“ഈ പേഴ്‌സ് മാഡത്തിന്റെയാണോ..” ബസ് ഇറങ്ങി ധൃതിയിൽ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു മീരയുടെ പിറകിലൂടെ വന്ന് വ്യാസന്റെ ചോദ്യം കേട്ട് മീര തിരിഞ്ഞു നിന്നു..
പകപ്പോടെ അവൾ വേഗം തോളിൽ കിടന്ന ബാഗ് മുന്നിലേക്ക് എടുത്തു സിബ് തുറന്നു നോക്കി..
“അതെ..ഇത് എങ്ങനെ നിങ്ങൾക്ക് കിട്ടി..”
“അവിടെ അമ്പലത്തിൽ നിന്നും തൊഴുതിറങ്ങി നടക്കുമ്പോൾ..” വ്യാസൻ പൂർത്തികരിക്കും മുൻപ് അവൾ പേഴ്സ് വാങ്ങി മുന്നോട്ട് നടന്നു..
ഒരു മറുപടി പോലും പറയാതെ അവൾ വേഗം മുന്നോട്ട് നടന്നു..
“കോഴിക്കോടെക്ക് ഇപ്പൊ ട്രെയിൻ ഉണ്ടോ..” ടിക്കറ്റ് കൗണ്ടറിലേക്ക് തല താഴ്ത്തി മീര പതിയെ ചോദിച്ചു..
“ഇല്ല…ഇനി ഒരു മൂന്നു മണിക്കൂർ കഴിഞ്ഞേ ഉണ്ടാവൂ..” കൌണ്ടറിലെ സ്ത്രീ മറുപടി കൊടുത്തു..
“ദേവി…മൂന്നു മണിക്കൂറോ..”
“ഇവിടെ കാത്തു നിൽക്കുന്ന സമയം ഉണ്ടേൽ മോൾക്ക് ബസിന് പോകാം ലോ…
മാത്രല്ലാ നേരം വൈകി തുടങ്ങി ല്ലേ..” കൗണ്ടറിലെ സ്ത്രീ പറഞ്ഞത് കേട്ട് മീര തലയാട്ടി മെല്ലെ തിരിഞ്ഞു നടന്നു..
പുറത്ത് ഇറങ്ങി ഓട്ടോയിൽ കയറി..
“കോഴിക്കോട് പോകാൻ ഉള്ള ബസ് എവിടെ കിട്ടും..” പുറത്ത് ഇറങ്ങി ഓട്ടോയിൽ കയറും മുൻപ് അവൾ ഡ്രൈവറോട് ചോദിച്ചു..
“KSRTC സ്റ്റാൻഡിൽ പോയാൽ മതി..അവിടന്ന് ബസ് ഉണ്ടാവും..”
“മ്മ്..എങ്കിൽ എന്നെ അവിടെ വിട്ടാൽ മതി..” ഓട്ടോയിൽ കയറി അവൾ പറഞ്ഞു..ഓട്ടോ മുന്നോട്ട് എടുത്തു.
എന്തോ ഓർത്തത് പോലെ അവൾ വേഗം ബാഗ് തുറന്നു മൊബൈൽ എടുക്കാൻ നോക്കി..
“അയ്യോ..എന്റെ മൊബൈൽ എവടെ..”
“എന്താ കൊച്ചേ..” ഓട്ടോ ഡ്രൈവർ അവളോട് ചോദിച്ചു..
“എന്റെ മൊബൈൽ കാണാനില്ല..”
“അത് ബാഗിൽ എവിടേലും ഉണ്ടാവും..കൊച്ച് ഒന്ന് സമാധാനത്തോടെ നോക്കിയാൽ മതി..”
“ചേട്ടന്റെ ഫോൺ ഒന്ന് തരോ..ഞാൻ ഒന്ന് ആ ഫോണിലേക്ക് വിളിച്ചു നോക്കട്ടെ..”
“അതിനെന്താ..മോള് വിളിച്ചോ..” പോക്കറ്റിൽ നിന്നും അയ്യാൾ പഴയ നോക്കിയയുടെ കുഞ്ഞ് ഫോൺ അവൾക്ക് കൊടുത്തു.
“ഇതിന് ലോക്ക് ഒന്നും ഇല്ല..മോള് വിളിച്ചു നോക്ക്..”
അവൾ വേഗം തന്റെ നമ്പർ ഡയൽ ചെയ്തു..റിങ് ഉണ്ട്..ഒരു വട്ടം റിങ് ചെയ്തു ഫോൺ നിന്നു..അവൾ വീണ്ടും വിളിച്ചു..ഇത്തവണ അപ്പുറം കാൾ അറ്റൻഡ് ചെയ്തു..
“ഹെലോ..”
“ഹെലോ..ഇത് ആരാ എന്റെ ഫോൺ ആണ് ഇത്..” മീര ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
“ആ എനിക്ക് അറിയാം..പേഴ്‌സ് വാങ്ങി ഒന്നും മിണ്ടാതെ പോയത് അല്ലെ..ഫോൺ വാങ്ങാതെ പോയത് എന്റെ കുഴപ്പമല്ല..”
“ന്റെ ശിവനെ..” മീര സ്വയം പറഞ്ഞു..
“നിങ്ങൾ ഇപ്പൊ എവടെയാണ് ഉള്ളത്..” മീര വേഗം ചോദിച്ചു..
“നിങ്ങളുടെ പിറകിൽ ഉള്ള ഓട്ടോയിൽ ഉണ്ട്..” വ്യസന്റെ മറുപടി കേട്ട് അവൾ ഞെട്ടി..
“ചേട്ടാ..അയ്യാൾ പിറകിൽ ഉണ്ട്..ഒന്ന് ഓട്ടോ സൈഡിൽ നിർത്തുമോ..” മീരയുടെ മറുപടി കേട്ട് ഓട്ടോക്കാരൻ ഓട്ടോ സൈഡിലേക്ക് പാർക്ക് ചെയ്തു..
“ചേട്ടാ പോവരുത്..ഞാൻ മൊബൈൽ ഒന്ന് അയാളുടെ കൈയിൽ നിന്ന് വാങ്ങട്ടെ..മൊബൈൽ ഇപ്പൊ തരാമേ..” അയ്യാളുടെ മറുപടിക്ക് കാത്തു നിൽക്കാതെ മീര വേഗം പുറത്ത് ഇറങ്ങി..
“എവിടെ നിങ്ങൾ..ഞാൻ ഇവിടെ പുറത്ത് ഇറങ്ങി നിൽപ്പുണ്ട്..” മീര ഫോൺ ചെവിയിൽ വെച്ച് പറഞ്ഞു..
“ദാ..നിങ്ങളുടെ ഓട്ടോയുടെ മുന്നിൽ പാർക്ക് ചെയ്ത ഓട്ടോയിൽ ഞാൻ ഉണ്ട്..”
മീര വേഗം മുന്നോട്ട് നടന്നു..
“എവിടെ എന്റെ മൊബൈൽ..” ഒരു മുഖവുരയും ഇല്ലാതെ അവൾ വ്യാസനോട് ചോദിച്ചു..
“ഒന്ന് മയത്തിൽ ഒക്കെ സംസാരിച്ചൂടെ..” പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് മീരയുടെ നേർക്ക് നീട്ടി വ്യാസൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“എനിക്ക് ഇത്ര മയമൊള്ളൂ..” മൊബൈൽ വാങ്ങി ഒരു മയവും ഇല്ലാതെ പറഞ്ഞ് മീര തിരികെ ഓട്ടോയിലേക്ക് കയറി..
ഓട്ടോ മുന്നോട്ട് എടുത്തു..
“മോളേ..അയാളോട് എന്തിനാ അങ്ങനെ സംസാരിച്ചത്..മോൾക്ക് ഒരു സഹായം ചെയ്തത് അല്ലെ..”
“ചേട്ടൻ ചേട്ടന്റെ കാര്യം നോക്കിയാൽ മതി എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം…” മൊബൈൽ ഓട്ടോകാരന് നേര നീട്ടി കൊണ്ട് അവൾ പറഞ്ഞു..
അയ്യാൾ ഒന്നും മിണ്ടാതെ മൊബൈൽ വാങ്ങി പോക്കറ്റിൽ ഇട്ടു..
“എത്രയായി..” സ്റ്റാൻഡിന് സമീപം ഓട്ടോ പാർക്ക് ചെയ്തു നിർത്തിയപ്പോൾ മീര ചോദിച്ചു..
“എഴുപത്തി അഞ്ച്..”
നൂറിന്റെ നോട്ട് എടുത്തു കൊടുത്ത് മീര ബാക്കി വാങ്ങാതെ തിരിഞ്ഞു നടന്നു..
“കൊച്ചേ..ബാക്കി കൊണ്ട് പോ..” അയ്യാളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൾ ധൃതിയിൽ സ്റ്റാൻഡിലേക്ക് നടന്നു..
നേർത്ത പുഞ്ചിരിയോടെ ഓട്ടോകാരൻ അവളെ നോക്കി നിന്നു..
***************************
“എന്തിനാ ഇപ്പൊ ഇത്ര ധൃതിയിൽ വീട്ടിലേക്ക് വരാൻ പറഞ്ഞത്..” അടുപ്പിന്റെ സ്ലാബിൽ കയറിയിരുന്നു പാത്രത്തിലേക്ക് ദോശ എടുത്ത് അല്പം ചമ്മന്തിയൊഴിച്ചു കൈയിൽ പിടിച്ചു കൊണ്ട് മീര പ്രഭയെ നോക്കി ചോദിച്ചു..
“എനിക്കറിയില്ല..നിന്റെ ഏട്ടൻ അല്ലെ പറഞ്ഞത്..അല്ലാതെ ഞാൻ ആണോ..”
“ഓ..അമ്മയ്ക്ക് അറിയാതെ ആവില്ല..” ദോശ വായിലേക്ക് വെച്ച് മീര പറഞ്ഞു..
“എന്നോട് ഒന്നും പറഞ്ഞില്ല..നിന്നോട് ഇന്ന് കേറി വരാൻ പറഞ്ഞു എന്ന് വിധു എന്നോട് പറഞ്ഞത് ഉച്ചയ്ക്ക് ആണ്..”
“എന്നിട്ട് എവിടെ ഏട്ടൻ..വിളിച്ചിട്ട് മൊബൈൽ ഓഫ് ആണ് ലോ..”
“എനിക്ക് അറിയില്ല..ചിലപ്പോൾ ജോലി തിരക്കിൽ ആവും..”
“ഏടത്തിയമ്മ ജോലി കഴിഞ്ഞു വന്നില്ലേ..നേരം ഒരുപാട് ആയി ലോ..” ഒരു ദോശ കൂടെ പാത്രത്തിലേക്ക് എടുത്തിട്ട് മീര..
“മോള് ഇന്ന് ജോലി കഴിഞ്ഞു മോൾടെ വീട്ടിൽ പോകും..ഇനി ഒന്നു രണ്ട് ദിവസം കഴിഞ്ഞേ വരൂ..” പ്രഭ മെല്ലെ പറഞ്ഞു..
“എന്നെ കെട്ടിച്ചു വിടാൻ ഉള്ള വല്ല ലക്ഷണം ഉണ്ടോ..അതിനാണോ പെട്ടന്ന് ഇങ്ങോട്ട് കേറി വരാൻ പറഞ്ഞത്..”
“അയ്യടി മോളേ..ആ പൂതി അങ്ങ് മനസിൽ വെച്ചാൽ മതി..പഠിപ്പിച്ചു തീർത്ത കുറച്ചു കടങ്ങൾ ഉണ്ട്..അതെല്ലാം വീട്ടിയിട്ടേ നിന്നെ കെട്ടിച്ചു വിടൂ..
അല്ലേ..പെണ്ണിന്റെ ഒരു പൂതി നോക്കണേ..ഒരു ജോലി കിട്ടി കഴിഞ്ഞപ്പോൾ കല്യാണം കഴിക്കണം പോലും..”
“നിങ്ങൾ എന്തൊരു ത, ള്ളയാണ് ഹേ..”
“ഞാൻ ഇങ്ങനെയാണ് ഹേ..തൽകാലം മോള് പോയി ഈ ഡ്രസ്സ് മാറി ഒന്നു മേല് കഴുകി വാ..”
“അപ്പൊ ഈ ദോശ..”
“ദോശയും കൂടെ വേണേൽ എടുത്തു കൊണ്ട് പൊയ്ക്കോ..”
“മാതാ ശ്രീ..നിങ്ങൾ ഈ ഇടയായി ഇച്ചിരി ബോറാവുന്നുണ്ട്..”
“നിന്റെയൊക്കെ കൂടെ അല്ലെ..അപ്പൊ ഇങ്ങനെയൊക്കെ ഉണ്ടാവും..”
“ആയിക്കോട്ടെ..” ദോശ കഴിച്ചു തീർത്തു പാത്രം വാഷ് ബേസിനിലേക്ക് ഇട്ട് മീര തിരിഞ്ഞു നടന്നു..
“രാത്രി എല്ലാം കൂടെ ഒരുമിച്ചു കഴുകിയ മതി…” പിറകിൽ നിന്ന് പ്രഭ പറഞ്ഞത് കേട്ട് മീര വേഗം തിരിച്ചു വന്ന് ദോശ കഴിച്ച പാത്രം കഴുകി വെച്ച് പ്രഭയുടെ കവിളിൽ പിടിച്ചു..
“എനിക്ക് വിയർപ്പിന്റെ അസുഖം ഇപ്പൊ ഇച്ചിരി കൂടുതൽ ആണ് ത ള്ളേ..
അതോണ്ട് എന്നെ കൊണ്ട് ചുമ്മാ പണി ഒന്നും എടുപ്പിക്കരുത്..”
“ഡീ..” പ്രഭയുടെ വിളിയിലെ പന്തികേട് മീരയ്ക്ക് പെട്ടന്ന് മനസിലായി..അവൾ പെട്ടന്ന് നിന്നു..
“എന്താ അമ്മാ..” തിരിഞ്ഞു നിന്ന് പ്രഭയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു..
“നിന്റെ ഏട്ടൻ ചോദിക്കേണ്ട ചോദ്യം ആണ് നിന്നോട് ഞാൻ ഇപ്പൊ ചോദിക്കാൻ പോകുന്നത്..”
“എന്താ അമ്മ..”
“നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാൻ ഉണ്ടോ..”
ആ ചോദ്യം മീരയെ ഒന്നു ഉലച്ചു..
ഭാഗം 02
“നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാൻ ഉണ്ടോ..”
ആ ചോദ്യം മീരയെ ഒന്നു ഉലച്ചു.. “എന്തേ ഇപ്പൊ അങ്ങനെയൊരു ചോദ്യം..” മീര പ്രഭയുടെ തോളിലേക്ക് മെല്ലെ ചാരി..
“എന്താ ഡീ കുഞ്ചു നിന്റെ പ്രശ്നം..” വലതു കൈ കൊണ്ട് മീരയെ തന്നിലേക്ക് ചേർത്ത് പിടിച്ചു പ്രഭ..
“ഏയ്..ഒന്നൂല്യ അമ്മാ..”
“പിന്നെ..നിന്റെ ഏട്ടൻ ചുമ്മാ നിന്നോട് ഇങ്ങോട്ട് വരാൻ പറയോ..”
“വല്ലാതെ ഒരാൾ കുറച്ചു ദിവസമായി പിറകെ കൂടിട്ട്..” മീരയുടെ ശബ്ദം താഴ്ന്നു..
“ആര്..”
“അറിയില്ല..ഞാൻ എവടെ പോയാലും എന്റെ കൂടെ ഉണ്ട്..”
“ഏയ് അത് മോളുടെ തോന്നൽ ആവും..”
“അല്ല..ഞാൻ ചെറിയ കുട്ടി ഒന്നും അല്ലലോ..ഒരാളുടെ പെരുമാറ്റം കണ്ടാൽ അറിയാതെയിരിക്കാൻ..”
“ശല്യം ചെയ്തോ..”
“ഇല്ല..”
“പിന്നെ..”
“ഞാൻ എവിടെ പോയാലും ഇങ്ങനെ അകലെയുണ്ടാവും..എന്നെ ഇങ്ങനെ നോക്കുന്നത് കാണാം..
ശരിക്കും പേടി തോന്നുന്നു അങ്ങനെ നോക്കുന്നത് കാണുമ്പോൾ..”
“പ്രായം ഉള്ള ആളാണോ..”
“ഏയ്…മുപ്പതു വയസൊക്കെ ഉണ്ടാവൂ..”
“കാണാൻ എങ്ങനെ..”
“ഗുഡ് ലൂക്കിംങ്ങ്..ഹാൻഡ്സം..”
“ഇങ്ങനെയൊക്കെ നീ അയ്യാളെ ശ്രദ്ധിച്ചുവെങ്കിൽ അയ്യാൾ നിന്റെ പിറകെ വരുന്നതിൽ അയ്യാളെ കുറ്റം പറയാൻ പറ്റോ..”
“ദേ..ത ള്ളേ..രുമാതിരി കോ, പ്പിലെ വർത്തമാനം പറയരുത്..” മീര പ്രഭയുടെ തോളിൽ നുള്ളി കൊണ്ട് പറഞ്ഞു..
“ശരിക്കും എന്താ സംഭവം..നിന്നോട് അയ്യാൾ സംസാരിക്കാൻ വന്നോ..”
“ഉവ്വ്..”
“എന്താ പറഞ്ഞത്..”
“ആലോചനയുമായി വീട്ടിൽ വരട്ടെ എന്ന്..”
“കൊ, ല്ലും ഞാൻ..” പ്രഭയുടെ ശബ്ദം ഉയർന്നു..
“ആരെ..”
“അവനെ..”
“എന്ത് കാര്യത്തിന്..”
“നേരത്തെ ഞാൻ പറഞ്ഞത് മറന്ന പൊന്ന് മോള്..
ദേ..അവനും, നീയും കൂടെ ഉള്ള ഒത്തുകളി വല്ലതും ആണേൽ..ഇപ്പോഴേ പറഞ്ഞേക്കാം..നടക്കത്തില്ല..നീ ഒന്നും സെറ്റ് ആയിട്ടേ നിന്റെ കല്യാണം ഞങ്ങൾ നടത്തി തരുള്ളൂ..”
“ദേ..ഞാൻ വല്ലതും പറയും കേട്ടാ..മനുഷ്യന് ഇവിടെ പ്രാന്ത് പിടിച്ചു നിൽക്കുമ്പോ ആണ് തള്ളയുടെ ഒരു വീണ വായന..”
“ഈ പ്രായത്തിൽ ഇതൊക്കെ പതിവാണ്…കണ്ടില്ല കേട്ടില്ലയെന്ന് വിചാരിച്ചു മുന്നോട്ട് പോയാൽ മതി..”
“അത് കൊണ്ട് അല്ല അമ്മാ..ജോലിക്ക് പോകുമ്പോളും..വരുമ്പോളും എല്ലാം ഇങ്ങനെ പിന്നാലെ ഉണ്ടാവും..
കേറുന്ന ബസിൽ..പോകുന്ന സ്ഥലങ്ങളിൽ എല്ലായിടത്തും..” അല്പം ദേഷ്യം ഉണ്ടായിരുന്നു മീരയുടെ ശബ്ദത്തിൽ..
“മോള് ഏട്ടനോട് വിളിച്ചു പറഞ്ഞു ല്ലേ..”
“ഉവ്വ്..ഒട്ടും പറ്റുന്നില്ലന്നെ..അതോണ്ടാ ഏട്ടനോട് പറഞ്ഞത്..”
“ഏട്ടൻ എന്ത് പറഞ്ഞു..”
“അല്ല നാളെ ശനിയും ഞായറും അല്ലെ..ലീവ് അല്ലെ..രണ്ട് ദിവസം വീട്ടിൽ വന്നു നിന്ന് പോകാൻ പറഞ്ഞു..ഇന്ന് ലീവ് കിട്ടണേൽ ഉച്ചക്ക് ഇറങ്ങിക്കോ എന്നും പറഞ്ഞു..”
“ഓ..അപ്പൊ ഇന്ന് ഹാഫ് ഡേ എടുത്തു ചാടി എന്ന് സാരം..”
“മ്മ്..”
“അല്ല..വീട്ടിൽ വന്നു ആലോച്ചോട്ടെ ന്ന് ചോദിച്ചപ്പോൾ എന്ത് മറുപടി കൊടുത്തു നീ..”
“ഒന്ന് നോക്കി..അത്രേ ള്ളു..പുള്ളി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു..”
“ബെസ്റ്റ്..ആ ചാപ്റ്റർ അവിടെ ക്ലോസ് ചെയ്യാൻ കിട്ടിയ ഒറ്റ അവസരമല്ലേ പെണ്ണെ നീ തകർത്ത് കളഞ്ഞത്..”
“എന്ത് അവസരം..”
“നിനക്ക് താല്പര്യമില്ല എന്നുള്ള ഒറ്റ മറുപടി അവിടെ കൊടുത്താൽ പിന്നെ
അയ്യാൾ ശല്യം ചെയ്യില്ലായിരുന്നു..
ഇതിപ്പോ നീ ആയതു കൊണ്ട് ഏത് തരത്തിൽ ഉള്ള നോട്ടം ആണ് നോക്കിയത് എന്ന് ആർക്കറിയാം..” പ്രഭ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു..
“എവിടേലും ചത്തു മലച്ചു കിടക്കുമ്പോളും ഈ ചിരി ഉണ്ടായാൽ മതി..” പ്രഭയെ തള്ളി മാറ്റി കൊണ്ട് മീര അടുക്കളയിൽ നിന്നും ഇറങ്ങി പോയി..
ദോശ കല്ല് ഇറക്കി വെച്ച് പ്രഭ മീരയുടെ പിറകെ ചെന്നു..
“അത്ര പ്രശ്നം ആണോ..” സെറ്റിയിൽ ചാരി കിടന്നു നെറ്റിയിൽ തടവിയിരുന്ന മീരയുടെ അടുത്ത് പോയിരുന്നു പ്രഭ ചോദിച്ചു..
“തീരെ വയ്യാത്തത് കൊണ്ട് അല്ലെ അമ്മാ ഞാൻ ഇങ്ങനെ പറഞ്ഞത്..എന്നിട്ട് ഇതും ഇങ്ങനെ ചിരിച്ചു എടുക്കുന്ന കാണുമ്പോ..” മീരയുടെ ശബ്ദം നേർത്തു..
“കുഞ്ചു…”
“മ്മ്..”
“ഇങ്ങനെ തളർന്നു ഇരിക്കാൻ ആണോ ഞാൻ നിന്നെ പഠിപ്പിച്ചത്..അവനവന്റെ കാര്യം ഒരു പരിധി വരെ കൈകാര്യം ചെയ്യാൻ പഠിക്കണ്ടേ..
എല്ലാത്തിനും അമ്മയും, ഏട്ടനും ഉണ്ടാവോ..സാഹചര്യങ്ങൾക്ക് അനുസരിച്ചു ചെയ്യേണ്ടത് ചെയ്യേണ്ട സമയം കണ്ടറിഞ്ഞു ചെയ്യണം..” മീരയുടെ നെറ്റിയിൽ മെല്ലെ തലോടി പ്രഭ പറഞ്ഞു..
“മ്മ്..”
“നമ്മൾ തളർന്നു പോകുന്നുവെന്ന് തോന്നുമ്പോ ആണ് പെണ്ണെ ഇവർക്ക് കൂടുതൽ ഹരം ഉണ്ടാവുക..തിരിച്ചു നിന്ന് ഒന്ന് തിരിച്ചു ചോദിച്ചാൽ മറുപടിക്ക് വാക്കുകൾ വിക്ക് കൂടാതെ പറയാൻ കഴിയില്ല പലർക്കും..”
“മ്മ്..”
“പോയി കുളിച്ചു വാ..ഏട്ടൻ വരാറായി..”
“എന്റെ മൊബൈൽ എടുത്തേ അമ്മാ..ബാഗിൽ ഉണ്ട്..”
പ്രഭ മൊബൈൽ എടുത്തു മീരയ്ക്ക് കൊടുത്തു..മീര ആരുടെയോ നമ്പർ ഡയൽ ചെയ്തു..
“ആർക്കാ..” പ്രഭ ചോദിച്ചു..
അപ്പുറം കാൾ എടുത്തു..
“കുഞ്ചു..”
“ഏടത്തി ഇങ്ങോട്ട് പോരെ..വീട്ടിൽ ഉണ്ട് ഞാൻ..”
“പെണ്ണെ ഞാൻ വീടെത്തി..”
“അതൊന്നും എനിക്ക് അറിയണ്ട…നിങ്ങടെ കെട്ടിയോനെ ഞാൻ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണ്..അങ്ങേരെ വിളിച്ചു ഇങ്ങോട്ട് പോന്നേക്കണം..എത്ര പാതിരാത്രി ആണേലും..ഹരിത വന്നിട്ടെ ഇനി മീര ഹാളിൽ കഴിക്കൂ..”
“ഇപ്പൊ എത്ര ദോശ കഴിച്ചു..” ഹരിതയുടെ മറുപടി കേട്ട് മീരയ്ക്ക് ചിരി വന്നു എന്നാലും അവൾ അത് പുറത്ത് വരാതെ പിടിച്ചു നിർത്തി..
“മര്യാദയ്ക്ക് വരാൻ പറഞ്ഞ വരാ..?രാത്രി ഞാൻ ഇല്ലേ ഒറ്റയ്ക്ക് ബുള്ളറ്റ് എടുത്തു പൊറോട്ടയും ബീ, ഫും തിന്നാൻ “മിന്നാരം..” തട്ടു കടയിൽ പോകും..
“മാണ്ടാ..നീ പോണ്ടാ…ഞാനും വരാം..പ്ലീസ് ഞാനും വരാം..”
“എപ്പോ എത്തും..”
“ഇപ്പൊ ആറു മണി..”
“മ്മ്..”
“ഏഴു മണി കഴിഞ്ഞു പത്തു മിനിറ്റ് ആവുമ്പോ ഞാൻ വീട്ടിൽ ഉണ്ടാവും..”
“മ്മ്..അങ്ങനെ വഴിക്ക് വാ..”
“പിന്നെ..എനിക്ക് നിന്റെ ആ ബ്ലു ടീ ഷർട്ട് വേണം..പിന്നെ ഏതെങ്കിലും ഒരു ജീൻസും..”
“തള്ളച്ചിമാർക്ക് വല്ല നൈറ്റി എങ്ങാനും മതി..”
“ത, ള്ളച്ചി നിന്റെ..” മറുപടി മുഴുവനാക്കും മുൻപെ മീര കാൾ കട്ട് ചെയ്തു..
“വല്ലപ്പോഴും ആണ് അത് അതിന്റെ വീട്ടിൽ പോണത്..”പ്രഭ ഒച്ച വെച്ചു..
“അയിന്..”
“അയിന് ഒന്നും ഇല്ല..ഞാനും വരും രാത്രി അത്രന്നേ..”
“എങ്ങോട്ട്..”
“നിങ്ങൾ എങ്ങോട്ടോ അങ്ങോട്ട്..”
“ബുള്ളറ്റിൽ രണ്ടാൾക്കെ പറ്റൂ..”
” ഇന്ന് മൂന്നാൾക്ക് പറ്റും.. “
മീരയുടെ മറുപടിക്ക് കാത്തു നിൽക്കാതെ പ്രഭ തിരിഞ്ഞു നടന്നു..
*********************
രാത്രി..
“എങ്ങോട്ടാ മൂന്നും കൂടെ ഈ രാത്രിയിൽ..” ഹാളിൽ ഇരുന്നു ടിവിയിൽ ന്യൂസ് കാണുകയായിരുന്ന വിധു ബുള്ളറ്റിന്റെ താക്കോൽ എടുക്കാൻ വന്ന ഹരിതയേയും അവരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു..
“അത് പിന്നെ..ഏടത്തി അമ്മയ്ക്ക് ഇന്ന് പുറത്ത് നിന്ന് പൊറോട്ടയും, ബീ, ഫും കഴിക്കാൻ ഒരു ആഗ്രഹം..”?മീരയുടെ മറുപടി കേട്ട് പ്രഭയും, ഹരിതയും വാ പൊളിച്ചു നിന്നു..
“നിനക്ക് എന്തിന്റെ സൂക്കേടാ..ഇന്ന് വീട്ടിൽ പോയി തിരികെ വന്നപ്പോൾ തന്നെ എനിക്ക് മണത്തതാണ് എന്തോ കുരുത്തകേട് ഒപ്പിക്കാൻ ഉള്ള വഴി ആണ് എന്ന്..”
“മണത്തു പിടിക്കാൻ നിങ്ങൾ എന്താ പോലീസ് നാ, യ ആണോ..
മര്യാദയ്ക്ക് എന്റെ വീട്ടിൽ പോയ എന്നെ വിളിച്ചു വരുത്തിയ നിങ്ങളുടെ അരുമയായ അനിയത്തിക്ക് ആണ് മിസ്റ്റർ പൊറോട്ടയും ബീ, ഫും തിന്നാൻ കൊതി..” ബുള്ളറ്റിന്റെ താക്കോൽ എടുത്ത് വിധുവിന്റെ കവിളിൽ മെല്ലെ തട്ടി കൊണ്ട് ഹരിത പറഞ്ഞു..
“ഈ രാത്രി മൂന്ന് പേരുമായി ബുള്ളറ്റിൽ പോക്ക് നടക്കില്ല..”
“നടക്കണ്ടാ..ഞങ്ങൾ ആരേലും ഓടിച്ചോളാം..”
“പോലീസ് പൊക്കിയ എന്നെ വിളിക്കരുത് പറഞ്ഞേക്കാം..”
“ഓ.. മ്പ്ര..” ഹരിത വാ പൊത്തി വിധുവിനെ നോക്കി..
“അങ്ങേയ്ക്ക് എന്തേലും വേണോ തിരികെ വരുമ്പോ..”?മീര വിധുവിനെ നോക്കി ചോദിച്ചു..
“അമ്മയാണ് രണ്ടിനേയും ചീത്തയാക്കുന്നത്..”
“ചെക്കാ..ഇവള്മാര് ഇല്ലാത്തപ്പോൾ നമ്മൾ രാത്രി പോയി കഴിക്കാറുള്ളത് ഞാൻ ഇവരോട് ഇത് വരെ പറഞ്ഞിട്ടുണ്ടോ..ഉണ്ടോ മക്കളെ..” ഹരിതയെയും, മീരയെയും നോക്കി പ്രഭ ചോദിച്ചത് കേട്ട് വിധു പരുങ്ങി..
“ഓ..അപ്പൊ അങ്ങനെയൊക്കെ ഇവിടെ ഉണ്ടാവാറുണ്ട്..പോയി വരട്ടെ ട്ടാ..ബാക്കി വന്നിട്ട്..” വിധുവിനെ നോക്കി ഹരിത കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..
ഒന്നും മിണ്ടാതെ വിധു നോട്ടം ടിവിയിലേക്ക് മാറ്റി..
പുറത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് വിധു പുറത്ത് വന്നു..
“അമ്മയാണോ ഓടിക്കുന്നെ..കുഞ്ചു നിനക്ക് ഓടിച്ചാൽ പോരെ..”
വിധു ചോദിച്ചു..
“കേറി പോടാ അകത്ത്..പോയി വാതിൽ കുറ്റി ഇട്ടു ഇരുന്നോ..ഞങ്ങൾ ഇല്ലാത്തത് കൊണ്ട് പേടി ഒന്നും ഇല്ല ലോ ഒറ്റയ്ക്കു ഇരിക്കാൻ..” പ്രഭ ആക്സിലെറ്റർ മെല്ലെ കുറച്ചു കൊണ്ട് ചോദിച്ചു..
“ഏട്ടാ..അന്ന് മാറ്റി വെച്ച കുപ്പി എന്റെ റൂമിലെ അലമാരയിൽ ഉണ്ട്..വേണേൽ ഒരെണ്ണം എടുത്തു ചാമ്പിക്കോ..”?മീര വിധുവിനെ നോക്കി പറഞ്ഞു..
ആ നിമിഷം തന്നെ പ്രഭ ബുള്ളറ്റ് മുന്നോട്ട് എടുത്തു.. ( ഇവിടെ വേണേൽ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം പോലെ ആലോചിക്കാം..വേണേൽ ഒരു പാട്ടും ആവാം.. 🥰എഴുതി ബോറാക്കുന്നില്ല ഇവിടം.. 🥰)
************************
“ഇനി എന്തെങ്കിലും വേണോ..” തട്ടുകടയിലെ ജീവനക്കാരൻ അവരെ നോക്കി ചോദിച്ചു..
“ചേട്ടാ..ഐസ്ക്രീമുണ്ടോ..” മറുപടി മീരയുടെയായിരുന്നു..
“ഏതാ വേണ്ടത്..”
“ചോക്ലേറ്റ്..”
“എനിക്കും ഒരെണ്ണം..” പ്രഭയും പറഞ്ഞു..
“എനിക്കും ഒരെണ്ണം..” ഹരിതയും വിട്ടില്ല..
“ആയിക്കോട്ടെ..” പുഞ്ചിരിയോടെ അയ്യാൾ തിരിഞ്ഞു നടന്നു..പിന്നെ പെട്ടന്ന് തിരിഞ്ഞു നിന്നു..
“വേറെ എന്തെങ്കിലും വേണോ..” അയ്യാൾ തിരിഞ്ഞു നിന്നു ചോദിച്ചു..
“എന്തേ നീ അവർക്ക് മാത്രം വിളമ്പി കൊടുക്കുകയുള്ളൂ..നേരം കൊറേ ആയല്ലോ ഞങ്ങൾ ഇവിടെ നോക്കി ഇരിക്കുന്നു..എന്തെ ഞങ്ങളുടെയും പൈസ തന്നെയാണ്..ഞങ്ങൾക്ക് ഇല്ലാത്തത് എന്തെങ്കിലും അവർക്ക് കൂടുതൽ ഉണ്ടോ..”
അപ്പുറത്തെ ടേബിളിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചത് കേട്ട് പെട്ടന്ന് തട്ടു കടയിൽ സൂചി നിലത്തു വീണാൽ കേൾക്കാവുന്ന നിശബ്ദത..
പ്രഭയും, ഹരിതയും, മീരയും ആ ടേബിളിലേക്ക് തല ചെരിച്ചു നോക്കി..
ഭാഗം 03
“ഞങ്ങൾക്ക് ഇല്ലാത്തത് എന്തെങ്കിലും അവർക്ക് കൂടുതൽ ഉണ്ടോ..” അപ്പുറത്തെ ടേബിളിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചത് കേട്ട് പെട്ടന്ന് തട്ടു കടയിൽ സൂചി നിലത്തു വീണാൽ കേൾക്കാവുന്ന നിശബ്ദത..
പ്രഭയും, ഹരിതയും, മീരയും ആ ടേബിളിലേക്ക് തല ചെരിച്ചു നോക്കി..”
“മോനെ..ഞങ്ങളുടെ ഐസ്ക്രീം വേഗം കൊണ്ട് വന്നേ..” പ്രഭ യാതൊരു ഭാവ വ്യത്യാസം ഇല്ലാതെ ജോലിക്കാരനെ നോക്കി അല്പം ഉച്ചത്തിൽ തന്നെ വിളിച്ചു പറഞ്ഞു..
ഈ സമയം ടേബിളിൽ ഇരുന്ന ആൾ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു..
ഒരു മുപ്പത് മുപ്പത്തി അഞ്ചു വയസ് പ്രായം കാണും..ചുണ്ടിൽ കത്തിച്ചു വെച്ച സി, ഗരറ്റ് മെല്ലെ കൈ വിരലുകൾക്ക് ഇടയിലെക്ക് തിരുകി പു, ക ചുരുൾ വായുവിൽ വട്ടമിട്ടു പറന്നു..
“അനിയൻ കുട്ടൻ..അതാണ് എന്റെ പേര്..” അവർ ഇരിക്കുന്ന ടേബിളിനു മുന്നിൽ കൈ കുത്തി നിന്ന് അയ്യാൾ പറഞ്ഞു..
“നല്ല പേര്..” മറുപടി പ്രഭയുടെയായിരുന്നു..
“കളിയാക്കിയത് ആണോ..”?അയ്യാൾ പ്രഭയെ നോക്കി പിന്നെ സി, ഗരറ്റ് ചുണ്ടോട് ചേർത്ത് ആഞ്ഞു ഒരു പ, ഫ് ഉള്ളിലേക്ക് എടുത്തു…വാക്കുകൾക്ക് ഇടയിലൂടെ പുകചുരുൾ പ്രഭയുടെ മുഖത്തേക്ക് പതിച്ചു..
“സി, ഗരറ്റ് ഉണ്ടോ കൈയിൽ ഒരെണ്ണം..” ഇത്തവണ ചോദ്യം ഹരിതയുടെയായിരുന്നു..ആ ചോദ്യം കേട്ട് അയ്യാൾ ഒന്ന് പതറി..
ആ പതർച്ച പുറത്ത് കാണിക്കാതെ പോക്കറ്റിൽ നിന്നും സി, ഗരറ്റ് പാക്കറ്റ് ഹരിതയുടെ നേർക്ക് നീട്ടി..
“പു, കവ, ലി ആരോഗ്യത്തിന് ഹാനികരം..” അയ്യാൾ ഹരിതയെ നോക്കി പറഞ്ഞു..
ഹരിത പുഞ്ചിരിച്ചു കൊണ്ട് സി, ഗരറ്റ് പാക്കറ്റ് ഓപ്പൺ ചെയ്തു. അതിൽ നിന്ന് ഒരു സിഗ, രറ്റ് എടുത്തു..
“ചേട്ടൻ എന്താ നിൽക്കുന്നെ.. ഇവിടെ ഇരുന്നേ..” മുന്നിൽ കിടന്ന കസേര അയ്യാൾക്ക് മുന്നിലേക്ക് വലിച്ചു ഇട്ടു കൊടുത്തു മീര..
അവരുടെ പെരുമാറ്റം അയ്യാളെ ആശയകുഴപ്പത്തിൽ ആക്കുന്നുണ്ടായിരുന്നു..
എന്നാലും അയ്യാൾ ആ കസേര വലിച്ചിട്ടു അവർക്ക് അരുകിൽ ഇരുന്നു..
ഈ സമയം തട്ടുകടയിൽ ഉള്ളവരുടെ നോട്ടം അവരിലേക്ക് മാത്രം ആയി ചുരുങ്ങി..
“മോന്റെ കല്യാണം കഴിഞ്ഞതാണോ..” പ്രഭയുടെ ചോദ്യം കേട്ട് അയ്യാൾ ഞെട്ടി..
“ആ കഴിഞ്ഞു എന്തേ..”
“എന്നിട്ട് അവരെ കൊണ്ട് വന്നിട്ടുണ്ടോ..” പ്രഭ അയ്യാൾ ഇരുന്ന ടേബിളിലേക്ക് നോക്കി ചോദിച്ചു..
“പിന്നെ..ഈ പാതിരാത്രി അല്ലേ പെണ്ണുങ്ങളെയും കൊണ്ട് പുറത്ത് ഇറങ്ങുന്നേ..”
“അപ്പൊ ഞങ്ങൾ പെണ്ണുങ്ങൾ ആണല്ലോ..ഞങ്ങൾ പുറത്ത് ഇറങ്ങി നടക്കുന്നത് കണ്ടില്ലേ..” പ്രഭ പുഞ്ചിരിയോടെ അയാളെ നോക്കി പറഞ്ഞു..
“വീട്ടിൽ ചോദിക്കാനും പറയാനും ഇല്ലാത്തവർക്ക് എന്തും ആവാലോ.. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കും..” അയ്യാൾ ദേഷ്യത്തോടെ മറുപടി കൊടുത്തു..
“ഭക്ഷണം കഴിച്ചോ..നിങ്ങൾ..” മീരയുടെയായിരുന്നു ചോദ്യം..
“ആ..” അയ്യാൾ അലസമായി മൂളി..
“ഒരു ഫുൾ ബോട്ടിൽ കയറ്റിയോ..അതാവുമല്ലേ ഇങ്ങനെ ഒരു ഷോ..” മീര വിട്ടു കൊടുക്കാൻ പോയില്ല..
അയ്യാൾ അവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു..
“ഇയാൾ അവിടെ ഇരുന്നോ..പേടി ഉണ്ടോ ഞങ്ങളെ..” ഇത്തവണ പുഞ്ചിരിച്ചു കൊണ്ടുള്ള ചോദ്യം ഹരിതയുടെയായിരുന്നു..
ഉള്ളിൽ നിന്നുള്ള മ, ദ്യത്തിന്റെ വീര്യം അലിഞ്ഞില്ലാതാവുന്നത് അയ്യാൾ അറിയാൻ തുടങ്ങി..
“ഞങ്ങളോടെന്നല്ല ആരോടും ഇങ്ങനെ ദേഷ്യം വേണ്ടാ..എല്ലാവരും ജീവിക്കാൻ അല്ലെ ജോലി ചെയ്യുന്നത്..അവരവരുടെ സമയം അവരുടെ ജോലിയുടെ പ്രെഷർ ഒന്ന് നമ്മൾ ആലോചിച്ചു നോക്കിയാൽ മതി..ഇങ്ങനെയുള്ള ചോദ്യങ്ങൾ എവിടെയും ചോദിക്കാൻ തോന്നില്ല നമുക്ക്..
പിന്നെ..ഭര്യയോട് നല്ല റിലേഷൻ ആണെങ്കിൽ ഒന്ന് പോയി ചോദിച്ചു നോക്കണം..ഇങ്ങനെ രാത്രി പുറത്ത് വന്നു ഭക്ഷണം കഴിക്കാൻ താല്പര്യമുണ്ടോ എന്ന്..
അതിപ്പോ നിങ്ങൾ രണ്ടെണ്ണം വീശിയിട്ട് ആണേലും..നിങ്ങളുടെ ഭാര്യ അത് എൻജോയ് ചെയ്യുന്നുണ്ട് എങ്കിൽ കൂടെ വരും..
ഇല്ലെങ്കിൽ ഇടയ്ക്കൊക്കെ കഴിക്കാതെ രാത്രി എട്ടു മണി നേരത്തു ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു നോക്ക്..എന്നിട്ട് നിങ്ങൾ അവരുടെ കണ്ണിലേക്ക് ഒന്ന് നോക്കണം..അങ്ങനെ ഒരു വട്ടം ചെയ്തു ശീലിച്ചാൽ ഇങ്ങനെ ഒറ്റയ്ക്ക് രാത്രി വന്നു സ്വന്തം വയർ നിറയ്ക്കുന്ന ഏർപ്പാട് അങ്ങനെ നിക്കും..
ഉപദേശമല്ല..ഒരമ്മയുടെ..ഒരു ഭാര്യയുടെ..ഒരു അനിയത്തിയുടെ അപേക്ഷയാണ്..”
പ്രഭ പറഞ്ഞു നിർത്തിയതും അയ്യാൾ ഒന്നും മിണ്ടാതെ എഴുന്നേറ്റു തിരിഞ്ഞു നടന്നു..
“മല പോലെ വന്നത് എലി പോലെ തിരിച്ചു പോയത് കണ്ടോ..” ഐസ്ക്രീം ടേബിളിൽ വെച്ച് ജീവനക്കാരൻ അവരെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
******************
പിറ്റേന്ന് രാവിലെ..
“വണ്ടി എടുക്കുന്നില്ലേ..” പത്രം വായിക്കുകയായിരുന്ന വിധു അമ്പലത്തിൽ പോകാൻ ഇറങ്ങിയ മീരയോട് ചോദിച്ചു..
“ഏയ്..വേണ്ടാ ഏട്ടാ..നടക്കട്ടെ..അതാണ് സുഖം..”
“ഏടത്തി ഇല്ലേ..”
“ബെസ്റ്റ് കെട്ടിയോൻ..” കൂടുതൽ ഒന്നും പറയാതെ മീര പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു..
വിധു പത്രത്തിൽ ഡേറ്റ് നോക്കി..പിന്നെ പത്രം പെട്ടന്ന് മടക്കി വെച്ച് റൂമിലേക്ക് നടന്നു..
“വേദന ഉണ്ടോ..” കട്ടിലിൽ ചുരുണ്ടു കിടക്കുന്ന ഹരിതയുടെ അടുത്ത് ചെന്നിരുന്നു നെറ്റിയിൽ മെല്ലെ തലോടി വിധു ചോദിച്ചു..
പൂച്ച പതുങ്ങും പോലെ വിധുവിന്റെ തുടയിലേക്ക് മുഖം പൂഴ്ത്തി ഹരിത ചുരുണ്ടു കൂടി..
വിധു ഹരിതയെ ചേർത്ത് പിടിച്ചു..
***********************
“വ്യാസൻ.. പൂരം..” ഒരു ഭാഗ്യസൂക്തം..
മീരയുടെ പിറകിൽ നിന്നും കൌണ്ടറിനു ഉള്ളിലേക്ക് കൈ നീട്ടി പൈസ കൊടുക്കുന്ന ആളുടെ ശബ്ദം കേട്ട് മീര പെട്ടന്ന് തിരിഞ്ഞു നോക്കി..ആളെ തിരിച്ചറിഞ്ഞതും മീരയുടെ മുഖം ചുവന്നു..
“ഒരാൾ മുന്നിൽ നിന്ന് ചീട്ട് എഴുതുന്നത് കണ്ടില്ലേ നിങ്ങൾ..”?മീര ശബ്ദമുയർത്തി ചോദിച്ചു..
“ക്ഷേത്രമാണ്..ശബ്ദം വളരെ പതിയെ മതി..” വ്യാസൻ പുഞ്ചിരിയോടെ അവളെ നോക്കി കണ്ണിറുക്ക കൊണ്ട് പറഞ്ഞു..
“മോന് അത് മാത്രം മതിയോ..”?കൌണ്ടറിൽ നിന്നും പ്രായമായ സ്ത്രീ വ്യാസനെ നോക്കി ചോദിച്ചു..
“കെട്ടാൻ പോകുന്ന കുട്ടിക്ക് കൂടെ ഒരു ഭാഗ്യസൂക്തം വേണമായിരുന്നു..പക്ഷെ നാള് അറിയില്ല..”മീരയെ പാളി നോക്കി വ്യസൻ പറഞ്ഞു..
മീര അത് കേട്ടതായി ഭാവിച്ചില്ല..
“അതിന് കുഴപ്പമില്ല മോനെ..അവിടെ കണ്ണന്റെ അടുത്ത് പറഞ്ഞാൽ മതി..സത്യം ഉള്ളത് ആണേൽ ആള് കൂട്ടി ചേർത്ത് തരും..” കൌണ്ടറിലെ സ്ത്രീ വ്യാസനോട് പറഞ്ഞു..
“ഈ ത, ള്ളയ്ക്ക് എന്തിന്റെ കേടാ..വഴിപാട് എഴുതാൻ വന്നാൽ അത് എഴുതി കൊടുത്താൽ പോരെ…ഇങ്ങനെ വിസ്തരിച്ചു പറഞ്ഞു കൊടുക്കണോ..” മീര ഉള്ളിൽ പറഞ്ഞു..
“എന്റെ കൃഷ്ണ..നീ ഇതെല്ലാം കാണുന്നില്ലേ..എനിക്ക് ഉള്ളത് ആണേൽ ഇങ്ങോട്ട് തന്നേക്കണെ..” വ്യാസൻ മീരയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞ് അമ്പലത്തിന്റെ ഉള്ളിലേക്കു കയറി..
**************************
അല്പ സമയത്തിന് ശേഷം..
“എന്താ നിങ്ങളുടെ ഉദ്ദേശം..” തൊഴുതു ഇറങ്ങി വന്നു കാറിലേക്ക് കയറാൻ നിന്ന വ്യാസന്റെ മുന്നിലേക്ക് കയറി കൈ കെട്ടി നിന്ന് കൊണ്ട് മീര ചോദിച്ചു..
“ആഹാ..അമ്പലത്തിൽ വന്നിട്ട് പ്രസാദം ഒന്നുമില്ലാതെ വെറും കൈയ്യോടെയാണോ ഇറങ്ങി വരുന്നേ..
“പ്ലീസ്..ഇങ്ങനെ എന്തിനാ നിങ്ങൾ എന്റെ പിറകെ നടക്കുന്നെ..നിങ്ങൾക്ക് എങ്ങനെ എന്റെ നാടറിയാം..ഞാൻ അമ്പലത്തിൽ വരുമെന്നും എങ്ങനെ അറിയാം..പ്ലീസ്..എന്നെ ഒന്ന് വെറുതെ വിട്ടൂടെ..എവിടെ പോയാലും ഇങ്ങനെ നിഴൽ പോലെ..”
“അത്രയ്ക്ക് ശല്യം ആണോ ഞാൻ..”?കാവി മുണ്ട് മടക്കി കുത്തി ചെരിപ്പിന്റെ വള്ളി ശരിയാക്കി തല ചെരിച്ചു വ്യാസൻ മീരയെ നോക്കി ചോദിച്ചു..
“അതെ..ഒരു പെണ്ണിന് മാത്രം മനസ്സിലാവുന്ന ശല്യമാണ് നിങ്ങൾ എനിക്ക്..” മീരയുടെ ശബ്ദം നേർത്തു..
“മ്മ്..ശരി. എനിക്ക് ഒരു മറുപടി തന്നാൽ പിന്നെ ഞാൻ തന്നെ ശല്യം ചെയ്യില്ല ഒരിക്കലും..”
“എന്താ..”
“ഇങ്ങനെ പിന്നാലെ നടന്നു നേരം കളയാൻ ഇഷ്ടമല്ല എനിക്കും..അന്ന് ചോദിച്ചത് തന്നെ ഒരിക്കൽ കൂടെ ചോദിക്കുന്നു..
വീട്ടിൽ വന്നു ആലോചിക്കട്ടെ ഞാൻ..താൻ ഓക്കേ ആണോ അങ്ങനെ ആണേൽ..”
“അല്ല..”?ഉറച്ചതായിരുന്നു മീരയുടെ ശബ്ദം..
ഒന്നും മിണ്ടാതെ വ്യാസൻ ഡോർ തുറന്നു കാറിന് ഉള്ളിലേക്ക് കയറി..
മീരയെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാർ മുന്നോട്ട് എടുത്തു..
*********************
പതിവില്ലാതെ തുടർച്ചയായി കാളിങ്ങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ദേവി ഓടി വന്നു മുൻവശത്തെ ഡോർ തുറന്നത്..
“എത്ര വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ഈ വാതിൽ ഇങ്ങനെ കുറ്റി ഇട്ടു അകത്തു പോയി ആ @#@@ നോക്കി ഇരിക്കരുതെന്ന്..
ഹാളിലെ സെറ്റിയിലേക്ക് ഇരുന്ന് വ്യാസൻ ദേവിയെ നോക്കി പറഞ്ഞു..
ദേവി അത് കാര്യമാക്കാതെ അടുക്കളയിലേക്ക് നടന്നു..
“ഈ ലോകത്ത് ആ ഒരു പെണ്ണ് മാത്രം ഒള്ളു എന്ന് കരുതി നടക്കുന്ന നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..അവൾക്ക് വേണ്ടേൽ പിന്നെ നിനക്ക് എന്തിനാ..കളഞ്ഞിട്ട് വാടാ..” ഒന്നും മിണ്ടാതെ വ്യാസൻ റിമോർട്ട് എടുത്തു ടിവി ഓൺ ചെയ്തു..
“രാവിലെ തന്നെ അമ്പലത്തിൽ പോയി വന്നിട്ട് നാവിൽ അപശ്രുതിയെ വരൂ..”
അടുക്കളയിൽ നിന്ന് ദേവി അല്പം ശബ്ദത്തിൽ പറഞ്ഞു..
“ഇന്ന് പുട്ടാണോ..” അടുക്കളയിൽ വന്നു ദേവിയെ ചേർത്ത് പിടിച്ചു വ്യാസൻ ചോദിച്ചു..
“നീ അല്ലേ തെ, ണ്ടി രാവിലെ പുട്ട് മതി ന്ന് ഇന്നലെ രാത്രി പറഞ്ഞത്..”
“ഉവ്വോ എനിക്ക് ഓർമയില്ല ലോ..”
“ഇന്നലെ രണ്ട് പെ, ഗ് നീ കൂടുതൽ ആയിരുന്നു ന്ന് തോന്നി..”
“മൂന്നെണ്ണം കൂടി ഇന്നലെ..”
“മ്മ്..തോന്നി..
നിനക്ക് ഇന്ന് എപ്പോ പോണം..”
“ഇന്നില്ല..ഇനി നാളെയെ പോകുന്നുള്ളു..” പുട്ടിന്റെ ഇടയിൽ നിന്ന് തേങ്ങാ പീര എടുത്തു വായിൽ ഇട്ട് ചവച്ചു കൊണ്ട് വ്യാസൻ പറഞ്ഞു.. “
“ഡാ..”
“എന്താണ് ഒരു..” പുഞ്ചിരിയോടെ വ്യാസൻ തല ചെരിച്ചു ദേവിയെ നോക്കി..
“ചിക്കൻ കറി ഒന്ന് വെച്ച് താടാ..എത്ര ദിവസം ആയി നീ ഉണ്ടാക്കിയ ഫുഡ് കഴിച്ചിട്ട്..”
“അതിന് ചിക്കൻ എവടെ..”
“അത് ഇപ്പൊ വിളിച്ചു പറഞ്ഞാൽ കൊണ്ട് വരില്ലേ..”?ദേവി വേഗം മൊബൈൽ എടുത്ത് ആരെയോ വിളിച്ചു..
“പ്രസാദേ..ഒരെണ്ണം ഒന്ന് വേഗം സെറ്റ് ആക്കി വീട്ടിലേക്ക് കൊടുത്തു വിട്ടേ പെട്ടന്ന് വേണം..” അപ്പുറത്തെ മറുപടിക്ക് കാത്തു നിൽക്കാതെ ദേവി കാൾ കട്ട് ചെയ്ത് വ്യാസനെ നോക്കി കണ്ണിറുക്കി.. “
“ഒരു ദിവസം ഒന്ന് കിടന്നു ഉറങ്ങാന്ന് കരുതി ആണ് വീട്ടിൽ വരുന്നേ..”
ഫ്രിഡ്‌ജ് തുറന്നു പച്ചമുളകും, ഇഞ്ചിയും, തക്കാളിയും എടുത്തു പുറത്ത് വെച്ച് വ്യാസൻ ദേവിയെ നോക്കി..
“കൊറേ ആയില്ലേ ഡാ..അത് കൊണ്ട് അല്ലേ..”
“മ്മ്.. ഉവ്വേ..” മൂന്നു സവാളയും, കുറച്ചു വെളുത്തുള്ളിയും കൂടെ എടുത്തു ബർത്തിൽ വെച്ചു വ്യാസൻ..
“ശരിക്കും ആ കുട്ടി നിനക്ക് വേണ്ടി ജനിച്ചത് അല്ല ഡാ..”
സ്ലാബിലേക്ക് കയറിയിരുന്ന് വ്യാസൻ സവാള കട്ട് ചെയ്യുന്നത് നോക്കി ദേവി പറഞ്ഞു..
“ഇപ്പൊ സവാളയ്ക്ക് പണ്ടത്തെ പോലെ കണ്ണിൽ നിന്ന് വെള്ളം വരുത്താൻ കഴിയാറില്ലല്ലേ..”
“നീ വേണേൽ രാത്രി കപ്പയും ബീ, ഫും കൂടെ ഉണ്ടാക്കിക്കൊ ട്ടാ..”
“ഞാൻ ഇത് ഇട്ടേച്ച് എന്റെ പാട്ടിനു പോണോ..”
“സിഗ, രറ്റ് വേണോ നിനക്ക്..വേണേൽ ഒരെണ്ണം എടുത്തു കൊണ്ട് വരാം..”
“ഒരെണ്ണം കിട്ടിയാൽ നന്നായിരുന്നു..”
ദേവി വേഗം ഇറങ്ങി ഹാളിലേക്ക് നടന്നു..പിന്നെ ടേബിളിൽ കിടന്ന സി, ഗരറ്റ് പാക്കറ്റ് എടുത്തു അപ്പോളാണ് കസേരയിൽ കിടക്കുന്ന വെള്ള തോർത്തു മുണ്ട് കണ്ണിൽ പെട്ടത്..അതും എടുത്തു തോളിൽ ഇട്ട് അടുക്കളയിലേക്ക് നടന്നു..
“നല്ല അമ്മ..”?പാക്കറ്റിൽ നിന്ന് സി, ഗരറ്റ് എടുത്ത് വ്യാസന്റെ ചുണ്ടിലേക്ക് വെച്ച് ലൈറ്റർ എടുത്തു കത്തിച്ചു കൊടുത്തത് കണ്ട് വ്യാസൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..
“നീ ഈ തോർത്ത് മുണ്ട് എടുത്തു തലയിൽ കെട്ടിയെ..” തോളിൽ കിടന്ന തോർത്ത് മുണ്ട് വ്യാസന്റെ നേർക്ക് നീട്ടി ദേവി..
വെളുത്തുള്ളിയും ഇഞ്ചിയും കൂടെ മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കുന്നത് നിർത്തി വ്യാസൻ തോർത്ത് മുണ്ട് എടുത്തു തലയിൽ കെട്ടി..
“ആ മുണ്ട് എടുത്തു മടക്കി കുത്താൻ ഇനി ഞാൻ വേറെ പറയണോ..” കാവി മുണ്ട് എടുത്ത് മടക്കി കുത്തി..സി, ഗര, റ്റ് ചുണ്ടിൽ വെച്ച് ആഞ്ഞൊരു പ, ഫ് എടുക്കുന്നത് ദേവി മൊബൈലിൽ ചറ പറ ക്ലിക്ക് ചെയ്തു..
ഈ സമയം ദേവിയുടെ മൊബൈൽ റിങ് ചെയ്തു..
“ഹലോ..എന്താ ഭാമേ..
മ്മ്..
ആണോ..
മ്മ്..
നോക്കട്ടെ..
ഇപ്പൊ നീ ഒന്നും പറയാൻ പോകണ്ട..
മ്മ്..
മ്മ്..
ശരി..ഞാൻ വിളിക്കാം..”
ദേവി കാൾ കട്ട് ചെയ്ത് വ്യാസനെ നോക്കി..
“നിനക്ക് ഒരു കല്യാണ ആലോചന..ഭാമയുടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു കുട്ടിയാണ്..ഞാൻ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്..” ദേവി ഇടം കണ്ണിട്ട് വ്യാസനെ നോക്കി പറഞ്ഞു..
“ചിക്കൻ ഇച്ചിരി വലിയ കഷ്ണം ആയോ എന്നൊരു സംശയം..” മുളക് പൊടിയും, മല്ലിപൊടിയും, ചിക്കൻ മസാലയും ഉപ്പും കൂടെ തിരുമി പാത്രം മാറ്റി വെച്ച് ചിക്കൻ കഴുകാൻ പാത്രത്തിലേക്ക് മാറ്റി വെയ്ക്കുമ്പോൾ വ്യാസൻ സ്വയം പറഞ്ഞു..
“ഡാ..എന്ത് വേണം..”
ഒരു നിമിഷം വ്യാസന്റെ ചിന്ത രണ്ട് മാസം മുൻപ് ഇടിയും മഴയുമുള്ള ആ ദിവസത്തെ ബസ് യാത്രയിലേക്ക് പോയി..
ഭാഗം 04
ഒരു നിമിഷം വ്യാസന്റെ ചിന്ത രണ്ട് മാസം മുൻപ് ഇടിയും മഴയുമുള്ള ആ ദിവസത്തെ ബസ് യാത്രയിലേക്ക് പോയി
“ഏട്ടാ..നിക്കണേ..ഞാനും കൂടെ ഉണ്ട് ഇന്ന് കൂടെ..” ബാഗിന്റെ കള്ളിയിലേക്ക് മൊബൈൽ എടുത്തു വെച്ച് വിഭ ഉമ്മറത്തേക്ക് നോക്കി പറഞ്ഞു..
“അമ്മേ ഏട്ടനോട് പോകല്ലേ ന്ന് പറയൂ…ഞാൻ ദാ വരുന്നേ..” വിഭ വീണ്ടും വിളിച്ചു പറഞ്ഞു..
“എന്തേ ഇന്ന് ബൈക്കിൽ അല്ലെ പോകുന്നത്..”?ഉമ്മറത്തേക്ക് ഓടി വന്ന് വിഭ വ്യാസനെ നോക്കി ചോദിച്ചു..
“ഇല്ല..ഇന്ന് ബസ്സിന് പോകാം എന്ന് കരുതി..” വ്യാസൻ പുഞ്ചിരിച്ച് കൊണ്ട് മറുപടി കൊടുത്തു..
“എന്താണ് മനുഷ്യാ..നിങ്ങൾക്ക് ഇന്ന് ബൈക്കിൽ പോയാൽ..”
“ഇന്ന് ഓഫിസിൽ പോണില്ലാ പെണ്ണെ..ഇന്ന് മീറ്റിംഗ് ഉണ്ട്..”
“എന്തേ ഡാ..എങ്കിൽ കാർ എടുത്തോ..പോയിട്ട് വരുന്നേൽ..” മറുപടി ദേവിയുടെയായിരുന്നു..
“ഏയ് വേണ്ടാ..കമ്പനിന്ന് എല്ലാരും ഉണ്ട്..അപ്പൊ കമ്പനി വണ്ടിയിൽ പോകാം..”
“എന്ന പെണ്ണിനെ കോളേജിൽ വിട്ടിട്ട് പൊക്കൂടെ നിനക്ക്..”
“എനിക്ക് ആരുടെയും ഔദാര്യം വേണ്ട..ഇന്ന് ബൈക്കിൽ അല്ല പോകുന്നത് എന്ന് ഉറപ്പാണോ..” വ്യാസനെ നോക്കി വിഭ ചോദിച്ചു
“മ്മ്..”
“എങ്കിൽ ഈ പൾസർ ഞാൻ കൊണ്ട് പോകുന്നെ..” വ്യാസന്റെ മറുപടിക്ക് കാത്തു നിൽക്കാതെ വിഭ പൾസർ സ്റ്റാർട്ട് ചെയ്തു..
“അമ്മേ..അവൾക്ക് ഹെൽമെറ്റ് എടുത്തു കൊടുക്ക്..”
ദേവി വേഗം അകത്തു പോയി ഹെൽമെറ്റ് എടുത്തു വിഭയ്ക്ക് കൊടുത്തു..
“പെട്രോൾ അടിച്ചോളൂ..” വ്യാസൻ പേഴ്സിൽ നിന്നും അഞ്ഞൂറ് രൂപയെടുത്തു വിഭയുടെ നേർക്ക് നീട്ടി..
“ഓ..പോക്കറ്റ് മണി കാലി ആയിരിക്കുകയായിരുന്നു..എന്തായാലും ഇത് ഞാൻ വരവ് വെച്ചു..”
പൾസർ മുന്നോട്ട് പായിച്ചു വിഭ.
**************************
“വ്യാസൻ ആണോ..” മൊബൈൽ ചെവിയിലേക്ക് ചേർത്ത് പിടിച്ച നേരം അപ്പുറത്ത് നിന്ന് പരിചയമില്ലാത്ത ഒരു പെണ്ണിന്റെ ശബ്ദം.
“അതെ..ആരാണ്..”
“ഞാൻ വിഭയുടെ ടീച്ചർ ആണ്..മീര..”
“പറയൂ മാം..”
വിഭയ്ക്ക് ഒരു ആക്സിഡന്റ് സേവ ഹോസ്പിറ്റലിൽ ആണ് ഇപ്പൊ.പേടിക്കാൻ ഒന്നും ഇല്ല.ആള് ഓക്കേയാണ്..
ഞാൻ അനിയത്തിക്ക് കൊടുക്കാം..” വ്യാസൻ വേഗം മീറ്റിംഗിൽ നിന്നും ഇറങ്ങി പുറത്ത് വന്നു..
“ഏട്ടാ..”
“എന്താ മോളേ..എന്ത് പറ്റി..മോള് ഓക്കേ ആണോ..”
“ഓക്കേ ആണെന്ന് തോന്നുന്നു..ഏട്ടൻ ഇങ്ങോട്ട് വരോ വേഗം..എനിക്ക് നല്ല ടെൻഷൻ ആവുന്നു..”
“ഏയ്..മോള് പേടിക്കണ്ട..ഏട്ടൻ ഇപ്പൊ വരാം..”
“അമ്മയോട് പറയണോ ഏട്ടാ..”
“വേണ്ട..ഏട്ടൻ വരാം..മോള് ഇപ്പൊ ഇങ്ങോട്ട് വിളിച്ച ആൾക്ക് ഫോൺ ഒന്ന് കൊടുത്തേ..”
“ഹെലോ..”?അപ്പുറത്തെ ശബ്ദം..
“ആളുടെ കൂടെ ആരേലും ഉണ്ടോ ഇപ്പൊ..” വ്യാസന്റെ ശബ്ദത്തിൽ പരിഭ്രമം ഉണ്ടായിരുന്നു..
“ഇപ്പൊ ഞാൻ ഉണ്ട് കൂടെ..”
“സോറി മാം..ഞാൻ വരും വരെ ഒന്ന് കൂടെ നിക്കോ..ഒരു അര മണിക്കൂർ..”
“മ്മ്..കുഴപ്പമില്ല..പതിയെ വന്നാൽ മതി..ഇവിടെ ഞാൻ നോക്കിക്കോളാം..
“താങ്ക്സ്..”
വ്യാസൻ വേഗം കാൾ കട്ട് ചെയ്തു..തിരികെ മീറ്റിംഗ് റൂമിലേക്ക് കയറി പോയി..കാര്യം പറഞ്ഞു പുറത്തേക്ക് നടന്നു.. “
************************
“എവിടാ..” കാൾ അറ്റൻഡ് ചെയ്ത നേരം അപ്പുറത്ത് നിന്ന് മീരയുടെ ശബ്ദം..
“ഞാൻ താഴെ ക്യാഷ്യാലിറ്റിയിൽ ഉണ്ട്..” വ്യാസൻ മറുപടി കൊടുത്തു..
“പേടിക്കണ്ട കാര്യം ഇല്ല..ഡിസ്ചാർജ് ആയിട്ടുണ്ട്..കാലിൽ കുറച്ചു തൊലി പോയിട്ടുണ്ട് എന്നേയുള്ളൂ..കോളേജിൽ നിന്ന് കുട്ടികൾ വന്നിട്ടുണ്ട്..വാർഡിലേക്ക് മാറ്റിയിട്ടുണ്ട്..അവിടെ ഒന്ന് അന്വേഷിച്ച മതി..
എനിക്ക് കോളേജിൽ നിന്ന് അർജന്റ് കാൾ വന്നേ..പെട്ടന്ന് പോരേണ്ടി വന്നു സോറി..”
“ഓക്കേ മാം..താങ്ക് യു..”
വ്യാസൻ കാൾ ട്ട് ചെയ്തു വാർഡിലേക്ക് നടന്നു..
************************
“അല്ലെങ്കിലും രാവിലെ നിന്റെ പോക്ക് കണ്ടപ്പോളെ എനിക്ക് തോന്നി എവിടേലും കൊണ്ട് കേറ്റുമെന്ന്..” ദേവി വിഭയുടെ കാലിൽ തടവി കൊണ്ട് പറഞ്ഞു..
“മ്മ്..ഇങ്ങനെ തന്നെ പറയണം..നല്ല അമ്മ..” വിഭ ചിറി കോട്ടി..
“ഇപ്പൊ ഇത് എത്രാമത്തെ ആണ് എന്ന് വല്ല പിടിയും ഉണ്ടോ..” ദേവി പുഞ്ചിരിയോടെ ചോദിച്ചു..
“എന്ത്..”
“അല്ല…വണ്ടിമ്മെന്ന് വീഴുന്നത്..”
“വണ്ടി ആയാൽ തട്ടും..മുട്ടും..വീഴും..”
“എന്നാലും ഇങ്ങനെ ഉണ്ടോ ഒരു..”
“അമ്മേ..പ്ലീസ്..എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്..”
“അത് വേദന കൂടുതൽ ഉള്ളത് കൊണ്ടാ..ഇനി ഇപ്പൊ നാളെ രാവിലെ ബാത്‌റൂമിൽ പോകുമ്പോ ആവും നീ കിടന്നു അലറാൻ പോകുന്നത്..”
“അമ്മാ..പ്ലീസ്..”
“ഏട്ടൻ എവടെ പോയി..” ദേവി വിഭയോട് ചോദിച്ചു..
“വണ്ടി വർക്ക്‌ഷോപ്പിൽ കൊടുക്കണമെന്ന് പറഞ്ഞു പോയി..”
“നല്ല വേദനയുണ്ടോ നിനക്ക്..”
“മ്മ്..”
“മെഡിസിൻ എടുക്കണോ ഒരെണ്ണം..”
“ഏയ്..വേണ്ടാ..ഒന്ന് കിടന്നാൽ മതി..”
“മ്മ്..അല്ല..വണ്ടി എവടെ വെച്ചാ തട്ടിയത്..”
“കാവും പടി പാലം ഇല്ലേ..അത് കഴിഞ്ഞു ഉള്ള ഇറക്കത്തിൽ..”
“അതെന്താ അവിടെ..”
“ഒരു കാർ ഓവർടേക്ക് ചെയ്തു കയറി വന്നതാ..ഞാൻ പെട്ടന്ന് വെട്ടിച്ചു..അപ്പൊ സ്കിഡ് ആയി..”
“അപ്പൊ നിന്റെ ടീച്ചർ എങ്ങനെ അറിഞ്ഞു..”
“മാം ആ വഴി കോളേജിൽ പോകുന്ന ബസിൽ ഉണ്ടായിരുന്നു..എനിക്ക് അപകടം പറ്റിയത് കണ്ടപ്പോ ഇറങ്ങി..”
“നന്നായി..അങ്ങനെ ഒരാൾ ഉണ്ടായത്..
മോളാണോ ഏട്ടന്റെ നമ്പർ കൊടുത്തത്..”
“മ്മ്..അവിടെ ഫോം ഫിൽ ചെയ്യാൻ നേരം കോൺടാക്ട് നമ്പർ ചോദിച്ചു..അപ്പൊ കൊടുത്തതാ..”
“മ്മ്..റസ്റ്റ് എടുത്തോ അമ്മ ചായ ഇടാം..”
“ഏട്ടനോട് വരുമ്പോ ഐസ്ക്രീം വാങ്ങി കൊണ്ട് വരാൻ പറയോ അമ്മ..”
“ഉവ്വ്..ഇനി അത് കൂടെ പറയേണ്ട കാര്യം ഒള്ളു..”
“അമ്മ പറയണ്ട..എന്റെ ഏട്ടൻ അല്ലേ..ഞാൻ പറഞ്ഞോളാം..” അതും പറഞ്ഞു വിഭ മൊബൈൽ എടുത്ത് വ്യാസന്റെ നമ്പർ ഡയൽ ചെയ്തു..
“ന്തേ ഡീ..”
“തെ, റി പറയരുത്..”
“ഇല്ല..വേദന എങ്ങനെ ഉണ്ട് കുറവുണ്ടോ..”
“നല്ല വേദന ഉണ്ട് ഏട്ടാ..”
“മ്മ്..എന്താ ഐസ്ക്രീം വേണോ..”
“മ്മ്..വരുമ്പോൾ മതിയോ..ഇല്ലേ ഇപ്പൊ അങ്ങോട്ട് കൊണ്ട് വരാൻ പറയണോ..”
“വേണ്ടാ..ന്റെ ഏട്ടൻ വാങ്ങി കൊണ്ടുവന്നാൽ മതി..”
“മ്മ്..” വ്യാസൻ മൂളി..
“ഡീ..”
“മ്മ്..”
“മല്ലിക ചേച്ചിയുടെ കടയിൽ ഇന്ന് ചിക്കൻ ബിരിയാണി ഉണ്ടെന്നു പറഞ്ഞു വിളിച്ചു എന്നെ..”
“എട്ടോയ്..”
“ഹോസ്പിറ്റലിൽ എത്ര ആയി..”
“ബിരിയാണി വേണോ..” വ്യാസൻ ചോദിച്ചു..
“അത് പിന്നെ..”
“പിന്നെ..”
“ഏട്ടന് നിർബന്ധം ആണേൽ..”
“അച്ചോടാ..അപ്പൊ എന്റെ കുട്ടിക്ക് നിർബന്ധം ഇല്ലേ..”
“അതിപ്പോ ഓരോരോ കീഴ്‌വഴക്കങ്ങൾ ആവുമ്പോ..”
“നീ ഫോൺ വെച്ചേ..”
“എനിക്ക് ബിരിയാണി വേണം, ഐസ്ക്രീമും വേണം..”?വ്യാസന്റെ മറുപടിക്ക് കാത്തു നിൽക്കാതെ വിഭ കാൾ കട്ട് ചെയ്തു..
************************
മൂന്നു ദിവസങ്ങൾക്ക് ശേഷം മഴയുള്ള ഒരു വൈകുന്നേരം..
“ആ പയ്യൻ ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്തതാ..ആ കൊച്ചു അവളുടെ സൈഡിൽ തന്നെയായിരുന്നു..കാർ ഓടിച്ചത്..”
റോഡ് ക്രോസ്സ് ചെയ്യും നേരം വ്യാസന്റെ ദേഹത്ത് തട്ടിയ കാറിലെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മീര പുറത്ത് ഇറങ്ങുന്ന നേരം ആളുകൾ രണ്ട് പക്ഷവും തിരിഞ്ഞു സംസാരിക്കുന്നത് മൈൻഡ് ചെയ്യാതെ മഴ നനഞ്ഞു കൊണ്ട് ഫുട്പാത്തിലെ തറയിൽ ഇരിക്കുകയായിരുന്ന വ്യാസന്റെ മുന്നിൽ വന്നു മുട്ടു കുത്തി ഇരുന്നു മീര..
“നിങ്ങൾ ഓക്കേയാണോ..”
“മ്മ്..”?വ്യാസൻ മൂളി.. “
“ഹോസ്പിറ്റലിൽ പോണോ..”
വ്യാസന്റെ കൈയ്യിലെ മുറിവിലേക്ക് നോക്കി..മെല്ലെ കൈ എടുത്തു അവളുടെ മടിയിലേക്ക് വെച്ച് ചോദിച്ചു..
“ഏയ്..കുഴപ്പമില്ല..”
“ശ്രദ്ധിച്ചു ക്രോസ്സ് ചെയ്യണ്ടേ..” മീരയുടെ ശബ്ദം നേർത്തു..
“സോറി..” വ്യാസൻ മെല്ലെ പറഞ്ഞു..
“വാ..ഹോസ്പിറ്റലിൽ പോകാം..” മീര വ്യാസന്റെ കൈയിൽ പിടിച്ചു..
“ഏയ്..കുഴപ്പമില്ല ഞാൻ ഓക്കേ ആണ്..”
“ആണ് എനിക്ക് അറിയാം..എന്നാലും എന്റെ ഒരു സമാധാനത്തിന് ആണ്..”
മീരയുടെ നിർബന്ധത്തിനു വഴങ്ങി വ്യാസൻ മീരയോടൊപ്പം കാറിൽ കയറി..
“വീട്ടിൽ വിളിച്ചു പറയണോ..” ഡ്രൈവ് ചെയ്യുന്നതിനിടയിൽ മീര ചോദിച്ചു..
“ഏയ്..കുഴപ്പമില്ല..ഓക്കേ ആണ്..”
“എന്താ പേര്…” മീര വ്യാസനെ നോക്കി ചോദിച്ചു..
“വ്യാസൻ..”
“ആഹാ അടിപൊളി പേരാണ് ലോ..”
“എന്താ പേര്..” വ്യാസൻ മീരയെ നോക്കി ചോദിച്ചു..
“മീര..”
“വർക്ക് ചെയ്യുന്നുണ്ടോ..” വ്യാസൻ വീണ്ടും ചോദിച്ചു..
“സേവസദൻ കോളേജിലെ ടീച്ചർ ആണ്..” മീരയുടെ മറുപടിയും ശബ്ദവും വ്യാസനെ മൂന്നു ദിവസം മുന്നേ ഉള്ള ഫോൺ കാളലേക്ക് എത്തിച്ചു..
പോക്കറ്റിൽ നിന്നും വ്യാസൻ മൊബൈൽ എടുത്തു.. മീരയുടെ നമ്പർ ഡയൽ ചെയ്തു..
ഭാഗം 05
“സേവസദൻ കോളേജിലെ ടീച്ചർ ആണ്..” മീരയുടെ മറുപടിയും ശബ്ദവും വ്യാസനെ മൂന്നു ദിവസം മുന്നേ ഉള്ള ഫോൺ കാളിലേക്ക് എത്തിച്ചു..
പോക്കറ്റിൽ നിന്നും വ്യാസൻ മൊബൈൽ എടുത്തു..മീരയുടെ നമ്പർ ഡയൽ ചെയ്തു..
മൊബൈൽ ഡിസ്പ്ലേ മീര കാണാതെ തിരിച്ചു പിടിച്ചു..മീരയുടെ മൊബൈൽ റിംഗ് വരാത്തത് കണ്ടപ്പോൾ മൊബൈൽ ചെവിയിലേക്ക് വെച്ചു..ആ സമയം മൊബൈലിൽ നിന്നും വിളിക്കുന്ന നമ്പർ പരിധിയ്ക്ക് പുറത്ത് എന്നുള്ള മറുപടിയാണ് വന്നത്..
************************
“നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..ഇല്ലേ കാർ ഇവിടെ സൈഡിൽ പാർക്ക് ചെയ്യാമായിരുന്നു..” ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നപ്പോൾ മീര വ്യാസനെ നോക്കി ചോദിച്ചു..
“എനിക്ക് കുഴപ്പമില്ലന്ന് ഞാൻ അപ്പോളെ പറഞ്ഞതല്ലേ..”
“മ്മ്..” കാർ സൈഡിൽ പാർക്ക് ചെയ്തു മീര പുറത്ത് ഇറങ്ങി വേഗം വ്യാസൻ ഇരിക്കുന്ന സൈഡിൽ വന്നു ഡോർ തുറന്നു..
“എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു..കാല് നല്ല വേദന പെട്ടന്ന്..” കാലിലേക്ക് നോക്കി വ്യാസൻ പറഞ്ഞു..
“അയ്യോ..നീര് വെച്ചല്ലോ..”
“നല്ല വേദന..”
“ഞാൻ കാർ ക്യാഷ്യലിറ്റിയുടെ മുന്നിലേക്ക് എടുക്കാം എങ്കിൽ..” മീര വേഗം തിരികെ വന്നു കാർ മുന്നോട്ട് എടുത്തു..
“എന്തെ..” കാർ നിർത്തി പുറത്ത് ഇറങ്ങിയ മീരയുടെ അടുത്തേക്ക് സെക്യൂരിറ്റി ഓടി വന്നു ചോദിച്ചു..
“എന്റെ വണ്ടി ഒരാളെ തട്ടി..ആളെയും കൊണ്ട് വന്നതാ..” വ്യാസൻ ഇരിക്കുന്ന സൈഡിലെ ഡോർ തുറന്നു കൊണ്ട് മീര സെക്യൂരിറ്റിയെ നോക്കി പറഞ്ഞു..
അയ്യാൾ വേഗം പോയി സ്‌ട്രെക്ച്ചർ തള്ളി കൊണ്ട് വന്നു..
“ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല നല്ല വേദന ഉണ്ട്..” കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് വ്യാസൻ പറഞ്ഞത് കേട്ട് മീര സെക്യൂരിറ്റിക്കാരനെ നോക്കി..
അയ്യാൾ വേഗം വ്യാസന്റെ അടുത്തേക്ക് ചെന്നു..
“ആ സീറ്റ് ഒന്ന് പുറകിലേക്ക് നീക്കൂ..” അയ്യാൾ വ്യാസനോട് പറഞ്ഞു..
വ്യാസൻ സീറ്റിന് അടിയിലുള്ള റാഡ് പിടിച്ചു വലിച്ചു..സീറ്റ് പുറകിലേക്ക് നീങ്ങി..
“ഈ ഒരു ഭാഗം കൂടെ..” ചാരിയിരിക്കുന്ന ഭാഗം കൂടെ ചൂണ്ടി അയ്യാൾ പറഞ്ഞു..
സൈഡിൽ ഉള്ള ലിവർ താഴ്ത്തി സീറ്റ് അഡ്ജസ്റ്റ് ചെയ്തു വ്യാസൻ..
“ഇനി ഒന്ന് നോക്കുമോ..”
വ്യാസൻ പതിയെ എണിക്കാൻ ശ്രമിച്ചു..അയ്യാൾ വ്യസനെ താങ്ങി..
“അമ്മേ..”?വ്യാസൻ മെല്ലെ പറഞ്ഞു..
പുറത്ത് പതിയെ ഇറങ്ങിയ വ്യാസന്റെ ഇടതു തോളിലൂടെ കൈ ഇട്ട് മീര സ്‌ട്രെച്ചറിലേക്ക് ഇരുത്തി..
“ഓക്കേ ആണോ നിങ്ങൾ..” വ്യാസന്റെ ഇടതു കൈ തണ്ടയിൽ മെല്ലെ പിടിച്ചു കൊണ്ട് മീര അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..ആ നിമിഷം രണ്ടു പേരുടെയും കണ്ണുകൾ കോർത്തു..
“മ്മ്..”
“വീട്ടിൽ അറിയിക്കണോ..” മീരയുടെ ശബ്ദത്തിൽ പരിഭ്രമം ഉണ്ടായിരുന്നു..
“എന്റെ ഫോൺ കാറിൽ ഉണ്ട്..അത് എടുത്തു തന്നാൽ മതി..”
“ശരി..” മീര സീറ്റിൽ നിന്നും ഫോൺ എടുക്കാൻ നേരം സെക്യൂരിറ്റി മീരയെ നോക്കി പറഞ്ഞു..
“കാർ ഇവിടെ നിന്നും മാറ്റി ഇടണം കേട്ടോ..”
“മ്മ്..” മൊബൈൽ എടുത്തു വ്യാസന്റെ കൈയിൽ കൊടുത്തു..
“ഇപ്പൊ വരാം..ടെൻഷൻ ഒന്നും വേണ്ടാ..”
വ്യാസന്റെ ഇടതു കൈയ്യിൽ മുറുക്കി ഒന്നുടെ പിടിച്ചു മീര..
******************************
മൂന്നാഴ്ച്ക്ക് ശേഷമുള്ള ഒരു വൈകുന്നേരം..
“അന്ന്..എന്ത് പണിയാ ടീച്ചറെ കാണിച്ചത്..ഒരാളെ വണ്ടി ഇടിച്ചു കൊ, ല്ലാൻ നോക്കിയിട്ട് ഒന്നും പറയാതെ അവിടെ നിന്ന് മുങ്ങിയല്ലേ..”
കോളേജിന് മുന്നിലെ തട്ടുകടയിലെ കസേരയിൽ ഇരുന്നു ചായ കുടിക്കുകയായിരുന്ന മീര പിറകിൽ നിന്നുമുള്ള ശബ്ദം കേട്ട് മുഖം തിരിച്ചു നോക്കി വ്യാസനെ കണ്ടതും മീരയുടെ മുഖം വിളറി..
അവൾ വേഗം എഴുന്നേറ്റ് ചായയുടെ പൈസ കൊടുത്തു മുന്നോട്ട് നടന്നു..
“ടീച്ചറെ..ഒന്ന് നിന്നെ..ഇതെന്തു പോക്കാണ് പോകുന്നെ..ഒന്ന് വിളിച്ചു സുഖ വിവരം അന്വേഷിച്ച് കൂടായിരുന്നോ.
അന്ന് കാർ പാർക്ക് ചെയ്തു വരാം എന്ന് പറഞ്ഞു പോയ ആളല്ലേ..
ച, ത്തോ..ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും ഒന്ന് അന്വേഷിച്ചൂടെ..”
പിറകിലൂടെ നടന്നു ചെന്നു വ്യാസൻ ചോദിച്ചു..
മീര പെട്ടന്ന് തിരിഞ്ഞു നിന്നു..
“അന്ന് പെട്ടന്ന് അവിടെ നിന്ന് പോരേണ്ട ഒരു സാഹചര്യം ആയിരുന്നു.. എന്നാലും നിങ്ങളുടെ കാര്യങ്ങൾ ഞാൻ അന്വേഷിച്ചിരുന്നു..കുഴപ്പമില്ല..കാലിന് ചെറിയ ഒരു ചതവ് ഉണ്ട്..രണ്ടാഴ്ച റസ്റ്റ് എടുത്താൽ മാറും എന്ന് പറഞ്ഞു..കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് എന്നും അറിഞ്ഞു..
പിന്നെ കേസ് ആക്കണോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് അതിനു താല്പര്യമില്ല എന്നും അറിഞ്ഞു..പിന്നെ ഞാൻ എന്തിന് നിങ്ങളെ പറ്റി കൂടുതൽ അറിയണം..
നിങ്ങളുടെ അശ്രദ്ധ കൊണ്ട് ആണ് അപകടം ഉണ്ടായത്..ഞാൻ എന്നെകൊണ്ട് കഴിയാവുന്നത് ചെയ്തു…കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല..ഇത് ഞാൻ വർക്ക് ചെയ്യുന്ന കോളേജ് ആണ്.. ദയവായി മേലാൽ ഇവിടെ വന്ന ഒരു സീൻ ഉണ്ടാക്കരുത്..”
അതും പറഞ്ഞു വ്യാസന്റെ മറുപടിക്ക് കാത്തു നിൽക്കാതെ മീര തിരിഞ്ഞു നടന്നു..
“അതെ..ഒരു കാര്യം..” വ്യാസൻ വീണ്ടും മീരയുടെ പിന്നാലെ നടന്നു..
മീര പെട്ടന്ന് തിരിഞ്ഞു..
“ഹോസ്പിറ്റലിൽ എത്ര ആയി..അത് ഞാൻ തന്നേക്കാം..”
മീരയുടെ മറുപടി കേട്ട് വ്യാസൻ ചിരിച്ചു..
“നിങ്ങൾ നിങ്ങളുടെ നിലവാരത്തിൽ ഉള്ള ഹോസ്പിറ്റലിൽ അല്ലേ കൊണ്ട് പോയത്..ഞങ്ങൾക്ക് എന്തെങ്കിലും വന്നാൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് പോകാറുള്ളത്..” വ്യാസൻ പറഞ്ഞത് കേട്ട് മീരയ്ക്ക് ദേഷ്യം വന്നു..
“ഹെലോ..എനിക്ക് ആ നേരത്ത് ആ ഹോസ്പിറ്റലിൽ ആണ് കൊണ്ട് പോകാൻ തോന്നിയത്..അപ്പൊ നിങ്ങളുടെ ബയോഡേറ്റ ഞാൻ തപ്പിയില്ല സോറി..” മീരയുടെ ശബ്ദം കനത്തു..
“ഓ..”
“എത്ര ആയി..എത്ര ആയാലും തരും..”
“ഓ..വേണ്ടാ..ദാനം വാങ്ങി ചികിത്സ നടത്തേണ്ട ഗതികേട് തൽക്കാലം എനിക്കില്ല..എന്നെ പറഞ്ഞു പറ്റിച്ചു കടന്നു പോയ ആളെ വന്നു കണ്ട് പോകണം എന്ന് വിചാരിച്ചു വന്നു എന്നെയുള്ളൂ..”
“കണ്ടല്ലോ…”
“മ്മ്..”
“പറയാൻ ഉള്ളത് പറഞ്ഞല്ലോ..”
“മ്മ്..എന്നാ ഞാൻ പൊക്കോട്ടെ..”
വ്യാസന്റെ മറുപടിയ്ക്ക് വീണ്ടും കാത്തു നിൽക്കാതെ മീര മുന്നോട്ട് നടന്നു..
***********************
“എന്നിട്ട് എന്ത് പറഞ്ഞു ആ കുട്ടി..” രാത്രി ചപ്പാത്തിയിലേക്ക് കടല കറി ഒഴിച്ച് ദേവി വ്യാസനോട് ചോദിച്ചു..
“അവൾ പറഞ്ഞത് അല്ലെ അമ്മേ ഞാൻ ഇത്ര നേരം പറഞ്ഞത്..” വ്യാസന്റെ ശബ്ദത്തിൽ അല്പം ദേഷ്യം ഉണ്ടോ എന്ന് തോന്നി ദേവിയ്ക്ക്..
“നീ എന്തിനാ ദേഷ്യപെടുന്നെ..”
“എനിക്ക് എന്തിനാ ദേഷ്യം..അമ്മയോട് ഞാൻ എത്ര വട്ടം പറഞ്ഞു ഇത്..പിന്നെയും പിന്നെയും ചോദിക്കുമ്പോൾ..പിന്നെ ദേഷ്യം വരില്ലേ..”
“മോളോട് പറയട്ടെ ഞാൻ..അവളുടെ ഏട്ടൻ അവളുടെ ടീച്ചറുടെ പിന്നാലെ നടക്കുന്ന കാര്യം..”
“ഇപ്പൊ വേണ്ടാ, അവൾ ക്യാമ്പിന് പോയേക്കുവല്ലേ..പോയി വരട്ടെ..എന്നിട്ട് പറയാം..” വ്യാസൻ ദേവിയെ നോക്കി കണ്ണിറുക്കി..
“സത്യത്തിൽ എന്താ ഇങ്ങനെ ഒരു തോന്നൽ പെട്ടന്ന്..വായ് നോട്ടം ഒന്നും ശീലമില്ലാത്ത ആളാണ് ലോ..”
“ഏയ് ആ നോട്ടം..അത് കണ്ണിൽ നിന്ന് പോണില്ലന്നേ..പിന്നെ ആ ഒരു കരുതൽ തന്ന ചേർത്ത് പിടിക്കലും..വാക്കുകളിൽ ഉണ്ടായ ഒരു ആശ്വാസവും..വല്ലാതായി പോകുന്നു എന്ന് തോന്നുമ്പോ..നമുക്ക് മാത്രം അറിയാൻ കഴിയുന്ന കരുതലിന്റെ സ്നേഹ സ്പർശം..അങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ആദ്യം..” വ്യാസൻ പറഞ്ഞത് കേട്ട് ദേവി വാ പൊളിച്ചു നിന്ന് പോയി..
“എന്താ..”
“അല്ല..നിന്റെ വർണ്ണന കേട്ട് കണ്ണു തള്ളി പോയതാ..
ഇന്നലെ കണ്ട പെണ്ണിനെ പറ്റിയാണ് ഇങ്ങനെ..ഇത്രയും വളർത്തി വലുതാക്കിയ എന്നോട് പോലും ഇങ്ങനെ പറഞ്ഞിട്ടില്ല..”?അല്പം കുശുമ്പ് ഉണ്ടോ ദേവിയുടെ ശബ്ദത്തിൽ(ഉണ്ടോ 🥰ഒന്ന് ആലോചിച്ചു നോക്കിയേ നിങ്ങളും )
“അതല്ല..”
“പിന്നെ..”
“ഒരു പരിചയവുമില്ലാത്ത ഒരാൾ..അയ്യാൾക്ക് ഒരു അപകടം പറ്റുന്നു..അയ്യാളെ കൊണ്ട് ഹോസ്പിറ്റലിൽ പോകുന്നു..
ഒരു അകലവും തോന്നാതെ തോളിലൂടെ കൈ ചേർത്ത് പിടിച്ചു കൂടെ നടത്തുന്നു..
കൈ തണ്ടയിലൂടെ ഞാൻ ഉണ്ട് കൂടെയെന്നുള്ള ഒരു വിശ്വാസം നമുക്ക് തരുന്നു..
അത് സത്യമാണ് എന്ന് നമുക്ക് തോന്നി പോകുന്നു..
എല്ലാർക്കും അങ്ങനെ നമ്മെ കീഴടക്കാൻ കഴിയില്ല അമ്മാ..”
“മ്മ്..അത് ശരിയാണ്..”
“ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് വിളിക്കാൻ പോവാ..”
“ദേ.. ചെക്കാ..ഒറ്റ കിഴുക്ക് വെച്ചു തരും ഞാൻ..”
“എന്താ..”
“അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിലോ..”
“കഴിഞ്ഞിട്ടില്ല..”
“അതെങ്ങനെ നിനക്കറിയാം..”
“അറിയുന്നു..അത്ര മാത്രം..”?വിധുവിന്റെ ശബ്ദം നേർത്തു..
“ഡാ..”
“മ്മ്..”
“ഇങ്ങനെ മാറരുത്..”
“ഏയ്..ഇല്ല..
എല്ലാരോടും നമുക്ക് ഹൃദയം കൊണ്ടുള്ള ആത്മ ബന്ധം തോന്നില്ലാ ലോ..തോന്നുമോ..”?വ്യാസൻ ദേവിയെ നോക്കി..
“ഇല്ല..”
“മ്മ്..അവളിൽ ഞാൻ എവിടെയോ എന്റെ ശീലങ്ങളെ അറിയുന്നവളെ കണ്ടു..
ഒരു നിമിഷം കൊണ്ട് വായിച്ചെടുക്കാൻ കഴിയുന്ന ഹൃദയ ബന്ധങ്ങളെയാവും നമ്മൾ മുജന്മ ബന്ധം എന്ന് വിളിക്കുന്നത് ല്ലേ..”
“ഡാ..നീ ഇങ്ങനെയൊക്കെ പറയുമ്പോ..എന്റെ കൈയും,കാലും വിറയ്ക്കുന്നുണ്ട്..”
“എന്തിന്..” കഴിച്ച പാത്രം എടുത്ത് അടുക്കളയിലെ വാഷ് ബേസിനിലേക്ക് ഇട്ട് വായ് കഴുകി വ്യാസൻ ദേവിയുടെ അടുത്തേക്ക് നടന്നു.
“ഈ മാറ്റം..”
“ഏയ്..ഇല്ല അമ്മാ..മാറ്റം ഒന്നുമില്ല…എന്റെ മനസ്സിൽ എന്നോ അലിഞ്ഞു ചേർന്ന് ഒന്ന് മറ നീക്കി പുറത്ത് വന്നു..
അത്രേ ള്ളു..
ടേബിളിൽ നിന്നും പാത്രങ്ങൾ എടുത്തു മാറ്റി..ടേബിൾ വൃത്തിയാക്കി വ്യാസൻ പറഞ്ഞു..
“അത്രേ ഇഷ്ടാണോ നിനക്ക്..”
“ഇഷ്ടം എന്ന് പറയാൻ കഴിയില്ല..ആഗ്രഹങ്ങളുടെ ചരടിൽ കോർത്തു മുന്നോട്ട് പോകാം..ഒരിക്കലും കിട്ടില്ലയെന്ന് ഇന്നു മുതൽ മനസിനെ പറഞ്ഞു പഠിപ്പിക്കണം..
ഇഷ്ടങ്ങളുടെ നോട്ടങ്ങൾക്ക് മറുപടി പറയാൻ ഇനിയും ഒരുപാട് കാത്തു നിൽക്കേണ്ടി വരുമെന്ന് മനസ്സിനെ പറഞ്ഞു ശീലിപ്പിക്കണം..”
“പോടാ ഭ്രാ, ന്താ..”?വ്യാസന്റെ മുടിയിൽ പിടിച്ചു വലിച്ചു ദേവി..
“ഉഴുന്ന് കുറവാണോ ഇന്ന്..”
പച്ചിരിയും, ഉഴുന്നും ഗ്രൈന്ററിലേക്ക് ഇട്ട് കൈ കൊണ്ട് അളവ് നോക്കുന്ന നോക്കി വ്യാസൻ..
“മ്മ്..കഴിഞ്ഞു..”
“നാളെ അപ്പൊ കടയിൽ പോയാലോ നമുക്ക്..”
“മ്മ്..നിന്നോട് അത് പറയാൻ വരികയായിരുന്നു..”
“മ്മ്..”
“മ്മ്..”
“അമ്മേ..” ഗ്രൈന്റർ ഓണാക്കി വ്യാസൻ ദേവിയെ വിളിച്ചു..
“എന്തേ ഡാ..” ചൂൽ എടുത്തു തറ വൃത്തിയാക്കുന്നത് നിർത്തി ദേവി വ്യാസനെ നോക്കി..
“അമ്മ ഓക്കേ ആണോ..”
“എങ്ങനെ..”
“ഇങ്ങനെ ഞാൻ പറയുമ്പോ..”
“ആണോ..” ദേവിയുടെ ചുണ്ടിൽ കുസൃതി നിറഞ്ഞ പുഞ്ചിരി വന്നു..
“നിന്റെ സ്നേഹം ഇങ്ങനെ പകുത്തു പോകുന്നത് ആദ്യമായി അറിയുന്നത് കൊണ്ടാവുമെന്ന് തോന്നുന്നു..?അമ്മയ്ക്ക് നല്ല കുശുമ്പ് തോന്നുന്നു നിന്റെ മീരയോട്..”
“എന്റെ മീരയോ..’ വ്യാസന്റെ ശബ്ദം പതറി
“മ്മ്..”
“അമ്മാ..”
“എന്തേ ഡാ..”
“അമ്മയ്ക്ക് കുശുമ്പ് ആണേൽ എനിക്ക് വേണ്ട..”
“ഡാ തെ, ണ്ടി..ഈ കുശുമ്പ് അമ്മയ്ക്ക് നൽകുന്ന ഒരു ഫീൽ ഉണ്ട്..ഹൃദയം നിറഞ്ഞു തുളുമ്പുന്ന അനുഭവം..ആ അനുഭവമാണ് മോനെ..നീ നേരത്തെ പറഞ്ഞ ഹൃദയ ബന്ധം..
നിന്റെ വാക്കുകളിലൂടെ മീര എന്നെ ഇങ്ങനെ കീഴടക്കിയെങ്കിൽ..
അവൾ നമ്മുടെ ആരോ ആയിരുന്നു കഴിഞ്ഞ ജന്മം..
എന്നാലും..മോൻ വല്ലാതെ ഒന്നും ആഗ്രഹിച്ചു പോകരുത്..
ആ കുട്ടിക്ക് വേറെ റിലേഷൻ, ഇല്ലേ വിവാഹം..അതെല്ലാം ഉണ്ടാവും എന്ന് അടുത്തറിയും വരെ മനസ്സിനെ ഒന്ന് പറഞ്ഞു പഠിപ്പിക്കണം..”
ഒന്നുടെ വ്യാസന്റെ മുടിയിൽ ഇരു കൈ കൊണ്ടും മസാജ് ചെയ്തു കൊണ്ട് ദേവി പറഞ്ഞത് കേട്ട് വ്യാസൻ കണ്ണുകൾ മെല്ലെ അടച്ചു..
**************************
“ടിക്കറ്റ് പുറകിൽ എടുത്തു..” കെ സ് ആർ ടി സിയിലെ വനിതാ കണ്ടക്ട്ർ മീരയോട് പറഞ്ഞത് കേട്ട് മീര തല ചെരിച്ചു പുറകിലേക്ക് നോക്കി..
ടിക്കറ്റ് ഉയർത്തി മീരയെ നോക്കുന്ന വ്യാസനെ കണ്ട് മീര സീറ്റിൽ നിന്നും എഴുന്നേറ്റു..
തുടരും…..

