എന്റെ പ്രിയപ്പെട്ടവൾ – മലയാളം നോവൽ, എഴുത്ത്: ഉണ്ണി കെ പാർത്ഥൻ ,ഭാഗങ്ങൾ 21 മുതൽ 25 വരെ

നീ ആണോ അവളുടെ കല്യാണം മുടക്കിയത്..”

“അമ്മേ..”

വ്യാസന്റെ ശബ്ദം ഉയർന്നു..

*********************

“ഏട്ടന് അറിയാമായിരുന്നോ മീരയുടെ വിവാഹം മുടങ്ങിയത്..” കടൽകരയിലെ മണലിൽ കാൽ നീട്ടി ഇരുന്ന് കല്യാണി വ്യാസന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..

“മ്മ്..” വ്യാസൻ അസ്തമയ സൂര്യനെ നോക്കി..പിന്നെ പതിയെ തല ചെരിച്ചു കല്യാണിയെ നോക്കി മെല്ലെ മൂളി

“എങ്ങനെ മുടങ്ങി എന്ന് അറിയുമോ..”

“ഇല്ല..പക്ഷെ..വിവാഹം മുടങ്ങി എന്നറിഞ്ഞപ്പോൾ ഹൃദയത്തിൽ വിങ്ങലായി മാറിയ നോവ് പെട്ടന്ന് മാഞ്ഞു പോയത് പോലെ തോന്നി..”

“എന്നിട്ടും അന്ന് മീരയെ കണ്ടപ്പോൾ എന്തെ ചോദിച്ചില്ല..”

“ചോദിച്ചുവല്ലോ..നിന്നെ ഞാൻ കെട്ടിക്കോട്ടെയെന്ന്..”

“അത് എന്നോടല്ലേ..”

“അങ്ങനെ തോന്നിയോ തനിക്ക്..”

“മ്മ്..”

“എന്നിട്ട് അന്ന് ഒന്നും മിണ്ടിയില്ലലോ..”

“എനിക്ക് മീരയെ അറിയാം..മീരയ്ക്ക് എന്നെയും..”

“എന്തേ..അന്ന് പറഞ്ഞത് വിഷമം ആയോ..”

“ഏയ്‌..എന്തിന്..ഏട്ടന്റെ ഒരു ക്യാരക്ടർ എന്റെ മനസിൽ മീര തന്നിരുന്നു..
മാത്രമല്ല..വേറെ ആരെ സ്നേഹിച്ചാലും..വിവാഹം ചെയ്താലും..ഞാൻ ഏട്ടനെ സ്നേഹിക്കുകയോ..വിവാഹം കഴിക്കുകയോ ചെയ്യില്ല..കാരണം..എന്റെ മനസിൽ ഏട്ടൻ മീരയുടെയാണ്..മീരയുടെ മാത്രം..” കല്യാണിയുടെ ശബ്ദം നേർത്തു..

“അന്ന് അങ്ങനെ ഒന്നും ആലോചിച്ചു പറഞ്ഞത് അല്ല..അവളെ ഒന്ന് നോവിക്കണം എന്ന് ഉണ്ടായിരുന്നു..ഉള്ളിൽ എവിടെയോ നീറി പുകഞ്ഞു വേവുന്ന മനസിന്റെ മറുപടി..അത് അല്പം ക്രൂരമാവണം എന്ന് തോന്നി…”

“ഏട്ടന് മീരയെ അറിയാത്തത് കൊണ്ട് മാത്രം ആണ് ഇങ്ങനെ പറയുന്നത്..
ഉള്ളം പൊള്ളുന്ന വേദനയെ പുഞ്ചിരിയോടെ മാത്രമെ അവൾ നേരിടൂ..അവൾക്ക് അങ്ങനെയെ അറിയൂ..

പ്രാണൻ  പോകുന്ന വേദനയിലും..പുഞ്ചിരിയോടെ തന്റെ ഇഷ്ടങ്ങളോട് വിട പറയാൻ അവൾക്ക് കൂട്ടായത് അവളുടെ വിശ്വാസമാണ്..”

“എന്ത് വിശ്വാസം..”

“അവളുടെ സ്നേഹം സത്യം ആണെങ്കിൽ..കാലം എത്ര കഴിഞ്ഞാലും..അവളുടെ കഴുത്തിൽ ചാർത്തുന്ന താലി ഏട്ടന്റെയാകും..നെറ്റിയിൽ തൂവുന്ന സിന്ദൂരം ഏട്ടന്റെ വിരൽ തുമ്പിനാൽ ആവും..ഒടുവിൽ..മറുപടി പറയാൻ കാത്തു നിന്ന പുഞ്ചിരിയെ തിരിഞ്ഞു നോക്കി കൂടെ കൂട്ടുമെന്ന് അവൾ സ്വപ്നം കാണുന്നുവെങ്കിൽ..ഒരിക്കൽ അത് സത്യമാവുക തന്നെ ചെയ്യും..”?കല്യാണി വല്ലാതെ കിതച്ചു..

“കല്യാണിയ്ക്ക് മീരയെ അറിയുമോ..”

“ഈ കല്യാണിക്ക് മാത്രമെ മീര ആരാണ് എന്ന് അറിയൂ..കല്യാണിയെ മീരയ്ക്കും..” കല്യാണി മണലിൽ നിന്നും എഴുന്നേറ്റ് തിരമാലകളെ നോക്കി നിന്നു.. പിന്നെ പാറി വന്ന ചുരുളൻ മുടി മാടിയൊതുക്കി.. വ്യാസനെ നോക്കി ചോദിച്ചു..

“ഏട്ടൻ വീണു കിടന്ന ദിവസങ്ങളിലെ മീരയെ ഏട്ടന് അറിയുമോ..”

ഇല്ല..ഒരുപാട് ഞാൻ ചോദിച്ചു..ആരും എനിക്ക് മറുപടി തന്നില്ല..”

“ആരോട് ചോദിച്ചു..”

അമ്മയോട്..”

“വരദയോട് ചോദിച്ചോ..”

“ഉവ്വ്..”

“എന്ത് പറഞ്ഞു അവൾ..”

“എന്റെ അടുത്ത് നിൽക്കുന്നത് കൊണ്ട് മീരയെ പറ്റി അറിയാൻ കഴിയുന്നില്ല ന്ന് പറഞ്ഞു..”

“അത് വിശ്വാസിച്ചോ..”

“ഒരു വട്ടം എന്നോട് അങ്ങനെ പറഞ്ഞപ്പോൾ പിന്നീട് ചോദിക്കാൻ തോന്നിയില്ല..”

“ഒരിക്കലും തോന്നിയില്ല..”

“പിന്നെ ചോദിച്ചില്ല..എന്നോട് ഇഷ്ടം ഉണ്ടേൽ അവൾ എന്നെ കാണാൻ വരും എന്ന് വിശ്വസിച്ചു..”

“അല്ല..വരദ ഏട്ടനെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചു..അവൾക്ക് ഇഷ്ടം ഉണ്ടേൽ തേടി വരുമെന്ന്…ഏട്ടൻ അത് വിശ്വാസിച്ചു..

പക്ഷെ..ഏട്ടൻ ഒന്ന് ഓർത്താൽ മതിയായിരുന്നു..വരദയ്ക്ക് ഒരു ഫോൺ കാൾ മാത്രം മതി അവളുടെ ചേച്ചിയോട്..അതായത് ഹരിതയോട്..പക്ഷെ..അവൾ അറിഞ്ഞത്…ഒരിക്കലും ഏട്ടനെ അറിയിച്ചില്ല..

ഏട്ടനെ മാത്രം ഓർത്ത്..മുഴു ഭ്രാ, ന്തിയായി മാറിയ ഒരു മീരയുണ്ട് അവളുടെ വീട്ടിൽ എന്ന് വരദ ഒരിക്കലും ഏട്ടനെ അറിയിച്ചില്ല..

വൈകി ആണെങ്കിലും ഏട്ടന്റെ അമ്മയും അത് അറിഞ്ഞു..ഇന്ന് ഈ നിമിഷം വരെ ഏട്ടൻ മാത്രം അത് അറിഞ്ഞില്ല എന്നുള്ളതാണ് സത്യം..”

കല്യാണിയുടെ വാക്കുകൾ വ്യാസന്റെ നെഞ്ചിലേക്ക് പതിക്കുമ്പോൾ കൈ കാലുകൾ വിറച്ചു..കണ്ണുകൾ പിടച്ചു..ശ്വാസം ഒരു നിമിഷം നിലച്ചുവെന്ന് തോന്നി..കാഴ്ചകൾ മങ്ങുന്നുവെന്ന് തോന്നി..തിരമാലകൾക്ക് കലി തുള്ളിയത് പോലെ ഒരു നിമിഷം കരയെ വന്നു ആർത്തിയോടെ പുൽകി മടങ്ങി പോയി..ഈ നിമിഷം..മണലിലേക്ക് മലന്നു വീണ വ്യാസൻ മുഖം പൊത്തി കിടന്നു..

“ഏട്ടാ..” കല്യാണി വ്യാസന്റെ അടുത്ത് വന്നിരുന്നു മെല്ലെ വിളിച്ചു..വ്യാസൻ മെല്ലെ കണ്ണുകൾ തുറന്നു..

“എന്നോട് പറ..എന്തായിരുന്നു..അവൾക്ക്..”വ്യാസൻ വിതുമ്പി..

തിരമാലകൾ പുൽകി കടന്നു പോയ മണൽ തരികളിൽ അപ്പോളും ആരോ നടന്നു പോയ കാൽപാടുകളുടെ ശേഷിപ്പ് ഉണ്ടായിരുന്നു..വ്യാസൻ മെല്ലെ എഴുന്നേറ്റു കല്യാണിയെ നോക്കി..

“എനിക്ക് കേൾക്കണം..നിന്റെ നാവിൽ നിന്ന്..മീരയെ..”

“പറയാം..” കല്യാണി എഴുന്നേറ്റു മുന്നോട്ട് നടന്നു..അവളെ കേൾക്കാൻ വ്യാസനും കൂടെ നടന്നു..

*********************

“എന്തേ..എന്തേ മോളെ..” ഹരിത മീരയുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു..താഴെ വീണ മൊബൈൽ ഹരിത എടുത്തു ചെവിയിൽ വെച്ചു..

“ഹലോ..” ഹരിതയുടെ മറുപടിയ്ക്ക് മുന്നേ അപ്പുറം കാൾ കട്ട് ആയിരുന്നു..

“മോളെ..” ഹരിത മീരയെ വിളിച്ചു..

മീര ഒന്നും മിണ്ടാതെ അനങ്ങാതെ ഇരുന്നു..കൺ പീലികൾക്ക് ചെറിയ അനക്കം മാത്രം..ശരീരം മൊത്തം തണുപ്പ് അരിച്ചു കയറിയത് പോലെ തോന്നി മീരയുടെ കൈയിൽ പിടിച്ച നേരം ഹരിതയ്ക്ക്..

“മോളെ..” ഹരിത മീരയുടെ കവിളിൽ മെല്ലെ തട്ടി..

“മോളെ..” ഹരിത വീണ്ടും വീണ്ടും വിളിച്ചു..ഒരു അനക്കവും ഇല്ലാതെ ഇരിക്കുന്ന മീരയെ കണ്ടപ്പോൾ ഹരിതയ്ക്ക് അല്പം പേടി വന്നു..

“ഡീ..” മീരയുടെ തോളിൽ അമർത്തി നുള്ളി ഹരിത വിളിച്ചു..

“അമ്മേ..അമ്മേ..” ഹരിത വേഗം മുറിയിൽ നിന്ന് പുറത്ത് വന്ന് ഉറക്കെ വിളിച്ചു..

“എന്താ മോളെ..” പ്രഭ അടുക്കളയിൽ നിന്ന് വേഗം മീരയുടെ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു..

“മോള് എന്തോ..ഒരു കാൾ വന്നതിനു ശേഷം ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നു..ഒരുപാട് ഞാൻ വിളിച്ചു..ഒരു അനക്കവും ഇല്ല..” ഹരിത പറയുന്നത് കേട്ട് പ്രഭ വേഗം മീരയുടെ അടുത്ത് വന്നിരുന്നു..

“മോളെ..” പ്രഭ മീരയെ മെല്ലെ വിളിച്ചു.. പിന്നെ വിളിയുടെ ശബ്ദം ഉയർന്നു..
കവിളിൽ തട്ടിയും, തല്ലിയും, നുള്ളിയും മീരയെ അവർ വിളിച്ചു കൊണ്ടേ ഇരുന്നു..
പക്ഷെ..ഇരു മിഴികളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര് മാത്രമായിരുന്നു മീരയുടെ മറുപടി

******************

പിറ്റേന്ന് വെളുപ്പിന്..

“അമ്മാ..” മീര വിളിക്കുന്നത് കേട്ടാണ് പ്രഭ കണ്ണ് തുറന്നത്..തന്റെ അരികിൽ വന്നിരുന്ന മീരയെ കണ്ട് പ്രഭ വേഗം ചാടി എഴുന്നേറ്റു..രാത്രി മുഴുവൻ ഒരു പോള കണ്ണിമചിമ്മാതെ മീരയെ നോക്കിയിരുന്നു എപ്പോളോ ഒന്ന് മയങ്ങി പോയതായിരുന്നു പ്രഭ..

“മോളെ..”

“എനിക്ക് അമ്പലത്തിൽ പോകണം..വ്യാസൻ ഇന്ന് എന്നെ കാണാൻ അവിടെ വരും എന്ന് പറഞ്ഞിട്ടുണ്ട്…ഇന്നലെ രാത്രി വിളിച്ചപ്പോൾ..” മീരയുടെ മറുപടി കേട്ട് പ്രഭ ഞെട്ടി..

“മോളെ..”

“ഓ..ഞാൻ മറന്നു അമ്മേ..ഇന്നലെ രാത്രി വ്യാസൻ വന്നിരുന്നുവെന്ന്..നമ്മൾ എല്ലാവരും നല്ല ഉറക്കം ആയതു കൊണ്ട് വിളിക്കാതെ തിരിച്ചു പോയെന്ന്..”

“മോളെ..” പ്രഭയുടെ ശബ്ദം തേങ്ങി..ഒന്നും മിണ്ടാതെ മീര എഴുന്നേറ്റു തിരിഞ്ഞു നടന്നു..പ്രഭ വേഗം എഴുന്നേറ്റു മീരയുടെ പിന്നാലെ ചെന്നു..

മീര നേരെ മുറിയിൽ കയറി അലമാര തുറന്നു ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി കതകടച്ചു..

“മോളെ..”

പ്രഭ ബാത്‌റൂമിന്റെ വാതിലിൽ മുട്ടി വിളിച്ചു..അല്പം കഴിഞ്ഞു മീര കുളി കഴിഞ്ഞു പുറത്ത് ഇറങ്ങി..പ്രഭയെ നോക്കാതെ നേരെ പൂജ മുറിയിലേക്ക് കയറി..

“വ്യാസൻ കുറച്ചു കഴിയുമ്പോ വരും..ഞാൻ വ്യാസന്റെ കൂടെ പോകും..കണ്ണൻ അമ്മയോട് പറയണം തടയരുത് ന്ന്..കേട്ടല്ലോ..” വിളക്കിൽ എണ്ണ ഒഴിച്ച് തിരി തെളിയിച്ച ശേഷം മീര പറഞ്ഞു കൊണ്ട് മീര പുറത്തേക്ക് നടന്നു..പിന്നെ തിരിച്ചു വന്നു നേരെ അടുക്കളയിലേക്ക് കയറി..ഗ്യാസ് ഓൺ ആക്കി..അടുപ്പിലേക്ക് നോക്കി നിന്നു..

ഭാഗം 22

“മോളെ..” പിറകിൽ വന്ന് പ്രഭ വിളിച്ചത് കേട്ട് മീര തിരിഞ്ഞു നോക്കി.

“എന്താ മോളെ നിനക്ക് പറ്റിയത്..എന്താ നീ ഇങ്ങനെ..”

“എനിക്ക് ഒന്നും പറ്റിയില്ല..വ്യാസനെ എന്നിൽ നിന്ന് അകറ്റാൻ നിങ്ങൾ എല്ലാവരും കൂടെ ചേർന്ന് ഓരോന്ന് ഒപ്പിച്ചു വെച്ചു..അത് തന്നെ ആണ് കാരണം..”

“എന്താ അമ്മാ..” അടുക്കളയിലേക്ക് വന്ന ഹരിത ചോദിച്ചു..

“നീ കാണുന്നില്ലേ ഇവൾ കാണിച്ചു കൂട്ടുന്നത്..കണ്ടിട്ട് എനിക്ക് പേടി ആവുന്നു മോളെ..വിധുവിനോട് വിളിച്ചു പറഞ്ഞൊ നീ..”

“ഇന്നലെ തന്നെ പറഞ്ഞു..ആൾക്ക് ഇന്ന് വൈകുന്നേരം അവിടന്ന് വരാൻ പറ്റുള്ളൂ..പരമാവധി ശ്രമിക്കുന്നുണ്ട് ഏട്ടൻ..” ഹരിത പറഞ്ഞത് കേട്ട് പ്രഭ തലയാട്ടി..

“ഒന്നുടെ വിളിച്ചു പറയണം.. എത്രയും പെട്ടന്ന് വരാൻ..”

“മ്മ്..”ഹരിത മൂളി..

“എവടെ പോകുന്നു…” ഉമ്മറത്തേക്ക് നടന്ന മീരയുടെ കുറുകെ നിന്ന് പ്രഭ ചോദിച്ചു..

“എനിക്ക് സ്കൂളിൽ പോകണ്ടേ..ഇനി എന്നെ കണ്ടില്ലേ ആൾക്ക് ടെൻഷൻ ആവും..അല്ലങ്കിലേ പാവം തളർന്നു പോയേക്കുവാ..എന്റെ ഈ സ്വഭാവം കാരണം..അത് മാറണമെങ്കിൽ അകലെ നിന്ന് ആയാലും എന്നെ ഒരു നോക്ക് കണ്ടാൽ മതി ഞാൻ അറിയാതെ ആണേലും..ആള് ഓക്കേ ആവും..

എന്നെ കണ്ടില്ലേൽ ചിലപ്പോൾ ഭ്രാ. ന്ത് വരും വ്യാസന്..ഞാൻ പോയിട്ട് വരാം..”

“മോളെ..ഇന്ന് അവധി ആണ്..പിന്നെ എവടെ പോണേ..” ഹരിതയുടെയായിരുന്നു ശബ്ദം..

“ഓ..ഇന്ന് അവധി ആണോ..ഞാൻ അത് ഓർത്തില്ല ലോ..അപ്പൊ ഇന്ന് അവൻ കുറച്ചു വേദനിക്കട്ടെ അല്ലെ ഏടത്തി..” ഹരിതയെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞ് മീര അകത്തെയ്ക്കു കയറി..പൂജ മുറിയിലേക്ക് കയറി കതകടച്ചു..പെട്ടന്ന് തന്നെ കതക് തുറന്നു പുറത്ത് വന്ന മീര ഹരിതയുടെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു..

“വ്യാസൻ..വ്യാസൻ പോയി ചേച്ചി..അലമുറയിട്ടായിരുന്നു മീരയുടെ വാക്കുകൾ പുറത്തേക്ക് വന്നത്

“മോളെ..” ഹരിത മീരയെ കെട്ടിപിടിച്ചു..മുഖം തിരിച്ചു പ്രഭയെ നോക്കി..

കലങ്ങിയ കണ്ണുകളിൽ നിന്ന് അന്യം നിന്ന് പോയ കണ്ണ് നീര് മാത്രമായിരുന്ന കരച്ചിലിന്റെ ആഴം എത്രയായിരുന്നുവെന്ന് തിരിച്ചറിയാൻ..

**************************

“മോളെ..” കാൾ അറ്റൻഡ് ചെയ്ത വരദയുടെ കാതിൽ ഹരിതയുടെ ശബ്ദം..

“ചേച്ചി..”

“മോള് ഇപ്പൊ എവിടാ..”

“വീട്ടിൽ..”

“മോൾക്ക് വ്യാസന്റെ എന്തെങ്കിലും വിവരം അറിയാൻ കഴിഞ്ഞോ..”

“ഹോസ്പിറ്റലിൽ ആണ്..കുഴപ്പമില്ല..ഓക്കേ ആവുന്നു..

എന്തേ ചേച്ചി..”

“മീര..മീരയുടെ അവസ്ഥ ഒന്ന് അവനെ അറിയിക്കുമോ..”

“എന്തേ മീരയ്ക്ക്..” വരദയുടെ ചോദ്യത്തിന് ഹരിത ആ നിമിഷം വരെ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു..

കുറച്ചു നേരത്തെ മൗനം..

“മോളെ..” ഹരിത വിളിച്ചു..

“മ്മ്..”

“മീരയുടെ അവസ്ഥ ഒന്ന് വ്യാസനെ അറിയിക്കോ മോള്..ഇല്ലേ വ്യാസന്റെ അമ്മയെ..ദേവിയാന്റിയെ..”

“അതിനു എന്താ ചേച്ചി കുഴപ്പം..ഞാൻ നാളെ ഹോസ്പിറ്റലിൽ പോകുന്നുണ്ട്..അപ്പൊ പറയാം..മതിയോ..”

“മതി..അത് മതി..”

ഹരിത കാൾ കട്ട്‌ ചെയ്തു..

*******************

“അല്ലെങ്കിലും..ഒരാൾ വീണു പോകുമ്പോളല്ലേ കൂടെ ആരൊക്കെ ഉണ്ടാവുമെന്ന് അറിയാൻ കഴിയൂ..” വ്യാസന്റെ കൈയിലേക്ക് ഗുളിക വെച്ചു കൊടുത്ത് വരദ പറഞ്ഞു…

“തന്നെ പോലെല്ലേ..” വ്യാസൻ ബെഡിലേക്ക് ചാരിയിരുന്നു കൊണ്ട് പറഞ്ഞു..

“ആഴ്ച രണ്ടായില്ലേ ഈ കിടപ്പ് തുടങ്ങിയിട്ട്..ഒന്ന് വിളിച്ചു ചോദിക്കമല്ലോ..” ഹരിത വ്യാസനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു..

“ആർക്ക്..”

“അല്ല…ഒരുപാട് പിറകെ നടന്നത് അല്ലേ..മാത്രമല്ല അമ്മ അങ്ങോട്ട് വിളിച്ചു പറയുക കൂടെ ചെയ്തതാ..എന്നിട്ട് ഇങ്ങോട്ട് ഒന്ന് വിളിക്കാൻ തോന്നിയോ മീരയ്ക്ക്..”

“ഞാനും അത് ഓർത്തു..ഇത്ര ആയിട്ടും ഒന്ന് വിളിച്ചില്ലലോയെന്ന്..തന്നോട് എന്തേലും പറഞ്ഞ..”

“ഏയ്‌..അങ്ങനെ ഉള്ള കോൺടാക്ട് ഒന്നും ഇല്ലലോ ഞങ്ങൾക്ക് ഇടയിൽ..ചേച്ചിയുമായുള്ള അടുപ്പം അങ്ങനെ അറിയുന്നു..”

“ചേച്ചിയുടെ ഭർത്താവിന്റെ അനിയത്തി ആണ്..അപ്പൊ കുറച്ചു കൂടുതലായി അറിയാമെന്ന് കരുതി..”

“ഏയ്‌..ഞാൻ അങ്ങനെ വലിയ കമ്പനിയൊന്നും ഇല്ല..”

“മ്മ്..

എന്നാലും താൻ പറഞ്ഞത് ശരിയാണ്..ഒന്ന് വിളിച്ചു അന്വേഷിക്കുകയെങ്കിലും ചെയ്‌യായിരുന്നു..

ചിലപ്പോൾ എന്റെ മൊബൈൽ കുറച്ചു ദിവസം ഓഫ് ആയിരുന്നുവല്ലോ..അന്ന് ഡിസ്പ്ലേ എല്ലാം പൊട്ടിയല്ലോ അപ്പൊ ഓഫ് ആയിരുന്നു കുറച്ചു ദിവസം മൊബൈൽ..അന്ന് വിളിച്ചു കാണും..പിന്നെ അവളുടെ സ്വഭാവം വെച്ച് പോയി പണി നോക്ക് എന്ന് വിചാരിച്ചു കാണും..” പുഞ്ചിരിച്ചു കൊണ്ട് വ്യാസൻ പറഞ്ഞു..

ഈ സമയം വരദയുടെ മൊബൈൽ റിംഗ് ചെയ്തു..

“ഇപ്പൊ വരാം..” മൊബൈൽ എടുത്തു കൈയിൽ പിടിച്ചു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങും മുൻപ് വ്യാസനെ നോക്കി വരദ പറഞ്ഞു..

“എന്റെ മൊബൈൽ കൂടെ എടുത്തു തന്നിട്ട് പൊയ്ക്കോ..” വ്യാസൻ പറഞ്ഞത് കേട്ട് ടേബിളിൽ ഇരുന്ന മൊബൈൽ എടുത്തു വ്യാസന് നേരെ നീട്ടി വരദ പുറത്തേക്ക് നടന്നു..

“ചേച്ചി..” വരദ മെല്ലെ വിളിച്ചു..

“മോളെ..മീരയുടെ അവസ്ഥ തീരെ മോശമാണ്..”

“മ്മ്..ഞാൻ വ്യാസനോട്‌ പറഞ്ഞു..പക്ഷെ വ്യാസന് ഒരു മൈന്റുമില്ലന്നെ..എനിക്ക് അവന്റെ സ്വഭാവം കണ്ടിട്ട് ദേഷ്യം വന്നു..ഇങ്ങനെയുണ്ടോ മനുഷ്യർ..ഒരു വീഴ്ച്ച വരുമ്പോൾ അല്ലെ ചേർത്ത് നിർത്തേണ്ടത്..നമ്മൾ കാണുന്ന ഒരു സ്വഭാവമെ അല്ല..എന്നോട് ഇപ്പൊ ഭയങ്കര ഇഷ്ടം ആണ്..പ്രണയം ആണ് എന്നൊക്കെയാ പറയുന്നത്..

ഹോസ്പിറ്റലിൽ നിന്ന് വന്നു എല്ലാം ശരിയായാൽ വീട്ടിൽ വന്നു ആലോചിച്ചു ഉറപ്പിക്കാം എന്നൊക്കെ പറയുന്നു..ഇങ്ങനെയൊക്കെ പറയുമ്പോ എനിക്ക് എന്തോ പോലെ..ഞാൻ എന്താ ചെയ്യാ..ദേഷ്യം വരുന്നു..അവന്റെ സ്വഭാവം കണ്ടിട്ട്..” വരദയുടെ ശബ്ദത്തിൽ സങ്കട ഭാവം വരുത്തി പറഞ്ഞു..

“ദേവ്യെച്ചിയോട് ഒന്ന് പറഞ്ഞു നോക്കി കൂടെ..”

“ആളോട് ആണ് ഞാൻ ആദ്യം പറഞ്ഞത്..ഭ്രാ, ന്ത് പിടിച്ചവളെ ഇനി എന്റെ മോന് വേണ്ടന്ന് പറഞ്ഞു ചേച്ചി..അങ്ങനെ കേട്ടപ്പോൾ എന്റെ ചങ്ക് പിടഞ്ഞു പോയി..മുഖം നോക്കി ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത് പിന്നെ..വ്യാസനെ ഓർത്ത് ഒന്നും ഞാൻ പറഞ്ഞില്ല..”

“മ്മ്..മോള് ഇനി ഒന്നും പറയാൻ പോകണ്ട..എന്തേലും വഴി ഉണ്ടാവും..”

“മീരയ്ക്ക് എങ്ങനെയുണ്ട് ഇപ്പൊ..”

“എന്തൊക്കെയോ ചെയ്തു കൂട്ടാണ്..വ്യാസൻ എന്ന പേര് മാത്രമെ ഓർമയുള്ളൂ എന്ന് തോന്നി പോകും ചിലപ്പോൾ..എന്തിനും വ്യാസൻ..ചിലപ്പോൾ അസുഖം ഒന്നും ഇല്ല എന്ന് തോന്നി പോകും പെരുമാറ്റം കണ്ടാൽ…

പിന്നെ പെട്ടന്ന് വ്യാസൻ മരിച്ചു എന്ന് പറഞ്ഞു അലർച്ചയാണ്..അവനെ അവസാനമായി ഒരു നോക്ക് കാണണം എന്നൊക്കെ പറഞ്ഞു ബഹളം..”

“പുറത്ത് ആളുകൾക്ക് അറിയോ..”

“ഇല്ല..അങ്ങനെ പുറത്ത് പോയിട്ടില്ല..കോളേജിൽ വിളിച്ചു അവധി അമ്മയാണ് പറഞ്ഞത്..ഒരു ഓപ്പറേഷൻ ഉണ്ട് എന്ന്..ആരും കാണാൻ വരരുത് എന്ന് അവരോട് പറഞ്ഞു..അവര് പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല..എന്നാലും..അവരിൽ ചിലരോട് ഏട്ടൻ കാര്യം പറഞ്ഞു..

ഒളിച്ചു വെയ്ക്കാൻ കഴിയില്ലലോ..”

“ഇപ്പൊ എങ്ങനെ..”

“നാളെ നീലഗിരി പോവാ..അവിടെ ഒരു വൈദ്യൻ ഉണ്ടെന്ന്…പ്രകൃതി വൈദ്യമാണ്..എന്നാണ് ഏട്ടൻ പറഞ്ഞത്..”

“ചേച്ചി പോണുണ്ടോ..”

“ഉവ്വ്…നിന്റെ പോലെ തന്നെ അല്ലേ മോളെ എനിക്ക് അവളും..ഞാനും പോകണ്ടേ..”

“ആര് പോയില്ലേലും ചേച്ചി പോണം..മീരയുടെ കൂടെ ഉണ്ടാവണം എന്റെ ചേച്ചി..അവൾ വേഗം സുഖമായി വരട്ടെ..ഞാൻ ഇവിടെ ചങ്ക് പിടഞ്ഞാണ് നിൽക്കുന്നത്..

ചേച്ചി..ഞാൻ കൂടെ വന്നോട്ടെ നിങ്ങളുടെ കൂടെ..”

“വേണ്ടാ മോളെ..മോൾടെ ഈ മനസ് ഉണ്ടല്ലോ കൂടെ അത് മതി..” ഹരിത വേഗം കാൾ കട്ട്‌ ചെയ്തു..

വല്ലാത്തൊരു ചിരിയോടെ വരദ തിരിഞ്ഞു നടന്നു..

“ചേച്ചി ആയിരുന്നു..”

“എന്തെ..വിളിച്ചേ..”

“മീരയുടെ കാര്യം പറയാൻ..”

“എന്താ…എന്ത് പറഞ്ഞു മീര..മീര അറിഞ്ഞോ എനിക്ക് ഉണ്ടായ അപകടം..” വ്യാസന്റെ ശബ്ദം വല്ലാതെ ഉയർന്നു.. “

“അവനവൻ ആയി വരുത്തി വെച്ചത് അല്ലെ..അനുഭവിക്കട്ടെ എന്ന് പറഞ്ഞന്ന്..” വല്ലാത്തൊരു ഭാവത്തിൽ ആയിരുന്നു വരദയുടെ മറുപടി..

അത് കേട്ട് വ്യാസന്റെ ഹൃദയം നുറുങ്ങി..കണ്ണുകൾ ഇറുക്കിയടച്ചു ഇടതു കൈ നെറ്റിയിൽ മുട്ടിച്ചു ബെഡിലേക്ക് ചാരി കിടന്നു..

ഹൃദയം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു..നെഞ്ചിലെ പിടച്ചിൽ..തൊണ്ട കുഴിയിൽ വന്ന് മറുപടിയില്ലാതെ നിന്നു..വിങ്ങി പൊട്ടി വിതുമ്പിയൊഴിയാൻ കൊതിക്കുന്ന കരച്ചിൽ പുറത്ത് വരാതിരിക്കാൻ വ്യാസൻ വല്ലാതെ കഷ്ടപെട്ടു..

“വരദേ..”.വ്യാസന്റെ ശബ്ദം നേർത്തിരുന്നു..

“എന്തേ..” വരദ വ്യാസന്റെ വലതു കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു..

“എനിക്ക് മീരയുടെ നമ്പർ വേണം..അവളുടെ നമ്പർ എന്റെ മൊബൈലിൽ നിന്നും നഷ്ടപെട്ടു..എനിക്ക് മീരയുടെ നമ്പർ വേണം.നിന്റെ കൈയിൽ ഉണ്ടോ അവളുടെ മൊബൈൽ നമ്പർ..”

തളർന്ന ശബ്ദത്തിൽ വ്യാസൻ ചോദിച്ചത് കേട്ട് വരദ ഒന്ന് വിറച്ചു..

ഭാഗം 23

“തരാലോ..”.ഉള്ളിൽ വന്ന ദേഷ്യം പുറത്ത് കാണിക്കാതെ വരദ പുഞ്ചിരിച്ചു കൊണ്ട് മൊബൈൽ എടുത്തു..കോൺടാക്ട് ലിസ്റ്റിൽ നിന്നും മീരയുടെ നമ്പർ എടുത്തു..

“ഡയൽ ചെയ്തോ..” വരദ വ്യാസനെ നോക്കി പറഞ്ഞു..

“മ്മ്..പറ..”

വ്യാസൻ മൊബൈൽ എടുത്തു..

“95629*****’

“നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ടാ എന്ന് മനസ് തീരുമാനം എടുത്താൽ തീരാവുന്ന ബന്ധങ്ങളെ ഇപ്പൊ ചുറ്റിനുമുള്ളു എന്ന് ഓർത്താൽ നല്ലത്..

മാത്രമല്ല വലിഞ്ഞു കേറി ഒരുപാട് വട്ടം പോയതല്ലേ..ഇങ്ങനെ ഒരു അവസ്ഥയിൽ കിടക്കുന്ന ഒരാളെ ഇങ്ങോട്ട് വിളിച്ചോ..അല്ലങ്കിൽ നേരിൽ വന്നോ ഒന്ന് ആശ്വാസിപ്പിക്കാൻ കഴിയാത്ത ഒരാളെ എന്ത് കണ്ടിട്ടാ ഇങ്ങനെ ചേർത്ത് പിടിക്കണേ എന്ന് ആലോചിച്ചു പോവാ ഞാൻ..

ഞാൻ പറഞ്ഞു എന്നെയുള്ളൂ ട്ടാ..നിന്റെ സ്ഥാനത്തു ഞാൻ ആണേൽ വേണൽ ഇങ്ങോട്ട് വരട്ടെ എന്നെ കരുതുകയുള്ളൂ..ഉള്ളിൽ ചിലപ്പോൾ ഒരായിരം മുള്ളു കുത്തി ഇറങ്ങുന്ന വേദന ഉണ്ടാവും ആ തീരുമാനത്തിന്..

പക്ഷെ..ആ വേദന ഉള്ളിൽ ഇങ്ങനെ കിടന്നു നീറുന്നത് തന്നെയാണ് നാളെകളുടെ പുലരിയിൽ നമുക്കുള്ള പ്രതീക്ഷ..ശരിയല്ലേ..തീരുമാനം തന്റെയാണ്..ഞാൻ പറഞ്ഞു എന്നെയുള്ളൂ..”.അതും പറഞ്ഞു വ്യാസനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി വരദ ഫ്ലാസ്ക് എടുത്തു പുറത്തേക്ക് നടന്നു.. വാതിൽ കടന്നു മുന്നോട്ട് നടക്കുന്ന നേരം ജനൽ വഴി വരദ വ്യാസനെ ഇടം കണ്ണിട്ട് നോക്കി..

മൊബൈൽ ബെഡിൽ ഇട്ട് മുഖത്ത് ഇടതു കൈ ചേർത്ത് വെച്ച് കട്ടിലിൽ ചാരി കിടക്കുന്ന വ്യാസനെ കണ്ട് വരദയുടെ ഉള്ളിൽ ചിരി പൊട്ടി..

******************

“എവിടെ പോയി ഒന്ന് രണ്ട് ദിവസം ഇങ്ങോട്ട് കണ്ടില്ലലോ..” കല്യാണിയുടെ നേർക്ക് ചായ കപ്പ് നീട്ടി പ്രഭ ചോദിച്ചു..

“പനി ആയിരുന്നു..കിടപ്പിലായ് പോയി..” ചായ കപ്പ് ചുണ്ടിലേക്ക് ചേർത്ത് കല്യാണി മറുപടി കൊടുത്തു..

“മീര..”

“പൂജാമുറിയിൽ ഉണ്ട്…ഇപ്പൊ കുറച്ചു ദിവസം ആയി ഇതാണ്..കാണുമ്പോ ചങ്ക് പൊട്ടും..രാവിലെ എഴുന്നേറ്റു പല്ല് തേച്ച് കുളിച്ച് പൂജമുറിയിൽ കയറി വിളക്ക് വെയ്ക്കും..പിന്നെ എന്തൊക്കെയോ അവിടെ ഇരുന്നു പറയുന്ന കേൾക്കാം..
ഇടക്ക് കരച്ചിൽ കേൾക്കാം..ഇടയ്ക്ക് വിമ്മി പൊട്ടിയ മുഖവുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം..എത്ര വിളിച്ചാലും വിളി കേൾക്കാതെ എന്തൊക്കെയോ പുലമ്പി കൊണ്ട്..” പ്രഭ തേങ്ങി കൊണ്ട് പറഞ്ഞു..

“ഏയ്‌..ഇനി പ്രശ്നം ഉണ്ടാവില്ല…ചാമി വൈദ്യര് നോക്കും എല്ലാം..പേടിക്കണ്ട.. നമുക്ക് നമ്മുടെ മീരയെ തിരിച്ചു കിട്ടും..”

“ഇന്നലെ ഹരിത മോള് പോയി..ലീവ് കൊറേ ആയില്ലേ..ഇനിയും മുടങ്ങാൻ പറ്റില്ല ലോ..വിധു വന്നപ്പോൾ ഒരുപാട് വൈകി..

മോളെ വിളിക്കാമെന്ന് വിചാരിച്ചു..പിന്നെ മോൾടെ കാര്യം ഓർത്തപ്പോ വേണ്ടന്ന് കരുതി..

മോളും ഉണ്ടായല്ലോ നിഴലു പോലെ കുറച്ചു ദിവസം..

നല്ല ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്നുണ്ടായിരുന്നു..പക്ഷെ..മോഹൻദാസ് ഡോക്ടർ പറഞ്ഞത് വീട്ടിൽ തന്നെയാണ് നല്ലത്..വീട്ടിൽ ആവുമ്പോ ആ ഒരു കെയർ കിട്ടുമല്ലോ..എല്ലാരും ചുറ്റിനുമുണ്ടാകും ഹോസ്പിറ്റലിൽ ആണേൽ മോള് കേവലം ഒരു രോഗി മാത്രമായി മാറും..അത് കൊണ്ട് വീട്ടിൽ തന്നെ മതിയെന്ന്..

അത് ഒരു പരിധി വരെ നന്നായില്ലേ മോളെ..”

“അതെ..നമുക്ക് നമ്മുടെ മീരയെ അടുത്ത് കിട്ടുമല്ലോ..അല്ലെങ്കിൽ നാലു ചുമരുകൾക്ക് ഉള്ളിൽ..കമ്പിയഴിയ്ക്ക് ഉള്ളിൽ നമ്മൾ കാണേണ്ടി വരുമായിരിന്നു…

വിധുവേട്ടന്റെ തീരുമാനം ആണ് ശരി..വീട്ടിൽ..നമ്മുടെ കൂടെ ആർക്കും ശല്യമില്ലാതെ..മീര ഇങ്ങനെ ജീവിക്കട്ടെ..” കല്യാണി പറഞ്ഞു തീരും മുൻപ് മീര പൂജ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങി വന്നു…

“എവിടെ ആയിരുന്നു ഡീ രണ്ടു ദിവസം..നിന്നെ കണ്ടില്ലലോ..” കല്യാണിയുടെ കവിളിൽ പതിയെ തട്ടി കൊണ്ട് മീര ചോദിച്ചു..മീരയുടെ ചോദ്യം കേട്ട് കല്യാണി ഒന്ന് പകച്ചു..

ഒന്നുമില്ലാത്തത് പോലെ..തന്റെ മീര തന്നോട് സംസാരിക്കുന്നു..ഭഗവാനെ..എല്ലാം ഭംഗിയായോ.. ” കല്യാണി മീരയുടെ കവിളിൽ കൈ പിടിച്ചു കൊണ്ട് ഉള്ളിൽ ചോദിച്ചു..

“ഡീ..വ്യാസൻ ഇന്ന് വരുമെന്ന് പറഞ്ഞു വിളിച്ചിരുന്നു..നീ ഫ്രീ ആണേൽ നമുക്ക് ഒന്ന് കോളേജ് കാന്റീൻ വരെ ഒന്ന് പോണം..” അതും പറഞ്ഞു മീര തിരിഞ്ഞു പൂജ മുറിയിലേക്ക് കയറി വാതിൽ അടച്ചു.

ഹൃദയം നുറുങ്ങുന്ന വേദനയോടെ കല്യാണി പ്രഭയെ നോക്കി..വിമ്മി പൊട്ടുന്ന നോട്ടം മാത്രമായിരുന്നു പ്രഭയുടെ മറുപടി.

“ഞാൻ കൂടെ വരാം അമ്മേ നാളെ..കുറച്ചു ദിവസത്തെ ലീവ് എനിക്ക് കിടപ്പുണ്ട്..എല്ലാം കൂടെ ഒരുമിച്ചു എടുക്കാം..ഞാനും വരാം നാളെ നിങ്ങളുടെ കൂടെ..വന്നോട്ടെ..” കല്യാണിയുടെ ചോദ്യം കേട്ട് പ്രഭ അവളെ ചേർത്ത് പിടിച്ചു..

“മോള് വേണം കൂടെ..മോള് വേണം..” കല്യാണിയുടെ നെറ്റിയിൽ ചുണ്ട് മുട്ടിച്ചു പ്രഭ..

************************

“ആദ്യം മീര, മീരാ എന്നുള്ള ചിന്ത ഒന്ന് മാറ്റുമോ വ്യസാ നീ..” തുണി മടക്കി ബാഗിലേക്ക് വെയ്ക്കുന്ന നേരം ദേവി വ്യാസനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു..

“എന്തേ..ഇപ്പൊ ഇങ്ങനെയൊരു ദേഷ്യം..”

“പിന്നെ..ദേഷ്യം വരാതെ..നീ ഇത് എന്ത് ഭാവിച്ചാണ്..ലോകത്ത് വേറെ പെണ്ണിനെ കിട്ടാതെയാണോ..

അവനവനെ മനസിലാക്കി കൂടെ നിൽക്കുന്നവരെ വേണം കൂടെ കൂട്ടാൻ..അത് ഇപ്പൊ പ്രണയം ആയാലും, സൗഹൃദം ആയാലും, വിവാഹമായാലും..

അല്ലാതെ ചുമ്മാ..പിന്നാലെ നടന്ന് ഇഷ്ടം ഇരന്നു വാങ്ങി കൂടെ കൂട്ടരുത്..എനിക്ക് എന്തൊ.. ഇപ്പൊ നിന്റെ ഈ സ്വഭാവം ഇഷ്ടമാവുന്നില്ല..”

“അമ്മയ്ക്ക് ഇത് എന്ത് പറ്റി..ഇന്നലെ വരെ കുഴപ്പമില്ലായിരുന്നല്ലോ..ഇന്നിപ്പോ പെട്ടന്ന് എന്ത് പറ്റി…”

“നീ എന്തിനാ വരദയോട് നമ്പർ ചോദിച്ചത്..”

“ആരുടെ..”

“വ്യാസാ..നീ വെറുതെ എന്റെ നാവിൽ തെ. റി വരുത്തരുത്..

മീരയുടെ നമ്പർ കിട്ടിയിട്ട് നിനക്ക് എന്തിനാ..നിന്നെ വേണ്ടാത്ത ഒരുവളെ നീ എന്തിന് ഇങ്ങനെ..കഷ്ടം..”

“ഓ..വരദ അതും പറഞ്ഞ..”

“നിന്റെ കാര്യത്തിൽ ആ കുട്ടിക്ക് നല്ല സങ്കടം ഉണ്ട്..നിന്റെ കിടപ്പ് കണ്ട് മീരയെ അവൾ നേരിട്ട് പോയി കണ്ടിരുന്നു..

നിന്നോട് പറഞ്ഞ അവൾ അത്..”

“ഇല്ല..” അല്പം അമ്പരപ്പ് ഉണ്ടായിരുന്നു വ്യാസന്റെ ശബ്ദത്തിൽ..

“അതാണ്..നിന്നോട് പോലും പറഞ്ഞില്ല ഒന്നും..കാരണം നിനക്ക് അത് സങ്കടം ആവും എന്ന് കരുതി..

ഹരിത വിളിക്കും മുൻപേ ഒരു ദിവസം നിന്നോടും, എന്നോടും പറയുക പോലും ചെയ്യാതെ അവൾ മീരയെ പോയി കണ്ടിരുന്നു..നിന്റെ അവസ്ഥ പറഞ്ഞു..

കാല് മാത്രം അല്ലെ ഒടിഞ്ഞുള്ളൂ..പിന്നെ കൈയ്യും..അത് പതിയെ മാറിക്കോളും..
ഹോസ്പിറ്റലിൽ അല്ലെ കിടപ്പ്..അവിടെ നോക്കാൻ ഡോക്ടർസ് ഉണ്ട്..നേഴ്‌സ്മാര് ഉണ്ട്..പിന്നെ അവന്റെ അമ്മയുണ്ട്..പിന്നെ നീയും നിഴൽ പോലെ ഉണ്ട്..എല്ലാം കഴിഞ്ഞു വരട്ടെ..അപ്പൊ നോക്കാമെന്ന്…ഇങ്ങനെയുള്ള ഒരാളെ ആണോ നീ ഇനിയും മനസിൽ കൊണ്ട് നടക്കുന്നത്..

എന്റെ കൊക്കിനു ജീവൻ ഉണ്ടേൽ വ്യാസാ..അവൾ നിന്റെ ജീവിതത്തിൽ ഉണ്ടാവില്ല..ഓർത്തോ..പറഞ്ഞത്നി നക്ക് മനസ്സിലായോ..” വ്യാസനെ നോക്കി പറഞ്ഞു കൊണ്ട് ദേവി ബാഗ് അടച്ചു കട്ടിലിന്റെ താഴേക്ക് വെച്ചു..

ഈ സമയം പുറത്ത് നിന്ന് ഇതെല്ലാം കേൾക്കുകയായിരുന്നു വരദ..

********************

“മീരാ…” ചാമി വൈദ്യന്റെ വിളി കേട്ട് മീര തല ചെരിച്ചു നോക്കി..

“വ്യാസൻ എവടെ..വന്നോ..” മയക്കത്തിൽ നിന്നെന്ന പോലെ ചാടി എഴുന്നേറ്റു ചുറ്റിനും നോക്കി മീര ചോദിച്ചു..

“വ്യാസൻ വന്നിട്ടുണ്ട്..മീരയ്ക്ക് കാണണോ..” വൈദ്യൻ മീരയുടെ നെറ്റിയിൽ കൈ വെച്ചു ചോദിച്ചു..

“മരിച്ചു പോയവരെ തിരികെ കൊണ്ട് വരാൻ കഴിയുന്ന മന്ത്രം എനിക്ക് ഒന്ന് പഠിപ്പിച്ചു തരോ..” നിഷ്കളങ്കമായി വരദ ചോദിച്ചത് കേട്ട് വൈദ്യൻ ചിരിച്ചു..

“അതിന് വ്യാസൻ മരിച്ചു പോയിന്ന് മീരയോട് ആരാ പറഞ്ഞത്..” ചെമ്പരത്തിയുടെ ഇലകൾ പൊട്ടിച്ചു ഇരു കൈകൾക്ക് ഇടയിൽ വെച്ച് തിരുമി മീരയുടെ വലതു കൈയിലേക്ക് വെച്ച് കൊടുത്തു വൈദ്യൻ ചോദിച്ചു..

“മരിച്ചില്ലേ..” കൈയിൽ ഇരിക്കുന്ന ഇലകൾ ഒന്നുടെ തിരുമി മീര ചോദിച്ചു..

“ഇല്ല ലോ..”

“എനിക്ക് അത് മുന്നേ തോന്നിയിരുന്നു..”

“മീരയുടെ തോന്നൽ ആണ് ശരി..”

“ആണോ..”

“മ്മ്..

പിന്നെ..ഇതെന്ത കൈയിൽ വെച്ച് തിരുമ്മുന്നത്..ഒരുപാട് നേരം ആയിലോ..” മീരയുടെ കൈകളിലേക്ക് നോക്കി പുഞ്ചിരിയോടെ വൈദ്യൻ ചോദിച്ചു..

“ആഹാ..അത് കൊള്ളാം..അവിടെ നിന്ന ചെമ്പരത്തിടെ ഇല പൊട്ടിച്ചു തിരുമി എനിക്ക് തന്നിട്ട് എന്നോട് ചോദിക്കുന്ന കൊള്ളാലോ…” മീരയുടെ മുഖത്ത് പുഞ്ചിരി വിടർന്നു..

“മീരയ്ക്ക് എന്നെ അറിയുമോ..”

മീര വൈദ്യനെ നോക്കി..നെറ്റിയിൽ  നീട്ടി വരച്ച ഭസ്മം..അതിന് നടുവിൽ വട്ടത്തിൽ തൊട്ട വലിയ കുങ്കുമ പൊട്ട്..നീണ്ട് നരച്ച താടി..വാത്സല്യം തുളുമ്പുന്ന കണ്ണുകൾ..ശാന്തമായ മുഖം..പുഞ്ചിരിയിൽ എവിടെയോ കണ്ട് മറന്നു പോയ ഒരു സന്യാസിയുടെ മുഖം..

“സന്യാസി ആണോ..”.സംശയത്തോടെ മീര ചോദിച്ചു..

“മ്മ്..അതെ..മീരയുടെ നിർബന്ധം കാരണം..വ്യാസനെ കാണാൻ ഇവിടെ കൊണ്ട് വിട്ടതാ വീട്ടുകാർ..”

മീര എഴുന്നേറ്റു ചുറ്റിനും നോക്കി.നോക്കാത്ത ദൂരം നീണ്ടു നിവർന്നു കിടക്കുന്ന വലിയ ഒരു പറമ്പ്..ഓർമ്മകളിൽ എവിടെയോ ഇന്നലെകളിലെ കാഴ്ചകൾ ഒരു നിമിഷം പെട്ടന്ന് മിന്നി മറഞ്ഞു പോയി..

നിറയെ മരങ്ങൾ..മുളം കാടുകൾ..പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടികൾ..അതിനു ഇടയിലൂടെ ഓടി നടക്കുന്നമുയലുകൾ..മയിലുകൾ..പശുക്കൾ..എന്ന് വേണ്ടാ കാഴ്ചകളുടെ വിരുന്ന് ഒരുക്കുന്ന ഒരിടം..

മീരയ്ക്ക് താൻ എന്തൊക്കെയോ മറന്ന് പോയത് പോലെ തോന്നി..ഇന്നലെകളുടെ ഓർമ്മകൾ എവിടെയോ മിന്നി തിളങ്ങി..

“വ്യാസൻ വന്നോ..”പെട്ടന്ന് തിരിഞ്ഞു നിന്ന് വൈദ്യനെ നോക്കി മീര ചോദിച്ചു..

“മീരയ്ക്ക് വ്യാസനെ അത്രേ ഇഷ്ടമാണോ..”

“ഇഷ്ടമല്ല ന്നെ..ഇഷ്ടമെന്നാൽ നമുക്ക് ഇഷ്ടമുള്ള എല്ലാത്തിനോടും തോന്നില്ലേ…

വ്യാസനോട്‌ എനിക്ക് ഇഷ്ടമല്ല..”

“പിന്നെ.. “

“ഇന്നലെകളിൽ എന്നെ ഭ്രാന്ത് പിടിപ്പിച്ച് കൊണ്ടിരുന്ന ഒരു മുഖം..എവിടെയോ ഞാൻ കണ്ടു മറന്നു പോയൊരു മുഖം..മനസിൽ ഞാൻ പോലും അറിയാതെ പതിഞ്ഞു പോയൊരു മുഖം..

ഒരു ദിവസം ഇങ്ങനെ പെട്ടന്ന് മുന്നിൽ വന്നു ഒരു നിൽപ്പാണ്..ഞെട്ടി തരിച്ചു പോയി നോക്കി നിന്നു പോയി  ഞാൻ അവനെ..

ഞാൻ എന്റെ മനസിൽ കോറിയിട്ട മുഖം ഇങ്ങനെ ഒരു ദിവസം പെട്ടന്ന് മുന്നിൽ വന്നു നിൽക്കുമ്പോൾ ഉണ്ടാവുന്ന ഒരു ഞെട്ടൽ ഇല്ലേ..അതായിരുന്നു ആദ്യം…”

“എന്നാണ് മീര വ്യാസനെ ആദ്യം കണ്ടത്..”

“നേരിട്ടോ..അതോ ഹൃദയത്തിലോ..” മീരയുടെ ആ ചോദ്യം വൈദ്യനെ ഒന്ന് ഉലച്ചു…ഹൃദയം പൊട്ടുന്ന വേദന വൈദ്യൻ അറിഞ്ഞു…നിഷ്കളങ്കമായ മുഖത്തോടെ തന്നെ നോക്കി ഇരിക്കുന്ന മീരയെ  കാഴ്ചകൾക്ക് മറവി നൽകുന്ന കണ്ണുനീരിന്റെ യാത്രയുടെ തുടക്കം വൈദ്യൻ അറിഞ്ഞു തുടങ്ങി.

ഭാഗം 24

“ആരോടും അങ്ങനെ പ്രണയം, ഇഷ്ടം അതൊന്നും എനിക്ക് തോന്നിയിട്ടില്ല..അതിനുള്ള കാരണം ചിലപ്പോൾ ഹൃദയത്തിൽ എന്നോ ഞാൻ അറിയാതെ തന്നെ..ഞാൻ കാണാതെ തന്നെ വ്യാസന്റെ മുഖം പതിഞ്ഞിരിക്കാം ..

നാം പറയാറില്ലേ..ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ ഒരു നിമിഷം മതിയെന്ന്..ചിലപ്പോൾ ആ നിമിഷം മുജന്മത്തിൽ ചേർത്ത് വെച്ചിട്ടാവും അവർ പിരിഞ്ഞു കാണുക..

ഒന്നിക്കാൻ ഉള്ളവർ ആണെങ്കിൽ..ലോകത്തിന്റെ ഏത് കോണിൽ ആണേലും..ഒരിക്കൽ നമ്മുടെ മുന്നിൽ വന്ന് നിൽക്കും..നാം പോലും അറിയാതെ..ഒരൊറ്റ നോട്ടം കൊണ്ട്..മിഴികൾ തുളച്ചിറങ്ങി ഹൃദയത്തിന്റെ താളം  നിലച്ചു പോകുന്ന നേരം..

ഒരു നിമിഷം നമ്മൾ ഒന്ന് ഉലഞ്ഞു പോകും…ഇന്നലെകളിൽ എവിടെയോ തേടിയ മുഖം..നാം പോലും അറിയാതെ..നമ്മുടെ ഹൃദയത്തിൽ ഒളിച്ചിരുന്ന മുഖം..പെട്ടന്ന് മുന്നിൽ വന്നു നിൽക്കുമ്പോൾ..ഹൃദയമാണ് മറുപടി നൽകുക..വിട്ടു കൊടുക്കരുത്..വിട്ടു കളയരുത്..അങ്ങനെ മുന്നിൽ ഒരിക്കൽ വന്നു നിന്നവൻ ആണ് വ്യാസൻ..

ആദ്യം കണ്ടപ്പോളെ പിടച്ചിലായിരുന്നു..മുന്നിൽ വന്നു നിന്നപ്പോൾ കൈ കാലുകൾക്ക് തളർച്ചയായിരുന്നു..തൊണ്ട  കുഴിയിൽ ശബ്ദം വന്നു നിലച്ച പോലെയായിരുന്നു..

മുന്നിൽ വന്നു നിന്ന ആ രൂപം..ആ സമയം..എല്ലാം എനിക്ക് കൃത്യമായി അറിയാം..

പക്ഷെ..അങ്ങനെ പെട്ടന്ന് സമ്മതിച്ചു കൊടുക്കാൻ എന്തൊ..എനിക്ക് കഴിയില്ലായിരുന്നു..എന്റെ പിന്നാലെ നടത്തിച്ചു ഞാൻ..

അവൻ വരതെയിരുന്നപ്പോൾ..കാരണമുണ്ടാക്കി..ബസ് സ്റ്റോപ്പിന് അരികിലെ ചായ കടയിൽ വെറുതെ ഇരുന്നു സമയം കളയും..

അകലെ നിന്ന് ബുള്ളറ്റ് ന്റെ ശബ്ദം കേൾക്കുമ്പോൾ..അവനു കാണാൻ വേണ്ടി മാത്രം ഞാൻ അവനെ നോക്കാതെ പെട്ടന്ന് നടന്നു ചെല്ലും..അവനെ കാത്ത് നിൽക്കുകയായിരുന്നുവെന്ന് അവനു ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത വിധം..അവനു മുന്നിൽ ചെന്നു നിൽക്കും..ഒരു പാളി നോട്ടം കൊണ്ട്..നേർത്ത പുഞ്ചിരി കൊണ്ട്..എന്നെ നോക്കി..എന്റെ എതിരെ വന്നു ബുള്ളറ്റ് നിർത്തി..അത്ര നേരം ഞാൻ ഇരുന്ന കസേരയിൽ..ഞാൻ ഇരുന്നത് പോലെ ഒരു ഇരിപ്പുണ്ട്..പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് ചുറ്റിനും ഒന്ന് നോക്കും..

ഞാൻ നിന്നിടത്തു നിന്ന് മാറിയാൽ..ആ കണ്ണുകൾ എന്നെ തിരയുന്നത് കാണുമ്പോൾ ഇടനെഞ്ചിൽ എനിക്ക് മാത്രം അറിയുന്ന സുഖമുള്ള വിങ്ങലുണ്ട്..ഇഷ്ടത്തിന്റെ..കരുതലിന്റെ..പ്രണയത്തിന്റെ വിങ്ങൽ..

ദിവസങ്ങൾ..മാസങ്ങൾ മുന്നോട്ട്..ഇതിനിടയിൽ പലപ്പോഴും എന്റെ പിറകെ വന്നു..എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു…വീട്ടിൽ ആലോചിച്ചു വരാം എന്ന് വരെ പറഞ്ഞു..

പക്ഷെ..എനിക്കെന്തോ..അവനെ പെട്ടന്ന് സ്വന്തമാക്കണം എന്നുണ്ടായില്ല..കുറച്ചു നാൾ ഇങ്ങനെ പിറകെ നടക്കട്ടെ..എന്നെ തേടി..എന്നെ നോക്കി..ഞാൻ ഉള്ള സ്ഥലങ്ങൾ അന്വേഷിച്ച് എന്റെ പിറകെ വരണമെന്ന്..

ശരിക്കും എന്റെ മനസ് എന്ത് ആഗ്രഹിക്കുന്നുവോ..അങ്ങനെയായിരുന്നു ഓരോ കണ്ടു മുട്ടലുകളും…ഞാൻ ആഗ്രഹിക്കുന്ന നേരം എന്റെ മുന്നിൽ ഉണ്ടാവും..ആൾക്കൂട്ടത്തിൽ അവന്റെ മുഖം തിരയുമ്പോൾ..എന്നെ അത്ഭുതപെടുത്തി കൊണ്ട്..എന്റെ മുന്നിൽ വന്നു കൈയ്യും കെട്ടി നിന്ന് പുഞ്ചിരിച്ചു കൊണ്ട് ഒരു നിൽപ്പുണ്ട്..

നീ എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു എന്നുള്ള ഭാവത്തിൽ…ഇഷ്ടങ്ങളുടെ നിറം..ആ നിറത്തിന് എനിക്ക് വ്യാസൻ എന്നായിരുന്നു എന്റെ മറുപടി..

പക്ഷെ..ഒടുവിൽ..അവനെ നേടാൻ ഒരുവൾ വന്നു നിന്ന നേരം..അന്ന് ഞാൻ തളർന്നു പോയി..പറയാൻ വൈകിയ എന്റെ സ്നേഹം..എന്റെ പ്രണയം..അവൻ അറിയാതെ പോകുന്നുവോ എന്നുള്ള പേടി..ഒടുവിൽ..തുറന്നു പറഞ്ഞ നേരം..നിറഞ്ഞ പുഞ്ചിരിയോടെ എന്നെ ഒരു നോട്ടം നോക്കി..പുഞ്ചിരിയോടെ തന്നെ എന്റെ ഇഷ്ടത്തെ തള്ളി കളഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നപ്പോൾ..എനിക്ക് വേദനിച്ചില്ല…എന്താണെ ന്നൊ.

തിരിഞ്ഞു നടക്കും മുൻപേ..എന്റെ വലതു കൈയിൽ അവൻ ഒന്ന് പിടിച്ചു..കരുതലിന്റെ..കാവലിന്റെ..സ്വന്തമാകുന്നതിന്റെ തിരിച്ചറിവ് നൽകിയ സ്പർശനം..

മുജന്മമെന്ന് ഞങ്ങൾ പരസ്പരമറിഞ്ഞു പോയി എന്ന് തോന്നിയ നേരം..എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് തിരിഞ്ഞു നടന്നു..കൂടെയുണ്ട്..കൈ വിടില്ല ഒരിക്കലും ആ ഉറപ്പ് നൽകുന്ന പുഞ്ചിരിയായിരുന്നു അവന്റെ മറുപടി..

പിന്നെ…പിന്നെ..ഞാൻ അറിഞ്ഞത്..അന്ന്..വ്യാസന്റെ അമ്മയുടെ ഫോൺ വിളി ആണ്..വ്യാസൻ..എന്റെ വ്യാസൻ എന്നിൽ നിന്ന് വിട്ട് പോയി എന്ന് ഞാൻ അറിഞ്ഞു പോയ ആ നശിച്ച നിമിഷം..പിന്നെ ഞാൻ എങ്ങനെ ജീവിക്കും..വ്യാസൻ ഇല്ലാതെ..എന്തിന് മീരയ്ക്ക് ഒരു ജന്മം..

ഒരുപാട് സംസാരിച്ചിട്ടില്ല..അടുത്ത് ഇടപഴുകിയില്ല…പരസ്പരം അറിയില്ല..പക്ഷെ..ഈ മീരയ്‌ക്ക്..വ്യാസൻ ഭ്രാന്താണ്…വ്യാസൻ കൂടെ ഉണ്ടെങ്കിൽ മാത്രം പൂർണമാകുന്ന ഒരു പുസ്തകമാണ് ഞാൻ..എന്റെ വ്യാസൻ..എന്റെ മാത്രം വ്യാസൻ..

പൊട്ടികരഞ്ഞു കൊണ്ട് മീര തറയിലേക്ക് വീണു..

*******************

“പേടിക്കാൻ ഒന്നുമില്ല.. ഒന്ന് മയങ്ങി എണീറ്റാൽ മീര പഴയ മീരയായി നമ്മുടെ മുന്നിൽ ഉണ്ടാവും..

പക്ഷെ..ഈ കഴിഞ്ഞ ദിവസങ്ങൾ..അവളെ സംബന്ധിച്ച് ഒരു മറവിയാണ്..അവളെ ഒരിക്കലും കഴിഞ്ഞ നാളുകൾ അറിയിക്കരുത്..അറിയണമെങ്കിൽ..അത് വ്യാസനിൽ നിന്ന് മാത്രമെ അറിയാവൂ..

ഭ്രാന്ത് പിടിച്ച ഇഷ്ടം..അത് നഷ്ടമായില്ല എന്ന് മാത്രം അവൾ അറിഞ്ഞാൽ മതി..അങ്ങനെ ഉൾക്കൊണ്ട്‌ ആവും അവൾ ഉറക്കത്തിൽ നിന്നും ഉണരുക…മനസിൽ വന്ന മുറിവ്…അവൾ മറന്നു കഴിഞ്ഞു..ബോധമില്ലാതെയാണെങ്കിലും..ഇന്നലെകളിലെ വ്യാസൻ..അത് മീരയുടെ മനസിൽ മറവിയില്ലാതെ കൂടെയുണ്ട്..വ്യാസൻ മാത്രമല്ല…നിങ്ങൾ ഓരോരുത്തരും മീരയുടെ ഹൃദയത്തിൽ ഉണ്ട്..

ഞാൻ ഒന്നും ചെയ്തിട്ടില്ല..ഒരു മരുന്ന് പോലും നൽകിയില്ല..പക്ഷെ..മീരയുടെ ബോധം നശിച്ച ഓർമ്മകളുമായി എനിക്ക് സംസാരിക്കാൻ കഴിഞ്ഞു..ഇനി മീര ഇന്നലെകളിൽ എങ്ങനെയായിരുന്നുവോ..അങ്ങനെ തന്നെയാകും ഇനിയും..പേടിക്കണ്ട..

നിങ്ങൾക്ക് ഇന്ന് തിരിച്ചു പോകാം…മീര മയക്കം ഉണരുന്നത് അന്ന് അവൾ തളർന്നു വീണ ആ സ്ഥലത്തു തന്നെയാകണം..ഉറക്കത്തിൽ എന്ന പോലെ..ഒന്നും സംഭവിക്കാത്തത് പോലെ മീര ഉറക്കം ഉണരും..പേടിക്കണ്ട ഇത് എന്റെ വാക്കാണ്..”

മീരയുടെ നെറ്റിയിൽ കൈ വെച്ച് വൈദ്യൻ പറഞ്ഞത് കേട്ട്..വിധുവും, പ്രഭയും, ഹരിതയും, കല്യാണിയും തൊഴു കൈയ്യോടെ നിന്നു..

***********************

“വ്യാസൻ..”

മയക്കത്തിൽ നിന്നും എഴുന്നേറ്റ മീര ചുറ്റിനും നോക്കി ചോദിച്ചു..കൈ കൂപ്പി വിമ്മി പൊട്ടി നിൽക്കുന്ന പ്രഭ പെട്ടന്ന് മീരയെ ചേർത്ത് പിടിച്ചു..

“മോളെ..”.മീരയുടെ നെറ്റിയിൽ ചുണ്ടമർത്തി പ്രഭ..

“വ്യാസന് കുഴപ്പമില്ല..ഡിസ്ചാർജ് ചെയ്തു..വീട്ടിൽ ആണ്…മോൾക്ക് പോയി കാണണോ അവനെ..”.ചോദ്യം വിധുവിന്റെയായിരുന്നു..

“ഏട്ടാ..ഞാൻ ഓക്കേ ആണോ..”.മീരയുടെ ചോദ്യം കേട്ട് വിധു ഒന്ന് പിടഞ്ഞു..

“നിനക്ക് എന്ത് കുഴപ്പം..നീ ഒന്ന് എണിറ്റു വരോ..എനിക്ക് ഒരു ആലോചന വന്നിട്ടുണ്ട് അത് പറയാൻ ഓടി വന്നതാണ് ഞാൻ..” കല്യാണി ഓടി വന്നു മീരയെ ചേർത്ത് പിടിച്ചു..

“എണീറ്റേ മോളെ നീ..” ഹരിത മീരയെ താങ്ങി എഴുന്നേൽ പ്പിച്ചു..

“വാ..”.കല്യാണി മീരയെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു..

“ഡീ..”.മീര പെട്ടന്ന് കല്യാണിയെ പിടിച്ചു നിർത്തി..

“എന്താ..എന്താ ഉണ്ടായത്..” മീര ചോദിച്ചു..

“മൂന്നാഴ്ചയുടെ നിന്റെ ഓർമ നീ വ്യാസന് പണയം വെച്ചു..അത് കഴിഞ്ഞു ഇപ്പൊ നീ ഒന്നും ഇല്ലാത്തത് പോലെ ജീവിതത്തിലേക്ക് തിരിച്ചു വന്ന്..അത്രേ ള്ളൂ..” പുഞ്ചിരിച്ചു കൊണ്ട് ഉള്ളിൽ വന്ന വിങ്ങൽ പുറത്ത് വരാതെ കല്യാണി മീരയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“എനിക്ക് അറിയണം..എന്തായിരുന്നു എനിക്ക് എന്ന്..”

“ഓർമ ഉള്ള ഒരു കാര്യം നീ പറഞ്ഞാൽ ഞാൻ അവിടെ നിന്ന് ബാക്കി പറയാം..”
കല്യാണി മെല്ലെ പറഞ്ഞു..

“വ്യാസന് അപകടം പറ്റി ഹോസ്പിറ്റലിൽ ആണ്..ഇന്നലെ അതായിരുന്നു മനസ്സിൽ ഉള്ളത്..”

“അത് ഇന്നലെ ഉള്ള കാര്യം അല്ല..മൂന്നാഴ്ച്ച മുന്നേ ഉള്ള കാര്യം ആണ്..പിന്നെ…നിനക്ക് ചെറിയ ഒരു ട്രീറ്റ്മെന്റ് ഉണ്ടായിരുന്നു..

വൈദ്യൻ ആദ്യം നിന്നെ അറിയിക്കരുത് എന്നാണ് പറഞ്ഞത്..പക്ഷെ..നീ കണ്ണ് തുറന്നു ആദ്യം വ്യാസനെ കുറിച്ചാണ് ചോദിക്കുന്നത് എങ്കിൽ..എല്ലാം പറയാൻ പറഞ്ഞു പിന്നീട് ആൾ..” കല്യാണി മീരയുടെ തോളിൽ കൈ ഇട്ട് മുറ്റത്തേയ്ക്ക് നടന്നു..പ്രഭയും, വിധുവും, ഹരിതയും അവരെ നോക്കി നിന്നു

**********************

“ഈ മീരയെ വ്യാസന് അറിയുമോ…ചുരുങ്ങിയ കാലം കൊണ്ട്..ഹൃദയത്തിൽ പച്ച കുത്തിയ പേര്..ഒടുവിൽ..ഭ്രാന്തിന് പോലും അവളുടെ പ്രണയത്തെ..അവളുടെ സ്നേഹത്തെ തോൽപ്പിക്കാൻ കഴിഞ്ഞില്ല..തിരിച്ചു വന്ന വരവിലും.അവളുടെ നാവിൽ ആദ്യം വന്ന പേര്..അത് വ്യാസൻ എന്നായിരുന്നു.

കൂടെ ചേർത്ത് നിർത്തിയവർ..തെറ്റിധരിച്ചു പോയ വ്യാസന്റെ അമ്മ…വ്യാസൻ..ഇവർക്ക് ഒരിക്കലും മീരയുടെ ഇന്നലെകളെ അറിയില്ല..അറിയാവുന്ന ഒരേ ഒരാൾ..അത് വരദയാണ്..അവൾ..അവളുടെ ജീവിതം കൃത്യമായി തിരഞ്ഞെടുത്തു..ഇന്ന് സുഖമായി ജീവിക്കുന്നു..

ഒരുമിച്ചു..ഒരേ വീട്ടിൽ വന്നു നിന്നപ്പോളും..വ്യാസന്റെ നാവിൽ നിന്ന് മാത്രമേ തന്റെ ആ മൂന്നാഴ്ചകളിലെ മീരയെ അറിയൂ എന്നായിരുന്നു അന്ന് ഞാൻ എല്ലാം അവളോട് തുറന്നു പറയാൻ തുടങ്ങിയ നേരം എന്നെ തടഞ്ഞു കൊണ്ട് അവൾ പറഞ്ഞത്..ഇന്നും അവൾക്ക് ആ ദിവസങ്ങളെ കുറിച്ച് അറിയില്ല..അറിയാൻ താല്പര്യവുമില്ല..അറിയുന്നെങ്കിൽ അത് വ്യാസന്റെ നാവിൽ നിന്ന് വേണം എന്നാണ് അവളുടെ തീരുമാനം..

വീണ്ടും മീരയുടെ സ്നേഹം സത്യമാണെന്ന് കാലം തെളിയിച്ചു..ഒരു വീട്ടിൽ..വ്യാസന്റെ എല്ലാ കാര്യങ്ങളും ചെയ്ത് അവൾ കൂടെ നിന്നു..ഒടുവിൽ..ഒരു ദിവസം..മീരയുടെ കൈ തട്ടി മാറ്റി കൊണ്ട് ഇറങ്ങി പോയപ്പോൾ..അന്ന് ഉടഞ്ഞു പോയ ഒരു ഹൃദയവുമായി ആണ് അവൾ വീട്ടിലേക്ക് വന്നത്..എല്ലാം മറക്കാൻ…എല്ലാത്തിൽ നിന്നും മാറി നിൽക്കാൻ…

അതിന് മുന്നേ ഒരിക്കൽ വീണു പോയില്ലേ വ്യാസാ അവൾ..തന്റെ അമ്മയുടെ വാക്കുകൾ പൂർത്തികരിക്കും മുൻപേ വീണു പോയി..എത്ര ആഴത്തിൽ ഉള്ള വീഴ്ച്ചയായിരുന്നു അത്..ആർക്ക് കഴിയും ഇങ്ങനെ തിരിച്ചു വരാൻ..പക്ഷെ..മീരയുടെ പ്രണയം..സ്നേഹം..അത് സത്യമാണ് വ്യാസാ…

നീ അവളെ പോയി കാണണം..സംസാരിക്കണം..അവൾ അന്ന് എന്നെ നിന്റെ അടുത്ത് നിർത്തിയിട്ട് പോയത് വൈദ്യന്റെ അടുത്തേക്ക് ആണ്..അവിടെ പോയി നീ മീരയെ കാണണം…നമുക്ക് ഇനി കുറച്ചു നിമിഷങ്ങൾ മാത്രമേ മീരയെ ബോധത്തോടെ കൂടെ നിർത്താൻ കഴിയൂ..അതിന്..അതിനു മുന്നേ നീ അവിടെ ചെല്ലണം..അവളോട് സംസാരിക്കണം..”.കല്യാണിയുടെ വാക്കുകൾ കേട്ട് വ്യാസന്റെ ഹൃദയം നിലച്ചു..

ഭാഗം 25

“ഞാൻ വരാം..”.വല്ലാതെ നേർത്തിരിന്നു വ്യാസന്റെ ശബ്ദം..

“കല്യാണി..തനിക്ക് ഡ്രൈവ് ചെയ്യാൻ അറിയുമോ..”

“അറിയാം..എന്തേ..”

“മീരയെ കാണാൻ എത്ര ദൂരം പോണമെന്നോ..എത്ര സമയം വേണമെന്നോ എനിക്ക് അറിയില്ല..

പക്ഷേ..അത്ര സമയം താൻ ഡ്രൈവ് ചെയ്യണം..” കാർ പാർക്ക് ചെയ്ത ഗ്രൗണ്ടിൽ വന്ന് കീ കല്യാണിയുടെ നേർക്ക് നീട്ടി വ്യാസൻ…

“ആദ്യമായാണ് ഇത്രയും ദൂരം..” ഡോർ തുറന്ന് ഡ്രൈവിംങ്ങ് സീറ്റിൽ ഇരുന്ന് കല്യാണി വ്യാസനെ നോക്കി പുഞ്ചിരിച്ചു..

“തീരെ വയ്യങ്കിൽ പറഞ്ഞാൽ മതി..അപ്പൊ ഞാൻ ഓടിച്ചോളാം..”

“ഡ്രൈവ് വല്ലാത്ത ഒരു ല. ഹരിയാണ്..ഞാൻ നോക്കാം..”.സ്റ്റാർട്ട്‌ ചെയ്ത് കാർ മുന്നോട്ട് എടുത്തു കല്യാണി..

“നീ അടിപൊളിയായി ഡ്രൈവ് ചെയ്യുന്നുണ്ടല്ലോ..”.എതിരെ വന്ന ബസിനെ ഓവർ ടേക്ക് ചെയ്തു കയറിയത് കണ്ട് വ്യാസൻ തല ചെരിച്ചു കല്യാണിയെ നോക്കി പറഞ്ഞു..

“മീരയുടെ വിവാഹം എങ്ങനെ മുടങ്ങി..” വ്യാസൻ ചോദിച്ചത് കേട്ട് കല്യാണി ചിരിച്ചു..

“നമ്മൾ വലിയ സംഭവം ആണെന്ന് കരുതിയ പലരുടെയും സ്വഭാവം ഒരൊറ്റ നിമിഷം കൊണ്ട് മാറുന്നത് അമ്പരപ്പിക്കാറുണ്ട് പലപ്പോഴും നമ്മെ..ശരിയല്ലേ..”

“ആവാം..”

“ആവാം  എന്ന് അല്ല..ആണ്..

അന്ന് വ്യാസന്റെ കാര്യങ്ങൾ എല്ലാം മീര അനന്തുവിനോട് പറഞ്ഞു..അന്ന് അതെല്ലാം അംഗീകരിച്ചത് കൊണ്ടാണ്  മുന്നോട്ട് പോയത്..

പക്ഷെ..അറിയാലോ..ചിലപ്പോഴൊക്കെ മനുഷ്യന്റെ മനസ് ദു.ർഗ.ന്ധം വമിക്കുന്ന കാനയ്ക്ക് സമമാണ്..

കല്യാണ തലേന്ന് രാത്രി..കൂട്ടുകാരുമായുള്ള പാർട്ടിക്ക് ശേഷം ആണെന്ന് തോന്നുന്നു അയ്യാൾ മീരയെ വിളിച്ചിരുന്നു..ബോധം ഇല്ലായിരുന്നു എന്നാണ് മീര പറഞ്ഞത്..

പക്ഷെ..അയ്യാളുടെ ഉള്ളിൽ കിടന്നിരുന്ന ദുർ.ഗ. ന്ധം അന്ന് പുറത്തേക്ക് ചാടി..മീര എത്ര വട്ടം വ്യാസന് തന്റെ ശരീരം നൽകിയിട്ടുണ്ട്..അത് കൂടെ ഒന്ന് പറഞ്ഞാൽ അവൻ പൂർണമായും മീരയിലേക്ക് അടുക്കും പോലും..

കൂടുതൽ ഒന്നും അവൾ പറഞ്ഞില്ല..അമ്മയോടും ഏട്ടനോടും കാര്യം പറഞ്ഞു..ആ രാത്രി തന്നെ കല്യാണം മുടങ്ങി..

അന്ന് രാത്രിയും, പിറ്റേന്ന് രാവിലെ വരെയും മീരയെ പറഞ്ഞു മനസിലാക്കാൻ അയ്യാളുടെ വീട്ടുകാർ ഒരുപാട് ശ്രമിച്ചു..പക്ഷെ..മീര തീരുമാനത്തിൽ ഉറച്ചു നിന്നു..

അവൾ ചെയ്തതാണ് ശരി..സംശയമുള്ള ഒരാളെ കൂടെ കൂട്ടരുത്..ജീവിതം തകരും..ഇനിയും അവൾക്ക് മുന്നിൽ ജീവിതമുണ്ട് എന്നുള്ള തിരിച്ചറിവ് തന്നെയാണ് അയ്യാളെ ഒഴിവാക്കി പുതിയ ഒരു ജീവിതം തുടങ്ങാൻ മീരയ്ക്ക് കഴിഞ്ഞത്..”

“കോളേജ് ൽ നിന്ന് മാറി..സ്കൂളിൽ ടീച്ചർ ആയി വന്നത്..”

“ഗവണ്മെന്റ് ജോലി കിട്ടിയാൽ പിന്നെ അത് കളയുമോ..”

‘ഇല്ല..”

“അത്രേള്ളൂ..”

“എന്നെ പറ്റി മീര പിന്നെ എന്തെങ്കിലും പറഞ്ഞോ..വീണ്ടും ഞങ്ങൾ കണ്ടു മുട്ടിയപ്പോൾ..”

“അവൾ ഒരിക്കലും വിളിക്കില്ല എന്ന് എനിക്കറിയാവുന്ന ഒരു സമയം ഉണ്ട് ഞങ്ങൾക്ക് ഇടയിൽ..അവളുടെ പ്രാർത്ഥനയുടെ സമയം..

അന്ന്..വ്യാസനെ അവിടെ കണ്ട് മീര എന്നെ വിളിച്ചത് പതിവുകൾ തെറ്റിച്ചാണ്..

ഒരുപാട് സന്തോഷത്തിൽ ആയിരുന്നു അവൾ..

ഡീ..എന്റെ വ്യാസൻ ഇനി എന്റെ ഒപ്പം ആണ് താമസിക്കുന്നത്..അവനു വെച്ചു വിളമ്പി കൊടുക്കാം..അവനെ എന്നും കാണാം..അവനോട്‌ എനിക്ക് തല്ല് കൂടാം..

ഒടുവിൽ ഞാൻ എന്റെ ഇഷ്ടം ഇനി ഒരുവട്ടം കൂടെ അവനോട് പറയും. അത് ഒരിക്കൽ അവൾ തുറന്നു പറയുകയും ചെയ്തു..പക്ഷെ..വ്യാസൻ അവിടെ അവളെ തോൽപ്പിച്ചു കളഞ്ഞു..

പിന്നെ..അവളുടെ കൈ തട്ടി മാറ്റി വരദയുടെ കാൾ അറ്റൻഡ് ചെയ്തത് മുതൽ അവൾ മാറി..

വ്യാസൻ വരദയെ മനസ്സിലാക്കുന്നില്ല എന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു അന്ന്..”

“എന്തേ അന്ന്..മീരയ്ക്ക് എന്നോട് പറയാമല്ലോ എല്ലാം..”

“എന്തിന്..അതായിരുന്നു മീരയുടെ ചോദ്യം..

വരദയുടെ ചതി ഞാൻ പറഞ്ഞു അറിയാൻ പാടില്ല..സ്വയം അറിയണം..ഞാൻ പറഞ്ഞു അറിഞ്ഞാൽ വ്യാസൻ വരദയോട് ചോദിക്കും..

കഥകൾ മെനെയാൻ മിടുക്കിയായ വരദ പറയുന്ന പുതിയ കഥ വ്യാസൻ വിശ്വസിക്കൂ എന്നായിരുന്നു മീരയുടെ മറുപടി..”

“നിങ്ങൾ എങ്ങനെ അറിഞ്ഞു..വരദയുടെ ച..തി..”

“ഹരിതേച്ചി..ഹരിതേച്ചി ഒരിക്കൽ വ്യാസന്റെ ചാറ്റിംഗ് വരദയുടെ മൊബൈലിൽ കാണാൻ ഇടയായി..മീരയെ പറ്റി എന്തോ വ്യാസൻ ചോദിച്ചു..

അവളുടെ അവസ്ഥയെ കുറിച്ച് തെറ്റായി എന്തോ മെസ്സേജ് വ്യാസന് അവൾ അയച്ചു..

അവളോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ഒരു കൂസലും ഇല്ലാതെ മീരയെ പറ്റി വ്യാസനോട് പറഞ്ഞത് എല്ലാം പറഞ്ഞു..അത് വിധുവും, മീരയും, അമ്മയും അറിയുന്നത് വളരെ വൈകിയാണ്..അതിനിടയിൽ മീരയും അനന്തുവുമായുള്ള കല്യാണം ഉറച്ചിരുന്നു..

എല്ലാം..എല്ലാവരും അറിയാൻ വൈകി എന്നുള്ളതാണ് സത്യം..വരദയ്ക്ക് കുറ്റബോധം ഇല്ലായിരുന്നു..അവൾ അവളുടെ ലൈഫ് ബെറ്റർ ആക്കി..വെൽ സെറ്റിൽഡ് ആയ ഒരാളെ വിവാഹം ചെയ്തു കാനഡയിൽ സെറ്റിൽ ആയി..ഇനി ഇവിടെ എന്ത് നടന്നാലും അവൾക്ക് എന്ത്..

വ്യാസനെ അവൾക്കും കിട്ടിയില്ല..അവളുടെ ബുദ്ധി കാരണം മീരയ്ക്കും വ്യാസനെ കിട്ടിയില്ല..”

“കേട്ടിട്ട് തല പെരുക്കുന്നു..ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല..എന്തിന് വേണ്ടി..ആർക്ക് വേണ്ടി..ഒന്നും എനിക്ക് അറിയുന്നില്ല..”.വ്യാസൻ മെല്ലെ പറഞ്ഞു..

“തനിക്കു കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടുന്നത് കാണുമ്പോൾ ഉള്ള ദേഷ്യം..അത് തന്നെയായിരുന്നു വരദയുടെ പ്രശ്നം..”.കല്യാണിയുടെ ശബ്ദത്തിൽ ദേഷ്യം ഉണ്ടായിരുന്നു..

“ഇപ്പൊ..മീര എന്തെ അവിടെ..”

“വ്യാസൻ പേടിക്കുന്നെ പോലെ ഒന്നും ഇല്ല..വ്യാസൻ കൂടെ വരുമോ എന്ന് അറിയില്ലലോ..അത് കൊണ്ട് മാത്രം ആണ് മീരയുടെ അവസ്ഥ മോശം എന്ന് പറഞ്ഞത്..മീര ഇപ്പോൾ ഓക്കേ ആണ്..മനസ് വല്ലാതെ താളം തെറ്റാൻ തയ്യാറെടുക്കുന്നു എന്ന് തോന്നി തുടങ്ങുന്ന നേരം അവൾ അവിടെ പോകും..കുറച്ചു ദിവസം അവിടെ ചിലവിടും…തിരികെ പോരും..

ഇപ്പോൾ..മീരയ്ക്ക് അറിയില്ല വ്യാസൻ വരുമെന്ന്..എന്നോട് ചെല്ലാൻ പറഞ്ഞു അവളെ കൊണ്ട് വരാൻ..ഇതിനിടയിൽ നമ്മൾക്ക് ഇങ്ങനെ നിങ്ങളുടെ കാര്യങ്ങൾ സംസാരിക്കാൻ കഴിഞ്ഞു..വ്യാസൻ സത്യം മനസ്സിലാക്കി എന്ന് വിചാരിക്കുന്നു..ഞാൻ പറഞ്ഞത് വിശ്വാസത്തിൽ എടുത്തു എന്നും വിചാരിക്കുന്നു..”.കല്യാണി തല ചെരിച്ചു വ്യാസനെ നോക്കി..

മറുപടി നൽകാതെ കണ്ണുകൾ അടച്ച് വ്യാസൻ സീറ്റിലേക്ക് ചാരി കിടന്നു..

****************

“””കല്യാണി എല്ലാം പറഞ്ഞുല്ലേ..”.ചെമ്പക മരത്തിന്റെ കീഴിൽ മുള കൊണ്ട് ഉണ്ടാക്കിയ ബഞ്ചിൽ ഇരുന്നു കൊണ്ട് മീര ചോദിച്ചത് കേട്ട് വ്യാസൻ തല ചെരിച്ചു നോക്കി..

“മ്മ്..എല്ലാം..”.വ്യാസന്റെ ശബ്ദം വല്ലാതെ പതറിയിരുന്നു..

“സി. ഗരറ്റ് വേണമെന്ന് തോന്നുന്നുണ്ടോ ഇപ്പോൾ..”.മീരയുടെ ചോദ്യം കേട്ട് വ്യാസൻ പുഞ്ചിരിച്ചു..

“വേണ്ട..” എന്നുള്ള രീതിയിൽ തലയാട്ടി..

“മ. ദ്യം..”

“വേണ്ടാ..” എന്ന് വീണ്ടും തലയാട്ടി.

“ഡീ..”

“ന്തോ…”.വ്യാസന്റെ വിളി കാതോർത്തു നിന്നത് പോലെയായിരുന്നു മീരയുടെ മറുപടി..

“നിന്നെ എല്ലാവരും കുഞ്ചു എന്നാണോ വിളിക്കുന്നത്.. “

“മ്മ്..എന്തെ..എങ്ങനെ അറിഞ്ഞു ആ പേര്..”

“നിന്നെ പറ്റി അറിയാൻ ഞാൻ ഒരുപാട് വൈകി..”.വ്യാസന്റെ ശബ്ദം പതറി..

“നിനക്ക് എന്നോട് പറയാമോ..ആ മൂന്നാഴ്ചയിലെ എന്നെ..”.എഴുനേറ്റ് വന്ന് വ്യാസന്റെ നെഞ്ചിലേക്ക് പൂണ്ടു മീര..

“മ്മ്..”.വ്യാസൻ മീരയെ നെഞ്ചിലേക്ക് ചേർത്തു..

ഇന്നലെകളിലെ താൻ ആരായിരുന്നുവെന്ന് വ്യാസന്റെ നെഞ്ചിലെ വിങ്ങലിൽ നിന്നും..വാക്കുകളിലും നിന്നും മീര അറിയുകയായിരുന്നു…ഇത്രേ ഭ്രാ. ന്തമായി ആയിരുന്നോ താൻ വ്യാസനെ പ്രണയിച്ചത്..ഇത്രയും ഭ്രാ. ന്തമായിരുന്നോ തന്റെ ഇന്നലെകൾ…ഇത്രയും മനോഹരമായി ആയിരുന്നോ ഞാൻ ആ ദിവസങ്ങളിൽ ജീവിച്ചിരുന്നത്..

ഭ്രാ. ന്ത് പോലെ പൂക്കുന്ന ഇഷ്ടങ്ങൾക്ക്മറുപടി പോലും നൽകാൻ കഴിയാതെ..ആ ഇഷ്ടങ്ങളെ തന്റെ പ്രിയപ്പെട്ടവനിൽ നിന്ന് തന്നെ അറിയുന്ന നിമിഷം..എന്റെ ഭ്രാന്ത് ഇത്രയും മനോഹരമായിരുന്നോ..ഇത്രയും തീവ്രമായിരുന്നോ..ഹൃദയം പൊള്ളുന്ന വേദനയിലും ഞാൻ ഇങ്ങനെയായിരുന്നുവോ..

നീറി നീറി ജീവിച്ച കാലങ്ങളിൽ മറവിയായി കൂടെ കൂടിയ ഇഷ്ടങ്ങളെയാകും ചിലപ്പോൾ ഭ്രാന്ത് എന്നുള്ള വിളിപ്പേര് കൊണ്ട് പിന്നീട് വിളക്കി ചേർക്കുകയെന്ന് അറിയുന്നു..

ഒടുവിൽ എല്ലാം പറഞ്ഞു കഴിഞ്ഞ നേരം മീര വ്യാസനെ ഒന്നുടെ തന്നിലേക്ക് മുറുകി പുണർന്നപ്പോൾ..ഇന്നലെകളിൽ നഷ്ടപെട്ടെന്ന് കരുതിയ സ്നേഹം തന്നിലേക്ക് മാത്രമായി ഒതുങ്ങുന്നു എന്ന് അറിഞ്ഞ നിമിഷം മീര തേങ്ങി..വ്യാസൻ മെല്ലെ മീരയുടെ മുഖമുയർത്തി..

“കുഞ്ചൂ..”

“ന്തോ..”

“നീ പറഞ്ഞ നിന്റെ മനസ്സിലെ ഞാൻ ഇല്ലേ..ഇന്നലെകളിൽ നീ ഒരിക്കലും കാണാതെ കൂടെ കൂടിയ ഒരു മുഖം..ആ മുഖം ഞാൻ ആയിരുന്നുവെന്ന് നീ തിരിച്ചറിഞ്ഞ നിമിഷം തന്നെ ഇന്നലെകളിൽ ഞാനും തേടി നടന്ന മുഖമായിരുന്നു കുഞ്ചു നിനക്ക്..ഒരൊറ്റ നിമിഷം കൊണ്ട് ഹൃദയത്തിൽ പിടച്ചിലായ്..പെരു വിരൽ മുതൽ വിറയലായും…ഞാൻ അറിഞ്ഞ സത്യം..നീ എന്റെയാണ്..എന്റെ മാത്രമാണ്..നമ്മൾ രണ്ട് പേരും ഒരേ നിമിഷം അറിഞ്ഞ സത്യം..നമ്മൾ ഒന്നാണ് എന്ന് അറിഞ്ഞ സത്യം..” വ്യാസൻ മീരയെ മുറകെ പുണർന്നു..നെറ്റിയിൽ ചുണ്ടമർത്തി..മീര വ്യാസനിലേക്ക് പൂണ്ടു..

“മീരേ..”

“മ്മ്..”

“മീരേ..”

“മ്മ്മ്..”

“മീരേ….”.വ്യാസന്റെ ശബ്ദം മാറി..

മീര വ്യാസനെ മുഖമുയർത്തി നോക്കി..

“മീരേ..”.ഇത്തവണ വ്യാസന്റെ ശബ്ദം കരച്ചിലിനു വഴി മാറി..

“മീരേ..” വ്യാസൻ പൊട്ടികരഞ്ഞു..

മീര വ്യാസന്റെ മാറ്റം കണ്ട് പകച്ചു നിന്ന നേരം വ്യാസന്റെ കരച്ചിൽ പൊട്ടികരച്ചിലായും പൊട്ടികരച്ചിൽ അലർച്ചയായും ആ ഭൂമിയെ കീറി മുറിച്ചു..

ഭയന്നു നിൽക്കുന്ന മീരയെ തന്റെ ഇരു കൈകൾ കൊണ്ടും അടർത്തി മാറ്റി വ്യാസൻ മണ്ണിലേക്ക് മുട്ടു കുത്തിയിരുന്നു..

“മീരാ…” പെട്ടന്ന്അലറി വിളിച്ചു കൊണ്ട് വ്യാസൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് ഓടി..

“മീരാ..” വ്യാസന്റെ നിലവിളി മീരയുടെ കാതുകളെ കീറി മുറിച്ചു..

“മീരാ..” അലറി വിളിച്ചു കൊണ്ട് വ്യാസൻ അവിടമാകെ ഓടി നടന്നു..

“വ്യാസാ..”.മീര വ്യാസന്റെ പിന്നാലെ ഓടി..

“മീരേ..”.ആരെയോ തിരയുന്ന പോലെ വ്യാസൻ ചുറ്റിനും നോക്കി..

“വ്യാസോ..” മീര വ്യാസനെ പിടിച്ചു നിർത്തി..

“ഞാൻ…ഞാനല്ലേ നിന്റെ മീര..നീ എന്നെ അറിയുന്നില്ലേ വ്യാസാ..”

പൊട്ടിക്കരഞ്ഞു കൊണ്ട് മീര ചോദിച്ചു..വ്യാസൻ ആരെയോ തിരയുന്നത് പോലെ ചുറ്റിനും നോക്കി..

“വ്യാസോ..നിനക്ക് വേണ്ടി അല്ലേ ഞാൻ..എന്നിട്ട് നിനക്ക് ഇപ്പോൾ എന്നെ വേണ്ടേ…

ഡാ…നിന്റെ മീര ആണ് വ്യാസാ ഞാൻ..”.വ്യാസന്റെ നെഞ്ചിലേക്ക് ചാരി മീര പൊട്ടി കരഞ്ഞു..

“എന്റെ മീര എവടെ..എന്റെ മീര എവിടെ..എന്റെ മീര എവിടെ..”

ഒരൊറ്റ പിടച്ചിൽ മീരയുടെ കൈക്കുള്ളിൽ നിന്നും വ്യാസൻ മണ്ണിലേക്ക് തളർന്നു വീണു..ഒന്ന് രണ്ട് വട്ടം പിടഞ്ഞു..പിന്നെ കണ്ണ് തുറന്നു മീരയെ നോക്കി..
ഒന്ന് പുഞ്ചിരിച്ചു..

“എന്റെ മീര..”.ഒരു വട്ടം കൂടെ ഒന്ന് പിടഞ്ഞ ശരീരം പിന്നെ നിശ്ചലമായി..

“വ്യാസാ…”

അലറി വിളിച്ചു കൊണ്ട് മീര വ്യാസന്റെ നെഞ്ചിലേക്ക് വീണു..

******************

ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് ശേഷം ഉള്ള ഒരു പകൽ..

“ലച്ചൂ..”.മീരയുടെ വിളി കേട്ട് ലച്ചു അകത്തേക്ക് വന്നു..

“അമ്മ വിളിച്ചോ..”

“മ്മ്..”

“എന്തേ..”

“മോള് ബിസി ആണോ..”

“അല്ല..മുറ്റത്തെ ചെടികൾ നോക്കുവായിരുന്നു..എന്താ മ്മാ..”

“എനിക്ക് ആ മണ്ണിൽ ഒരു വട്ടം പോണം..”

“ഏത് മണ്ണിൽ..”

“വ്യാസൻ ജീവിക്കുന്ന മണ്ണിൽ..”

“അമ്മാ..അത് വേണോ..അച്ഛൻ അറിഞ്ഞാൽ അത് വലിയ പ്രശ്നം ആവില്ലേ..”

“ഇനി ഈ പ്രായത്തിൽ പ്രശ്നം ആയാലും എന്താ മോളെ കുഴപ്പം..മോൾക്ക് അമ്മയെ അവിടെ കൊണ്ട് പോകാൻ പറ്റോ..”

“അച്ഛനോട്‌ എന്ത് പറയും..”

“നാട്ടിൽ പോകുന്നു..അവിടെ ഉള്ള പറമ്പും വീടും വിൽക്കാൻ നോക്കണം അതിനാണ് എന്ന് പറഞ്ഞാൽ മതി..പൈസ കിട്ടുന്നു എന്ന് അറിയുമ്പോ അച്ഛൻ സമ്മതിക്കും…മോള് പറഞ്ഞാൽ മതി അച്ഛനോട്..”

“മ്മ്..”.ലച്ചു മൂളി..

“അമ്മേ..”.ലച്ചുവിന്റെ ശബ്ദം നേർത്തു..

“എന്താ മോളെ..”

“അവിടെ..അച്ഛൻ ഉണ്ടാവോ..”

ലച്ചുവിന്റെ മറുപടി കേട്ട് മീര പിടഞ്ഞു..

തുടരും…..