക്കി

കുറേ ദൂരം മുന്നോട്ട് പോയപ്പോൾ അടുത്ത ടൗൺ ആയി

ഇവിടൊന്നു വണ്ടി നിർത്താമോ മഹേഷ്? അവൾ ചോദിച്ചു.

എന്തിനാ?

ഇവിടെ ഒന്നു ഹോസ്പിറ്റലിൽ കയറണം.

ഞാൻ വരണോ ?അവൻ ചോദിച്ചു

വേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം.

അതാ നല്ലത്. അല്ലെങ്കിൽ ഡോക്ടർ വിചാരിക്കും കുഞ്ഞിന്റെ അപ്പൻ ഞാനാണെന്ന്. അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു

അത് കേട്ടപ്പോൾ മാത്രം  ആൻസി സ്വയമറിയാതെ ഒന്ന് വിതുമ്പി പോയി.

അയ്യോ…ഞാൻ ചുമ്മാ പറഞ്ഞതാ കരയാൻ വേണ്ടി പറഞ്ഞതല്ല.

അവൻ വല്ലായ്മയോടെ പറഞ്ഞു.

അവൾ കണ്ണുകൾ തുടച്ചു.

ഇത്രതൊട്ടാവാടി ആയാൽ എങ്ങനെയാ?

ഞാൻ ഇങ്ങനെയൊക്കെ പറയാറുള്ളതല്ലേ. അതൊന്നും കേട്ട് വിഷമിക്കണ്ട.

ഇനി ഞാൻ ഇങ്ങനെ ഒന്നും പറയില്ല. മഹേഷ് അവളെ ആശ്വസിപ്പിച്ചു

ഹോസ്പിറ്റലിൽ അവൻ വണ്ടി നിർത്തി. അവൾ ഇറങ്ങി.

ആൻസി ഗൈനക്കോളജിസ്റ്റിനെ കണ്ടിറങ്ങിയപ്പോഴാണ്, ഹേമന്ദിന്റെ അമ്മ അവൾക്കു മുന്നിൽ വന്നു പെട്ടത്.

പെട്ടെന്ന് അവളെ മുന്നിൽ കണ്ടപ്പോൾ അവർ ഒന്നു പതറി.

ആൻസി ഉറച്ച കാലടികളോടെ അവർക്ക് അരികിലേക്ക് ചെന്നു.

ആൻസി എന്താ ഇവിടെ?

ആദ്യത്തെ പതർച്ച മറച്ചു വച്ച് ഹേമന്ദി ന്റെ അമ്മ മിനി ചോദിച്ചു.

നിങ്ങളുടെ മകൻ പോകും മുൻപ് ഒരു സമ്മാനം തന്നിരുന്നു. അതിനിപ്പോൾ എന്റെ വയറ്റിൽ മൂന്ന് മാസം പ്രായം ആയി.

മിനി ഞെട്ടലോടെ  ആൻസിയെ നോക്കി.

ദേ… കൊച്ചേ ഇല്ലാത്തത് പറയരുത്.

ഹും… ഗർഭിണിയാണെന്ന് ഏത് സ്ത്രീയാ കള്ളം പറയുന്നത്?

നിങ്ങളുടെ മകൻ ഒരു നീ. ചനാണെന്നു ഞാൻ അറിഞ്ഞില്ല. അയാളോട് ഇക്കാര്യം പറയാൻ വന്ന ഞാൻ കണ്ടത് അയാൾ മറ്റൊരു പെണ്ണിന്റെ കൈ പിടിച്ച് നിൽക്കുന്നതാ…

അപ്പച്ഛൻ അന്നേ പറഞ്ഞതാ, നാട് നീളെ കുടുംബം ഉണ്ടാക്കുന്ന സുകുമാരന്റെ മകനാണവൻ.അവൻ നിന്നെ ചതിക്കുമെന്ന്.പക്ഷെ എനിക്കവനെ വിശ്വാസം ആയിരുന്നു. മനുഷ്യനെ മനസ്സിലാക്കുന്ന കാര്യത്തിൽ എനിക്ക് തെറ്റ് പറ്റിപ്പോയെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി.

നിങ്ങൾക്കറിയാമോ  ആത്മഹത്യ ചെയ്യാൻ തുനിഞ്ഞതാണ് ഞാൻ.
എന്നാൽ അതിനും കഴിഞ്ഞില്ല.എനിക്ക്.

പക്ഷെ ഇനിയങ്ങനെ തോൽക്കാൻ എനിക്ക് മനസ്സില്ല. ഈ കുഞ്ഞിനെ വളർത്താൻ തന്നെയാണ് തീരുമാനം.നിങ്ങളുടെ മകന്റെ മുൻപിൽ ഞാനോ എന്റെ കുഞ്ഞോ കൈനീട്ടി നിൽക്കില്ല. അന്തസ്സായി തന്നെ ജീവിക്കും ഞാൻ.അവരുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കിയിട്ട് ആൻസി തിരിഞ്ഞു നടന്നു.

മിനി അപ്പോഴും അതെ നിൽപ്പ് നിൽക്കുകയായിരുന്നു.

ഇങ്ങനൊന്നും സംഭവിക്കുമെന്നു താൻ ഒരിക്കലും കരുതിയിരുന്നില്ല.

തന്റെ കൂടെ ജീവിക്കുമ്പോഴും ഹേമന്ദിന്റെ അച്ഛൻ മറ്റ് സ്ത്രീകളോട് കാണിക്കുന്ന അതിരു കവിഞ്ഞ സ്നേഹവും അടുപ്പവും കാരണം ഒരുപാട് കരഞ്ഞിട്ടുണ്ട് താൻ.

അയാൾ ഉപേക്ഷിച്ചു പോയിട്ടും മകനെ താൻ നല്ല രീതിയിൽ വളർത്തി, വലുതാക്കി, അന്തസ്സോടെയാണ് ജീവിക്കുന്നത് എന്നും മിടുക്കിയായ ഒരുവളെ തന്റെ മകൻ ജീവിതപങ്കാളിയായി കൂടെ കൂട്ടി എന്നും.എല്ലാവരും അറിയണം എന്ന് തോന്നി.

അതിന് അന്യജാതിയിൽ പെട്ട ആൻസി ഒരു തടസ്സമായി തോന്നി. ഒരു ചെറിയ കാര്യത്തിനു പോലും ഒരു കുറ്റവും ആരും കണ്ടെത്തരുത് എന്ന് തനിക്കു നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടാളെയും പിരിക്കേണ്ടി വന്നത്.

പക്ഷെ ഇങ്ങനൊന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. ശരിക്കും അവരെ പിരിച്ചത് താനാണ്

മിനിക്ക് ആകെയൊരു മനഃസാക്ഷിക്കുത്ത് തോന്നി. വേണ്ടിയിരുന്നില്ല… വേണ്ടിയിരുന്നില്ല…

ഇതൊന്നും ഹേമന്ദ് ഒരിക്കലും അറിയാതിരിക്കട്ടെ. അവൻ അറിഞ്ഞാൽ ഈ ലോകത്തിൽ അവൻ ഏറ്റവും വെറുക്കുന്നത് ഈ അമ്മയെ തന്നെയാകും.

അതോർക്കുമ്പോൾ തന്നെ അവർക്കാവലാതിയായി.

******************

അതേ…. ഞാൻ ഈ വണ്ടിയും ഓടിച്ച് എത്രനേരം കൂട്ടുവന്നതല്ലേ? മഹേഷ് ആൻസിയോട് പറഞ്ഞു

അതിന്?

അതിനെന്താ, എനിക്കതിന്റെ കൂലി വേണം

എന്താ നിനക്ക് വേണ്ടത്?

കാശായിട്ട് ഒന്നും വേണ്ട.

പിന്നെ?

എനിക്കൊരു ബൈക്ക് വാങ്ങി തരാൻ ചേട്ടായിനോട് പറയാമോ?

അതിന് ഞാൻ പറഞ്ഞാൽ സൂര്യൻ കേൾക്കുമോ?

ഇല്ല.

പിന്നെ?

ആ ശ്രീക്കുട്ടിയെ കൊണ്ട് ചോദിപ്പിക്കണം.അവളെക്കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം അവൾ പറഞ്ഞാൽ ചേട്ടായി കേൾക്കാതിരിക്കില്ല.

നിനക്കെന്താ ബൈക്കിനോട് ഇത്ര മോഹം.

അത് പണ്ടുമുതൽക്കേ ഉള്ളതാ ഞങ്ങടെ അച്ഛൻ ബൈക്ക് ആക്സിഡന്റിലാണ് മരിച്ചത് അതോടുകൂടി ചേട്ടായി ബൈക്ക് എടുക്കാനോ ഓടിക്കാനോ ഒന്നും സമ്മതിക്കില്ല.

ആക്രി വിലയ്ക്കാണ് ചേട്ടായിയുടെയും എന്റെയും ബൈക്ക് ചേട്ടായി വിറ്റത്

എന്നാൽ പിന്നെ ബൈക്ക് ഓടിക്കാതി രുന്നൂടെ..

അത് പറ്റില്ല.അന്നും ഇന്നും എനിക്ക് ബൈക്കിനോടുള്ള ഇഷ്ടം മാറ്റാൻ കഴിഞ്ഞിട്ടില്ല.

ഞാൻ പറയില്ല. സൂര്യൻ വേണ്ടെന്നു പറഞ്ഞാൽ അത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്.

എന്നാപ്പിന്നെ നീ ഇനി എന്നോട് മിണ്ടണ്ട. അവൻ നിരാശയോടെ പറഞ്ഞു.

ഞാൻ മിണ്ടുന്നില്ല.പോരെ?

അവൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല. ആൻസി ഒളികണ്ണിട്ട്. അവനെ ഇടയ്ക്ക് നോക്കി

അവന്റെ മുഖം ഗൗരവത്തിൽ തന്നെ ഇരിക്കുന്നു

എടാ…

നീ പോടി..

എടാ മഹീ… സൂര്യന് പേടിയായിട്ടായിരിക്കും. ആ ബൈക്ക് ആക്സിഡന്റിൽ അച്ഛനെ നഷ്ടപ്പെട്ടു പോയതല്ലേ. ആ ബൈക്ക് മോഹം…അതങ്ങ് മറന്നേക്കാം.നീ ബൈക്ക് ഓടിക്കുവൊന്നും വേണ്ട. നിങ്ങൾക്ക് രണ്ടാൾക്കും വേണ്ടി മാത്രം ജീവിക്കുന്ന ആളല്ലേ സൂര്യൻ. സൂര്യൻ പറയുന്നത് നിങ്ങൾ അനുസരിക്കണം

ഉം… അതും ശരിയാ…

എന്നാൽ പിന്നെ അതങ്ങ് മറന്നേക്ക്..

ശരി മറന്നു.

അങ്ങനെ നല്ല കുട്ടിയായിരിക്ക്…

ഡോക്ടറെ കണ്ടിട്ട് എന്ത് പറഞ്ഞു? അവൻ തിരക്കി

അടുത്തയാഴ്ച സ്കാനിങ്ങിന് ചെല്ലണമെന്ന് പറഞ്ഞു.

ഉം…

ഇനി എന്താ പ്ലാൻ ?അവൻ ചോദിച്ചു

പി എസ് സി പ്രിപ്പയർ ചെയ്യണം. ഇപ്പോൾ സമയമുണ്ടല്ലോ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലല്ലോ.അതുകൊണ്ട് പിഎസ്സി എഴുതി നോക്കാം.കിട്ടിയാൽ കിട്ടട്ടെ. ഇല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി നോക്കണം. എന്തായാലും ജീവിക്കാതെ പറ്റില്ലല്ലോ.

തിരിച്ച്  ആൻസിയുടെ വീട്ടിൽ പോകണ്ടേ? അവൻ വീണ്ടും ചോദിച്ചു

പോകണം. പക്ഷേ അതിന് എന്റെ മനസ്സ് ഇനിയും പാകപ്പെടേണ്ടതുണ്ട്.

മതി.എന്നിട്ട് പോയാൽ മതി.

ഏകദേശം രണ്ടു മണിയോടുകൂടി അവർ വീട്ടിൽ തിരിച്ചെത്തി.

ആൻസി ആദ്യം  ശ്രീക്കുട്ടിയുടെ മുറിയിലേക്കാണ് പോയത്.

ശ്രീക്കുട്ടിയെ സൂര്യൻ വീൽചെയറിൽ ഇരുത്തിയിട്ടുണ്ട്.

അവൾ മൊബൈലിൽ എന്തോ കുത്തിക്കുറിക്കുകയാണ്.

ആഹ്…വന്നോ,പോയ കാര്യം എന്തായി? ശ്രീക്കുട്ടി ചോദിച്ചു.

പോയ കാര്യമൊക്കെ നടന്നു. ശ്രീക്കുട്ടി വല്ലതും കഴിച്ചിരുന്നോ ആന്‍സി തിരക്കി.

ഞാൻ കഴിച്ചു.

ആൻസിക്ക് വിശക്കുന്നില്ലേ?എന്തെങ്കിലും എടുത്ത് കഴിക്ക്.ശ്രീക്കുട്ടി പറഞ്ഞു

എനിക്ക് വിശക്കുന്നില്ല. മഹി എനിക്ക് പുറത്തുനിന്ന് ഭക്ഷണം മേടിച്ചു തന്നു

ആ പിശുക്കൻ കാശുമുടക്കി അതൊക്കെ വാങ്ങി തന്നോ?

നീയൊന്ന് പോടി ഞാൻ അത്ര പിശുക്കൻ ഒന്നുമല്ല. അങ്ങോട്ട് വന്ന മഹേഷ്‌ പറഞ്ഞു.

ശ്രീക്കുട്ടി ചിരിച്ചു.

ഞാൻ പുറത്തേക്കൊന്നു പോവുകയാണ് കേട്ടോ.. എന്തായാലും ഇന്ന് ലീവ് എടുത്തില്ലേ,പഴയ കൂട്ടുകാരെയൊക്കെ ഒന്ന് കണ്ടിട്ട് വരാം. അവൻ പുറത്തേക്ക് പോയി

അതേയ്…ഞാൻ ചുമ്മാ പറഞ്ഞതാ കേട്ടോ.മഹി ശരിക്കും ഒരു പാവമാ.
നാക്കിനല്പം നീളം കൂടുതൽ ഉണ്ടെന്നേ ഉള്ളൂ.അവന് ശമ്പളം കിട്ടിയാൽ  അവൻ എന്തെങ്കിലുമൊക്കെ വാങ്ങിച്ചു കൊണ്ട് വരും.കൂടെയുള്ളവരൊക്കെ സന്തോഷിച്ച്‌ കാണാനാണ് അവന് ഇഷ്ടം. അതുകൊണ്ടുതന്നെ എന്തെങ്കിലുമൊക്കെ പൊട്ടത്തരം പറഞ്ഞവൻ എല്ലാവരെയും എപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കും

എനിക്കറിയാം…ആൻസി ചിരിച്ചു.

അല്പസമയം കഴിഞ്ഞപ്പോൾ സൂര്യൻ വന്നു

നിങ്ങൾ വന്നായിരുന്നോ? ശ്രീക്കുട്ടി തന്നെയേ ഉള്ളല്ലോ എന്ന് കരുതിയാ ഞാൻ ഇടയ്ക്കിടയ്ക്ക് വന്നു നോക്കുന്നത്.ഇനിയിപ്പോൾ ആൻസി വന്നല്ലോ ഇനിയെനിക്ക് സമാധാനമായി പറമ്പിൽ പണിയാമല്ലോ. അയാൾ വീണ്ടും പറമ്പിലേക്ക് പോയി

ഏകദേശം അഞ്ചുമണിയോടുകൂടിയാണ് സൂര്യൻ വീണ്ടും പറമ്പിൽ നിന്നും വന്നത്.

അയാൾ വന്നതും ആൻസി അയാൾക്ക് ചൂട് ചായ കൊടുത്തു.

അയാൾ അത് കുടിച്ചു കൊണ്ടിരുന്നപ്പോഴാണ്. അയൽവക്കക്കാരൻ ദിവാകരൻ ഓടികിതച്ച് അങ്ങോട്ട് വന്നത്.

അയാൾ എന്തോ സൂര്യനോട് പറഞ്ഞതും. സൂര്യൻ നിലത്തേക്ക് ബോധം കെട്ടു വീണതും ഒരുമിച്ചായിരുന്നു.

അയ്യോ…എന്താ പറ്റിയത് ?ആൻസി ഓടി സൂര്യനരികിലേക്ക്  ചെന്നു.

പകച്ചു നിന്ന ദിവാകരൻ  പൊടുന്നനെ സൂര്യനെ ശക്തമായി  കുലുക്കി വിളിച്ചു.

സൂര്യൻ പതിയെ കണ്ണുകൾ തുറന്നു.

പെട്ടന്നയാൾ ചാടി എഴുന്നേറ്റു.

ദിവാകരേട്ടാ… അവനിപ്പോൾ എവിടെയുണ്ട്.

ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.പോലീസ് ഇടപ്പെട്ടിട്ടാ അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ പറ്റിയത് തന്നെ.

അവനെ ആ സ്ത്രീയുടെ ഭർത്താവ് അ. ടിച്ച്‌ വീഴിക്കുന്നതാ ഞാൻ കണ്ടത്. മുഴുവൻ തല പൊ . ട്ടി മുഴുവനും ര . ക്തം ആയിരുന്നെടാ..

ഞാനപ്പോൾത്തന്നെ നിന്നെ വിളിച്ചു. നീ ഫോൺ എടുക്കാത്തത് കൊണ്ടാ ഞാൻ വിവരം പറയാൻ ഇങ്ങോട്ട് വന്നത്.

സൂര്യൻ വേഗം ഡ്രസ്സ്‌ മാറ്റി.

വാ….ദിവാകരേട്ടാ…പോകാം.

എന്താ… എന്താപറ്റിയത്?എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ…. എന്താന്ന് അറിയാതെ ഞങ്ങൾ എങ്ങനെയാ സമാധാനത്തോടെ ഇരിക്കുന്നത്? ആൻസി ചോദിച്ചു.

മഹേഷ്‌ ഓടിച്ച വണ്ടി ഒരു സ്ത്രീയെ ഇ .ടിച്ചു.  തെറ്റ് ആ സ്ത്രീയുടേതായിരുന്നു. കുറച്ച് മാറി സീബ്രാക്രോസ്സിംഗ് ഉള്ളതാ, എന്നിട്ടും അതുവഴി വരാതെ അവർ  റോഡ് ക്രോസ്സ് ചെയ്യാൻ വേണ്ടി ഓടിയതാ. മഹേഷിന്റെ ജീപ്പ് അവരെ ഇ.* ടിച്ചു. ദിവാകരൻ പറഞ്ഞു.

എന്നിട്ടവർക്ക് എന്തെങ്കിലും പറ്റിയോ?ആൻസി ചോദിച്ചു.

അവർ അപ്പോൾ തന്നെ മ രിച്ചു.ഏറ്റവും വലിയ വിഷമം എന്താന്ന് വച്ചാൽ അവർ ഗർഭിണിയായ സ്ത്രീ ആയിരുന്നു. അവർ മരിച്ചെന്നറിഞ്ഞപ്പോൾ അവരുടെ ഭർത്താവ്മഹേഷിനെ ഉപ. ദ്രവിച്ചു. ഹെൽമറ്റ് വച്ച് മഹേഷിന്റെ ത. ലക്ക.* ടിച്ചു. അവനെ വല്ലാതെ ഉപ ദ്ര വിച്ചു.

ഞങ്ങൾ കുറച്ച് പേർ കൂടി അവനെ ഹോസ്പിറ്റലിൽ ആക്കാൻ നോക്കിയതാ. നാട്ടുകാർ തടഞ്ഞു. ഒടുവിൽ പോലീസ് എത്തിയ ശേഷമാണ് അവനെ ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞത്. ജീവനോടെ അവനെ കിട്ടിയാൽ ഭാഗ്യം.

ഈശ്വര…. ആൻസി നെഞ്ചിൽ കൈ വച്ചു.

സിസിടിവി ദൃശ്യങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് ആളുകൾ ദുരന്തം പോലും ആഘോഷിച്ചു പൊലിപ്പിക്കുന്നുണ്ടായിരുന്നു.

ശരിക്കും വണ്ടികൾ വരുന്നത് കണ്ടിട്ടും റോഡ് ക്രോസ്സ് ചെയ്യാൻ ഓടിയ സ്ത്രീയുടെ കൈയിലാണ് തെറ്റ്. ഗർഭിണിയായ സ്ത്രീ ആയതു കൊണ്ട് തന്നെ മാധ്യമങ്ങൾ ആ വാർത്ത കൊഴുപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

സൂര്യൻ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മഹേഷിനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റിയിരുന്നു.

അയ്യോ… എന്റെ മഹി.  എല്ലാരും കൂടെ കൊ. ന്നോ  അവനെ?
സൂര്യൻ കണ്ണീരോടെ ചോദിച്ചു

നിയമം കൈയിലെടുക്കാൻ മനുഷ്യർക്ക്‌ ആരാണ് അധികാരം കൊടുത്തത്?  അവൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ എന്നിട്ടും അവനെ ഇങ്ങനെ കൊ ** ല്ലാകൊ ** ല ചെയ്യാൻ എങ്ങനെ തോന്നി? സൂര്യൻ ആരോടെന്നില്ലാതെ പറഞ്ഞു.

നീ സമാധാനാമായിരിക്കെടാ  അവന് ഒന്നും പറ്റില്ല.

സൂര്യന്റെയും മഹേഷിന്റെയും സുഹൃത്തുക്കൾ വിവരമറിഞ്ഞ് അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു.

അല്ല… അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സ്വന്തം ഭാര്യയും വയറ്റിലുള്ള കുഞ്ഞും നഷ്ട്ടമായെന്നറിഞ്ഞപ്പോൾ അയാൾ  അങ്ങനെ ചെയ്തു പോയതാവാം. അയാളുടെ വേദന ഈ ജന്മത്തിൽ തീരുന്നതും അല്ല.
എങ്കിലും അയാൾക്ക് സ്വന്തം ഭാര്യയെ കുറച്ച് കൂടെ ശ്രദ്ദിക്കാമായിരുന്നില്ലേ ദിവാകരേട്ടാ.

തിരക്കേറി വാഹനങ്ങൾ ചീറിപ്പായുന്ന വഴിയിലൂടെ റോഡ് ക്രോസ്സ് ചെയ്യണമെന്ന് ചിലർക്ക് എന്തോ നിർബന്ധം ഉള്ളത് പോലെയാണ് സൂര്യാ.
ഇപ്പോഴും റോഡ് നിയമങ്ങൾ പാലിക്കാത്ത കാൽനടയാത്രക്കാരും, ഡ്രൈവർമാരും ഇവിടെ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത മനുഷ്യർ.

ദിവസങ്ങൾ കടന്നു പോയി.

സൂര്യൻ ആശുപത്രിയിൽ മഹേഷിനോടൊപ്പം തന്നെ നിന്നു.

ആൻസിക്ക് മഹേഷിനെ കാണാൻ വരണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ശ്രീക്കുട്ടിയെ ഒറ്റക്കാക്കി പോകാൻ പറ്റില്ല.

മൂന്നാഴ്ചയ്ക്കുശേഷം മഹേഷിനെ ഡിസ്ചാർജ് ചെയ്ത്  വീട്ടിലേക്ക് കൊണ്ടുപോന്നു.

അവനാകെ സൈലന്റ് ആയി പോയിരുന്നു.താൻ കാരണം ഒരു ജീവൻ നഷ്ടപ്പെട്ടു എന്നത് അവനു സഹിക്കാനാവുന്നകാര്യമല്ലായിരുന്നു.

എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞ് കൊണ്ടിരിക്കുന്ന അവന്റെ ആ മൗനം  എല്ലാവരെയും വേദനയിലാഴ്ത്തി.

ഇടയ്ക്ക് ചെക്കപ്പിനു പോകാൻ പോലും അവൻ വിസമ്മതിച്ചു. എങ്കിലും സൂര്യൻ നിർബന്ധമായവനെ കൊണ്ട് പോയി.

ശ്രീക്കുട്ടിയും ആൻസിയും സൂര്യനുമൊക്കെ അവരാലാവുന്ന പോലെ മഹേഷിനെ മാറ്റിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു

പക്ഷെ അവൻ തീർത്തും ഒറ്റപ്പെട്ടിരിക്കാൻ ശ്രമിച്ചു

മഹേഷിന്റെ ചിരിയോ, കളിയോ ഇല്ലാതെ ആ വീട് തീർത്തും മൗനത്തിൽ കുളിച്ചു നിന്നു

ഒറ്റയ്ക്ക് എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്ന മഹേഷിനരികിലേക്ക് ആൻസി  നടന്നു ചെന്നു

അവൾ അവന്റെ അരികിലിരുന്നു..അവന്റെ തലമുടി മാടിയൊതുക്കി

എടാ മഹി….നിന്റെ മൗനം എനിക്ക് സഹിക്കാൻ പറ്റുന്നില്ല. നീ കഴിഞ്ഞതൊക്കെ മറന്നേ പറ്റൂ.. നമുക്ക് ഇനിയും മുന്നോട്ട് ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ.

നോക്ക്… അറിയാതെ പറ്റിയ ഒരു അപകടമാണത്.അല്ലാതെ നീ   മനപ്പൂർവം ഒന്നും ചെയ്തതല്ലല്ലോ.

ഇടിച്ചശേഷം  നീ വണ്ടി നിർത്താതെ പോയൊന്നും ചെയ്തില്ലല്ലോ.അവരെ രക്ഷിക്കാൻ വേണ്ടി ശ്രമിക്കുകയല്ലേ ചെയ്തത്. നീ ഒരു തെറ്റും ചെയ്തിട്ടില്ല.ഇങ്ങനെ വിഷമിച്ചിരിക്കേണ്ട കാര്യമില്ല.അത് മറന്നേ പറ്റൂ.എന്നിട്ട് പഴയതുപോലെ ചിരിച്ചു കളിച്ചും ഒക്കെ നടക്കണം.എങ്കിലേ ഞങ്ങൾക്കൊക്കെ സന്തോഷമാകൂ. ഇപ്പോൾ തന്നെ സൂര്യനും ശ്രീക്കുട്ടിയും ഒക്കെ ഒന്ന് ചിരിച്ചു കണ്ടിട്ട് എത്ര നാളായി എന്നറിയാമോ?

നോക്ക്… ഈ വീട് ആകെ ഉറങ്ങിപ്പോയെടാ… ഇവിടെ ഉള്ളവരും…

നീ പഴയ മഹി ആയാലേ ഞങ്ങൾക്കൊക്കെ ചിരിക്കാൻ പറ്റൂ…

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ അവളുടെ തോളിലേക്ക്  മുഖം ചേർത്തുവെച്ചു

അവൾ തന്റെ വലം കൈകൊണ്ട് അവന്റെ ചുമലിൽ തഴുകിക്കൊണ്ടിരുന്നു

എടാ…എനിക്ക് സഹോദരന്മാരില്ലായിരുന്നു.പക്ഷേ ഇപ്പോൾ എനിക്കൊരു സഹോദരനുണ്ട്. നീയാണത്. നിന്നെ ഞാൻ അങ്ങനെ കരുതിയിട്ടുള്ളൂ.നീ വിഷമിക്കുമ്പോൾ ഒപ്പം ഞാനും വിഷമിക്കുന്നുണ്ട്.

ഇനിയെങ്കിലും നീ പഴയതുപോലെ ആകണം.ഇല്ലെങ്കിൽ എന്റെ വയറ്റിൽ വളരുന്ന ഒരാളില്ലേ,പുറത്തേക്ക് വരുമ്പോൾ നിന്നോട് ചോദിക്കും
എന്റെ അമ്മയെ എന്തിനാ ഇങ്ങനെ വിഷമിപ്പിച്ചതെന്ന്.

അവൻ മുഖമുയർത്തി.

ഇപ്പോൾ കിടന്ന് ചവിട്ടും കുത്തും ഒക്കെ തുടങ്ങിയിട്ടുണ്ട്. എന്റെ കുഞ്ഞു വരുമ്പോൾ എനിക്ക് അതിനോട് പറയണം. ദേ…ഈ ചെറുക്കനാണ് അമ്മയെ രക്ഷിച്ചതെന്ന്, ഞങ്ങൾ ഇവിടുന്ന് പോയാലും ഞങ്ങളെ ഓർക്കാൻ,വല്ലപ്പോഴും ഒന്നന്വേഷിക്കാൻ ഒക്കെ നീ ഉണ്ടാവണം.

അവൻ കണ്ണുകൾ ഉയർത്തിയവളെ നോക്കി.

പറ്റുന്നില്ല. എന്റെ മുൻപിൽ പിടഞ്ഞു മരിച്ച ആ സ്ത്രീയെ ഓർക്കുമ്പോൾ  സഹിക്കാൻ പറ്റുന്നില്ല.. മഹേഷ്‌ ഇടറിക്കൊണ്ട് പറഞ്ഞു

സഹിച്ചേ പറ്റു…

ഇന്നത്…ഇങ്ങനെ… ജീവിതത്തിൽ സംഭവിക്കണം എന്നൊക്കെ,ആരോ മുൻകൂട്ടി തയ്യാറാക്കി വെച്ചിരിക്കുകയാണ്. നമ്മൾ അതിനൊത്തു ചലിക്കുന്ന വെറും പാവകൾ മാത്രമാണ് മഹീ..

ഒക്കെ നീ മറക്കണം എന്നിട്ട് പഴയ  മഹി ആവണം
ഞങ്ങൾക്കിടയിൽ സന്തോഷം വിതറണം

അവന്റെ കണ്ണുകൾ തിളങ്ങി.

അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ അപ്പുറത്തേക്ക് പോയി.

അവളുടെ ആ സംസാരവും, അലിവോടെ, ഒരു സഹോദരനോടെന്ന പോലെ മഹിയോടുള്ള ആ കരുതലും ഒക്കെ സൂര്യൻ ശ്രദ്ദിക്കുന്നുണ്ടായിരുന്നു.

അമ്മ പോയതിൽ പിന്നെ ഇത്തരം ആശ്വാസവാക്കുകൾ ഒരിടത്തു നിന്നും കേട്ടിട്ടില്ല. അയാളുടെ മനസ്സ് ആർദ്രമായി.

****************

പിറ്റേന്നാണ് ആരും പ്രതീക്ഷിക്കാത്ത ഒരാൾ അങ്ങോട്ട് വന്നത്.

അയാളെ കണ്ടതും മഹേഷ് സർവ്വവും നഷ്ടപ്പെട്ടതുപോലെ കസേരയിലേക്ക് ഇരുന്നു. തന്റെ വണ്ടി ഇടിച്ചു മരണപ്പെട്ട സ്ത്രീയുടെ ഭർത്താവാണത്

അയാൾ അടുത്തേക്ക് വന്നു സൂര്യൻ മഹേഷിന്റെ അരികിലേക്ക് നീങ്ങി നിന്നു

ഇനിയും അയാൾ തന്റെ അനിയനെ അപകടപ്പെടുത്തുമോ എന്ന് സൂര്യൻ ഭയക്കുന്നുണ്ടായിരുന്നു

അയാൾ മഹേഷിന്റെ അടുത്തേക്ക് ചെന്നതും. അവൻ സ്വയമറിയാതെ കസേരയിൽ നിന്ന് എഴുന്നേറ്റു.

അയാൾ അവനെ ഒരു നിമിഷം നോക്കി നിന്നു.പിന്നെ അവനെ കെട്ടിപ്പിടിച്ചു.

നീ എന്നോട് ക്ഷമിക്കണം പെട്ടെന്ന് അങ്ങനെയൊക്കെ ചെയ്യാൻ എനിക്ക് തോന്നി അവളെ സ്നേഹിച്ചെനിക്ക് മതിയായിരുന്നില്ല. എന്റെ കുഞ്ഞിനെയും വയറ്റിലിട്ടു കൊണ്ടാ അവൾ പോയത്. പെട്ടന്ന് അവളെ നഷ്ട്ടമായപ്പോൾ,അപ്പോൾ എനിക്ക് അങ്ങനെയൊക്കെ ചെയ്യാൻ തോന്നി.
ചെയ്തു പോയതാണ്. നിന്റെ ഭാഗത്തല്ല തെറ്റെന്ന് എനിക്കറിയാം.

സൂര്യൻ സമാധാനത്തോടെ നെഞ്ചിൽ കൈവച്ചു.

അയാൾ മഹേഷിൽ നിന്ന് അകന്നു മാറി നിന്നോട് വന്നു മാപ്പ് പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും കിട്ടില്ലെന്ന് തോന്നി.അതാ വന്നത്. പുറം കൈകൊണ്ട് കണ്ണിനീരൊപ്പി അയാൾ തിരിഞ്ഞു നടന്നു.

മഹേഷിന്റെ മനസ്സപ്പോൾ ശാന്തമായിരുന്നു.

**************

ആൻസി PSC എഴുതുന്നുണ്ടായിരുന്നു. ടീച്ചർ ആകണമെന്ന് തന്നെയായിരുന്നു അവളുടെ നേരത്തെ മുതലുള്ള ആഗ്രഹം.

വയറ്റിൽ കിടന്ന് കുഞ്ഞ് ഇളകി കളിക്കുമ്പോൾ അവൾ സ്വന്തം അമ്മയെ  ഓർമിക്കും. ഇങ്ങനെയല്ലായിരുന്നോ തന്റെ അമ്മയും. താൻ അമ്മയുടെ വയറ്റിൽ കിടന്ന് എത്ര ചവിട്ടിയിട്ടുണ്ടാകും.അവൾക്ക് അമ്മയെയും അപ്പച്ചനെയും കാണാൻ വല്ലാത്ത കൊതിയായിരുന്നു. പക്ഷെ  കാമുകനാൽ ഉപേക്ഷിക്കപ്പെട്ട് നിറവയറുമായി അവരുടെ മുന്നിൽ ചെന്ന് നിൽക്കാൻ വയ്യ. ഇത്ര നാൾ അവർ കാത്തുസൂക്ഷിച്ച കുടുംബമഹിമ തകർത്തവളാണ് താൻ.

വയ്യ അവർക്കു മുൻപിൽ പോയി നിൽക്കാൻ വയ്യ…

എങ്കിലും അവരറിയാതെ അവരെ ഒന്ന് കാണാൻ അവളുടെ ഉള്ളം തുടിച്ചു.

മഹേഷിനോട് അവളത് പറയുകയും ചെയ്തു. പക്ഷെ ഡ്രൈവ് ചെയ്യാൻ അവനിപ്പോൾ ഭയമാണ്. പൂർണ്ണ ഗർഭിണിയായ താൻ ഇപ്പോൾ യാത്ര ചെയ്യണ്ട എന്നാണ് അവൻ പറഞ്ഞത്.

അടുത്ത ആഴ്ച്ച അഡ്മിറ്റ്‌ ആകണം എന്നാണ് ഡോക്ടർ പറഞ്ഞത്.

ഗവണ്മെന്റ് ഹോസ്പിറ്റലിലാണ് പോകുന്നത്. ശ്രീക്കുട്ടിയും, സൂര്യനും, മഹേഷും ഒക്കെ പറഞ്ഞത് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാം എന്നാണ്. പക്ഷെ താൻ സമ്മതിച്ചില്ല.

അഭയം തന്നു എന്ന് കരുതി, തന്നെ നോക്കേണ്ട ഉത്തരവാദിത്തം അവർക്കില്ല.

തനിക്ക് താൻ മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കിയേ പറ്റൂ.. നനഞ്ഞിടം കുഴിക്കുന്ന  സ്വഭാവം അത്ര നന്നല്ല.

കൈയിലുള്ള മാലയും വളകളും പാദസരവും ഒക്കെ ചേർത്താൽ  എട്ട് പവനോളം വരും. അത് പണയം വച്ചാൽ ചെറിയൊരു വീട് വാടകക്ക് എടുക്കാൻ കഴിയും. മഹിയോ സൂര്യനോ ഏർപ്പാടാക്കി തരുകയും ചെയ്യും.

PSC എഴുതിയതിന്റെ ഫലം കാണും,റാങ്ക് ലിസ്റ്റിൽ പേര് വരികയും ചെയ്യും.
തനിക്കുറപ്പുണ്ട്. താൻ രക്ഷപ്പെടും.

ഡെലിവറി കഴിഞ്ഞാൽ  രണ്ടോ മൂന്നോ ആഴ്ച്ച റസ്റ്റ് എടുക്കണം പിന്നെ   ജോലിക്ക് പോകണം. കുഞ്ഞിനെ നോക്കാൻ ഒരാളെ ഏർപ്പാടാക്കണം. മുന്നോട്ട് ജീവിച്ചേ മതിയാകൂ… അവൾ മനസ്സിൽ ഉറപ്പിച്ചു.

****************

വിവാഹം കഴിഞ്ഞിട്ട് ഇത്രയും ആയില്ലേ ഹേമന്ദ്. ഞാൻ ഇതുവരെയും   പ്രെഗ്നന്റ് ആയില്ലല്ലോ.

അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ മേഘ.

അങ്ങനല്ല ഹേമന്ദ്. ഞാൻ ഒരു നേഴ്സ് അല്ലെ? ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും ആകാത്തത്തിനാൽ ഇത്രയും വേഗം ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. എന്തെങ്കിലും പ്രശ്നം എനിക്കോ, ഹേമന്തിനോ ഉണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തുടങ്ങാമല്ലോ.

ഓഹോ… എന്റെ ഭാര്യ എവിടെ വരെ കടന്നു ചിന്തിച്ചു.

മ്മ്… ഹേമന്ദിന്റെയല്ലേ ഭാര്യ, അവളവന്റ  കവിളിൽ മെല്ലെയൊന്ന് നുള്ളി.

ദേ… എന്നെ ഇങ്ങനെ നുള്ളിയാൽ ഞാനും നുള്ളും കേട്ടോ, ഇപ്പോഴല്ല… ഉറങ്ങാൻ കിടക്കുമ്പോൾ… അവൻ അവളുടെ ചെവിയിൽ പറഞ്ഞു.

അയ്യടാ….

ഹേമന്ദ്  അവളെ തന്റെ മെയ്യിലേക്ക് ചേർത്ത് നിർത്തി.

നമ്മളിപ്പോൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് അല്ലെ ഹേമന്ദ്?

ഉവ്വ്… ഒരുപാടൊരുപാട്…

അവൾ ഇരുകൈകൾ കൊണ്ടും അവനെ മുറുകെ പുണർന്നു.

*************

തിങ്കളാഴ്ച രാവിലെ ആൻസി ഹോസ്പിറ്റലിൽ അഡ്മിറ്റായി.

സൂര്യൻ അടുത്തുള്ള ഒരു സ്ത്രീയെ, അൻസിയുടെ സഹായത്തിനായി ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു.

വേദന തുടങ്ങിയപ്പോൾ നേഴ്സ് പറഞ്ഞതനുസരിച്ച്‌ ആൻസി ലേബർ റൂമിലേക്ക്‌ നടന്നു.

വാതിൽ കടക്കും മുൻപ് അവളൊന്നു തിരിഞ്ഞു നോക്കി.

ഉറ്റവരോ ഉടയവരോ കാത്തു നിൽക്കാനില്ലാതെ, കുഞ്ഞിനെ ഏറ്റ് വാങ്ങാൻ അതിന്റെ അച്ഛൻ പോലുമില്ലാതെ….

എത്ര നിയന്ത്രിച്ചിട്ടും  അവളെ സങ്കടം വന്ന് പൊതിഞ്ഞു.

കാത്തുനിൽക്കാനാരുമില്ലാത്തതിന്റെ വേദന താൻ അനുഭവിക്കേണ്ടതാണ്. തന്റെ കൈയിൽ ഇരുപ്പുകൊണ്ട്  സംഭവിച്ചതാണല്ലോ ഇതെല്ലാം.

എങ്കിലും ഹേമന്ദ്, എങ്ങനെ ചതിക്കാൻ കഴിഞ്ഞു നിനക്കെന്നെ? ആത്മാർത്ഥ പ്രണയം എന്നും ഒരാളെ മാത്രം വേദനിപ്പിക്കുന്ന ഒന്നാണെന്ന് അവൾക്ക് തോന്നി.ഹേമന്ദ് ഇതാ ഇവിടെ കൈനീട്ടി ഏറ്റു വാങ്ങാൻ  ആരുമില്ലാതെ നിന്റെ കുഞ്ഞ് ജനിക്കാൻ പോവുകയാണ്.

അവൾക്ക് വല്ലാത്ത സങ്കടം തോന്നി.

പെട്ടെന്നാണവൾ കണ്ടത് ലേബർ റൂമിനരികിലേക്ക് ഓടി വരുന്ന സൂര്യനെ.

വരണ്ട കിടന്നു ഭൂമിയിലേക്ക് പെട്ടെന്ന് കുളിർമാരി പെയ്തതുപോലൊരു സുഖം തോന്നിയവൾക്ക്.

തന്റെ ആരുമല്ലെങ്കിലും അയാൾ വന്നിരിക്കുകയാണ്. അയാൾക്ക്  ആരും തുണയില്ലാത്ത മനുഷ്യരുടെ വേദന മനസ്സിലാകും.

അയാൾ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു

ഇങ്ങോട്ട് കയറി വാ കൊച്ചെ.. അകത്തുനിന്ന് ഒരു നേഴ്സ് പറഞ്ഞു

അവൾ അയാളെ നോക്കി ഒന്ന് തല കുലുക്കിയിട്ട് അകത്തേക്ക് കയറി

ലേബർ റൂമിന്റെ വാതിൽ അടഞ്ഞു.

മണിക്കൂറുകൾ ഇഴഞ്ഞ് നീങ്ങി. ലേബർ റൂമിന്റെ വാതിൽ തുറക്കപ്പെട്ടു

ആൻസിയുടെ ആരാ ഉള്ളത്?

അകത്തുനിന്ന് ഒരു നേഴ്സ് പുറത്തേക്ക് തലയിട്ട് ചോദിച്ചു

സൂര്യൻ കസേരയിൽ നിന്ന് എഴുന്നേറ്റു.

നേഴ്സ് അയാളുടെ കൈകളിലേക്ക്  കുഞ്ഞിനെ വച്ചുകൊടുത്തു.

ആൺകുട്ടിയാണ് കേട്ടോ നഴ്സ് പറഞ്ഞു.

ആൻസി?

ആൻസിക്ക് കുഴപ്പമൊന്നുമില്ല കുറച്ചു കഴിയുമ്പോൾ വാർഡിലേക്ക് മാറ്റും

അയാൾ കുഞ്ഞിനെ നോക്കി കുഞ്ഞിക്കണ്ണുകൾ ചിമ്മിച്ചിമ്മി തുറന്നു തന്നെ അവൻ നോക്കാൻ ശ്രമിക്കുകയാണ്.

കണ്ടുകഴിഞെങ്കിൽ കുഞ്ഞിനെ തന്നേക്ക് കേട്ടോ.നേഴ്സ് കൈനീട്ടി

അവർ നീട്ടിയ കൈകളിലേക്ക് സൂര്യൻ കുഞ്ഞിനെ വച്ചുകൊടുത്തു

കുറച്ചുനേരം കഴിഞ്ഞപ്പോൾ ആൻസിയെ വാർഡിലേക്ക് മാറ്റി.

കഠിനവേദന അനുഭവിച്ചതിന്റെ അവശേഷിപ്പുകൾ  അപ്പോഴും അവളുടെ മുഖത്ത് കാണാമായിരുന്നു.

സഹായത്തിനു നിർത്തിയ സ്ത്രീ,കട്ടിലിൽ ആൻസക്കരികിലായി കുഞ്ഞിനെ കൊണ്ടുവന്നു കിടത്തി.

അവൾ കുഞ്ഞിന്റെ കുരുന്നു നെറ്റിയിൽ ചുണ്ടുകൾ അമർത്തി.

ആൻസി…ഞാൻ പോയേക്കുവാ വീട്ടിൽ ശ്രീക്കുട്ടിയും മഹേഷും മാത്രല്ലേ ഉള്ളൂ..സൂര്യൻ പറഞ്ഞു.

ആൻസി തലകുലുക്കി

*****************

മൂന്നു ദിവസങ്ങൾക്ക് ശേഷം ആൻസിയെ ഡിസ്ചാർജ് ചെയ്തു.

ഒരു ചെറിയ വീട് എടുത്തു തന്നാൽ മതിയെന്നും,താനും കുഞ്ഞും അങ്ങോട്ട് താമസം മാറിക്കോളാമെന്നും ആൻസി സൂര്യനോട് പറഞ്ഞു നോക്കി.

അതിന് ഇനിയും സമയമുണ്ടല്ലോ ഇത്രയും നാൾ അവിടെ നിന്നതല്ലേ ഒന്നോ രണ്ടോ മാസം കൂടി അവിടെ നിൽക്കാം. എന്നിട്ട് ആലോചിച്ചാൽ മറ്റൊരു വീട്. സൂര്യൻ പറഞ്ഞു.

ഇത്രയും നാൾ അഭയം തന്നവരല്ലേ ധിക്കരിക്കേണ്ടതില്ലെന്ന്  ആൻസിക്കും തോന്നി.

അവർ വീട്ടിൽ തിരിച്ചെത്തി. അവരെ കാത്തിരിക്കുകയായിരുന്ന ശ്രീക്കുട്ടിയുടെ മടിയിലേക്ക്  ആൻസി കുഞ്ഞിനെ വച്ചുകൊടുത്തു.

ശ്രീക്കുട്ടി കൊതിയോടെയും അതിലുപരി ആകാംക്ഷയോടെയും ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.

ഒരു അമ്മയാവാൻ കഴിയാത്തതിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയാണ് താൻ.ശ്രീക്കുട്ടിക്ക് ആ കുഞ്ഞിനോട് അതിയായ സ്നേഹം തോന്നി

അല്ലെങ്കിലും കുഞ്ഞുങ്ങളെ കണ്ടാൽ തരളമായി പോകുന്ന മനസ്സാണ് എല്ലാ സ്ത്രീയിലും തുടിക്കുന്നത്..

ആൻസിക്ക് കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം എന്നൊന്നും അവൾക്കറിയില്ലായിരുന്നു. എങ്കിലും ക്ഷമയോടെ അവൾ ഓരോന്നും ചെയ്തു പോന്നു

രാവിലേ കുളിപ്പിച്ച് തുടച്ച് കുഞ്ഞിനെ മഹേഷിനെ ഏൽപ്പിച്ചിട്ട് ആൻസി കുളിക്കാനായി പോയി.

മഹേഷ്‌ കുഞ്ഞിനെ നോക്കി. കുഞ്ഞിളം കണ്ണുകൾ വിടർത്തി കുഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി.

അവനെ കാണും തോറും അയാൾക്ക്‌ സങ്കടം വന്നു. അന്ന് തന്റെ വണ്ടി ഇടിച്ചില്ലായിരുന്നെങ്കിൽ,ആ സ്ത്രീ മരിച്ചില്ലായിരുന്നെങ്കിൽ ഇതുപോലൊരു കുഞ്ഞ്  അവർക്ക് ജനിക്കുമായിരുന്നില്ലേ?

ഒരു പിറവിക്ക് തടസ്സമായ താൻ എന്തൊരു മനുഷ്യനാണ്…? അയാൾക്ക്‌ സഹിക്കാനാവാത്ത ദുഃഖം തോന്നി.

മഹേഷിന്റെ ആ ഇരുപ്പ് കണ്ടുകൊണ്ടാണ് സൂര്യൻ അങ്ങോട്ട് വന്നത്.
അവന്റെ ദുഃഖത്തിന്റെ കാരണം അയാൾക്ക്‌ മനസ്സിലായി. അല്ലെങ്കിലും മനുഷ്യരുടെ മനസ്സ് വായിക്കാൻ അയാൾക്ക്‌ പ്രേത്യേക കഴിവാണ്.

അയാൾ മഹേഷിന്റെ അടുത്തിരുന്നു.

ചേട്ടായീ… എന്റെ സുഹൃത്ത് അടുത്ത ദിവസം ഹൈദ്രാബാദ് പോകുകയാണ്. അവന് അവിടെയാണ് ജോലി. അവൻ പറയുന്നത് അവിടെ എനിക്കും ഒരു ജോലി ശരിയാക്കാം അങ്ങോട്ട് പോരാനാണ്.ഇവിടെ നിൽക്കുമ്പോൾ മനസ്സിനാകെ ഒരു ഭാരമാണ്. മഹേഷ്‌ ഇടർച്ചയോടെ പറഞ്ഞു.

സൂര്യനും തോന്നി അതൊരു നല്ല കാര്യമാണെന്ന്. അവന്റെ മനസ്സ് ഒന്ന് നേരെയാകാൻ ഇവിടുന്നു പോകുന്നത് തന്നെയാണ് നല്ലത്. സുഹൃത്തുക്കൾക്കൊപ്പമാകുമ്പോൾ കുഴപ്പമില്ലതാനും.

ചേട്ടായി.. ഒന്നും പറഞ്ഞില്ല.

അവൻ എന്നാ പോകുന്നത്? സൂര്യൻ ചോദിച്ചു.

മറ്റന്നാൾ പോകും.

ശരി. സമ്മതിച്ചിരിക്കുന്നു. പക്ഷെ അവിടെ ചെന്നിട്ടും വിഷമിച്ച്‌ ഇരിക്കരുത്.
ഞങ്ങളുടെ പഴയ മഹിക്കുട്ടനായി സന്തോഷത്തോടെ ജോലിക്ക്ഒക്കെ പോയി. ഇടക്ക് ഒന്ന് കറങ്ങാനൊക്കെ പോയി. മിടുക്കൻ ആയിരിക്കണം.

മഹേഷ്‌ തലയാട്ടി.

***********

സൂര്യൻ മഹേഷിന്റെ സാധനങ്ങൾ ഒക്കെ എടുത്തു വച്ചു.

മോനേ… അയാൾ അവന്റെ കൈയിൽ പിടിച്ചു. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഇങ്ങോട്ട് പോന്നേക്കണം.നിന്നെ കാത്തിരിക്കാൻ ഞാൻ ഇവിടെ ഉണ്ടെന്ന് മറന്നേക്കല്ലേടാ…

മഹേഷ്‌ സൂര്യനെ മുറുക്കെ പുണർന്നു.

അവൻ ശ്രീക്കുട്ടിയുടെ മുറിയിലേക്ക് ചെന്നു.

എടീ…

നീ പോടാ…

അവൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

എന്തിനാടീ പോത്തേ കരയുന്നത്?

ഇത് സന്തോഷക്കണ്ണുനീർ ആണെടാ. നിന്റെ ശല്യം ഇനി കുറച്ച് നാളത്തേന് ഉണ്ടാവില്ലല്ലോ. ആഹ്.. പിന്നെ അവിടെ ചെന്ന് കണ്ട പെണ്ണുങ്ങളുടെ ഒന്നും വായിൽ നോക്കി നടന്നേക്കരുത്. അവൾ താക്കീതു നൽകി.

മഹേഷ്‌ ആൻസിയുടെ മുന്നിൽ ചെന്നു..അവൻ അവളുടെ കൈയിൽ പിടിച്ചു.

ഞാൻ പോട്ടെ…ഉം… അവൾ തലയാട്ടി.

കട്ടിലിൽ ഉറക്കിക്കിടത്തിയിരുന്ന കുഞ്ഞിന്റെ കൈയിൽ ഒന്ന് ചുംബിച്ചിട്ട് അവൻ പുറത്തേക്ക് നടന്നു.

ഒരിക്കൽ കൂടെ എല്ലാവരെയും നോക്കിയിട്ട് അവൻ യാത്ര പറഞ്ഞു.

*************

മേഘയും ഹേമന്ദുo ഡോക്ടർക്കു മുൻപിൽ ഇരിക്കുകയാണ്.

ഡോക്ടർ റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ചു.

മേഘാ… തനിക്ക്‌ കുഞ്ഞുങ്ങൾ ഉണ്ടാകില്ല.

ഡോക്ടർ പറഞ്ഞത് കേട്ട് മേഘയും ഹേമന്ദുo നടുങ്ങി പോയി.

മേഘ നിഷേധാർത്ഥത്തിൽ തലnചലിപ്പിച്ചു. പിന്നെ തിടുക്കത്തിൽ പുറത്തേക്ക് പാഞ്ഞു

ഹേമന്ദ് അവൾക്കൊപ്പം ചെന്നു.

അവൾ ചെന്ന് തന്റെ വണ്ടിയിൽ കയറിയതും ഉറക്കെയുറക്കെ പൊട്ടിക്കരഞ്ഞു.

ഹേയ് എന്തായിത് മേഘ, കരയാതെയിരിക്കൂ..

എങ്ങനെ കരയാതിരിക്കും ഹേമന്ദ്.? ഡോക്ടർ പറഞ്ഞത് കേട്ടില്ലേ എനിക്ക് ഒരമ്മയാകാൻ പറ്റില്ലെന്ന്. എന്നെ ഹേമന്ദ് ഉപേക്ഷിച്ചേക്കു. എന്നിട്ട് മറ്റൊരു പെണ്ണിനെ കെട്ടിക്കോ..

നീയെന്തൊക്കെയാ പെണ്ണേ ഈ പറയുന്നത്. നീയിത്ര സില്ലിയായാൽ എങ്ങനെയാ ഇങ്ങനെ വിഷമിക്കാതെ, ഡോക്ടർക്കും തെറ്റ് പറ്റാമല്ലോ. നമുക്ക് മറ്റൊരു ഡോക്ടറെ കണ്ട് നോക്കാം.അയാൾ പറഞ്ഞു.

അവൾ പ്രതീക്ഷയോടെ അയാളെ നോക്കി.

*******************

മഹേഷ്‌ പോയതോടെ ശ്രീക്കുട്ടിയുടെ ചിരിയൊക്കെ മാഞ്ഞു പോയിരുന്നു.

തമ്മിൽ കണ്ടാൽ വഴക്കിടുമെങ്കിലും ആ സഹോദരങ്ങൾ അത്രയും പരസ്പരം സ്നേഹിച്ചിരുന്നു.

സൂര്യനും തീർത്തും മൂകനായി പോയിരുന്നു.

മഹേഷ്‌ എന്നും വിളിക്കും ഒരുപാട് നേരം സംസാരിക്കും. അപ്പോഴാണ് ആ വീടുണരുന്നത്.

കുഞ്ഞ് പതിയെ ചിരിക്കാനും, കൈകാലിളക്കി കളിക്കാനും ഒക്കെ തുടങ്ങിയിരുന്നു.

അവന്റെ കുഞ്ഞ് ശബ്‍ദങ്ങളും, കരച്ചിലുമൊക്കെ പതിയെ പതിയെ ആ വീടുണർത്തി.

ശ്രീക്കുട്ടിയുടെ കൈയിലെ ചൂട് പറ്റി  ഉറങ്ങാനാണ് അവന് ഏറെ ഇഷ്ട്ടം.
ആ നിഷ്കളങ്ക മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ ശ്രീക്കുട്ടി എല്ലാ വിഷമങ്ങളും മറക്കും. അവനെയും മടിയിൽ വച്ച് കളിപ്പിച്ചവൾ ഏറെ നേരം ഇരിക്കും.

കുഞ്ഞിന് പേര് വല്ലതും കണ്ടുപിടിച്ചോ ആൻസി?
ശ്രീക്കുട്ടി ചോദിച്ചു.

ഇല്ലാ

നല്ലൊരു പേര് കണ്ടുപിടിക്കണം നമുക്ക്.

ഉം…

ശ്രീക്കുട്ടി വലിയ ഉത്സാഹത്തിൽ ആയിരുന്നു.

കുഞ്ഞിനെ ഉറക്കിയിട്ട് ആൻസി തുണി അലക്കാനായി പോയി.

കുഞ്ഞിനെക്കൊണ്ട് ഒരു ശല്യവുമില്ല, വയർ നിറയെ പാല് കിട്ടിയാൽ അവൻ ഉറങ്ങിക്കോളും. ഉണർന്നാലും കരഞ്ഞു ബഹളമുണ്ടാക്കുകയൊന്നും ഇല്ല.

രാത്രിയിലും അങ്ങനെ തന്നെ, അതുകൊണ്ട് ആൻസിക്കും ഉറക്കം ഒഴിയേണ്ടി വന്നിട്ടില്ല.

******************

അന്ന് ആൻസി വലിയ സന്തോഷത്തിൽ ആയിരുന്നു.
Psc റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്.

ഒരു ജോലി എന്ന ആഗ്രഹം നേടുവാനുള്ള ആദ്യത്തെ കടമ്പ കഴിഞ്ഞിരിക്കുന്നു.

ആ സന്തോഷം സൂര്യനോടും ശ്രീക്കുട്ടിയോടും പറഞ്ഞപ്പോൾ അവർക്കും അതിയായ സന്തോഷം തോന്നി.

ഇനിയെങ്കിലും ഇവിടുന്ന് മാറി കൊടുക്കണം. എവിടുന്നോ വന്ന തന്നെ, ഒരു പരിചയുമില്ലാഞ്ഞിട്ടും വെറും മനുഷ്വതത്തിന്റെ പുറത്ത്  ഇവിടെ നിർത്തിയവരാണ്.  മറ്റാരെങ്കിലും അങ്ങനെ ചെയ്യുമോ?

അത്ര സ്നേഹമുള്ളവരാണ് ഇവിടുള്ളവർ.സ്നേഹം കൊണ്ട് നിർമ്മിച്ച ഈ കുഞ്ഞു വീടും ഇവിടുത്തെ മനുഷ്യരും ഇപ്പോൾ തന്റെ  മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.

ഞാൻ ഇവിടുന്ന് പോയാലും ഇടക്ക് ഇങ്ങോട്ട് വരും. കുഞ്ഞിനെ കാണിക്കും.

അവൾ മനസ്സിൽ ഉറപ്പിച്ചു.

ഉച്ചക്ക് ശ്രീക്കുട്ടിക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ ഒന്നുമ്മ വച്ചിട്ട് അവൾ സൂര്യനുള്ള ഭക്ഷണവും എടുത്ത് പറമ്പിലേക്ക് പോയി.

ആഹ്… ഞാൻ വരാൻ തുടങ്ങുകയായിരുന്നല്ലോ.

ഉവ്വോ… ഇന്നലെ ഇതുപോലെ പറമ്പിൽ ഇറങ്ങിയിട്ട് ഒന്നും കഴിക്കാതെ   വൈകുന്നേരം വരെ നിന്നില്ലേ, ഇന്നും അങ്ങനെ നിൽക്കുമോ എന്ന് കരുതിയാണ്  ഇങ്ങോട്ട് കൊണ്ടുപോന്നത്.

എന്നാൽ ശരി ഞാൻ കഴിച്ചേക്കാം.

അയാൾ കൈകഴുകി നിലത്തേക്ക് ഇരുന്നു.

ആൻസി  അയാൾക്കായി ഭക്ഷണം വിളമ്പി.

ആൻസി കഴിച്ചോ.

ഉവ്വ്.

എങ്കിലും ഒരു കൂട്ടിന് ഇത്തിരി കഴിക്കെടോ..

ഹേയ് വേണ്ടാ..

അത് പറ്റില്ല. ഒറ്റക്കിരുന്നു കഴിക്കാൻ ഒരു ബുദ്ധിമുട്ടാണ്. ഒരാൾ വർത്താനം പറയാനും, പങ്കിട്ടു കഴിക്കാനും ഒക്കെ ഉണ്ടെങ്കിൽ  ഒരു രസമാണ്.

എങ്കിൽ ഞാനും കഴിക്കാം.ആൻസി പറഞ്ഞു.

സൂര്യൻ എന്താ നല്ല ജോബ് വേണ്ടാന്ന് വച്ച് ഈ കൃഷിപ്പണിയിലേക്ക് ഇറങ്ങിയത്.

അച്ഛനും അമ്മയും പോയതോടെയാണ് ഞാൻ ജോലി വേണ്ടാന്നു വച്ചത്.
ഇവിടിങ്ങനെ ഇരികുമ്പോൾ  എനിക്ക് അവരുടെ പ്രെസൻസ് അനുഭവിക്കാൻ പറ്റും.അവരിവിടെ ഉണ്ടെന്ന് എനിക്ക് തോന്നും.

പിന്നെഞാൻ പോയാൽ, എന്റേ ശ്രീക്കുട്ടിയെയും മഹേഷിനെയും ഞാൻ ആരെ ഏൽപ്പിക്കും.

മഹേഷ്‌ പറഞ്ഞതാണ് ചേട്ടായി ജോലിക്ക് പൊയ്ക്കോ ശ്രീക്കുട്ടിയെ അവൻ നോക്കിക്കോളാം എന്ന്. പക്ഷെ അവനെ എല്ലാ ബാധ്യതകളും ഏൽപ്പിച്ചിട്ട് എനിക്ക് മാത്രം ജീവിക്കണ്ടെന്നു തോന്നി.

പിന്നെ, ഈ മണ്ണിൽ പണിതാൽ എനിക്കൊരു മാസം കിട്ടുന്ന സാലറിയേ ക്കാൾ സമ്പാദിക്കാൻ പറ്റും. പിന്നെ എന്തിനാ അന്യ നാട്ടിൽ പോകുന്നത്.

അപ്പോൾ ഒരുപാട് കാശ് ഉണ്ടാക്കി കാണുമല്ലോ,അലമാരിയുടെ താക്കോൽ തന്നാൽ ഞാൻ കുറേ പണം അടിച്ചു മാറ്റിക്കോളാം കേട്ടോ ആൻസി ചിരിയോടെ പറഞ്ഞു.

ഇല്ലെടോ പണമൊന്നും ഞാൻ വീട്ടിൽ സൂക്ഷിക്കാറില്ല. ഞാനേ സിറ്റിയുടെ അടുത്ത് ഒരിരുപത് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അതിൽ ഒരു വീട് പണിയണം. എന്റേ മഹിക്ക് വേണ്ടി. ഈ മലമുകളിൽ ജീവിക്കേണ്ടവൻ അല്ല അവൻ.

അപ്പോൾ സൂര്യന് വേറെ നല്ല വീടൊന്നും വേണ്ടേ..?

എനിക്കിതു മതി. ഇവിടെ ജീവിച്ച് ഇവിടെ മരിച്ചാൽ മതി.ഇതാണ് എന്റേ ലോകം.

അന്ന് ആദ്യമായാണ് സൂര്യൻ അത്രയേറെ സംസാരിക്കുന്നത്.

സൂര്യന്  എല്ലകാര്യങ്ങളെയും കുറിച്ച്  അറിവുണ്ട്. ഒരുപാട് ബന്ധങ്ങളും ഉണ്ടായാൾക്ക്.

അസാമാന്യ കഴിവുകൾ ഉള്ള മനുഷ്യനാണ്. എവിടെ എത്തേണ്ട ആളാണ്. എന്നിട്ടും ഇഷ്ടപ്പെടുന്നത് ലളിതമായ ജീവിതമാണ്.

സൂര്യൻ ഒട്ടും മറയില്ലാതെ സംസാരിക്കുന്ന ആളാണ്. അയാളോട് സംസാരിക്കുമ്പോൾ അയാൾ ഇപ്പോഴെങ്ങും സംസാരം നിർത്തരുതെന്ന് ആരും ആഗ്രഹിച്ചു പോകും.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവർ എഴുന്നേറ്റു.

സൂര്യാ….

എന്താ…

എനിക്ക് താമസിക്കാൻ ഒരു വീടെടുത്ത് തരാൻ പറ്റുമോ?

അപ്പോൾ പോകാൻ തീരുമാനിച്ചു അല്ലേ

പോകണം.

അതാണ് നല്ലത്. നല്ലൊരു ഭാവി ആൻസിയെ കത്തിരിപ്പുണ്ട്. ജീവിച്ച് കാണിക്കണം. തോൽക്കരുത് ഒരിടത്തും.

ആൻസി ചിരിച്ചു.

ഞാൻ ഒന്ന് തിരക്കട്ടെ, വീടുകൾ വല്ലതും ഉണ്ടോ എന്ന്.

ശരി.

ആൻസി തിരിച്ചു നടന്നു.

പിറ്റേയാഴ്ച തന്നെ സൂര്യൻ ആൻസിക്കായി ചെറിയൊരു വാടക വീട് തരപ്പെടുത്തി

അതേയ്…വേണമെങ്കിൽ നമുക്കൊന്ന് പോയി  നോക്കിയിട്ട് വരാം. ഇനി ആൻസിക്ക് ആ വീട് ഇഷ്ടമായില്ലെങ്കിൽ മറ്റൊരെണ്ണം നോക്കാമല്ലോ. സൂര്യൻ പറഞ്ഞു

അതൊന്നും കുഴപ്പമില്ല. സൗകര്യങ്ങൾ ഇത്തിരി കുറഞ്ഞാലും ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം. ആൻസി പറഞ്ഞു.

എന്നാലും അത് ശരിയല്ലല്ലോ. എന്തായാലും ഒന്നു പോയി നോക്കിയിട്ട് വരാം.എന്നിട്ട് ഉറപ്പിക്കാം എടുക്കണോ വേണ്ടയോ എന്ന്.

ശരി.അവൾ പറഞ്ഞു

ശ്രീക്കുട്ടിക്കുള്ള ഭക്ഷണവും കൊടുത്ത് അവളെ കട്ടിലിൽ എടുത്ത് കിടത്തിയതിന് ശേഷമാണ് സൂര്യനും ആൻസിയും കുഞ്ഞും കൂടി വീട് കാണാനായി പോയത്.

അവിടെ നിന്നും എട്ടു കിലോമീറ്റർ ദൂരമുണ്ട്. ചെറിയൊരു വാർക്ക വീടാണ്. രണ്ട് മുറിയും ഹാളും കിച്ചണും ബാത്‌റൂമും അടങ്ങിയ വീട്.

അടുത്ത് അയൽവക്കമൊക്കെയുണ്ട്. അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല.
പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി.
സൂര്യൻ പറഞ്ഞു.

ഉം……

പെരയൊക്കെ  അടിച്ചു വാരി തൂത്ത് കഴുകി ഇടാനൊക്കെയായി ഞാൻ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്.  പിന്നെ മുറ്റവും ഒന്ന് വൃത്തിയാക്കാം. എന്തായാലും അടുത്തയാഴ്ചയോടുകൂടി ഇങ്ങോട്ട് താമസം മാറിക്കോളൂ സൂര്യൻ പറഞ്ഞു

സൂര്യന് എന്നെക്കൊണ്ട് ഒരുപാട് ബുദ്ധിമുട്ടായി അല്ലേ?

ഹേയ്… ഇങ്ങനെ ഒക്കെ പറഞ്ഞാലാണ് എനിക്ക് വിഷമം.

അവർ തിരികെ വണ്ടിയിൽ കയറി

താനും കുഞ്ഞും പോകുന്ന കാര്യം അറിഞ്ഞപ്പോൾ മുതൽ ശ്രീക്കുട്ടിക്ക് വലിയ വിഷമം ആണ്.സൂര്യൻ പറഞ്ഞു.

സത്യം പറഞ്ഞാൽ എനിക്ക് അവിടെ നിന്ന് പോരാനും വിഷമം തന്നെയാണ്. ഇത്രനാളും ഞാൻ നിങ്ങൾളെ ബുദ്ധിമുട്ടിച്ചില്ലേ,ഇനിയും അങ്ങനെ ചെയ്യുന്നത് ദൈവത്തിന് നിരക്കാത്ത കാര്യമാണ്.

അതെ മഹേഷിനോട് പറഞ്ഞായിരുന്നുന്നോ പോകുന്ന കാര്യം? സൂര്യൻ അന്വേഷിച്ചു.

ഇന്നലെ ഞാൻ അവനെ വിളിച്ച് കാര്യം പറഞ്ഞിരുന്നു .അയ്യോ…അവൻ എന്നെ വിളിക്കാത്ത തെ** റികളില്ല…

അവൻ പറയുന്നത് അവിടെ നിന്നാൽ മതിയെന്നാണ്.ഒരു കുടുംബാംഗത്തെ പോലെയാണ് ആൻസിയെ ഞങ്ങളൊക്കെ കാണുന്നത് എന്നൊക്കെ പറഞ്ഞു.ദേഷ്യപ്പെട്ടാണ് അവൻ ഫോൺ വെച്ചത്. ഇനി ഇന്നൊന്നു വിളിച്ച്  അവനെ സോപ്പിടണം. ആൻസി പറഞ്ഞു.

ഇപ്പോൾ അവൻ ഒരുപാട് മാറി കേട്ടോ സൂര്യാ..അവനിപ്പോൾ നമ്മുടെ പഴയ മഹി തന്നെയാണ്. ആ പഴയ കുസൃതിയും ചിരിയും ഒക്കെ അവനിലേക്ക് തിരികെ വന്നു.
എന്തായാലും അവിടെ തന്നെ ജോലിയിൽ തുടരാനാണ് അവന്റെ തീരുമാനം.

ശരിയാണ് അവൻ അൽപകാലം അവിടെത്തന്നെ നിൽക്കട്ടെ. മനസ്സ് പൂർണമായും എല്ലാം മറന്നതിന് ശേഷം മടങ്ങി വന്നാൽ മതി. എനിക്കവന്റെ വിഷമം കാണാൻ വയ്യ.

ശ്രീക്കുട്ടി അവരെയും കാത്ത് കട്ടിലിൽ കണ്ണ് തുറന്നു കിടക്കുകയായിരുന്നു.

നിങ്ങളെന്താ പോയിട്ട് ഇത്രയും താമസിച്ചത് ? അവൾ ചോദിച്ചു

താമസിക്കുകയോ? പോയി, വീട് തുറന്നു കണ്ടു.തിരിച്ചുപോന്നു. അതിനാണോ ഇത്രയും താമസിച്ചു എന്ന് നീ പറയുന്നത്? സൂര്യൻ അവളുടെ അടുത്തിരുന്നു

അത്രയും നേരം കൊച്ചിനെ കാണാതിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല.എന്നെ ഒന്ന് എഴുന്നേൽപ്പിച്ച് ഇരുത്തിക്കെ.അവൾ പറഞ്ഞു.

സൂര്യൻ അവളെ എടുത്ത് വീൽചെയറിൽ ഇരുത്തി.

ഇനി എന്റെ കൊച്ചിനെ  ഇങ്ങ് കൊണ്ടുവാ ശ്രീക്കുട്ടി കൈ നീട്ടി.

അവൾ നീട്ടിയ കൈകളിലേക്ക് ആൻസി കുഞ്ഞിനെ വച്ചു കൊടുത്തു.

അവൾ എടുത്തതും കുഞ്ഞ് കൈകാലട്ടിളക്കി കളിച്ചു.

അല്ലെങ്കിലും കുഞ്ഞിനവളെ ഭയങ്കര പ്രിയമാണ്.

നമ്മൾ എന്തെങ്കിലും ഒക്കെ അവന്റെ മുഖത്ത് നോക്കി സംസാരിച്ചാൽ അവൻ ആ… ഊ… എന്നൊക്കെ ശബ്ദം ഉണ്ടാക്കും.

അവന്റെ ആ കുഞ്ഞ് ചിരിയിലേക്കും കുസൃതിയിലേക്കുമായിരുന്നു ആ വീട് ഉണരുന്നത്.

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ സൂര്യൻ കയറി വന്നു കഴിഞ്ഞാൽ പിന്നെ, അല്പനേരം സൂര്യൻ മയങ്ങാറുണ്ട്. ആ സമയത്തെല്ലാം അവന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നതാണ് കുഞ്ഞിന് ഇഷ്ടം

സൂര്യൻ അവനായി ഒരുപാട് സാധനങ്ങൾ വാങ്ങിക്കൂട്ടിയിരുന്നു.
എത്ര വേണ്ടെന്ന് പറഞ്ഞാലും, ആ വീടിനകം മുഴുവൻ കളിപ്പാട്ടങ്ങൾ
നിരന്നു.

ഈ കളിക്കാൻ പ്രായമാവാത്ത കുഞ്ഞിനുവേണ്ടി ഇ ത്രയധികം സാധനങ്ങൾ വാങ്ങേണ്ടതുണ്ടോ എന്ന് ചോദിച്ച്‌ ആൻസി വഴക്കുണ്ടാക്കും.

എന്നാലും വീണ്ടും ടൗണിൽ പോകുമ്പോൾ സൂര്യൻ എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരും.

******************

മേഘയും ഹേമന്ദുo  കൂടി മറ്റൊരാശുപത്രിയിൽ  പോയി .

ഒരു കുഞ്ഞിന് വേണ്ടി മേഘ അത്രയും ആഗ്രഹിക്കുന്നുണ്ടായിരുന്നു.

തനിക്ക് ഒരിക്കലും അമ്മയാവാൻ കഴിയില്ല എന്ന് അറിഞ്ഞതിൽ പിന്നെ.
അമ്മയാകാനുള്ള അവളുടെ ആഗ്രഹം പതിന്മടങ്ങായി വർദ്ധിച്ചിരിക്കുകയാണ്.
അതുകൊണ്ടാണ് അവർ മറ്റൊരു ഹോസ്പിറ്റലിൽ കൂടി പോയി പരിശോധിച്ചു നോക്കാമെന്ന് വിചാരിച്ചത്

ആ ഡോക്ടറും കൂടെ, മേഘക്ക് അമ്മയാകാനുള്ള സാധ്യത കാണുന്നില്ലെന്ന് കൈമലർത്തിയതോടുകൂടി,മേഘ ആകെ തകർന്നു പോയിരുന്നു.

ഹേമന്ദ് അവളെ ആശ്വസിപ്പിച്ചു.

കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ ദമ്പതികൾ സുന്ദരമായി ജീവിക്കുന്നുണ്ട്.
കുഞ്ഞില്ലെങ്കിൽ വേണ്ട. നമുക്ക് നമ്മൾ ഇല്ലേ അതുമതി.

അത് പോരാ എനിക്ക് ഒരു കുഞ്ഞിനെ വേണം. അല്ലാതെ ഇങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം?

എങ്കിൽ നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാവുന്നതല്ലേ ഉള്ളൂ.
അയാൾ അവളെ ആശ്വസിപ്പിച്ചു.

എങ്കിലും അത് നമ്മുടെ കുഞ്ഞാകുമോ ഹേമന്ദ് ?അവൾ ചോദിച്ചു

ആകും. നമുക്കൊരു ചെറിയ കുഞ്ഞിനെ എടുക്കാം. നമ്മുടെ സ്നേഹവും വാത്സല്യവും ഒക്കെ പകർന്നുകൊടുത്തതിനെ  വളർത്താം. അത് നമ്മുടെ കുഞ്ഞായി അറിയപ്പെട്ടാൽ മതി. അത് പോരെ?

ഒടുവിൽ അവൾ അത് സമ്മതിച്ചു.

അല്ലെങ്കിലും മേഘ വളരെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന,ഒരു സ്ത്രീയാണ്.
ഏത് വിഷമ ഘട്ടങ്ങളിൽ നിന്നും സ്വയം പുറത്തു വരാൻ അവൾക്ക് അറിയാമായിരുന്നു.

നമുക്ക് നാട്ടിൽ പോകണം മേഘ.
ഒരു കുഞ്ഞിനെ നമുക്ക് സ്വന്തമാക്കണം.
ഹേമന്ദ് പറഞ്ഞു.

അതാണ്‌ നല്ലത് ഹേമന്ദ്. ഒരു കുഞ്ഞിന് നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ കഴിയും.

അവർ മനസ്സ് തുറന്ന് ചിരിച്ചു.

                     ************

അന്നൊരു ശനിയാഴ്ചയായിരുന്നു.

ആൻസി കൊണ്ടുപോകാനുള്ള സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തു വച്ചു.നാളെ പോകാമെന്നാണ് സൂര്യൻ പറഞ്ഞത്.

അന്ന് ശ്രീക്കുട്ടിയും, സൂര്യനും കുഞ്ഞിനെ മാറിമാറി എടുത്ത് കൊഞ്ചിച്ചുകൊണ്ടിരുന്നു. ആ കുഞ്ഞിനെ പിരിയാൻ അവർക്ക് അത്രയേറെ വിഷമമായിരുന്നു.

കുഞ്ഞാണെങ്കിൽ സൂര്യന്റെ  നെഞ്ചിലെ ചൂടു കിട്ടാതെ ഉച്ചയ്ക്ക്  ഉറങ്ങുകയില്ലെന്നായിരിക്കുന്നു.

അന്ന് സൂര്യൻ പറമ്പിലേക്ക് ഇറങ്ങിയില്ല. അത്രനേരം കൂടി കുഞ്ഞിനെ കണ്ടുകൊണ്ടിരിക്കാമല്ലോ എന്ന് അയാൾ പറഞ്ഞു.

ആൻസിക്കും വലിയ സങ്കടം ആയിരുന്നു.

വൈകിട്ട് അവൾ ചായ തിളപ്പിച്ചു.

സൂര്യനുള്ള ചായ കൊടുത്തു.

ശ്രീക്കുട്ടിക്കുള്ള ചായയുമായി അവൾ മുറിയിലേക്ക് ചെന്നു.

ശ്രീക്കുട്ടി ഉറക്കമാണോ ചായ കുടിക്കണ്ടേ ?ആൻസി ചോദിച്ചു.

ഇല്ല. മറുപടിയില്ല.

ഹോ..എന്തൊരു ഉറക്കമാ ഇത്.

ആൻസി ചായ ടേബിളിലേക്ക് വെച്ചു.

അതേയ്.. ചായ ചൂടാറി കഴിഞ്ഞാൽ കുടിക്കാൻ ഒരു രസമുണ്ടാവില്ല കേട്ടോ.

ആൻസി ചരിഞ്ഞു കിടന്നിരുന്ന ശ്രീക്കുട്ടിയുടെ മുഖം നേരെ  പിടിച്ചതും, ആൻസി അലറികരഞ്ഞു.

ശ്രീക്കുട്ടിയുടെ മൂക്കിൽ നിന്നും, വായിൽ നിന്നും   ഒഴുകി ഇറങ്ങിയ
ര* ക്ത ച്ചാലുകൾ.. ആൻസി യിടെ നിലവിളി കേട്ട് സൂര്യൻ ഓടിവന്നു.

ശ്രീക്കുട്ടി… അവൻ അവളെ കുലുക്കി വിളിച്ചു.

ആരും വിളിച്ചാൽ ഉണരാനാവാത്ത നിത്യമായ ഉറക്കത്തിലാണവൾ എന്ന് അവർ തിരിച്ചറിഞ്ഞു.

എന്നാലും… എന്നെ ഓർക്കാതെ നീയങ്ങു പോയല്ലോടീ… പൊന്നുമോളെ…
സൂര്യൻ അവളുടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് ചോദിച്ചു. അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട്  ശ്രീക്കുട്ടിയുടെ അരികിൽ കുഴഞ്ഞിരുന്നു.

********************

വിവരമറിഞ്ഞ് ആളുകൾ ഓരോരുത്തരായി എത്തിത്തുടങ്ങി.

എന്നാലും എന്തായിരിക്കും പറ്റിയത്?

എന്ത് പറ്റാൻ  ? ഹൃദയാഘാതം ആയിരിക്കും.

ഒന്ന് ആശുപത്രിയിൽ കൊണ്ടുപോയി അത് തന്നെയാണ് കാരണം എന്ന് കൺഫേം ചെയ്യേണ്ടതായിരുന്നില്ലേ? ആരോ ചോദിച്ചു

കിടപ്പു രോഗി ആയിരുന്നില്ലേ? ഇങ്ങനെ കാലങ്ങളോളം കിടക്കുന്നതിലും നല്ലതല്ലേ അതങ്ങു പോയത്.

ആഹ്.. ഒരുതരത്തിൽ നോക്കിയ അതും ശരിയാണ്.എത്രനാളെന്ന് വച്ചാ ആ ചെറുക്കന്മാർ അതിനെ നോക്കുന്നത്.

അതിന് ഇപ്പോൾ നോക്കാൻ ഒരു പെണ്ണിനെ നിർത്തിയിട്ടില്ലേ?

അങ്ങനെയൊക്കെ പറയുന്നു. എന്തായാലും ആ പെണ്ണ്  ഒന്ന് പെറ്റു എന്നറിയാം… ഇനി ഇവരുടെ നല്ല സെറ്റപ്പും ആണോ എന്ന് ആർക്കറിയാം

ഒന്നു മിണ്ടാതിരിക്കടോ സൂര്യനെയും മഹേഷിനെയും നമുക്ക് അറിയാവുന്നതല്ലേ, ഇത്രയും സ്വഭാവശുദ്ധി ഉള്ള ചെറുക്കന്മാരെ ഇന്നത്തെ കാലത്ത് കാണാൻ കിട്ടുമോ?

ആളുകൾ അവർക്ക് തോന്നുന്ന രീതിയിൽ പലതും പറഞ്ഞു.

വിവരമറിഞ്ഞതും ഒരു ഭ്രാന്തനെപോലെയാണ് മഹേഷ്‌ ഓടിവന്നത്.

അയാൾക്ക് ആ വാർത്ത സഹിക്കാൻ ആവുന്നതല്ലായിരുന്നു.

അവനവളുടെ ഉടലിൽ കെട്ടിപ്പിടിച്ച് ആർത്തു കരഞ്ഞു.

ചുറ്റിലും നിന്നവർ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും, അവൻ കരഞ്ഞുകൊണ്ട് അവളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട്  അവളുടെ അരികിൽ കുഴഞ്ഞിരുന്നു

എഴുന്നേറ്റ് വാടി… എന്നോട് എന്തെങ്കിലും പറഞ്ഞു നീ വഴക്കുണ്ടാക്ക്. നീ ഇങ്ങനെ മിണ്ടാതെ കിടക്കല്ലേടി….എനിക്ക് ഭ്രാന്ത് പിടിക്കുന്നു.എടീ.. ശ്രീക്കുട്ടീ…

സൂര്യൻവന്ന് അവനെ ചേർത്തുപിടിച്ചു.

അവളുടെ കിടപ്പ് കണ്ടില്ലേ ചേട്ടായി എങ്ങനെ സഹിക്കാൻ പറ്റും?

വൈകുന്നേരം അഞ്ചരയോടെ കൂടി ശ്രീക്കുട്ടിയുടെ ശരീരം  അടക്കം ചെയ്തു.

ആളുകൾ പിരിഞ്ഞു തുടങ്ങി.
മഹേഷിന്റെയും, സൂര്യന്റെയും സുഹൃത്തുക്കൾ മാത്രം ശേഷിച്ചു.

അവർ ബാക്കിയുള്ള കാര്യങ്ങൾക്കെല്ലാം കൂടെ നിന്നു.

നന്നായി ഇരുട്ട് പടർന്നതോടുകൂടിയാണ് അവർ അവരുടെ വീടുകളിലേക്ക് തിരിച്ചുപോയത്.

ഇടയ്ക്കൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞും, പഴയ കാര്യങ്ങൾ ഓർത്തും, ഇടയ്ക്കൊക്കെ  ഇടറിയും,ആ സഹോദരങ്ങൾ പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ആൻസി കുഞ്ഞിനെയും കൊണ്ട് മുറിയിൽ ആയിരുന്നു. കരഞ്ഞു കരഞ്ഞ് അവളുടെ കൺപോളകൾ വീർത്തിരുന്നു.

തന്നെ ഇവിടെ നിന്നും പറഞ്ഞയക്കരുതെന്ന് സൂര്യനോട് പറഞ്ഞത് ശ്രീക്കുട്ടിയാണ്, തനിക്ക് ഈ വീട്ടിൽ അഭയം കിട്ടിയതും ശ്രീക്കുട്ടിയുടെ നല്ല മനസ്സു കൊണ്ടാണ്. എന്നിട്ട് അവൾ അങ്ങ് പോയി.

ആൻസിക്ക് നെഞ്ചുരുകുന്ന
വേദന തോന്നി.

അവൾ കുഞ്ഞിനെ നോക്കി, പൊന്നേ… നിന്നെ ജീവനായ് കരുതിയ ആൾ പോയി. നിനക്ക് ഒന്നും അറിയില്ലല്ലോ കുഞ്ഞേ…നിനക്ക് ഇനിയൊരിക്കലും ആ വാത്സല്യം കിട്ടില്ലല്ലോ. ഓർക്കുംതോറും അവൾക്ക് വിഷമം സഹിക്കാൻ കഴിഞ്ഞില്ല

അവൾ ശ്രീക്കുട്ടിയെ അടക്കം ചെയ്ത മണ്ണിനരികിലേക്ക് ചെന്നു.

വീട്ടിൽനിന്നുള്ള ലൈറ്റ് വെട്ടം അൽപ്പം അവിടെ കിട്ടുന്നുണ്ട്.

ശ്രീക്കുട്ടി…. നീ എന്തിനാടി ഇപ്പോൾ പോയത്? എനിക്ക് നിന്നോട് സംസാരിച്ചിട്ട് മതിയായില്ല മോളെ.

ഞാനും കുഞ്ഞും ഇവിടെ നിന്ന് പോകുമെന്ന് അറിഞ്ഞിട്ടാണോ നിനക്ക് സഹിക്കാൻ കഴിയാഞ്ഞത്, അതുകൊണ്ടാണോ നിന്റെ ഹൃദയം തകർന്നു പോയത്.

ഒരു നിമിഷം പോലും കുഞ്ഞിനെ കാണാതിരിക്കാൻ കഴിയില്ലെന്ന് നീ പറയാറില്ലായിരുന്നോ? ഞാൻ പോകുന്നില്ലെന്ന് പറഞ്ഞാൽ മതിയായിരുന്നു അല്ലേടി?
സത്യം പറ മോളെ ഞാനാണോ നീ ഇപ്പോൾ മരിക്കാൻ കാരണം?

ആൻസി ഉറക്കെ ഉറക്കെ കരഞ്ഞുകൊണ്ട് ആ മണ്ണിൽ ഇരുന്നു

അവളുടെ കരച്ചിൽ  കേട്ട് സൂര്യനും മഹേഷും ഓടിയെത്തി.

എന്താ എന്താ ആൻസി ഇത്.

ഞാനാണോ സൂര്യ, ശ്രീക്കുട്ടി ഇപ്പോൾ മരിക്കാൻ കാരണം? ഞാൻ കുഞ്ഞിനെയും കൊണ്ടുപോകും എന്ന് പറഞ്ഞത് കൊണ്ടാണോ അവളുടെ ഹൃദയം തകർന്നത്??

അല്ല. നീ ഇനി അതോർത്ത്  വിഷമിക്കേണ്ട.

അവളിപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷത്തിൽ ഇരിക്കുകയായിരിക്കും. ഭൂമിയിൽ ഞാനും മഹിയും ഇങ്ങനെ ഉരുകുന്നത് കണ്ട് അവൾ അച്ഛനോട് അമ്മയോടും പറയുമായിരിക്കും, ദേ നോക്ക് എന്റെ സഹോദരങ്ങൾ എന്നെ ഓർത്തു കണ്ണീരൊഴുക്കുകയാണ്.

വേണ്ടാ ഇനി ആരും കരയണ്ട.ചേട്ടായി കരയരുത് മഹി പറഞ്ഞു

ദിവസങ്ങൾ ഓരോന്നായി കടന്നുപോയി അവളില്ലായ്മയോട് ആ വീട് പൊരുത്തപ്പെട്ട് തുടങ്ങിയിരുന്നു.

എങ്കിലും പൂർണ്ണമായും ആ വിഷമത്തിൽ നിന്ന് കരകയറാൻ അവിടെയുള്ളവർക്ക് കഴിഞ്ഞിരുന്നില്ല

പിറ്റേന്ന് മഹേഷ് സൂര്യന്റെ അരികിൽ എത്തി.

ഞാൻ ജോലിസ്ഥലത്തേക്ക് മടങ്ങി പോയാലോ എന്ന് ആലോചിക്കുകയാണ്.
ഇവിടെ നിൽക്കുമ്പോൾ ശ്രീക്കുട്ടിയെ ഓർമ്മവരും. അവളോട് കുറുമ്പ് കാണിക്കാതെ അവളുടെ വായിൽ നിന്നും രണ്ടെണ്ണം കേൾക്കാതെ എനിക്ക് പറ്റുന്നില്ല.

മടങ്ങിപ്പൊക്കോ മഹീ അതാ നല്ലത്. എന്നും ഇങ്ങനെ വിഷമിച്ചിരുന്നിട്ട് ഒന്നും കാര്യം ഇല്ലല്ലോ.

അതല്ല എന്റെ കൂടെ ചേട്ടായിയും വരണം.നമുക്ക് കുറച്ചു നാൾ ഇവിടെ നിന്നും മാറി നിൽക്കാം.

ഞാൻ എങ്ങോട്ടും വരുന്നില്ല. ഇതിന്റെ കാവലായി ഞാനെന്നും ഇവിടെ ഉണ്ടാകും. നമ്മൾ ജനിച്ചു വളർന്ന മണ്ണല്ലേടാ ഇവിടം വിട്ട് എനിക്ക് എവിടെയും പോകണ്ട.

ഞാനും കൂടെ പോന്നാൽ അച്ഛനും അമ്മയും ശ്രീക്കുട്ടിയും തനിച്ചായി പോകില്ലേ? ആരോരുമില്ലാതെ ഇവിടം അനാഥമായി കിടക്കും. അത് വേണ്ട.

ചേട്ടായിയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലഎന്ന് മഹേഷിന് അറിയാം.

മനസ്സില്ല മനസ്സോടെ ആണെങ്കിലും പിറ്റേന്ന് മഹേഷ് പോകാനായി ഇറങ്ങി.

പോകും മുമ്പ് അവൻ ആൻസിയുടെ അരികിൽ ചെന്നു.

ആൻസിയും പോകാനിരിക്കുകയാണല്ലേ?

എനിക്ക് പോകാതിരിക്കാൻ ആകില്ലല്ലോ മഹീ..

ഉം…

അവനവരോട് യാത്ര പറഞ്ഞിറങ്ങി.

ആൻസി സൂര്യനുള്ള ചോറും കറികളും ഒക്കെ ഉണ്ടാക്കി വച്ചു.വീടിനകം തുടച്ചു വൃത്തിയാക്കി.സാധനങ്ങളൊക്കെ ഒതുക്കി പെറുക്കി വെച്ചു.

നേരത്തെ തയ്യാറാക്കി വെച്ച ബാഗും എടുത്ത് കുഞ്ഞിനെയും എടുത്ത് അവൾ ഇറങ്ങി വന്നു.

ആൻസിയും പോകുകയാണ് അല്ലേ? സൂര്യൻ ചോദിച്ചു.

ഉവ്വ്.. അവൾ തലകുനിച്ചു

ഞാൻ കൊണ്ടാക്കാം.അവൻ പറഞ്ഞു

ഉം..

സൂര്യൻതന്നെ അവളെയും കുഞ്ഞിനെയും വാടക വീട്ടിലേക്ക് കൊണ്ടുവിട്ടു.

തിരിച്ചുപോരുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു.

ആരോരുമില്ലാത്ത മൂകത നിറഞ്ഞ ആ വീട്ടിലേക്ക് അയാൾ തിരികെ ചെന്നു.

അയാൾ ശ്രീക്കുട്ടി കിടന്ന മുറിയിലേക്ക് ചെന്നു, ഭിത്തി സൈഡിലേക്ക് വീൽചെയർ ഒതുക്കി വച്ചിട്ടുണ്ട്.

അപ്പുറത്തുനിന്ന് എങ്ങോ ശ്രീക്കുട്ടിയുടെ ചിരി കേട്ടതുപോലെ… മഹേഷ് എന്താ പറഞ്ഞവളെ ദേഷ്യം പിടിപ്പിക്കുന്നത് പോലെ..

അയാളപ്പുറത്തേക്ക് പോയി നോക്കി.

ഇല്ല…എങ്ങും മൂകതയാണ്… കടുത്ത മൂകത…

***********

ഹേമന്ദുo  മേഘയും നാട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു മിനി.

അവർക്കായി എന്തൊക്കെ  ഉണ്ടാക്കിയിട്ടും അവർക്ക് തൃപ്തിയാകുന്നില്ലായിരുന്നു.

എന്റെ അമ്മേ…. ഇത്രയധികം സാധനങ്ങളൊക്കെ എന്തിനാ ഉണ്ടാക്കിയത് ?ഇതൊക്കെ ആര് എന്ന് തീർക്കാനാണ് ? മേഘ അമ്മയോട് ചോദിച്ചു.

ഇതൊക്കെ എന്റെ മക്കൾക്ക് വേണ്ടി അമ്മ ഉണ്ടാക്കിയതാണ്.വയറു നിറച്ചും കഴിച്ചേ പറ്റൂ..

മൂവരും കൂടി ഒരുമിച്ചിരുന്ന് സന്തോഷത്തോടെ കുശലം പറഞ്ഞു ഭക്ഷണം കഴിച്ചു.

അവരുടെ മുറി മിനി വൃത്തിയാക്കിയിട്ടിട്ടുണ്ടായിരുന്നു.

രണ്ടുദിവസങ്ങൾ കടന്നുപോയി. ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്ന മിനിയുടെ അടുത്തേക്ക് ഹേമന്ദുo  മേഖലയും ചെന്നു.

അമ്മേ ഞങ്ങൾക്കൊരു കാര്യം പറയാനുണ്ട്.

എന്താ മക്കളെ..?

മേഘക്ക് അമ്മയാകാൻ കഴിയില്ല എന്നാണ്  ഡോക്ടേഴ്സ് പറയുന്നത്.

എന്താ…? മിനി നടുക്കത്തോടെ ചോദിച്ചു

മേഘയ്ക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ല. അതുകൊണ്ട് ഞങ്ങൾ ഒരു കുഞ്ഞിനെ  ദത്ത് എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

മിനി സെറ്റിയിൽ നിന്നും ചാടി എഴുന്നേറ്റു.

വല്ലവരുടെയും കുഞ്ഞിനെ ദത്തെടുത്താൽ അത് നിന്റേതാകുമോ?

ആകുമല്ലോ, ഞങ്ങൾ ഞങ്ങളുടെ സർവ്വ സ്നേഹവും കൊടുത്ത് അതിനെ വളർത്തും.

പറ്റില്ല. എനിക്ക് വല്ലവന്റെയും കുഞ്ഞിനെ എന്റെ മകന്റെ കുഞ്ഞായി കരുതി സ്നേഹിക്കാൻ പറ്റില്ല.

അമ്മ ഇങ്ങനെ ഒന്നും പറയരുത്.

പറയും. നിനക്ക് അങ്ങനെ വല്ലവന്റെയും കുഞ്ഞിനെ ചുമക്കേണ്ട കാര്യം ഒന്നുമില്ല.

കുഞ്ഞുണ്ടാവില്ലാത്ത മേഘയെ നിനക്ക് എന്തിനാ ? നിനക്ക് മറ്റൊരു വിവാഹം കഴിക്കാവുന്നതേയുള്ളൂ…

എനിക്ക് അതിന് കഴിയില്ലമ്മേ. അച്ഛനെപ്പോലെ കാണുന്ന സ്ത്രീകളിൽ എല്ലാം വിത്തിട്ടു മുളക്കുമോ എന്ന് നോക്കാൻ എന്നെ കിട്ടില്ല.

നിനക്കതിനു പറ്റണം, എനിക്ക് എന്റേ മകന്റെ കുഞ്ഞിനെ ലാളിക്കണം. ഏതൊരു അമ്മയുടെയും ആഗ്രഹമാണ് സ്വന്തം മകന്റെ ഒരു കുഞ്ഞിനെ കാണണം എന്നത്.

അതിന് കഴിയില്ലെന്ന് പറഞ്ഞിട്ട് അമ്മക്ക് മനസ്സിലാകുന്നില്ലേ…

മോനേ… അമ്മ പറയുന്നത് കേൾക്കു. നീ മറ്റൊരു വിവാഹം കഴിച്ചാൽ ഈ വീട് മുഴുവൻ നിന്റെ കുഞ്ഞുങ്ങൾ ഓടിനടക്കും.

വേണ്ടാ… മതി അമ്മ സംസാരിച്ചത്.

അവർ മുറിയിലേക്ക് പോകാൻ തുനിഞ്ഞു.

എങ്കിൽ  നിനക്ക് ആൻസിയിൽ ജനിച്ച കുഞ്ഞിനെ എനിക്ക് കൊണ്ട് വന്ന് താ..

എന്താ പറഞ്ഞത്? ഹേമന്ദ്  ഞെട്ടി തിരിഞ്ഞു.

*****************

എന്താ പറഞ്ഞത് ? ഹേമന്ദ് ഞെട്ടിത്തിരിഞ്ഞു നോക്കി.

സത്യമാ ഞാൻ പറഞ്ഞത്

ഒരിക്കൽ ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ വച്ച് ഞാൻ അൻസിയെ കണ്ടിരുന്നു.അന്നെന്റെ അടുത്ത് വന്ന് അവൾ പറഞ്ഞതാണ് ഇക്കാര്യം.

അവളും കുഞ്ഞുംആർക്കും  ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്തസ്സായി ജീവിച്ചു കാണിക്കും എന്ന് എന്നോട് പറഞ്ഞു.

അവൾ ഒരുത്തന്റെ ജീപ്പിൽ കയറി പോകുന്നത് ഞാൻ കണ്ടതാണ്. ഒരുപക്ഷേ അവനെ അവൾ വിവാഹം ചെയ്തതായിരിക്കും.

പക്ഷേ ആ കുഞ്ഞ് നിന്റേതാണ്എനിക്ക് അതിനെ വേണം.

അവൾ എന്തായാലും മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്  അതുറപ്പാണ്.
ആ കുഞ്ഞ് അവർക്ക് ഒരു ബാധ്യത ആയിരിക്കും. അതുകൊണ്ട് നീ പോയി നിന്റെ കുഞ്ഞിനെ കൊണ്ടുപോരെ.

അല്ലാതെ വേറെ ആരുടെയെങ്കിലും കുഞ്ഞിനെ ദത്തെടുത്തു കൊണ്ട് നീ എന്റെ മുന്നിലേക്ക് വന്നേക്കരുത്. മിനി പറഞ്ഞു.

ഹേമന്ത് പതർച്ചയോടെ  മേഘയേ നോക്കി.

അവളുടെ കണ്ണുകളിൽ രണ്ട് അഗ്നിഗോളങ്ങൾ എരിയുന്നുണ്ടെന്ന് അയാൾക്ക് തോന്നി.

അവൾ വെ m* ട്ടിത്തിരിഞ്ഞ് മുറിയിലേക്ക് പോയി

മേഘ…ഹേമന്ദ്അവൾക്ക് പിറകെ ചെന്നു

അവളുടെ മുഖം നിറയെ ദേഷ്യമാണ്.

അയാൾക്ക് അവളുടെ മുഖത്ത് നോക്കാൻ ഭയം തോന്നി.

അത്രയേറെ ദേഷ്യത്തിൽ അവളെ ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല.

മേഘ കട്ടിലിൽ ഇരിക്കുകയാണ് അയാൾ അവളുടെ അടുത്തിരുന്നു.

മേഘാ…

മിണ്ടരുത് നിങ്ങൾ. എങ്ങനെ നിങ്ങൾക്ക് ഇത്രയേറെ ക്രൂരനാവാൻ കഴിഞ്ഞു ?

ഞാൻ… ഞാൻ… നിന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നതല്ലേ?

എന്തു പറഞ്ഞു എന്ന്? ആൻസിയുമായി സ്നേഹത്തിലായിരുന്നു എന്ന് മാത്രമല്ലേ എന്നോട് പറഞ്ഞിട്ടുള്ളൂ, അവളുമായി  ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ടെന്ന് എന്നോട് ഇതുവരെയും പറഞ്ഞിട്ടില്ലല്ലോ?

ഒരുതരത്തിൽ നോക്കിയാൽ നിങ്ങൾ എന്തൊരു ചതിയനാണ് മനുഷ്യ…
ഒരു പെണ്ണിന് വയറ്റിൽ ഉണ്ടാക്കിയിട്ട്, അവളെ നിഷ്ക്കരുണം ഉപേക്ഷിച്ചിട്ട് എന്നെ വിവാഹം ചെയ്തു. നാണമുണ്ടോ നിങ്ങൾക്ക്??

മേഘാ… അയാളുടെ ശബ്ദം കടുത്തു.

ഞാൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നതാണ്, എന്റെ ജീവിതത്തിലേക്ക് കൂട്ടണമെന്ന് ഞാനേറെ ആഗ്രഹിച്ചതുമാണ്. അതുകൊണ്ടുതന്നെയാണ് അവളുടെ വീട്ടിൽ പോയി അവളുടെ അപ്പച്ചനെ കണ്ട് സംസാരിച്ചത്.

അവൾക്ക് എന്റെ കൂടെ ഇറങ്ങി വരാമായിരുന്നു. അവളത് ചെയ്തില്ല.
എന്തിന് എന്നെ ഒന്ന് ഫോൺ വിളിക്കാൻ പോലും അവൾ കൂട്ടാക്കിയില്ല.

അവൾ ഒരുപക്ഷേ നിങ്ങളെ വിളിച്ചിരുന്നെങ്കിലോ ? ഇല്ല. എന്റെ ഫോൺ നഷ്ട്ടപ്പെട്ടു പോയിരുന്നു. അവൾക്ക് എന്റെ അമ്മയുടെ നമ്പർ അറിയാം അതിലേക്കെങ്കിലും അവൾക്ക് ഒന്നു വിളിക്കാമായിരുന്നല്ലോ.

അവൾ ഒരുപക്ഷെ  വീട്ടുതടങ്കലിൽ ആയിരുന്നെങ്കിലോ ?

അല്ല. അവൾ സ്കൂളിൽ പോകുന്നുണ്ടായിരുന്നു.ഞാൻ കണ്ടതാണ് അവൾ സ്കൂളിലേക്ക് കയറി പോകുന്നത്. അതൊക്കെ പോട്ടെ, അവൾക്ക് എന്റെ വീട് അറിയാവുന്നതല്ലേ ഒരൊറ്റ തവണയെങ്കിലും വീട്ടിൽ വന്നവൾ അന്വേഷിച്ചില്ലല്ലോ. അവൾക്ക് ഒരു നേരം പോക്ക് മാത്രമായിരുന്നു ഞാനെന്ന് അപ്പോൾ എനിക്ക് തോന്നി.

അതുകൊണ്ടാണ് എല്ലാം മറന്ന്, ഞാൻ മേഘയെ വിവാഹം ചെയ്തത്.

അല്ലാതെ ഞാനൊരു മോശപ്പെട്ട മനുഷ്യനോ, ചതിയനോ ഒന്നുമല്ല. 

എങ്കിലും  ഒരു സ്ത്രീയെ വിവാഹത്തിന് മുൻപ് ഗർഭിണി ആക്കുന്നത് പുണ്യ പ്രവർത്തി ഒന്നുമല്ല ഹേമന്ദ്. ഏറ്റവും നീചനായ ഒരാൾക്ക് മാത്രമേ അങ്ങനെ ചെയ്യാനാകൂ…

എപ്പോഴോ അറിയാതെ സംഭവിച്ചു പോയ ഒരബദ്ധം. അവൾ ഗർഭിണി ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.ഹേമന്ദ് തല കുനിച്ചു.

അബദ്ധം പോലും, മേഘയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

******************

എടിയേ… നീയറിഞ്ഞോ? അവര് വിദേശത്ത് നിന്നും വന്നിട്ടുണ്ട്. ഔസേപ്പ് മോളിയോട് പറഞ്ഞു.

ആര്?

നമ്മുടെ ആൻസി.

ഉവ്വോ… എന്നിട്ട് അവൾ ഇങ്ങോട്ട് ഒന്ന് വന്നില്ലല്ലോ. കൊല്ലം ഒന്ന് കഴിഞ്ഞില്ലേ പോയിട്ട്. അപ്പച്ചനും അമ്മച്ചിയും ജീവനോടെ ഉണ്ടോ എന്ന് തിരക്കാൻ പോലും അവൾക്ക് തോന്നിയില്ലല്ലോ.

ഉം… അവർക്കിപ്പോഴും ദേഷ്യം ആയിരിക്കും.അത്രയ്ക്ക് ഞാൻ അപമാനിച്ചതല്ലേ, അവൻ സമ്മതിച്ചു കാണില്ല ഇങ്ങോട്ട് പോരാൻ.

എന്നാലും…

ആഹ്…. എന്ത് ചെയ്യാം മക്കൾക്ക്‌ സ്നേഹമില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

അതേ… നമുക്ക് അവിടെ വരെ ഒന്ന് പോകാം മനുഷ്യാ..എത്രയായാലും നമ്മുടെ മോൾ അല്ലെ? ഒന്ന് കാണാഞ്ഞിട്ട് കണ്ണ് കഴയ്ക്കുവാ…

ഞാൻ വരുന്നില്ല മോളീ. നീ വേണമെങ്കിൽ പൊയ്ക്കോ.

അങ്ങനെ പറയല്ലേ… നിങ്ങളും വരണം.ക്ഷമിക്കാനും പൊറുക്കാനും കഴിയില്ലെങ്കിൽ പിന്നെ മനുഷ്യനാണെന്ന് പറഞ്ഞ് ജീവിച്ചിട്ട് എന്ത് കാര്യം.നിങ്ങളും വരണം. നമുക്ക് പോയി അവരെ ഇങ്ങോട്ട് വിളിക്കണം.

ഉം…

ഔസപ്പിന്റെ സമ്മതം കിട്ടിയതും, മോളി അടുക്കളയിലേക്ക് ഓടി.

ഇത്രയും നാൾ വിദേശത്തൊക്കെ ജീവിച്ച് , നാട്ടിലെ ഭക്ഷണം ഒക്കെ കഴിക്കാൻ കൊതി ആയിട്ടുണ്ടാകും. അവിടെ ഒന്നും കിട്ടായ്കയല്ല. എന്നാലും അമ്മച്ചി ഉണ്ടാക്കി കൊടുക്കുന്നത് പോലെ ആവില്ലല്ലോ ഒന്നും.
എന്തൊക്കെയാ ഉണ്ടാക്കി കൊണ്ടുപോവേണ്ടത്?

അവളാകെ മെലിഞ്ഞിട്ടുണ്ടാകുമോ അതോ വണ്ണമൊക്കെ വച്ച്  മിടുക്കി ആയിട്ടുണ്ടാകുമോ? ആ മാതൃഹൃദയം സന്തോഷത്താൽ നിറഞ്ഞു.

******************

വാടകവീടിന്റെ ഉമ്മറത്തെ കസേരയിൽ ഇരിക്കുകയാണ് ആൻസി.

കുഞ്ഞ്  കരഞ്ഞു മടുത്ത് അവളുടെ മടിയിൽ കിടന്നുറങ്ങുകയാണ്.

നേരത്തെയൊന്നും കുഞ്ഞ്  ഇത്ര വാശി പിടിച്ചു കരയാറില്ല. എപ്പോഴും ശ്രീക്കുട്ടിയോ സൂര്യനോ അവനെ എടുത്ത് കൊഞ്ചിക്കാറുണ്ട്. ഇതിപ്പോൾ അവരുടെയൊക്കെ കൈചൂട് കിട്ടി ശീലിച്ച കുഞ്ഞ്,അത് കിട്ടാതായതോടെ വല്ലാത്ത കരച്ചിലാണ്.

ഒരു വിധത്തിലാണ് കുഞ്ഞിനെ ഒന്നുറക്കിയത്.

സൂര്യൻ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും? മഹേഷ്‌ അവിടെ ഉണ്ടായിരുന്നെങ്കിൽ.

ഇതിപ്പോ ആ തോട്ടത്തിന് നടുവിലെ വീട്ടിൽ സൂര്യൻ ഒറ്റക്ക്..

അവൾക്ക് അയാളെ ഓർക്കും തോറും സങ്കടം വന്നു.

ഈശ്വര…. എന്താണിത്? എന്റെ മനസ്സ് എന്താണിങ്ങനെ??

ഞാൻ ആ വീടിനെയും അവിടുള്ളവരെയും ഒരുപാട് സ്നേഹിച്ചു പോയല്ലോ.

സൂര്യൻ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ? അതോ പണിയാനായി പറമ്പിലേക്ക് ഇറങ്ങിയിട്ടുണ്ടാകുമോ?

സ്നേഹിക്കാൻ മാത്രമറിയുന്ന, സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന, എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വച്ച് ജീവിക്കുന്ന ആ മനുഷ്യനെ കാത്തോളണമേ…ദൈവമേ…

ആൻസി കുഞ്ഞിനെ കട്ടിലിൽ കിടത്തി.

ഫോൺ എടുത്ത് സൂര്യനെ വിളിച്ചു. ബെല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല.

അവൾക്ക് വല്ലാത്ത പേടി തോന്നി.

അല്ലെങ്കിലും പ്രിയപ്പെട്ടവർ കാൾ എടുക്കാൻ വൈകിയാൽ പോലും പിടയുന്ന മനസ്സാണ് മിക്കവരിലും…

അവൾ മഹേഷിനെ വിളിച്ചാലോ എന്നോർത്തു.

അവൻ ഡ്യൂട്ടി ടൈമിൽ ആയിരിക്കും. കാൾ എടുക്കാൻ പറ്റില്ല. അതുകൊണ്ട് വിളിക്കാതിരിക്കുന്നതാണ് നല്ലത്.

അവൾ കുഞ്ഞിന്റെ അരികിൽ ഇരുന്നു. കുഞ്ഞിന്റെ മുഖത്തേക്ക് നോക്കും തോറും അവൾക്ക് അമ്മച്ചിയെ കാണാൻ കൊതി തോന്നി. ഇതുപോലെയല്ലെ തന്നെയും അമ്മച്ചി വളർത്തിയത്.

അപ്പച്ചൻ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും, ഒന്ന് കാണാൻ ആ കാലിൽ വീണ് മാപ്പ് പറയാൻ അവളുടെ ഉള്ളം തുടിച്ചു.

അവൾ കുറേ നേരം അവിടിരുന്നു കണ്ണുനീർ വാർത്തു.

കരഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് തെല്ലാശ്വാസം തോന്നി.

അവൾ വീണ്ടും സൂര്യനെ വിളിച്ചു നോക്കി.

ഇല്ല…ബെല്ലടിക്കുന്നുണ്ടെങ്കിലും കാൾ എടുക്കുന്നില്ല.

അവൾക്ക് ആധിയായി.

അവൾ വേഗം കുഞ്ഞിനെ എടുത്ത് തോളിൽ ഇട്ടു. വാതിൽ പൂട്ടി ഇറങ്ങി.

ഒരോട്ടോ വിളിച്ചു. അങ്ങോട്ട് യാത്ര തിരിക്കുമ്പോൾ സൂര്യനെ കാണാൻ അവളുടെ ഉള്ളം തുടിച്ചു.

മുകളിലേക്കുള്ള കയറ്റത്തിൽ കുറച്ചു ദൂരമേ ഓട്ടോ പോകൂ. ജീപ്പ് മാത്രമേ അങ്ങ് മുകളിൽ എത്തു.

അതുകൊണ്ട് അൽപ്പദൂരം നടക്കേണ്ടി വരും. സാരമില്ല. അയാളെ കാണാതെ സമാധാനം കിട്ടില്ല.

വീടിന് അടുത്തെത്താറായി,

ഇതിന് മുകളിലേക്കു വണ്ടി പോകാൻ പാടാണ്. ഇവിടെ നിർത്തിയാൽ മതി അവൾ ഡ്രൈവറോട് പറഞ്ഞു.

അയാൾ ഓട്ടോ നിർത്തി.

അവൾ ഇറങ്ങി.

മുകളിലേക്കു നടക്കുമ്പോൾ അവളുടെ കാലുകൾക്ക് വേഗതയേറി.

അവൾ വീട്ടിൽ എത്തി..മുറ്റത്ത് കരിയിലകൾ കിടപ്പുണ്ട്. സൂര്യൻ ഇതെവിടെ പോയി? ഇവിടെ ഇല്ലേ?

അവൾ  വാതിൽ തള്ളി നോക്കി. അത് ചാരിയിട്ടേ ഉള്ളൂ..

അവൾ തള്ളിയതും വാതിൽ തുറക്കപ്പെട്ടു

ഹാളിലെ വെറും തറയിൽ അയാൾ ഇരിപ്പുണ്ട്.

സൂര്യ…. അവൾ വിളിച്ചതും. അയാൾ ചാടി എഴുന്നേറ്റു.

അവളുടെ കൈയിൽ നിന്നും കുഞ്ഞിനെ വാരി എടുത്തു.
ഉറങ്ങിക്കിടന്ന കുഞ്ഞ് ചിണുങ്ങലോടെ കണ്ണ് തുറന്നു. സൂര്യ കുഞ്ഞിന്റെ മുഖത്താകെ ഉമ്മ വച്ചു…പിന്നെ അവന്റെ കുഞ്ഞിക്കവിളുകളിൽ… ഇളം കൈയിൽ….പിഞ്ചു പാദങ്ങളിൽ…മൃദുവായ ഇളംമെയ്യിൽ ഒക്കെ അയാൾ ഉമ്മ വച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

കുഞ്ഞ് പാല്ലില്ലാത്ത മോണ കാട്ടി വായ തുറന്ന് ചിരിച്ചു…

ആൻസി അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ട് നിൽക്കുകയായിരുന്നു.

മറ്റൊരാളുടെ കുഞ്ഞിനെ ഇത്രയധികം ഒരാൾക്ക് സ്നേഹിക്കാനാകുമോ??

അയാൾ കുഞ്ഞിനെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.

സൂര്യാ…. അവൾ പതിയെ വിളിച്ചു.

എന്തിനാടീ… നീ എന്നെ വിട്ട് പോയത്? ഞാൻ തനിച്ചാണെന്ന് നീ ഓർത്തില്ലേ ?

ആൻസിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അത്രയധികം സ്നേഹം താങ്ങാനുള്ള ശേഷി അവളുടെ ഹൃദയത്തിനുണ്ടായിരുന്നില്ല.

അയാൾ കൈ നീട്ടി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു.

സൂര്യാ… ഞാൻ….

ഒന്നും പറയണ്ട. എനിക്കിവനെ കാണാതിരിക്കാൻ പറ്റില്ല, നിന്നെ കാണാതിരിക്കാൻ പറ്റില്ല.

നിങ്ങൾക്കൊക്കെ തോന്നുമ്പോൾ കയറി വരാം, തോന്നുമ്പോൾ ഇറങ്ങി പോകാം. പക്ഷെ ഞാനോ?.നിങ്ങളെയൊക്കെ ഇങ്ങനെ സ്നേഹിച്ച് സ്നേഹിച്ച്…. അയാളുടെ ഒച്ച ഇടറി.

അരുത്… ഇനിയൊന്നും പറയരുത്.സൂര്യൻ ഫോൺ എടുക്കാത്തപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ ആയിരുന്നു. അതാ ഞാനോടി വന്നത്.

ഇനി നീ എന്നെ വിട്ട് പോകരുത്. ഈ കുഞ്ഞിനെ കാണാതെ എങ്ങനാടി ഞാൻ ഇരിക്കുന്നത്. ഇവൻ എന്റേതാണ്… എന്റെ കുഞ്ഞാണ്. അല്ലെന്നു മാത്രം നീ പറയരുത്. ഇവൻ പിറന്നത് ഞങ്ങളുടെ നെഞ്ചിലേക്കാണ്.

ശ്രീക്കുട്ടി പോയതും ഇവനെ നഷ്ടപ്പെടും എന്ന വേദനയിലാണ്. ഞങ്ങളുടെ ജീവനാടീ… ഇവൻ. ആൻസിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

അവൾ അയാളിലേക്ക് ചേർന്നു നിന്നു. ആദ്യമായി അയാളുടെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു. ലവലേശം കാ, മം … കലരാത്ത നിർബന്ധപൂർവ്വമായ സ്നേഹ ചുംബനം

കുഞ്ഞ് വീണ്ടും ചിണുങ്ങി കരയാൻ തുടങ്ങി.

അവന് വിശന്നിട്ടാ സൂര്യാ.. അവൻ കരച്ചിൽ തന്നെയായിരുന്നു. എന്നെ കാണാതെ വേണമെങ്കിൽ അവൻ ഇരിക്കും. പക്ഷെ സൂര്യയെ കാണാതിരിക്കാൻ അവന് പറ്റില്ല.

അവൾ കുഞ്ഞിനെ പാലൂട്ടി…അയാളുടെ മുന്നിലിരുന്നു കുഞ്ഞിനെ പാലൂട്ടാൻ അവൾക്ക് തെല്ലും ലജ്ജ തോന്നിയില്ല. അവൾക്കറിയാം ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യൻ  അത്..സൂര്യനാണെന്ന്…

അയാൾ നോക്കുമ്പോൾ കുഞ്ഞ് അമ്മിഞ്ഞ വായിൽ വച്ച് സൂര്യനെ നോക്കി ഇരിക്കും. അവർക്കു മാത്രം മനസ്സിലാകുന്ന ഭാഷയിൽ സൂര്യനും കുഞ്ഞും എന്തൊക്കെയോ പറയും.

പാൽപ്പാത നിറഞ്ഞ വായ പിളർത്തി കുഞ്ഞു ചിരിക്കുകയും, പൊടുന്നനെ പാല് കുടിക്കാൻ തിടുക്കപ്പെടുകയും  അൽപ്പം അമ്മിഞ്ഞ നുകരുകയും, വീണ്ടും കുഞ്ഞിക്കണ്ണുകൾ വിടർത്തി പാല് കുടിക്കാൻ മറന്ന് സൂര്യനെ നോക്കിയിരിക്കുകയും, ഒക്കെ ചെയ്തുകൊണ്ടിരുന്നു.

ആൻസി അത്ഭുതപ്പെട്ടുപോയി. ഒരു രക്തബന്ധവും ഇല്ലാത്ത ഈ  പിഞ്ചു കുഞ്ഞ്പോലും സൂര്യനെ അഗാധമായി സ്നേഹിക്കുകയാണ്

അവൾ കൈനീട്ടി അയാളെയും ,ഒരു കുഞ്ഞിനെ പോലെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.

നേരം ഇരുണ്ട് തുടങ്ങി. കുഞ്ഞിനെ സൂര്യനെ ഏൽപ്പിച്ചിട്ട്‌ അവൾ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.

അപ്പോഴാണ് മുറ്റത്ത് ആരോ ചവിട്ടുന്ന ശബ്ദം അവർ കേട്ടത്. അവർ ആരാണെന്നറിയാൻ വാതിൽ തുറന്നു………….

തീർത്ഥയാത്ര അവസാന ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ